Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ആരാധകരെ പുളകം കൊള്ളിക്കുന്ന കൽക്കി; സബ് ഇൻസ്പെക്ടർ റോളിൽ ടൊവിനോ എത്തിയപ്പോൾ തീയറ്ററുകളെ കോരിത്തരിപ്പിച്ച പ്രതികരണം; കഥാപാത്രത്തോട് നീതി പുലർത്തി നായകൻ തിളങ്ങുമ്പോൾ വില്ലനാകുന്നത് ഉട്ടോപ്യൻ കഥ; ആവേശം നിറച്ച ഒന്നാം പകുതിയും കാറ്റു പോയ ബലൂണായ രണ്ടാം പകുതിയും; ലോജിക്കുകൾ മാറ്റി നിർത്തിയാൽ ഇതൊരു കംപ്ലീറ്റ് ഫാൻ മെയ്ഡ് ചിത്രം

ആരാധകരെ പുളകം കൊള്ളിക്കുന്ന കൽക്കി; സബ് ഇൻസ്പെക്ടർ റോളിൽ ടൊവിനോ എത്തിയപ്പോൾ തീയറ്ററുകളെ കോരിത്തരിപ്പിച്ച പ്രതികരണം; കഥാപാത്രത്തോട് നീതി പുലർത്തി നായകൻ തിളങ്ങുമ്പോൾ വില്ലനാകുന്നത് ഉട്ടോപ്യൻ കഥ; ആവേശം നിറച്ച ഒന്നാം പകുതിയും കാറ്റു പോയ ബലൂണായ രണ്ടാം പകുതിയും; ലോജിക്കുകൾ മാറ്റി നിർത്തിയാൽ ഇതൊരു കംപ്ലീറ്റ് ഫാൻ മെയ്ഡ് ചിത്രം

എം എസ് ശംഭു

തുടർച്ചയായി സിനിമകൾ അരങ്ങിലെത്തിച്ച് തന്റെ പ്രസൻസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ എന്ന രീതിയിൽ ടൊവിനോ തോമസ് ശ്രദ്ധേയനാകുകയാണ് വീണ്ടും കൽക്കിയിലൂടെ. വ്യത്യസ്ത കഥാപാത്രങ്ങളിൽ അരങ്ങിലെത്തിയിട്ടുള്ള ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന കൽക്കി കെട്ടിലും മട്ടിലും വേറിട്ട പ്രകടനം കാഴ്ച വയ്ക്കുന്നു. ശരാശരി ആരാധകരെ കോരിത്തരിപ്പിക്കുന്ന ഓരോ ഡയലോഗിലും നിറഞ്ഞ കൈയടി ലഭിക്കുന്ന തകർപ്പൻ പ്രകടനവുമായിട്ടാണ് കൽക്കി എത്തുന്നത്.

പ്രവീൺ പ്രഭരം, സുജിൻ സുജാതൻ എന്നിവർ രചന ഒരുക്കി. പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. സംവിധാന മികവിൽ ചിത്രം ഒരു പടി മുന്നിൽ നിൽക്കുമ്പോൾ ഒന്നാംഭാഗം മരണമാസായിരിക്കും പ്രേക്ഷകന് സമ്മാനിക്കുന്നത്. ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ആക്ഷൻ രംഗങ്ങളുടെയും മാസ് ഡയലോഗുകളുടെയും അകമ്പടിയോടെയുമാണ് കൽക്കി എത്തുന്നത്. കഥയിലേക്ക് വന്നാൽ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും അതിർത്തി പങ്കിടുന്ന നഞ്ചങ്കോട്ടയിലൂടെയാണ്് കഥ കടന്നു പോകുന്നത്. നഞ്ചങ്കോട്ടെ തമിഴ് ജനതയും ഇവരുടെ കുടിയേറ്റവും നാടുകടത്തലും രാഷ്ട്രീയ ശക്തികളായ പ്രാദേശിക ഗുണ്ടകളുടെ വിളയാട്ടവും തന്നെ ചിത്രം.

Stories you may Like

'സൂര്യ' പ്രധാനവേഷത്തിലെത്തിയ 'സിങ്കം' സിനിമ പോലെ ശുദ്ധികലശവുമായി എത്തുന്ന ഇൻസ്പെക്ടർ റോൾ. കഥാപാത്രത്തെ അഡ്രസ് ചെയ്യുന്നതിൽ പോലുമുള്ള വ്യത്യസ്തതശൈലി യൂണിഫോമിൽ പോലും പ്രകടമാകുന്നു. കൽക്കി എന്ന പേര് സീനിൽ ഒരിടത്തും എത്തുന്നില്ല. തകർപ്പൻ ഇൻട്രോയിലൂടെ നായകൻ രംഗപ്രവേശം ചെയ്യുമ്പോൾ പോലും തന്റെ പേര് എവിടേയും പറയപ്പെടുന്ന രംഗങ്ങളില്ല. യൂണിഫോമിൽ കെ എന്ന ഇംഗ്ലീഷ് ലെറ്റർ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതും.

ഉട്ടോപ്യൻ ലോജിക്കുകൾ നിറഞ്ഞ നഞ്ചൻ കോട്ട

ആരാധകന് കൈയടിക്കാൻ വകയുള്ള പൊലീസ് കഥാപാത്രം. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗ്-അങ്ങനെയാണ് നായകന്റെ കടന്നുവരവ്. കേരള- തമിഴ്‌നാട് അതിർത്തി പങ്കിടുന്ന നഞ്ചൻകോട്ടയിലെ തമിഴരുടെ കുടിയേറ്റ പ്രശ്നവും ഇവർ ഇവിടുത്തെ രാഷ്ട്രീയ ശക്തികളുടെ സമ്മർദ്ദത്താൽ കുടിയൊഴിക്കപ്പെടുന്ന രംഗവുമാണ്് ചിത്രത്തിന്റെ ആരംഭം. ഡി.വൈ.പി, എ.ഐ.സി.ടി എന്നീ രണ്ട് പ്രാദേശിക പാർട്ടികളേയും ഇവിടുത്തെ നേതാക്കളേയും കാണാം. പൊലീസും കോടതിയും നിമിയമങ്ങളുമെല്ലാം കയ്യിലെടുത്ത് അമ്മാനമാടുന്ന വില്ലന്മാർ രാഷ്ട്രീയ നേതൃത്വത്തിലുള്ള നഞ്ചൻ കോട്ടയിൽ എതിർ സ്വരങ്ങളെ എല്ലാം തന്നെ അടിച്ചമർത്തുന്നു.

കഥാപാത്രങ്ങളുടെ സൃഷ്ടിയിലും പാർട്ടി കൊടികളെ അടയാളപ്പെടുത്തുന്നതിൽ പോലും വ്യക്തമായ രാഷ്ട്രീയവും ഈ ചിത്രം കാണിക്കുന്നുണ്ട്. രാഖി ചരട് കൈയിലണിഞ്ഞ പ്രതിനായക കഥാപാത്രങ്ങളും ഇവരുടെ കൂടെ നിൽക്കുന്ന ആശ്രിതരായ അനുയായികളുമെല്ലാം വലതു രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന വണ്ണം ചിത്രത്തിൽ പ്രതിപാദിക്കപ്പെടുന്നു. തൊഴിലാളി ചേരിയിൽ എ.ഐ.സി.പി എന്ന കൊടിയുമായി ഇടത് രാഷ്ട്രീയ സ്വഭാവവും. എന്നിരുന്നാലും ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കുകൾ കൃത്യതയോടെ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.

സിനിമയുടെ ഹൈലൈറ്റ് ടൊവിനോയുടെ ഇൻട്രോ തന്നെയാണ്. പേരിന് മാത്രം ബോർഡും തൂക്കി കാക്കിയണിഞ്ഞ് ഇരിക്കുന്ന ദുർബലരായ നഞ്ചൻകോട്ടയിലെ പൊലീസുകാർക്ക് അസ്തിത്വം വീണ്ടെടുക്കാൻ കഴിയുന്നത് കൽക്കി എന്ന പൊലീസ് ഇൻസ്പെക്ടറുടെ വരവോടെയാണ്. നഞ്ചൻകോട്ടയെ ശുദ്ധികലശം നടത്തുന്ന നായകന്റെ വീരശൂരപരാക്രമങ്ങൾ തന്നെ ഒന്നാംപകുതി. ഇൻട്രോഡക്ഷനിലെ ബി.ജി.എമ്മൊക്കെ തീയറ്ററിൽ നിന്ന് മാസ് അുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

ആദ്യപകുതി നഞ്ചങ്കോട്ടെയിലെ കൽക്കിയുടെ വിളയാട്ടമാണെങ്കിൽ രണ്ടാം പകുതി അൽപം നാടകീയത നൽകുന്ന അവതരണമായി തോന്നി. ഏക പാളിച്ചയായി തോന്നിയത് ദുർബലമായ കഥ എന്നത് മാത്രമാണ്. മാസ് സമ്മാനിച്ച ഒന്നാം പകുതിയുടെ ഇഫക്ട് രണ്ടാം പകുതിയിൽ ലഭിച്ചില്ല. ശരാശരി പ്രേക്ഷകന്റെ ലോജിക്കുകളെ കൊല്ലുന്ന ചില കഥാവഴികൾ പലയിടത്തും അനുഭവപ്പെടുന്നുണ്ട. എന്നിരുന്നാലും നമ്മുടെ പൊലീസുകാർക്ക് ഗ്ലൂക്കോസിട്ട നാരങ്ങാവെള്ളം കുടിക്കുന്ന എനർജി ഈ സിനിമ കണ്ടിരിക്കുമ്പോൾ കിട്ടിയിരിക്കും. കോരിത്തരിപ്പിക്കുന്ന ഡയലോഗുകളും വ്യത്യസ്തമായ ഇൻസ്പെകടർ റോളും-ടൊവിനോ ഫുൾ മാർക്ക് നേടുന്നത് ഇങ്ങനെയാണ്.

അടി....ഇടി..വെടിക്കെട്ട്...കോരിത്തരിച്ച് ഫാൻസുകാർ

കൊല്ലും കൊലയും നടത്തുന്ന രാഷ്ട്രീയക്കാർ, അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സബ് ഇൻസ്പെക്ടർ എന്നിവയൊക്കെയാണ് കഥയുടെ ദൗർബല്യമായി തോന്നുന്ന ഘടകം. മേലുദ്യോഗസ്ഥരോ കോടതിയോ നിയമങ്ങളോ ഒന്നും തന്നെ നഞ്ചൻകോട്ടയിൽ കടന്നുവരുന്നില്ല. ആകെയുള്ളത് അഞ്ച് പൊലീസുകാർ. പേരിന് പോലും ഈ സ്റ്റേഷനിൽ ഒരു വനിതാ പൊലീസുകാരിയെ കാണാനില്ല. സാമൂഹിക പ്രശ്നങ്ങളിൽ പൊലീസുകാർ പോലും നേരിട്ടിറങ്ങി ആക്ടിവിസ്റ്റുകളുടെ ധർമം ഏറ്റെടുക്കുന്ന പല സന്ദർഭങ്ങളും. എന്നിരുന്നാലും സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ചുമതല നിറവേറ്റുന്ന 'കൽക്കി' എന്ന് ഇൻസ്പെക്ടർ പ്രശംസ പിടിച്ചുപറ്റിയേക്കും.

മറ്റു കഥാപാത്രങ്ങളിലേക്ക് വന്നാൽ നഞ്ചങ്കോട്ടയിലെ പൊലീസ് സ്റ്റേഷനിലെ പൊലീസ് കഥാപാത്രങ്ങളായി എത്തുന്ന സുധീഷിന്റെ അബ്ദുള്ള എന്ന റോൾ സൈജു കുറുപ്പിന്റെ സൂരജ് എന്ന രാഷ്ട്രീയക്കാരന്റെ റോൾ, ഹരീഷ് ഉത്തമൻ അവതരിപ്പിച്ച ഉമർ എന്ന വില്ലൻ കഥാപാത്രം, ടൊവിനോയെ പോലെ തന്നെ മാസ് ഒരുക്കിയ ശിവജിത്ത് പത്മനാഭന്റെ കഥാപാത്രം എന്നിവ വെറൈറ്റി നൽകുന്നു

. വിനി വിശ്വലാൽ അപ്പു എന്ന കഥാപാത്രം മികച്ച പ്രകടനം ചിത്രത്തിൽ കാഴ്ച വെച്ചിട്ടുണ്ട്. ഇനി ചിത്രത്തിൽ സംയുക്തയുടെ റോളാണ് പ്രേക്ഷകൻ പ്രതീക്ഷിച്ചിരുന്നത് എങ്കിലും പ്രതിനായക റോളിലെത്തുന്ന സംയുക്തയുടെ ഡോ. സംഗീതയ്ക്ക് ചിത്രത്തിൽ നായിക പ്രാധാന്യമുള്ള റോള് ലഭിച്ചിട്ടില്ല. ഇടയ്ക്ക് സംഗീത എന്ന കഥാപാത്രം ചില കോക്രികൾ കാണിച്ച് പോകുന്നതല്ലാതെ മറ്റൊന്നുമില്ല ഈ നായികയ്ക്ക് നൽകാൻ.

കെ.പി എസ്. ലളിത, അപർണ നായർ, അഞ്ജലി നായർ കാർത്തിക് പ്രദീപ് എന്നിവർ അവതരിപ്പിച്ച റോളുകളും മികവ് പുലർത്തി. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയ ഗൗതം ശങ്കറിനാണ് പ്രശംസ നൽകേണ്ടത്. ആക്ഷൻ രംഗങ്ങളുടെ ക്യാമറ മികവ് ഗംഭീരം. തീയറ്ററിൽ കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ ജേക്ക് ബിജോയിയും കൈയടി അർഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് കോഴൂരാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP