Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

കുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!

കുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!

എം റിജു

കൊല്ലപ്പെട്ട ചാക്കോയുടെ മകൻ പറഞ്ഞതാണ് ശരി. 'ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ ഉണ്ട്'. ദുൽഖർ സൽമാൻ നായകനായ ഏറെ വിവാദമുയർത്തിയ 'കുറുപ്പ്' എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ, ആദ്യം മനസ്സിൽ വന്നത് ചാക്കോയുടെ മകന്റെ ആ വാചകം തന്നെ ആയിരുന്നു. പൊളിറ്റിക്കൽ കറക്ട്നസ്സിന്റെ ആധിക്യം കൊണ്ട് പണ്ടാരമടങ്ങുന്ന മലയാളികൾക്ക്, ഈ ചിത്രം എങ്ങനെയുണ്ട് എന്നല്ല, അത് സുകുമാരക്കുറുപ്പ് എന്ന് പറയുന്ന കേരളത്തിലെ എറ്റവും പ്രശസ്തനായ ക്രിമിനലിനെ ന്യായീകരിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടിയിരുന്നത്. അത്തരം ഒരു പ്രചാരണം വ്യാപകമായി ഉയർന്നപ്പോഴാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, സുകുമാരക്കുറപ്പിനാൽ കൊല്ലപ്പെട്ട ചാക്കോയുടെ മകനെ ചിത്രം കാണിക്കുന്നതും, അദ്ദേഹം മേൽപ്പറഞ്ഞ രീതിയിൽ പ്രതികരിക്കുന്നതും. ഇപ്പോൾ ആദ്യദിനം ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കും, അറിയാം അത് സുകുമാരക്കുറിപ്പിനെ ന്യായീകരിക്കയോ, പർവതീകരിക്കയോ, വിശുദ്ധനാക്കി മാറ്റുകയോ ചെയ്യുന്നില്ലെന്ന്.

ഇവിടെയാണ് ശ്രീനാഥ് രാജേന്ദ്രൻ എന്ന സംവിധായകനെയും, തിരക്കഥാകൃത്തുക്കളായ ഡാനിയേൽ സായൂജ് നായർ, കെ എസ് അരവിന്ദ് എന്നിവരെയും അഭിനന്ദിച്ച് പോവുക. സെക്കൻഡ്ഷോ എന്ന ദുൽഖറിന്റെ ആദ്യ ചിത്രത്തിനുശേഷം ശ്രീനാഥ് ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയിട്ടില്ല. 'ചേക്കിലെ മൈൽക്കുറ്റികൾക്കു പോലും' അറിയാവുന്ന കഥയാണ് സുകുമാരക്കുറുപ്പിന്റെത്. അത്് വെച്ച് ഡയറക്ടായി കഥ പോയാൽ അത് ഒരു ഡോക്യുമെന്റി മാത്രമാവും. പക്ഷേ ഉപകഥകളും മറ്റും വെച്ച് പൊലിപ്പിക്കാൻ നോക്കിയാൽ അത് സുകുമാരക്കുറിപ്പിനെ ന്യായീകരിക്കലുമാവും. ഇതിന് രണ്ടിനും ഇടയിൽ നിന്നുകൊണ്ട് കുറുപ്പിന്റെ ജീവിതത്തിലെ ചില ഭാഗങ്ങൾ പൂരിപ്പിക്കാൻ ശ്രമിക്കയാണ് സംവിധായകൻ. അതിൽ അദ്ദേഹം എൺപതുശതമാനമെങ്കിലും വിജയിച്ചിട്ടുണ്ട്.

ആദ്യമേ പറയട്ടെ ദുൽഖറിന്റെ ആരാധകർക്ക് വേണ്ടി മാത്രമുള്ള ഒരു ടെയിലർ മെയ്ഡ് ചിത്രമല്ല ഇത്. മാസ്സിനേക്കാൾ ക്ലാസ് ആണ് ചിത്രം. ആദ്യപകുതിയിലെ ഏതാനും സീനുകളിൽ മാത്രമാണ് ലാഗടിക്കുന്നത്. പക്ഷേ രണ്ടാംപകുതി ആ നഷ്ടം നികത്തുന്നുണ്ട്. കുറുപ്പിന്റെ ദുരൂഹമായ ജീവിതം പോലെതന്നെ, ഒരു രണ്ടാം ഭാഗത്തിന് വകുപ്പ് ഇട്ടുകൊണ്ട് നിഗൂഡതകൾ ബാക്കിയാക്കിയാണ് കുറുപ്പ് അവസാനിക്കുന്നത്. ഒരുപക്ഷേ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പൂരാനെപ്പോലെ കറുപ്പിനും പാർട്ട് 2 വരാനും സാധ്യതയുണ്ട്. പക്ഷേ ദുൽഖറിന്റെ ഒരു മാസ് മൂവി പ്രതീക്ഷിച്ച് എത്തിയ ആരാധകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിന് ആയോ എന്ന് സംശയമാണ്.

വെറും എട്ടുലക്ഷം രൂപക്ക് കുറുപ്പ് ഒരാളെ കൊല്ലുമോ?

സുകുമാരക്കുറുപ്പിന്റെ ജീവിതത്തിലെ ചില ഏടുകൾ എടുത്ത് സംവിധായകൻ പൂരിപ്പിക്കാൻ ശ്രമിക്കയാണ്. ഒന്നാമതായി വെറും എട്ടുലക്ഷം രൂപയുടെ ഇൻഷൂറൻസിന് വേണ്ടി, ഒരാളെ കൊന്ന് കത്തിച്ച് കുറുപ്പ് ആൾമാറാട്ടം നടത്തുമോ എന്ന ചോദ്യമാണ്. കുശാഗ്രബുദ്ധിക്കാരനും, അതീവ തന്ത്രശാലിയും എന്ന് കേരളാ പൊലീസിന്റെ റെക്കോർഡുകളിൽ ഉള്ള കുറുപ്പ്, ഈ തുക നാലുപേർക്ക് പങ്കിട്ട് എടുക്കാമെന്ന കരാറിൽ ഇതുപോലെ ഒരു ക്രൈം ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതായത് താൻ മരിച്ചുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് കുറുപ്പിന്റെ ആവശ്യമായിരുന്നു. അത് എന്തിനാണ് എന്ന് ചോദ്യമാണ് ചിത്രം ഉയർത്തുന്നത്. അതുതന്നെതാണ് ചിത്രത്തിന്റെ സെല്ലിങ്ങ് പോയിന്റും. അത് നിങ്ങൾ കണ്ടുതന്നെ അറിയുക.

ഇത്തരം ക്രിമിനൽ മസ്തിഷ്‌ക്കങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോളിവുഡിലടക്കം ധാരാളം ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ സംവിധായകൻ തന്റെ വീക്ഷണ കോണിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കയാണ്. രണ്ടാംമൂഴത്തിൽ എം ടി ചെയ്തുനോക്കു. ഭീമന്റെ കഥയിലെ ചില മൗനങ്ങളെ അദ്ദേഹം പൂരിപ്പിക്കുന്നു. അതുപോലെ കുറുപ്പിന്റെ അപസർപ്പക കഥയിലെ ചില ഭാഗങ്ങൾ ഈ ചിത്രവും പൂരിപ്പിക്കുന്നു.

ഒരുക്രിമിനൽ എങ്ങനെ രൂപപ്പെടുന്നുവെന്നതിന്റെ വ്യക്മായ സൂചന ചിത്രം നൽകുന്നു. അവഗണനയും ദാരിദ്ര്യവുമൊന്നുമല്ല അയാളെ നിയമവിരുദ്ധമായ മേഖലയിലേക്ക് കൊണ്ടെത്തിക്കുന്നത്. ആദ്യം പത്താംക്ലാസ് തോറ്റിട്ട് ജയിച്ചുവെന്ന് പറഞ്ഞ് കുറുപ്പ് തന്റെ വീട്ടുകാരെ പറ്റിക്കുന്നു. പിന്നെ എയർഫോഴ്സിലെത്തി അവിടെയും തരികിടകൾ. മദ്യം തൊട്ട് മിലിട്ടറി ഷൂവരെ മറിച്ച് വിറ്റ് പണമുണ്ടാക്കുന്നു. പാട്ടും, ഡാൻസും, ബാറുകളുമായി അടിച്ചുപൊളിച്ച് ആഘോഷിക്കുന്നു. ഒടുവിൽ അവിടുത്തെ ജീവിതം അസഹനീയമായപ്പോൾ സ്വന്തം ഡെത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് അയാൾ എയർഫോഴ്സിൽ നിന്ന് രക്ഷപ്പെട്ട് പേർഷ്യയിലേക്ക് പറക്കുന്നത്. പിടിക്കപ്പെടാത്ത ചെറിയ ചെറിയ കുറ്റകൃത്യങ്ങളിലൂടെ, വലിയ കുറ്റകൃത്യങ്ങളുടെ അധോലോകത്തേക്ക് അയാൾ ഊളിയിടുകയാണ്.

ഒരു കടങ്കഥപോലെ ആ പിടികിട്ടാപ്പുള്ളി

പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികൾക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ഒരു പ്രഹേളികയായ ജീവിതം റിയലിസ്റ്റിക്കായി ഇവിടെ സിനിമയാക്കുകയാണ്. കുറുപ്പിന്റെത് അടക്കം നിരവധി കേസുകൾ സത്യസന്ധമായി അന്വേഷിച്ച കൃഷ്ണദാസ് എന്ന പൊലീസ് ഓഫീസറുടെ വിരമിക്കൽ ദിനത്തിലാണ് കഥ തുടങ്ങുന്നത്. ഇവിടെ 'തീരൻ' എന്ന തമിഴ് സിനിമയുടെ കഥയാണ് ഓർമ്മാവരുന്നത്. കൃഷ്ണദാസിന്റെ പൊടിപിടിച്ച് കിടക്കുന്ന പല ഫയലുകളും പൊതിഞ്ഞ് കെട്ടുന്നതിനിടയിൽ, കുറുപ്പിനെക്കുറിച്ചുള്ള ഡയറിക്കുറിപ്പ് സഹപ്രവർത്തകനായ യുവ ഉദ്യോഗസ്ഥന് കിട്ടുന്നു. ഇതിന്റെ വായനയിലൂടെ പല കാലങ്ങളിലായി, പല കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിൽ നിന്നുമൊക്കെ കുറുപ്പിനെ അനാവരണം ചെയ്തെടുക്കുകയാണ്. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, കാമുകി ശാരദ എന്നിവരുടെ ഓർമകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ് ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.

കാലഘട്ടത്തെ അതേപടി പുനസൃഷ്ടിച്ചിരിക്കയാണ് ഈ ചിത്രം. 1960-കൾ തൊട്ട് രണ്ടായിരത്തിന്റെ മധ്യം വരെയുള്ള കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഇതിൽ ആർട്ട് ഡയറക്ടറുടെ റോൾ എടുത്തു പറയേണ്ടതാണ്. പഴയ ബോംബെയും മദിരാശിയുമെല്ലാം, അതേപടി പുനസൃഷ്ടിച്ചിരിക്കുന്നു. വാഹനങ്ങളും വസ്ത്രധാരണവും എല്ലാം കാലത്തിന് അനുസരിച്ച് തന്നെ.

ദുൽഖറും ഇന്ദ്രജിത്തും ഷൈൻ ടോമും തകർക്കുന്നു

'ചാർലിക്കു'ശേഷം മലയാളത്തിൽ ദുൽഖറിന് കിട്ടുന്ന ഏറ്റവും മികച്ച വേഷമാണ് കുറപ്പ്. വിവിധ ഗെറ്റപ്പുകളിൽ ഡിക്യൂ നിറഞ്ഞാടുകയാണ്. മലയാള സിനിമയിൽ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഗെറ്റപ്പുകളിൽ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. അതുപോലെ ക്രിമിനലായും, സാഹസികനായും, കാമുകനായും, കുടുംബസ്ഥനായുമൊക്കെയുള്ള കുറുപ്പിന്റെ ഞൊടിയിടെയുള്ള മാറ്റങ്ങൾ കാണേണ്ട കാഴ്ചയാണ്. കമ്മട്ടിപ്പാടത്തിലെപ്പോലെ ദുൽഖറിന്റെ സൗണ്ട് മോഡുലേഷനാണ് ഗംഭീരം. മമ്മൂട്ടിയെ വെല്ലും മകൻ എന്നേ ഒറ്റവാക്കിൽ പറയാൻ കഴിയൂ.

ഇന്ദ്രജിത്തും ഷൈൻടോം ചാക്കോയുമാണ് ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന മറ്റ് കഥാപാത്രങ്ങൾ. ഒരർഥത്തിൽ ചിത്രത്തിലെ നായകൻ ഇന്ദ്രജിത്ത് തന്നെയാണ്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പോലുള്ള എതാനും ചിത്രങ്ങൾ മാത്രമേ ഈ അസാമാന്യ നടനെ ശരിക്കും പ്രയോജനപ്പെടുത്തയിട്ടുള്ളു.

അടുത്ത കാലത്തായി നല്ല വേഷങ്ങൾ കിട്ടാതിരുന്ന ഈ നടന് ഒരു ബ്രേക്ക് തന്നെയാവും ഈ ചിത്രം. പക്കാ ക്രിമിനലും, ഫ്രോഡും മദ്യപാനിയുമായ കുറുപ്പിന്റെ കൈയാളിനെ അവതിരിപ്പിക്കുന്ന ഷൈൻടോം ചാക്കോയുടെ ശരീരഭാഷ ഒന്നു കാണണം. മുരളിയൊക്കെ അരങ്ങൊഴിഞ്ഞ ഗ്യാപ്പിലേക്ക് കൃത്യമായി പ്ലേസ് ചെയ്യാൻ കഴിയുന്ന നടൻ. 'മൂത്തോൻ' എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ചിത്രത്തിൽ കുറുപ്പിന്റെ ഭാര്യയായി എത്തുന്നത്. പക്ഷേ ചിത്രത്തിൽ ഇവർക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. ഉള്ളത് മോശമാക്കിയിട്ടില്ല താനും. വിജയരാഘവൻ, സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബാലചന്ദ്രൻ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സുഷീൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം, നിമിഷ് രവിയുടെ സിനിമോറ്റോഗ്രാഫിയും ഈ ചിത്രത്തിന് മുതൽക്കുട്ടാണ്. പാട്ടുകളും ചിത്രത്തിന്റെ മൂഡ് അനുസരിച്ച് തന്നെ.

കോവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം നമ്മുടെ തീയേറ്റുകളുടെ ഉണർത്തിയത് ഈ ചിത്രമാണിത്. എത്രകാലമായി ഇതുപോലെ ഒരു ആരവം തീയേറ്ററിൽ കേട്ടിട്ട്. ഹാഫ് ഓക്കിപെൻസി മാത്രമായത് കഷ്ടമായി. അടുത്ത രണ്ടാഴ്ചത്തേക്ക് ഈ പടം ബുക്കിങ്ങാണെന്നാണ് പറയുന്നത്. പക്ഷേ ഈ ചിത്രം തീറ്റേറുകളിൽ ആയിരുന്നില്ല, ഒ.ടി.ടി തന്നെയായിരുന്നു വരേണ്ടത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കാരണം ഓരോ സീനിലും ആരാധകർക്ക് കൈയടിക്കാൻ പറ്റുന്ന മാസ് ഡയലോഗുകളും, തീപ്പൊരി ഫൈറ്റുകളും, ചേസുകളും ഒന്നുമില്ലാത്ത ഒരു റിയലിസ്റ്റ് ചിത്രമാണിത്. മരക്കാർ പോലെ, തീയേറ്റർ റിലീസ് അനിവാര്യമാക്കുന്ന ക്യാമറാ-ഗ്രാഫിക്സ് വർക്കുകളുടെ പേരിലല്ല കുറുപ്പ് അറിയപ്പെടുന്നത്. ഏത് ഭാഷക്കാർക്കും മനസ്സിലാവുന്ന പഴയ മദിരാശിയും, ബോംബെയും, ഭോപ്പാലുമൊക്കെ കടന്നുവരുന്ന ഒരു ക്ലാസ് പാൻ ഇന്ത്യൻ ചിത്രം. അത് ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകർക്ക് കാണാൻ കഴിയുന്നരീതയിൽ ഒ.ടി.ടിയിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു നല്ലത്.

എന്തായാലും വത്യസ്തമായ സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.

വാൽക്കഷ്ണം: കേരളത്തിലെ പൊളിറ്റിക്കൽ കറക്ട്നസ്സ് അന്വേഷികൾ മറന്നുപോകേണ്ടാത്ത ഒരു കാര്യമുണ്ട്. പേരുപറയാതെ സുകുമാരക്കുറുപ്പിനെ ഹീനമായി ന്യായീകരിച്ചുകൊണ്ട് ഇവിടെ ഒരു ചിത്രം ഇറങ്ങിയിരുന്നു. അതാണ് സാക്ഷാൽ അടൂർ ഗോപാലകൃഷ്ണൻ ദിലീപിനെയും കാവ്യമാധവനെയും വെച്ച് എടുത്ത 'പിന്നെയും' എന്ന തറ സിനിമ. അത് കുറുപ്പിന്റെ കഥയാണ് പറയുന്നതെന്ന് ചിത്രം കണ്ടാൽ അറിയാം. ഗൾഫിൽ പോയി സാമ്പത്തിക പ്രതിസന്ധിയിലായ പാവം നായകൻ ഇൻഷൂറൻസിനായി ഒരു അപ്പാവിയെ കൊന്ന് കത്തിക്കയാണ്. എന്നിട്ട് അയാളുടെ മകനെപ്പോലും സംരക്ഷിക്കുന്നതുകൊലപാതകിയുടെ കുടുംബമാണെന്ന് ആ ചിത്രം പറയുന്നു! പക്ഷേ അത് അടൂർ അയതുകൊണ്ട് കുഴപ്പമില്ല. കാരണവർക്ക് അടുപ്പിലും ആവാമെന്നാണെല്ലോ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP