Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

നരബലി സ്പെഷ്യൽ കുമാരി! അന്ധവിശ്വാസ നിർമ്മാർജ്ജന ചിത്രത്തിനുള്ള അവാർഡ് കൊടുക്കേണ്ട സിനിമ; തിരക്കഥയും സംവിധാനവും ചവറ്; ശരാശരിയിൽ ഒതുങ്ങി ഷൈൻ ടോം; സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ; ഐശ്വര്യ ലക്ഷ്മി ആശ്വാസം; പൃഥിരാജിനും തീരാത്ത നാണക്കേട്; കലാനിലയം നാടകം എത്ര ഭേദം!

നരബലി സ്പെഷ്യൽ കുമാരി! അന്ധവിശ്വാസ നിർമ്മാർജ്ജന ചിത്രത്തിനുള്ള അവാർഡ് കൊടുക്കേണ്ട സിനിമ; തിരക്കഥയും സംവിധാനവും ചവറ്; ശരാശരിയിൽ ഒതുങ്ങി ഷൈൻ ടോം; സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ; ഐശ്വര്യ ലക്ഷ്മി ആശ്വാസം; പൃഥിരാജിനും തീരാത്ത നാണക്കേട്; കലാനിലയം നാടകം എത്ര ഭേദം!

എം റിജു

ലൂയിസ് കരോളിന്റെ ലോക പ്രശസ്തമായ ആലീസ് ഇൻ വണ്ടർ ലാൻഡ് എന്ന കൃതിയെ പണ്ട് കമ്യൂണിസ്റ്റ് ചൈന നിരോധിച്ച കാലമുണ്ടായിരുന്നു. സംസാരിക്കുന്ന മൃഗങ്ങളും മരങ്ങളുമൊക്കെ അന്ധവിശ്വാസം ആണെന്നും, അത്തരം പുസ്തകങ്ങൾ കുട്ടികളുടെ ശാസ്ത്രാഭിമുഖ്യത്തിന് തടസമിടുമെന്നുമായിരുന്നു ചൈനയുടെ കണ്ടുപിടുത്തം! ആലീസിന്റെ അദ്ഭുദ ലോകം വായിച്ചുവളർന്ന നമുക്കൊന്നും തോന്നാത്ത കാര്യമാണ് ചൈനക്ക് തോന്നിയത്. എത്ര യാന്ത്രികമായാണ് അവർ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് നോക്കുക.

മുത്തശ്ശിക്കഥകളും, മിത്തുകളും, ഐതീഹ്യമാലയുമൊന്നും വായിച്ചിട്ട് ആരും വഴിതെറ്റിപ്പോവുകയോ, കൊലപാതകികൾ ആവുകയോ ചെയ്തിട്ടില്ല. പക്ഷേ ഒരു മുത്തശ്ശിക്കഥ സിനിമയാക്കുന്നുവെന്നപേരിൽ, പൃഥ്വീരാജിന്റെ മാജിക്ക് ഫ്രയിംസ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ അനൗൺസ് ചെയ്യപ്പെട്ട 'കുമാരി' എന്ന ചിത്രം കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഈ നരബലിക്കാലത്ത് പറ്റിയ സിനിമ തന്നെ. മുത്തശ്ശിക്കഥയിൽനിന്നൊക്കെ വഴിമാറി ഒന്നാന്തരം അന്ധവിശ്വാസ പ്രചാരണമായി മാറുകയാണ് ചിത്രം. നരബലിയെ പ്രതീകവത്ക്കരിക്കയല്ല ശരിക്കും കാണിക്കുക തന്നെ ചെയ്യുന്നുണ്ട്. ശരിക്കും കാലം തെറ്റി റിലീസായ ഒന്നായിപ്പോയി ഈ പടം.

ഇനി ആശയപരമായ ധാര വിട്ട് കലാമുല്യത്തിലേക്ക് കടന്നാൽ വെറും ചവറാണ് കുമാരി. രണം എന്ന മാരണ സിനിമയിൽനിന്ന് താൻ ഒട്ടും പുരോഗമിച്ചിട്ടില്ലെന്ന് സംവിധാകയനും എഴുത്തുകാരനുമായ നിർമ്മൽ സഹദേവൻ തെളിയിക്കുന്നു. തീയേറ്ററിൽ ഇടക്കിടെയുള്ള ചാത്തന്റെയും ഭൂതങ്ങളുടെയുമൊക്കെ അലർച്ചകാരണം ഉറക്കം വരില്ല എന്ന് മാത്രം. വിതരണത്തിന് എടുത്ത പൃഥിരാജിനും തീർത്താൽ തീരാത്ത നാണക്കേടാണ് ചിത്രം സമ്മാനിക്കുന്നത്. പൃഥിയുടെ ട്രെയിലറിലെ തല കണ്ടാണ് ഈയുള്ളവനൊക്കെ ഈ പടത്തിന് തലവെച്ചുപോയത്!

വഴിതെറ്റിപ്പോയ മുത്തശ്ശിക്കഥ

പണ്ട് അനന്തഭദ്രം എന്ന മാന്ത്രിക സിനിമ എടുത്തപ്പോൾ, സംവിധായകൻ സന്തോഷ് ശിവൻ ചോദിച്ച ചോദ്യമുണ്ട്. അവർക്ക് ഹാരി പോർട്ടറിനെ ഇവിടെ മാർക്കറ്റ് ചെയ്യാമെങ്കിൽ നമ്മുടെ കുട്ടിച്ചാത്തനെയും, യക്ഷിയെയും, മാടനെയും, മറുതയെയുമൊക്കെ വിദേശത്തും മാർക്കറ്റ് ചെയ്തുടെ എന്ന്. അത് ശരിയുമായിരുന്നു. സിനിമാറ്റിക്കായ എത്രയോ മാന്ത്രിക കഥകളുടെ അക്ഷയപാത്രമാണ് നമ്മുടെ നാട്. (എം ടിയുടെ മാണിക്യക്കല്ല് സിനിമയായിരുന്നെങ്കിൽ ഓസ്‌ക്കാർ ഇവിടേക്ക് എത്തുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ മലയാള ചലച്ചിത്രലോകത്ത് ഏറെയുണ്ട്.)

പക്ഷേ ഇവിടെ കുമാരിയിൽ ഒരു മുത്തശ്ശിക്കഥ കാടുകയറിപ്പോവുകയാണ്. ഇല്ലിമല ചാത്തന്റെ ശാപം കിട്ടിയ നാടിന്റെ കഥയാണിത്. ഇല്ലിക്കൽ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരെയും അവർ അനുഭവിച്ച ദുരന്തങ്ങളേയും എല്ലാം പ്രേക്ഷകരിലേക്ക് കൈമാറുകയാണ്. ആ നാട്ടിലേക്ക് വിവാഹം കഴിച്ച് കൊണ്ടുവരുന്ന പെൺകുട്ടിയാണ് കുമാരി ( ഐശ്വര്യ ലക്ഷ്മി). ധ്രുവൻ ( ഷൈൻ ടോം ചാക്കോ) എന്ന ഭ്രാന്തൻ തമ്പുരാനെയാണ് അവൾക്ക് ഭർത്താവായി കിട്ടിയത്. പക്ഷേ സ്നേഹത്തോടെ അയാളെ അവൾ തന്നോടു ചേർത്തുനിർത്തുന്നു. പക്ഷേ ആ തറവാട്ടിൽ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന്, വളരെ വൈകിയാണ് കുമാറി അറിയുന്നത്. അത്് അവളെ അടിമുടി ഉലച്ചു കളയുന്നു. പക്ഷേ ഇവിയൈാന്നും ഒരു സിനിമാറ്റിക്ക് താളം കിട്ടുന്നില്ല. മിക്ക രംഗങ്ങളും പ്രഡിക്റ്റബിൾ ആണ്. രണ്ടാം പകുതിയിലേക്കുള്ള ഇടവേള അവസാനിക്കുന്നിടത്ത് സിനിമയുടെ പോക്ക് കൃത്യമായി ഊഹിക്കാൻ കഴിയുന്നു. അനന്തഭദ്രം, ഉറുമി സിനിമകളിൽ നിന്നുള്ള ചില ഏടുകൾ അവിടെയും ഇവിടെയുമായി ഓർമ്മവരുന്നതൊഴിച്ചാൽ, സർപ്രൈസ്, സസ്പെൻസ് സങ്കേതങ്ങൾ കാത്തിരിക്കുന്നവർ നിരാശ ബാക്കിയാവും.

സുരഭി ലക്ഷ്മി ഭൂലോക വെറുപ്പിക്കൽ

ഇനി താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ, അതും അത്രയൊന്നും നന്നായിട്ടില്ല. ദേശീയ അവാർഡ് കിട്ടിയ സുരഭി ലക്ഷ്മിയുടെ പ്രകടനമൊക്കെ വെറുപ്പിക്കലിന്റെ സൂപ്പർലേറ്റീവ് ഡിഗ്രിയിലാണ്. തമിഴും മലയാളവും ചേർന്ന സംസാര ശൈലിയൊക്കെ അരോചകം. നായികയായ ഐശ്വര്യലക്ഷ്മിയുടെ കിടിലൻ സ്‌ക്രീൻ പ്രസൻസ് മാത്രമാണ് ചിത്രത്തെ സജീവമാക്കുന്നത്. കുറച്ചുകാലത്തിനുശേഷമാണ് സ്ഫടികം ജോർജിനെ ഒരു മുഴുനീള വേഷത്തിൽ കാണുന്നത്. പക്ഷേ ഇതിൽ ഷോഭി തിലകന്റെ ഡബ്ബിങ്ങ് ഓവറാണ്.

പക്ഷേ ധ്രുവൻ എന്ന ഭ്രാന്തൻ തമ്പുരാനായി ഷൈൻ ടോം ചാക്കോ തകർത്തു എന്നൊന്നും പറയാൻ കഴിയില്ല. അടുത്ത കാലത്തായി ഷൈനിന് കിട്ടുന്ന കഥാപാത്രങ്ങളുടെ അടുത്തൊന്നും ഇത് എത്തിയിട്ടില്ല. ഡബ്ബിങ്ങിൽ ഒരു പ്രത്യേക ശൈലി പിടിക്കുന്നതിനാൽ ചിലയിടത്തൊന്നും ഡയലോഗ് ക്ലാരിറ്റിയും കിട്ടുന്നില്ല. പക്ഷേ നാട്ടുകാർ പരിഹസിക്കുന്ന വട്ടൻ തമ്പുരാനിൽ അധികാരം കൈവരുമ്പോൾ സംഭവിക്കുന്ന മാറ്റം നല്ല നിലയിൽ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. ഓരോ ഘട്ടത്തിലും അതിന് അനുയോജ്യമായ ബോഡി ലാംഗ്വേജ് പ്രകടമാക്കാൻ ഷൈൻ ടോം മറന്നില്ല.

സ്വാസിക, ജിജോ ജോൺ, തൻവി റാം, രാഹുൽ മാധവ്, ശിവജിത്ത് നമ്പ്യാർ, ശ്രുതി മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്ന മറ്റുള്ളവർ. കൈതപ്രം, ജ്യോതിഷ് കാശി, ജോപോൾ എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതവും മോശമല്ല എന്നേ പറയാൻ കഴിയൂ. പക്ഷേ ഛായാഗ്രഹണം മികച്ചതാണ്.

പക്ഷേ ഈ പടത്തിന്റെ പ്രധാന ഫാൾട്ട് കിടക്കുന്നത് തിരക്കഥയിലാണ്. അത് മെച്ചപ്പെടാതെ ടെക്ക്നിക്കൽ ടീം എന്ത് തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ നിർമ്മൽ സഹദേവൻ തന്നെയാണ് ഇതിൽ ഒന്നാപ്രതി. കൊറിയൻ വെബ്സീരീസും, ലോകത്തിലെ ടൊപ്പ് ടെൻ ഹൊറർ പടങ്ങളുമൊക്കെ കാണുന്ന പുതിയ തലമറയുടെ മുന്നിലേക്ക് ഇതുപോലെ ഒരു പടവുമായി വരുന്നതിന് മുമ്പൊക്കെ അത്യവശ്യം നന്നായി ഹോംവർക്ക് ചെയ്യണം.


എ സർട്ടിഫിക്കേറ്റ് കൊടുക്കണം

ഏറ്റവും പ്രധാനമായി തോന്നിയത് ഈ ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് എന്തുകൊണ്ട് കൊടുത്തില്ല എന്നതാണ്. കുട്ടികൾ യാതൊരു കാരണവശാലും കാണാൻ പാടില്ലാത്ത ചിത്രമാണിത്. നരബലിയും ചാത്തനും കാരിയുമൊക്കെയായി ഒരു ദുഷിച്ച ചിത്രമാണ് അവരുടെ മനസ്സിലേക്ക് ഈ പടം കണ്ടാൽ കിട്ടുക. എന്നാൽ മുത്തശ്ശിക്കഥയോ, പഞ്ചതന്ത്രകഥയോ എന്തിന് ഹാരിപോർട്ടറോ, മമ്മിറിട്ടേൺസോ ഒന്നും കണ്ടാൽ ഈ ദുഷിച്ച ചിത്രം കിട്ടില്ല. അതാണ് കലാകാരന്റെ മാജിക്ക്. ഇവിടെ ചിത്രം അവസാനിക്കുന്നതുപോലും, വീണ്ടും ചാത്തൻ ആ തറവാട്ടിലെ അവസാനത്തെ കുട്ടിയെപോലും പ്രലോഭിപ്പിക്കുന്നത് കാണിച്ചാണ്.

ഇനി ഹൊറർ എന്ന് പറയുന്ന ഈ പടത്തിൽ എങ്ങനെയാണ് പേടിപ്പിക്കുന്നത് എന്ന് നോക്കണം. പതിവ് ടെക്ക്നിക്ക് തന്നെ. പതുക്കെ ശബ്ദം കുറച്ച് സൈലൻസിലേക്ക് പോയിട്ട് പെട്ടന്ന് ഡപ്പേന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കി ഞെട്ടിക്കുക. ഇതിന് യാതൊരു കലയും വേണ്ട. പക്ഷേ കുട്ടികളുമായി പോയവർ ബുദ്ധിമുട്ടും. അവർ ഞെട്ടിക്കരയും. അപ്പോൾ സംവിധായകനും കൂട്ടർക്കും ഒരു സൈക്കോ ആനന്ദം കിട്ടുമായിരിക്കും.

ഇനി മുതിർന്നവരെ സംബന്ധിച്ച് പറഞ്ഞാൽ ഭയമല്ല വെറും കോമഡിയാണ് ഈ ചിത്രത്തിലെ 'ഭീകര രംഗങ്ങൾ' ഉയർത്തുന്നത്. ക്ലൈമാക്സിൽ ചാത്തനും, അതുപോലെ ഒരു ഉപാസന മൂർത്തിയായ കാരിയും തമ്മിലുള്ള ഏറ്റുമുട്ടലൊക്ക കണ്ടാൽ ചരിച്ച് മണ്ണുകപ്പും. തെർമോക്കോളുകൊണ്ട് കുട്ടികൾ പണ്ട് ഒനീഡാ സാത്താനെ ഉണ്ടാക്കുന്നതുപോലെയാണ് കാരിയെന്ന ദുർമൂർത്തി. കുറേ കരിവാരിത്തേച്ച് കിങ്ങ് കോങ്ങിനേപ്പോലെ ചാത്തനും. എന്നിട്ട് ഈ രണ്ടു ദൈവങ്ങളും തമ്മിൽ പൊരിഞ്ഞ അടിയാണ്. എജ്ജാതി വെറൈറ്റി! വിദേശ സിനിമകളിലൊക്കെ ആർട്ട് ഡയറക്ടറേക്കാർ പ്രധാനമുള്ള തസ്തികയാണ് ഈ ക്രീച്ചർ ഡിസൈഴേ്സിന്റെത്. ഇവിടെ ചെയ്തുവെച്ചിരിക്കുന്നത് കാണണം.

മമ്മി റിട്ടേൻസ് തൊട്ടുള്ള ഒരുപാട് ഹൊറർ സബ്ജറ്റുകൾ കണ്ട് മടുത്ത ഒരു പ്രേക്ഷകരുടെ മുന്നിലേക്കാണ്, ഈ നനഞ്ഞ പടക്കം എത്തുന്നത്. മമ്മി റിട്ടേണസിൽ നിന്ന് കോപ്പിയടിച്ചപോലുള്ള ഒരു കഥാപാത്രം ഇവിടെയുമുണ്ട്. പക്ഷേ കലാപരമായി ഇതിന്റെയൊന്നും ഏഴ് അയലത്ത് എത്താൻ ഈ പടത്തിന് ആവുന്നില്ല. എന്തിനധികം കലാനിലയത്തിന്റെ പഴയ നാടകങ്ങൾപോലും, ഇതിനേക്കാൾ എത്രയോ മെച്ചമായിരുന്നു. ( ഡ്രാക്കുള എന്ന നാടകം ഒറ്റക്ക് കാണുന്നവർക്ക് വലിയ തുക കലാനിലയം ഓഫർ ചെയ്ത പരസ്യവാചകം പണ്ട് കേട്ടിരുന്നു.)

മൊത്തത്തിൽ ഒരു സ്റ്റേജിന്റെ സെറ്റപ്പാണ് ഈ പടത്തിനുള്ളത്. ഷൈൻ ടോമിന്റെ കഥാപാത്രമൊക്കെ മോഹൻലാലിന്റെ ശ്രീകൃഷപ്പരുന്തിലെ മാന്ത്രികനെ ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷേ ലാലിന്റെ കുമാരേട്ടന്റെ എവിടെയും എത്തില്ല ഈ കഥാപാത്രം. മൂന്ന് പതിറ്റാണ്ടുമുമ്പ്, കമൽഹാസൻ നായകനായ 'വയനാടൻ തമ്പാൻ' എന്ന ഒരു ചിത്രമുണ്ട്. തമ്പാനേ എന്ന ആ ദുർമൂർത്തിയുടെ വിളി കേൾക്കുമ്പോൾ തന്നെ ഭയം ഇരച്ചുകയറും. പക്ഷേ ഇത് ഭയമല്ല ചിരിയാണ് ഉയർത്തുന്നത്.

ആ അർത്ഥത്തിൽ നോക്കുമ്പോൾ ഇത് പൂർണ്ണമായും ഒരു നവോത്ഥാന ചിത്രമാണ്. കാരണം ചാത്തനും മാടനും അടക്കമുള്ളവയെ വെറും കോമഡിയാക്കാൻ ഇവർക്കായി. ഇത് കാണുന്ന ആരും ഇത്തരം അന്ധവിശ്വാസിലേക്ക് പോവാൻ സാധ്യതയില്ല! ഇതൊക്കെ വെറും ചീള് കേസ് എന്ന ധാരണയാണ് ഉണ്ടാക്കുന്നത്.

വാൽക്കഷ്ണം: ഈ പടം കൊണ്ട് ഏറ്റവും കൂടുതൽ പേരുദോഷം ഉണ്ടായിരിക്കുന്നത് നമ്മുടെ പൃഥീരാജിന് തന്നെയാണ്. കാരണം നല്ല പടങ്ങളുടെ മിനിമം ഗ്യാരണ്ടിയായിരുന്നു ആ നടന്റെ പേര്. ഇത് ട്രെയിലറിൽ അവതാരകനായി പൃഥി വരുന്നുമുണ്ട്. പൃഥി പ്രൊഡ്യൂസ് ചെയ്യുന്ന പടം എന്ന ലേബലിലാണ് ഇത് അറിയപ്പെട്ടത്. ഇങ്ങനെ അന്തവും കുന്തവുമില്ലാതെ ചിത്രങ്ങൾ വിതരണത്തിന് എടുക്കുന്നത്, തന്റെ ബ്രാൻഡ്വാല്യൂവാണ് നശിപ്പിക്കുന്നതെന്ന് ഈ നടൻ മനസ്സിലാക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP