Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ആശാൻ തെളിച്ച പാത വിടാതെ ശിഷ്യൻ; ദിലീഷ് പോത്തൻ ഇഫക്ടിന്റെ വ്യത്യസ്ത രൂപവുമായി മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്; അമ്പരപ്പിക്കുന്ന ചിത്രീകരണത്തിൽ അഭിനയമോ ജീവിതമോ എന്ന് തിരിച്ചറിയാനാകാത്ത വിധം മനോഹരം; വീണ്ടും അമ്പരപ്പിച്ച് സൗബിൻ സാഹിർ; നാച്ചുറൽ അഭിനയത്തിൽ ഷൈനും പ്രതിനായകറോളിൽ തകർത്ത് ഫഹദും; കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിരിക്കേണ്ട ചിത്രം തന്നെ

ആശാൻ തെളിച്ച പാത വിടാതെ ശിഷ്യൻ; ദിലീഷ് പോത്തൻ ഇഫക്ടിന്റെ വ്യത്യസ്ത രൂപവുമായി മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്; അമ്പരപ്പിക്കുന്ന ചിത്രീകരണത്തിൽ അഭിനയമോ ജീവിതമോ എന്ന് തിരിച്ചറിയാനാകാത്ത വിധം മനോഹരം; വീണ്ടും അമ്പരപ്പിച്ച് സൗബിൻ സാഹിർ; നാച്ചുറൽ അഭിനയത്തിൽ ഷൈനും പ്രതിനായകറോളിൽ തകർത്ത് ഫഹദും; കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിരിക്കേണ്ട ചിത്രം തന്നെ

എം.എസ് ശംഭു

ശാനൊത്ത ശിഷ്യൻ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണൻ. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവർത്തിച്ച പാടവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മധു സി നാരായണന് സാധിച്ചത്. ഒരു വൺലൈനിലുടെ ഒഴുക്കിയങ്ങ് സിനിമയെ കൊണ്ടുപോകുന്ന ദിലീഷ് പോത്തൻ സിനിമകളുടെ ഇഫക്ട് ആസ്വാദകന് ഉറപ്പാണ്. വിഷയാധിഷ്ഠിതമായി കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിയുന്ന അതേ ഫീൽ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സും.

നായകപ്രാധാന്യത്തേക്കാൾ കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമയാണ് ഈ ചത്രം. കേരളത്തിലെ ആദ്യ വിനോദ സഞ്ചാര ഗ്രാമമായ കൊച്ചിയിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഒരു സാധാരണ കുടുംബകഥയെ ഇത്ര ഭംഗിയായി അതും തീർത്തും റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ കഴിയുക എന്നത് അതിശയം തന്നെയാണ,് കുമ്പളങ്ങിയും ഈ ആർത്ഥത്തിൽ ശ്യാം പുഷ്‌കരന്റെ മുൻതിരക്കഥകൾ പോലെ വേറിട്ട് നിൽക്കുന്നു,

ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. സജി എന്ന കഥാപാത്രമായി സൗബിൻ ചിത്രത്തിലെത്തുന്നു,ഇവരിൽ ഇളയ സഹോദരനായ ബോബിയായി ഷൈൻ നിഗം വേഷമിടുന്നു. ശ്രീനാഥ് ഭാസി, രമേഷ് തിലക് എന്നിരുൾപ്പടെ നാലു സഹോദരങ്ങളുടെ ജീവിതമാണ് കുമ്പളങ്ങിയുടെ കഥാതന്തു. ഏതുവേഷവും തന്റെ വ്യക്തിപ്രഭാവം കൊണ്ട് അനായസം കൈകാര്യം ചെയ്യുന്ന ഫഹദ്ഫാസിലെന്ന നടന്റെ മറ്റൊരു നടനാത്ഭുതമാണ് ഷമ്മി എന്ന കഥാപാത്രം.

കുടുംബബന്ധങ്ങളുടെ കഥ വളരെ നാച്ചുറലായിട്ടാണ് സിനിമയിലൂടെ വരച്ചുകാട്ടുന്നത്. നാലു സഹോദരങ്ങളുള്ള വീട്ടിൽ മൂത്തവൻ സൗബിനാണ്. മദ്യപാനവും മറ്റൊരാളെ ആശ്രയിച്ച് ജീവിത ചെലവ് കഴിച്ചുകൂട്ടലുമൊക്കെ തന്നെയാണ് ഈ കഥാപാത്രത്തിന്റെ സവിശേഷത. ഇളയവരിൽ മൂന്നുപേരിൽ ഷൈൻ നിഗത്തിന്റെ ബോബി എന്ന കഥാപാത്രം ലക്ഷ്യബോധമൊന്നുമില്ലാതെ ധൂർത്തായി നടക്കുന്ന കഥാപാത്രമായി കഥയിൽ കടുന്നുവരുന്നു. ഇവരുടെ ജീവിത്തിലെ താളപ്പിഴകളിൽ മാതാപിതാക്കൾക്ക് ഏറെ പങ്കുണ്ട്. അച്ഛൻ മരിച്ചതോടെ സുവിശേഷത്തിന്റെ ഭാഗമായി വീട് വിട്ടുപോയ അമ്മ. ആൺമക്കൾക്ക് ജീവിതത്തിൽ വേണ്ടത്ര ലക്ഷ്യബോധമില്ല.

സൗബിനെന്ന നടന്റെ അഭിനയമൂല്യം

ഷൈൻ നിഗം അവതരിപ്പിക്കുന്ന ബോബിയുടെ ജീവിതത്തിലേക്ക് ഒരു പ്രണയം കടന്നുവരുന്നതോടെ കുടുംബത്തിലെ താളപ്പിഴകൾ ശരിയാക്കാൻ ബോബി ശ്രമിക്കുന്നു. കഥയിൽ പല സന്ദർഭത്തിലും സൗബിന്റെ കഥാപാത്രം എക്‌സ്ട്രാ ഓർഡിനറി പെർഫോമൻസ് കാഴ്ചവെക്കുന്നത് പ്രേക്ഷകന് കാണാൻ സാധിക്കും. ജീവിതത്തിന്റെ താളപ്പിഴയിൽ മദ്യത്തിനു അടിമയായി സൗബിന്റെ ജോസ് എന്ന കഥാപാത്രത്തിലെ വ്യക്തിപ്രഭാവം കാണേണ്ടത് തന്നെയാണ്. സ്ഥിരമായി വഴക്കിടാറുള്ള സഹോദരനോട് 'എന്നെ ഒരു തവണ നീ ചേട്ടാ എന്നു വിളിക്കെടാ ' എന്നു പറയുന്ന സൗബിന്റെ വാക്കുകൾ ഒരേ സമയം പ്രേക്ഷകനെ ചിന്തിപ്പിക്കുകയും കണ്ണു നിറയ്ക്കുകയും ചെയ്യും.

കോമഡികളിൽ മാത്രം ഒതുങ്ങി നിന്ന സൗബിനെന്ന നടനിലെ അഭിനയ ഇന്ദ്രജാലം കാണണം എങ്കിൽ ഉറപ്പായും ഈ സിനിമ കാണണം. . ഒരു സഹസംവിധായകനിൽ നിന്നും ഹാസ്യതാരമായി സിനിമയിലേക്ക് വന്ന സൗബിൻ മലയാളിക്ക് വൈകി കിട്ടിയ വസന്തമാണ്. ജീവിതത്തിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്ന പല സന്ദർഭങ്ങളിലും സൗബിനെന്ന നടന്റെ പൊട്ടിക്കരച്ചിലിനൊപ്പം പ്രേക്ഷകനും കരഞ്ഞു പോകും. നടപ്പിലും നോട്ടത്തിലും ജീവിതത്തിൽ നിസ്സഹായനായി പോയ ഒരു സാധാരണ ജേഷ്ഠനായി മാറാൻ ഈ സൗബിന് എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചുപോയേക്കാം.. ഒരു നടന് ചിരിപ്പിക്കാൻ കഴിയുമെങ്കിൽ ആ നടന് കരയിപ്പിക്കാനും കഴിയുമെന്ന് ചാർലിചാപ്ലിനെപ്പോലെ സൗബിനും തെളിയിച്ചു കഴിഞ്ഞു. നമ്മുടെ വീട്ടിലോ അയൽപക്കത്തെ വീട്ടിലോ നടക്കുന്ന സംഭവമായിട്ടാണ് ഈ സിനിമയെ നമ്മൾ ആസ്വദിച്ച് പോകുക. സാധാരണ മലയാളം സിനിമകളിൽ കാണാറുള്ള എക്‌സ്ട്രാ ഓർഡിനറി സാഹസികതയൊന്നും ഈ സിനിമയിൽ നിന്നും പ്രതീക്ഷിക്കണ്ട.

താൻ മൂലം സുഹൃത്ത് മരിക്കുന്നതോടെ സുഹൃത്തിന്റെ ഭാര്യയേും കുഞ്ഞിനേയും നോക്കേണ്ടി വരുന്നതോടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് അടുക്കുന്ന സൗബിന് തീയറ്റിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. കിസ്മത്ത, ഈട, പറവ എന്നി സിനിമകളിലൂടെ ഷൈൻ നിഗം എന്ന ചെറുപ്പക്കാരന്റെ അഭിനയം മലയാളികൾ തിരിച്ചറിഞ്ഞതാണ് പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് ഷൈൻ. നടൻ അബിയുടെ മകൻ എന്നുള്ള മുഖവരുയൊന്നും ഈ യുവനടന് ആവശ്യമായി വേണ്ട... കാരണം ഇദ്ദേഹത്തിന്റെ അഭിനയം അത്രമേൽ ഉയർന്നതാണ്.

ചിത്രത്തിലെ നായകൻ ആരെന്ന് ചോദിച്ചാൽ ഷൈനാണോ, അതോ സൗബിനാണോ, അതോ പ്രതിനായക റോളിലെത്തിയ ഫഹദാണോ എന്നോർത്ത് ആശ്ചര്യപ്പെട്ടുപോയോക്കാം. തുല്യമായ അധ്വാനത്തിന്റെ മിച്ചമൂലധനമാണ് ചിത്രം. നായകറോളിലെത്തിയ സൗബിനും, ഷൈനും, ഫഹദുമെല്ലാം ഈ മിച്ചമൂലധനത്തിന്റെ അവകാശികളായിരിക്കും.

ഷൈനും അന്നയും

ഷൈന് ലഭിച്ചിട്ടുള്ള മികച്ച റോൾ തന്നെയാണ് ചിത്രത്തിലെ ബോബി. ഷെന്റെ കാമകുകിയായി ബേബി മോൾ എന്ന കഥാപാത്രമായി അന്നാ ബെൻ എന്ന പുതുമുഖ നായിക കടന്നുവരുന്നു.ഗൗരവവവും ചിരിയും കരച്ചിലും നിസ്സഹായതയുമെല്ലാം ഒരേ സമയം പ്രതിഫലിപ്പിച്ചു കാട്ടുന്ന ഷൈന്റെ പ്രകടനം ചിത്രത്തിൽ കണ്ടിരിക്കേണ്ടത് തന്നെയാണ്. സത്യത്തിൽ ഐ.എഫ്.എഫ് കെ വേദികളിലെ ഇറാനിയൻ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള നാച്ചുറാലിറ്റി ഷൈന്റെ കഥാപാത്രത്തിൽ കാണാൻ കഴിയും.

കയ്യടി നേടുന്ന അഭിനയം തന്നെയാണ് അന്നയും കാഴ്ചവെച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കുന്ന ഒരു പുതുമുഖ നായികയുടെ യാതൊരു സഭാകമ്പവും ഈ നടിക്കും ഇല്ല. ഷൈനും അന്നയും ചേർന്നുള്ള പ്രണയരംഗങ്ങളെല്ലാം ഗംഭീരം തന്നെയാണ്.

ഇനി ഫഹദ് ആരാണ് എന്താണ് കഥയിൽ കാര്യമെന്നല്ലേ..?

അന്ന അതരിപ്പിക്കുന്ന ബേബിമോളുടെ ചേച്ചിയുടെ ഭർത്താവായിട്ടാണ് ഫഹദ് ചിത്രത്തിൽ കടുന്നു വരുന്നത്. അച്ഛൻ മരിച്ചുപോയ ഭാര്യവീട്ടിലെ ഭരണം കയ്യാളാൻ ശ്രമിക്കുന്ന ക്രാക്കൻ മരുമകനെ ആദ്യപകുതിയിൽ കാണാം. സ്വന്തമായി സലൂണൊക്കെളുള്ള സണ്ണി എന്ന കഥാപാത്രമായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. നെഗറ്റിവ് ഷെയിഡുള്ള പേഴ്‌സാണാലിറ്റിയാണ് സണ്ണി. ഒരു നടനിൽ പ്രതിനായകന്റെ റോൾ എങ്ങനെ വരച്ചുകാട്ടാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരം ഫഹദ് പറഞ്ഞുതരും. ഫഹദിന്റെ കഥാപാത്രത്തെ ആർക്കും പിടി കിട്ടില്ല... ഒരു പെൺകോന്തൻ മരുമകൻ... കൊച്ചുകുട്ടികളോട് പോലും കർക്കശമായി സംസാരിക്കുന്ന കഥാപാത്രം.. ഇവയെക്കെയാണ് ചിത്രത്തിൽ ഫഹദ്... എന്നാൽ ഇതിൽ നിന്നുമല്ലാം ഞെട്ടിക്കുന്നത്. ക്ലൈമാക്‌സിലെ ഫഹദിന്റെ അഭിനയമാണ്. പ്രേക്ഷകർ അന്തംവിട്ട് പോകും.

ദിലീഷ് പോത്തൻ ചിത്രത്തിൽ പൊലീസ് കഥാപാത്രത്തിൽ തലകാണിക്കുന്നു. ഷൈജു ഖാലിദ് എന്ന ഛായാഗ്രഹനെ നമിച്ചുപോകുന്ന ദൃശ്യഭംഗി തന്നെയാണ് ചിത്രം. ഇത്ര മനോഹരമായി ഫ്രയിമുകളെ ഒപ്പിയെടുക്കുന്നതെങ്ങനെയെന്ന് ആശ്ചര്യപ്പെട്ടുപോയേക്കാം... എഡിറ്റിങ് സൈജു ശ്രീധരനാണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിങ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറിൽ നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കർ എന്നിവർ ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP