Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം; ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീർത്തും പ്രഹസനം; കാമ്പില്ലാ കഥയിൽ അളിഞ്ഞ പ്രണയം ചേർത്തുണ്ടാക്കിയ നൂറ്റൊന്ന് ആവർത്തിച്ച മസാല; ആകെയുള്ള ആശ്വാസം നിവിൻപോളി- അജുവർഗീസ് ടീമിന്റെ സ്‌ക്രീൻ പ്രസൻസ് മാത്രം; ടെയിലർ മേഡ് കഥാപാത്രത്തിൽ കസറി നിവിൻ; കാര്യമായി ഒന്നും ചെയ്യാനില്ലാതെ തെന്നിന്ത്യൻ താരറാണി നയൻതാര

ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം; ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീർത്തും പ്രഹസനം; കാമ്പില്ലാ കഥയിൽ അളിഞ്ഞ പ്രണയം ചേർത്തുണ്ടാക്കിയ നൂറ്റൊന്ന് ആവർത്തിച്ച മസാല; ആകെയുള്ള ആശ്വാസം നിവിൻപോളി- അജുവർഗീസ് ടീമിന്റെ സ്‌ക്രീൻ പ്രസൻസ് മാത്രം; ടെയിലർ മേഡ് കഥാപാത്രത്തിൽ കസറി നിവിൻ; കാര്യമായി ഒന്നും ചെയ്യാനില്ലാതെ തെന്നിന്ത്യൻ താരറാണി നയൻതാര

എം മാധവദാസ്

'ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം'. മലയാള സിനിമയിലെ സകലകലാവല്ലഭനായ നടൻ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ'യുടെ റിലീസ് ദിവസം ഇതിലെ മുഖ്യവേഷം ചെയ്തയാളും, ഈ ചിത്രത്തിൻെ നിർമ്മാതാക്കളിൽ ഒരാളുമായ അജുവർഗീസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ഇത് ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ സിനിമയാണ്. ആകെയുള്ളത്് കുറേ കൊമേർസ്യൽ രംഗങ്ങളാണെന്നും അജു കുറിച്ചത് വളരെ ശരിയാണ്.

'തണ്ണീർമത്തൻ ദിനങ്ങളിലെ' ആ പയ്യൻ പറയുന്ന പോലെ ഫഹദ് ഫാസിലിന്റെ തലയിൽ മുടിയുള്ള കാലത്തെ കുറെ തമാശകളും, കേട്ടുമടുത്ത പഴഞ്ചൻ പ്രണയ നൈരാശ്യക്കഥകളുമായി ചിത്രം നിറം മങ്ങുകയാണ്. ഒരു നടൻ എന്ന നിലയിൽ ഉയരങ്ങൾ താണ്ടിക്കൊണ്ടിരിക്കുന്ന ധ്യാനിൽ നിന്ന് ഇതുപോലൊരു സാധനം പ്രതീക്ഷിച്ചില്ല. വടക്കുനോക്കിയന്ത്രം തൊട്ട് ചിന്താവിഷ്ടയായ ശ്യാമള വരെയുള്ള തന്റെ പിതാവിന്റെ ചിത്രങ്ങൾ ധ്യാൻ ഒന്ന് നന്നായി ധ്യാനിച്ചിരുന്ന് കണ്ടുനോക്കണം. എന്തെല്ലാം പുതുമകളും സമകാലീന വിഷയങ്ങളും രാഷ്ട്രീയവുമൊക്കെയാണ് ഇതിൽ കൊണ്ടുവരുന്നത് എന്ന് നോക്കുക. പക്ഷേ ഒരു അളിഞ്ഞ ലവ് സ്റ്റോറി എന്നതിനപ്പുറം ഒന്നും ഈ പടത്തെ വിശേഷിപ്പിക്കാൻ കഴിയില്ല.

പക്ഷേ ഇതിൽ ആകെയുള്ള ഒരു ആശ്വാസം നിവിൻപോളി- അജുവർഗീസ് കോമ്പിനേഷന്റെ സ്‌ക്രീൻ പ്രസൻസാണ്. നിവൻ പോളിയുടെ ആരാധകർക്കായി കൈയടിക്കാൻ ഉണ്ടാക്കിയ ടിപ്പിക്കൽ ടെയ്ലർ മേഡ് കഥാപാത്രമാണിത്. വെള്ളമടിയും പാട്ടും പ്രണയുവുമൊക്കെയായി ലൗ ആക്ഷൻ ഡ്രാമ എന്നപേര് അന്വർഥമാക്കുന്ന രീതിയിൽ നിവിൻ പൊളിക്കുന്നതാണ്് ഈ ചിത്രത്തെ കണ്ടിരിക്കാൻ പറ്റുന്ന രീതിയിൽ ആക്കുന്നത്. താരറാണി നയൻതാര വർഷങ്ങൾക്കുശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയത് ഈ പടത്തിന്റെ പ്രേമോഷന് ഗുണം ചെയ്തെങ്കിലും, നിലവാരം ഉയർത്തുന്ന കാര്യത്തിൽ ഗുണം ചെയ്തിട്ടില്ല. ആർക്കും ചെയ്യാവുന്ന ഒരു സാധാരണ കഥാപാത്രം മാത്രമാണിത്.

പക്ഷേ ഈ ചിത്രത്തിൽ ഏറ്റവും പാളിപ്പോയത്, ഈ വാട്സാപ്പ് കാലത്ത് ചില ചെറിയ ചെറിയ നർമ്മങ്ങൾ തല്ലിക്കൂട്ടിയുണ്ടാക്കിയ ഈ പടത്തിന്റെ കഥ തന്നെയാണ്. തിരക്കഥാകൃത്ത് കൂടിയായ ധ്യാൻ ഈ വിഷയത്തിൽ അൽപ്പവും ശ്രദ്ധിച്ചില്ല. ഒരു മുഴുനീള ഫീച്ചർ സിനിമയായിട്ടല്ല, ഒരുപാട് ചെറിയ ചെറിയ സ്‌കിറ്റുകളുടെ സങ്കലനം ആയിട്ടാണ് ചിത്രം തോന്നുക. ഒറ്റക്കൊറ്റക്ക് സീനുകൾ എടുത്താൻ രസകരം. പക്ഷേ അത് മൊത്തത്തിൽ എടുത്തുനോക്കുമ്പോൾ വെറും പൊള്ള. ഈ രീതിയിലാണ് കഥ മാറിപ്പോയത്. ഈ സിനിമയുടെ കഥ കേട്ട് നടൻ ശ്രീനിവാസനും നല്ല അഭിപ്രായം പറഞ്ഞു എന്ന് ഒരു സിനിമാ വാരികയിൽ വായിച്ചതോർക്കുന്നു. ഇത്തരം 'ധൃതരാഷ്ട്രർ കോംപ്ലക്സുകൾ' തന്നെയാണ് മലയാള സിനിമയുടെ ശാപം. ധ്യാൻ പയ്യനും പുതുമുഖവും ആണെന്ന് വെക്കാം. പക്ഷേ ശ്രീനിവാസനോ. ഇത്തരം പൊട്ടക്കഥ ഒരുപുതുമുഖം വന്ന് സിനിമയാക്കുന്നുവെന്ന് പറഞ്ഞ് ശ്രീനിവാസനോട് പറഞ്ഞിരുന്നെങ്കിൽ, പരിഹാസം ഉറപ്പായിരുന്നില്ലേ.

ദിനേശനും ശോഭയും വീണ്ടുമെത്തുമ്പോൾ

മൊത്തത്തിൽ ശ്രീനിവാസന്റെ പാരമ്പര്യം പക്ഷേ ധ്യാൻ ശ്രീനിവാസൻ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. ശ്രീനിവാസന്റെ വിഖ്യാതമായ 'വടക്കുനോക്കിയന്ത്രം' എന്ന പടത്തിലെ തളത്തിൽ ദിനേശന്റെയും ഭാര്യ ശോഭയുടെയും പേരാണ് ഈ ചിത്രത്തിലെ കമിതാക്കൾക്കും. ആദ്യം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നതും. ( ഇതും വളരെ മോശമായ വർക്ക് കൾച്ചർ ആണെന്ന് പറയാതെ വയ്യ. മുത്തച്ഛൻ ആനപ്പുറത്തേറിയതിന്റെ തഴമ്പിന്റെ പുറത്തല്ല കൊച്ചു മകൻ അറിയപ്പെടേണ്ടത്.)

പക്ഷേ തളത്തിൽ ദിനേശന്റെ ചില ഷേഡുകൾ 'ലൗ ആക്ഷൻ ഡ്രാമയിലെ' ദിനേശനിലും കണ്ടുവരുന്നുണ്ട്. ആ ദിനേശനെപ്പോലെ ഈ ദിനേശനും സാമാന്യം നന്നായി അപകർഷതാ ബോധമുണ്ട്. എന്നാൽ ആ ട്രാക്കിലൂടെ മാത്രമല്ല, മൊത്തത്തിൽ ഒരു സെമി സൈക്കോയെപ്പോലെ തോന്നുന്ന ദിനേശന്റെ ക്യാരക്ടറിലൂടെയാണ് ലൗ ആക്ഷൻ ഡ്രാമ മുന്നേറുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ വേദനിക്കുന്ന കോടീശ്വരനാണ് ഈ ദിനേശ്. ഒരു പണിക്കും പോകാതെ, രക്ഷിതാക്കൾ സമ്പാദിച്ച സ്വത്ത് ദീപാളി കുളിച്ചും, കള്ളുകുടിച്ചും തീർക്കുന്ന ഒരു വിചിത്ര ജന്മം. സ്വന്തം മറുപ്പണ്ണിനോടുള്ള പ്രേമം പൊളിഞ്ഞതാണ് ദിനേശിനെ മദ്യപാനിയാക്കുന്നത്. ഗൂഗിളിൽ നോക്കി ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുട്ടികൾക്ക് കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് പറഞ്ഞ് കൊച്ചുപ്രായത്തിൽ തന്നെ കാമുകി പിന്മാറുന്നത് ദിനേശനെ തളർത്തുന്നു. സമാനമായ രീതിയിൽ ഒരു പണിക്കും പോകാതെ, ഭൂമിയിലെ ഓക്സിജൻ തീർക്കാനായി മാത്രം ജന്മെടുത്ത കസിൻ, സാഗർ ആണ് ( അജു വർഗീസ്) ദിനേശിന്റെ സന്തത സഹചാരി. ഇവർ തമ്മിലുള്ള ഒരു മോസ് ആൻഡ് ക്യാറ്റ് ഗെയിമിലൂടെയാണ് ചിത്രത്തിന്റെ ഭൂരിഭാഗം സമയവും കടന്നുപോവുന്നത്. ഇവർ പ്ലാൻ ചെയ്യുന്ന തട്ടിപ്പും മണ്ടത്തരങ്ങളും ഫ്രോഡ് പരിപാടികളുമായി ടിപ്പിക്കൽ ഒരു മസാല ചേരുവ തിരക്കഥയിലുണ്ട്.

ദിനേശിനെ തേച്ച മുറപ്പെണ്ണിന്റെ വിവാഹത്തിനായി കേരളത്തിൽ എത്തുന്ന ചെന്നൈയിലെ സുഹൃത്തുക്കളിൽ ഒരാളാണ് ശോഭ.( നയൻതാര) സൈക്കോയായി കണക്കാക്കി ബന്ധുക്കൾ അൽപ്പം അകറ്റി നിൽക്കുന്ന ദിനേശനുമായി ശോഭ അവിടെ വെച്ച് പരിചയപ്പെടുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ശോഭയെ ഇംപ്രസ് ചെയ്യാനുള്ള ദിനേശന്റെ ശ്രമങ്ങളും, പ്രണയ തടസ്സങ്ങളുമൊക്കെയായി ചിത്രം പതിവ് ട്രാക്കിൽ, അഞ്ചൂറ്റിയൊന്ന് ആവർത്തിച്ച ക്ഷീരബലയായി മുന്നോട്ട് പോകുന്നു. എല്ലാ സീനുകളും പ്രഡിക്റ്റബിൾ ആണെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഫാൾട്ട്. ഇത്രയും കേട്ടിട്ട് കഥാന്ത്യം എന്തായിരിക്കുമെന്നും പ്രവചിക്കാൻ കാണിപ്പയ്യൂരൊന്നും വേണ്ട.

പക്ഷേ വടക്കുനോക്കിയന്ത്രത്തിൽ ശ്രീനിവാസൻ വിളക്കിച്ചേർത്ത ലോജിക്ക് എന്ന സാധനം കളഞ്ഞുപോയതാണ് ഈ കഥയിലെ ഏറ്റവും വലിയ പരാജയം. മഹാപിഴയും പക്കാ ഫ്രോഡുമായ ദിനേശനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ശോഭ പ്രേമിക്കുന്നതെന്ന് സംവിധായകനുപോലും അറിയില്ല. സിനിമയിലെ ദിനേശ് നിവൻ പോളിയല്ലല്ലോ? ആദ്യപകുതി ഇവരുടെ തമാശകളൊക്കെ വെച്ച് രസകരമാണെങ്കിൽ രണ്ടാം പകുതി പലയിടത്തും അരോചകം ആവുന്നുണ്ട്.

നിവിന്റെ ടെയ്ലർ മേഡ് കഥാപാത്രം

'കൈക്കോട്ട് കണ്ടിട്ടില്ലാത്ത കൈയിൽ തഴമ്പുമില്ലാത്ത' ഫ്രീക്കൻ മല്ലു എന്ന ഇമേജ് നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് നടൻ നിവിൻപോളി. ആ അർഥത്തിൽ അദ്ദേഹത്തിന് ശരിക്കും വിലസാനുള്ള വകുപ്പുകൾ ചിത്രത്തിലുണ്ട്. നിവിന്റെ കോമഡികൾക്കും കമന്റുകൾക്കും തള്ളുകൾക്കുമൊക്കെ തീയേറ്ററിൽ നല്ല കൈയടി കിട്ടുന്നുണ്ട്. കൊണ്ടും കൊടുത്തുമുള്ള നിവിൻപോളി- അജുവർഗീസ് കോമ്പിനേഷൻ പലപ്പോഴും കിലുക്കത്തിലൊയൊക്കെ മോഹൻലാൽ- ജഗതി കോമ്പോയെ ഓർമ്മിപ്പിക്കുന്നു. കഥാസന്ദർഭങ്ങൾ പലപ്പോഴും വളിപ്പാണെങ്കിലും ഈ താരങ്ങളുടെ പ്രകടനമാണ് ചിത്രത്തെ സഹിക്കബിൾ ആക്കുന്നത്. ഏതാണ്ട് പത്തുവർഷം മുമ്പ് 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ വെറും പയ്യന്മാരായി അരങ്ങേറ്റം കുറിച്ച ഈ രണ്ടു നടന്മാരും ഇന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരായും വളർന്നിരിക്കുന്നു.

തെന്നിന്ത്യൻ താരറാണി നയൻതാര ദീർഘകാലത്തിനുശേഷം മലയാളത്തിൽ തിരിച്ചെത്തിയതും വേണ്ടത്ര ശോഭയില്ലാതെയാണ്. ശോഭ എന്നതാണ് നയൻതാരയുടെ കഥാപാത്രത്തിന്റെ പേരെങ്കിലും. നയൻസിന് കാര്യമായി അഭിനയിക്കാനുള്ള വകുപ്പൊന്നും ഈ ചിത്രത്തിലില്ല. ഉള്ളത് അവർ മോശമാക്കിയിട്ടില്ല എന്നുമാത്രം. പക്ഷേ പ്രായം പിടിച്ചുനിർത്താനുള്ള മേക്കപ്പിന്റെ കളികൾ പലപ്പോഴും ആ സുന്ദരമുഖത്തെ നവരാത്രിക്കാലത്തെ ബൊമ്മക്കൊലുവിന് സമാനമാക്കുന്നുണ്ട്. വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലെങ്കിൽ നയൻതാരയെപ്പോലുള്ള സീനിയർ നടിമാർ ഇത്തരം നൂറ്റിയൊന്ന് ആവർത്തിച്ച കഥാപാത്രങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഒരു പക്കാ മാസാല സിനിമക്ക് പറ്റുന്ന രീതിയിൽ തന്നെയാണ് ഇതിന്റെ സംഗീതവും ക്യാമറും കൈകാര്യം ചെയ്തിട്ടുള്ളത്.

വാൽക്കഷ്ണം:

'ബ്രില്യൻസും റിയലിസവും ഒട്ടുമില്ലാത്ത പക്കാ കൊമേർഷ്യൽ ചിത്രം' മെന്ന് ഇതിന്റെ അണിയറ ശിൽപ്പികൾക്ക് പോസ്റ്റിടാൻ കഴിയുന്നത് അമ്പരപ്പിക്കുന്നത്. അതായത് അജുവും കൂട്ടുരും ധരിച്ചുവെച്ചിരുക്കുന്നത് ഒരു ചിത്രം വിജയിക്കാൻ ബ്രില്ല്യൻസ് ഒന്നും വേണ്ടെന്നാണ്. ശ്രീനിവാസൻ കൾട്ടിന്റെ പാരമ്പര്യത്തിന്റെ ബലത്തിലും, നിവിനും ഞാനുമൊക്കെ ചേർന്ന് എന്ത് 'ചുറ്റിക്കളി തട്ടിക്കളി' നടത്തിയാലും കാണാൻ ആളുണ്ടാവുമെന്ന്. സൂപ്പർസ്റ്റാർ സരോജ്കുമാറിന്റെ ആരാധകർപോലും ഇക്കാലത്ത് ഇങ്ങനെ ധരിക്കാൻ ഇടയുണ്ടാവില്ല. ഈ അണ്ടർ എസ്റ്റിമേഷന് കിട്ടിയ പണി തന്നെയാണ് ഈ പടം എന്നും തോന്നുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP