Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്‌ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല

കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്‌ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല

എം മാധവദാസ്

ത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരത്തിന് മലയാളത്തിൽ നിന്ന് ഇതാ ഒരു ഉഗ്രൻ എൻട്രി! മഹാമാരിക്കാലത്തെ 318 ദിവസം നീണ്ട തീയേറ്റർ അടച്ചിടലിനുശേഷം റിലീസായ ആദ്യ മലയാള ചിത്രം 'വെള്ളം', ജയസൂര്യ എന്ന നടന്റെ അഭിനയ പെരുങ്കളിയാട്ടത്തിനാണ് സാക്ഷ്യമാവുന്നത്. ജയസൂര്യയുടെ കരിയർ ബെസ്റ്റാണ് 'ക്യാപ്റ്റനു'ശേഷം യുവ സംവിധായകൻ ജി പ്രജേഷ് സെൻ രചന നിർവഹിച്ച് സംവിധാനം ചെയ്ത 'വെള്ള'മെന്ന് നിസ്സംശയം പറയാം.

മിമിക്രി വേദികളിൽ അയ്യപ്പ ബൈജുവും മറ്റും അവതരിപ്പിക്കുന്ന കോമഡിയല്ല, ഒരു മദ്യാസക്തന്റെ ദുരിത ജീവിതം. നാട്ടിൻ പുറത്ത് സാധാരണ കാണുന്ന, കീടമെന്നും പാമ്പെന്നുമൊക്കെ നാം വിളിച്ച് കളിയാക്കുന്ന ഒരു മുഴുക്കുടിയനായി തകർത്താടുകയാണ് ജയസൂര്യ. അഭിനയം എന്ന് പറഞ്ഞാൽപോര. ശരിക്കും ഒരു പരകായ പ്രവേശം. നോട്ടത്തിൽ, ആംഗ്യങ്ങളിൽ, കൺചലനങ്ങളിൽ, ഇപ്പോൾ നിലം പതിക്കും എന്ന രൂപത്തിലുള്ള നടത്തത്തിൽ, ... അങ്ങനെ മമ്മൂട്ടിക്ക് ശേഷം ലോക നിലവാരത്തിലേക്ക് വെക്കാനുന്ന മെത്തേഡ് ആക്ടറായി ഈ നടൻ പരുവപ്പെടുകയാണ്.

മൊത്തത്തിൽ വിലയിരുത്തുമ്പോൾ ചിത്രത്തിന്റെ ഒരു പരിമതിയായിപ്പോയതും ഇത് ജയസൂര്യയുടെ (ചിത്രത്തിൽ മുരളി) വൺമാൻ ഷോ ആയിപ്പോയി എന്നതുമാണ്. ഫുൾ ടൈം 'വെള്ളത്തിൽ' നടക്കുന്ന മുരളിയോട് മുട്ടാൻ തക്ക ഗെറ്റപ്പുള്ള കഥപാത്രങ്ങൾ ചിത്രത്തിൽ സിദ്ധീഖിന്റെ ഡോക്ടർ കഥാപാത്രം മാത്രമാണ്. ചില കഥാസന്ദർഭങ്ങൾ വിളക്കിച്ചേർത്തതിലൂടെ തിരക്കഥയുടെ ഒഴുക്കിൽ അൽപ്പം കല്ലുകടികൾ ഉണ്ടെങ്കിലും ഒരു ഫീൽഗുഡ് മൂവിയായി പ്രേക്ഷകരുടെ കൈയടിയോടെയാണ് ചിത്രം അവസാനിക്കുന്നത്.

പക്ഷേ പ്രജേഷിന്റെ ആദ്യ ചിത്രമായ, ജയസൂര്യ തന്നെ നായകനായ 'ക്യാപ്റ്റനേക്കാൾ' ഉയരാനും 'വെള്ളത്തിന്' ആയിട്ടില്ല. ഔട്ട് സ്റ്റാൻഡിങ്ങ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും, ശരാശരിക്ക് മുകളിൽ മാർക്ക് കൊടുക്കാവുന്നതാണ് ഈ ചിത്രം. നല്ല സിനിമയെയും സംരഭങ്ങളെയും സ്നേഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

ഞെട്ടിപ്പിക്കുന്ന തുടക്കം പക്ഷേ...

പ്രജേഷ്- ജയസൂര്യ ടീമിന്റെ ആദ്യ ചിത്രമായ ക്യാപ്റ്റൻ എന്ന വി പി സത്യന്റെ ജീവിതം ആസ്പദമാക്കിയുള്ള ബയോപിക്കിൽ, പെനാൽട്ടികിക്ക് നഷ്ടപ്പെടുത്തി അമ്പരന്ന് നിൽക്കുന്ന നായകനിൽ നിന്ന് തുടങ്ങിയ ചിത്രം, വീരശൂര പരാക്രമിയായ നായകനെ അവതരിപ്പിച്ച് ശീലിച്ച നമ്മുടെ കൊമേഴ്സ്യൽ പാറ്റേണിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. അതുപോലെ തന്നെ ആഴക്കിണറിക്കേ് ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്ന നായകന്റെ ആദ്യ ഷോട്ടിൽനിന്നാണ് ചിത്രം തുടങ്ങുന്നത്. വിഭ്രമിപ്പിക്കുന്ന ക്യാമറാ ആംഗിളികളും, അതിഗംഭീരമായ ഒരു ശബ്ദ സന്നിവേശവുമായി ഒരു സെമി ത്രില്ലർ മൂഡിലാണ് ചിത്രം തുടങ്ങുന്നത്.

'വെള്ളം' എന്ന പേര് എഴുതിക്കാണിക്കുന്നിടത്ത് കാണാം സംവിധായാന്റെ കൈയൊപ്പ്. കിണറ്റിൽ വീണ് മരണാസന്നനായ മുരളിയുടെ വയറ് ഞെക്കിപ്പിഴിയുമ്പോൾ വെള്ളം ഒലിച്ചിറങ്ങുന്നത്, അയാളെ കിടത്തിയ ബെഞ്ചിന് താഴെ പണ്ടെന്നോ അയാൾ തന്നെ ഉപക്ഷേിച്ച് പോയ കാൽക്കുപ്പി മദ്യത്തിന് അടുത്തുള്ള ഒരു ഗ്ലാസിലേക്കാണ്! തുടർന്ന് ആ ഗ്ലാസിന് മേലെയാണ് വെള്ളം എന്ന ഗ്രാഫിക്ക് ടൈറ്റിൽ തെളിയുന്നത്. ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു എന്നതാണെല്ലോ വെള്ളത്തിന്റെ സവിശേഷത. മുരളിയും അതുപോലെ തന്നെ. വീണേടം വിഷ്ണുലോകം. പ്രതീക സൗന്ദര്യം ഇത്രേയേറെ പ്രകടിപ്പിക്കുന്ന ഒരു ടെറ്റിൽ കാഴ്ച അടുത്തകാലത്തൊന്നും കണ്ടിട്ടില്ല.

അങ്ങേയറ്റം പ്രതീക്ഷയർപ്പിക്കുന്ന ഒരു തുടക്കത്തിന് ശേഷം ആദ്യ പകുതി തണുത്തുപോയി എന്ന് പറയാതെ വയ്യ. ഫസ്റ്റ് ഹാഫിൽ ഉടനീളം മുരളി എന്ന മദ്യപാനിയുടെ ജീവിത ചര്യകൾ പറയാണ് ചിത്രം സമയം ചെലവിട്ടിരിക്കുന്നത്. ന്യൂജൻ തരംഗത്തിന്റെ ഇക്കാലത്ത് ഇത് ഒരു പഴഞ്ചൻ ഫോർമാറ്റ് ആയിപ്പോയി. പക്ഷേ അപ്പോഴും ഒരിടത്തും കഥയുടെ രസച്ചരട് മുറിയാതെയും, ബോറടിപ്പിക്കാതെയും ചിത്രം കൊണ്ടുപോകാൻ സംവിധായകന് കഴിയുന്നുണ്ട്. പക്ഷേ പുതിയ കാലത്ത് പ്രേക്ഷകൻ ആഗ്രഹിക്കുന്നത് 'അതുക്കും മേലെ' ആണെന്നയാണ് സത്യം.

രാവിലെ എണീക്കുമ്പോൾ മുതൽ മദ്യസേവയ്ക്കുള്ള വഴി ഇനിയെന്ത് എന്നാലോചിക്കുന്ന, താതൊരു ലക്ഷ്യബോധമൊന്നുമില്ലാതെ ജീവിക്കുന്ന മുരളി എന്നൊരു നാട്ടുപ്പുറത്തുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'വെള്ളം' അയാളുടെ ഇരട്ടപ്പേരും. മുരളിയെ പോലെ ഒരു മുഴുക്കുടിയനെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാത്ത മലയാളികൾ വിരളമായിരിക്കും. വഴിവക്കിലോ നിരത്തുകളിലോ ഒക്കെ ഇങ്ങനെയൊരാളെ ഒരിക്കൽ എങ്കിലും നമ്മൾ കടന്നു പോയിട്ടുണ്ടാവും. .മദ്യപാനിയെ ആർക്കും എങ്ങനെയും ചിത്രീകരിക്കാമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ചിത്രം കാണിച്ചു തരുന്നുണ്ട്. കള്ളനായി ചിത്രീകരിക്കപ്പെട്ടും, സ്വന്തം അമ്മയുടെയും ഭാര്യയുടെ മുന്നിലും അപമാനിക്കപ്പെട്ടും അയാൾ പതുക്കെ പൂർണ്ണ പതനത്തിന്റെ പടു കുഴിയിലേക്ക് നീങ്ങുന്നു. 'വെള്ളം മുരളി'യുടെ ഹർഷ സംഘർഷങ്ങളും ആത്മനൊമ്പരങ്ങളും അതിശക്തമയാണ് ജയസൂര്യ നടിച്ച് ഫലിപ്പിക്കുന്നത്.

തിരക്കഥയിലെ ചേർച്ചക്കുറവ് പ്രകടം

തിരക്കഥയിൽ സംവിധായകൻ അൽപ്പം കുടി ഗൃഹപാഠം ചെയ്യുകയും, ചിത്രത്തിന്റെ വേഗത അൽപ്പമൊന്ന് കൂട്ടുകയും ചെയ്തിരുന്നെങ്കിൽ മികച്ച വാണിജ്യ വിജയം കുടി ആവുമായിരുന്നു ഈ ചിത്രം. ഉദാഹരമായി മുരളി എങ്ങനെ മദ്യത്തിന് അടിമയായി എന്ന നിർണ്ണായ കാര്യത്തിലേക്ക് ചിത്രം പോവുന്നില്ല. പടം കണ്ടാൽ തോന്നുക ഇയാളെ മദ്യക്കുപ്പിയുമായി അമ്മ പെറ്റിട്ടുവെന്നതാണ്. നെടുമുടിവേണു നായകനായി മോഹൻ സംവിധാനം ചെയ്ത 'തീർത്ഥം' എന്ന വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഒരു ചിത്രമുണ്ട്. ഒരു മദ്യപന്റെ അവസ്ഥാന്തരങ്ങൾ എത്ര കൃത്യമായാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്ന് നോക്കുക.

പലരും ഒരു രസത്തിന് തുടങ്ങി ശീലമായിപ്പോവുകയാണ് പതിവ്. ഇവിടെ അത്തരത്തിൽ മുരളിയുടെ മൂൻകാല ജീവിതത്തിലേക്ക് കഥ അധികം പോകാത്തതുകൊണ്ട് ഒരു പ്രശ്നവുമുണ്ട്. വികാരങ്ങളെ പ്രേക്ഷകനിലേക്ക് പൂർണ്ണമായും സംവേദിക്കുന്നതിൽ ചിത്രം പലപ്പോഴും പരാജയപ്പെടുന്നുണ്ട്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത പ്രേക്ഷകനിൽ എത്തുമ്പോഴാണ് തുടർന്നുള്ള രംഗങ്ങളുടെ ഫീൽ കിട്ടുന്നത്. ഇവിടെ നായകൻ മുരളിയുടെ അടുത്ത സുഹൃത്തായ നിർമ്മൽ പാലാഴി ചെയ്ത കഥാപാത്രം മരിക്കുന്ന സന്ദർഭം ഉദാഹരണം. പ്രേക്ഷകനിലേക്ക് ആ മരണത്തിന്റെ ദുഃഖം പൂർണ്ണമായും എത്തുന്നില്ല. മുരളിയെ കള്ളനായി ചിത്രീകരിച്ച് കല്യാണ വീട്ടിൽവെച്ച് ബന്ധുക്കൾ മർദിക്കുന്ന രംഗത്തിലുമൊക്കെ വികാര തീവ്രതയും സമാനമാണ്. പരോപകാരിയായ മുരളി മദ്യംമൂലം ഘട്ടംഘട്ടമായി 'വെള്ളം മുരളി'യാവുന്നതും, പിന്നീട് പൂഴു പൂമ്പാറ്റയാവുന്നപോലുള്ള അയാളുടെ ജീവിത ചക്രം മാറിമറിയുന്നതുമൊക്കെ വേണ്ടത്ര പറഞ്ഞ് ഫലിപ്പിക്കാൻ ആയിട്ടില്ല.

തീർത്തും റിയലിസ്റ്റിക്കായ കഥാകഥന രീതിയിലാണ് പടം മുന്നോട്ട് പോകുന്നത്. പക്ഷേ വ്യത്യസ്തമായ കഥാപരിസരങ്ങൾ കൊണ്ടുവന്ന് പ്രേക്ഷനെ സ്‌ക്രീനിൽ കണ്ണും നട്ടിരിപ്പിക്കാൻ ചിത്രത്തിന് പലപ്പോഴും കഴിയുന്നില്ല. ആദ്യ പകുതിയിൽ പ്രത്യേകിച്ചും. എം കൃഷ്ണൻ നായർ ഒരു കഥയുടെ തുടക്കം വായിച്ച് ഒരിക്കൽ എഴുതി. ഇതിന്റെ ക്ലൈമാക്സ് എന്താണെന്ന് ഏത് അവിദഗ്ധനായ കാക്കാലനും പ്രവചിക്കാമെന്ന്. വെള്ളത്തിലും സംഭവിച്ച പ്രശ്നം ഈ പ്രഡിക്റ്റബിലിറ്റിയാണ്. നമ്മുടെ പ്രതീക്ഷക്ക് അപ്പുറത്തായി ഈ പടത്തിൽ ക്ലെമാക്സിലടക്കം ഒന്നും സംഭവിക്കുന്നില്ല.കണ്ണൂരിലെ മുരളി എന്ന വ്യക്തിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ബയോപിക്കുകൾ പോലുള്ള ചിത്രങ്ങൾക്കുള്ള ഒരു പ്രതിസന്ധി കൂടിയാണ് ഈ പ്രവചന സ്വഭാവത്തിലെ ലാളിത്യം.

നായകനെ തല്ലി മറിച്ചിടുന്ന നായിക

പതിവ് മദ്യപാന കഥകളിലെ സർവംസഹയായ ഭാര്യയല്ല ഈ പടത്തിലേത്. സംയുക്ത മേനോന്റെ സുനിത വേറെ ലെവലാണ്. ആദ്യപകുതിയിലേറെയും നിസ്സംഗത നിറഞ്ഞ നോട്ടം കൊണ്ട് മാത്രം തന്നെ അടയാളപ്പെടുത്തുന്ന സംയുക്തയുടെ കഥാപാത്രം രണ്ടാം പകുതിയോടെ കരുത്താർജ്ജിക്കുന്നു. കുടിച്ച് പാതിരാക്കെത്തി അതിക്രമത്തിന് ശ്രമിക്കുന്ന ഭർത്താവിനെ തല്ലി മറിച്ചിടാൻ അവൾക്ക് കഴിയും. ഇവിടെയും ജയസൂര്യയുടെ ഇമേജ് ബ്രേക്കിങ്ങ് ടെൻഡൻസിക്കും കൊടുക്കണം ഒരു കുതിരപ്പവൻ. താര ചിത്രങ്ങളിലൊന്നും നിങ്ങൾക്ക് ഇത്തരം രംഗങ്ങൾ സങ്കൽപ്പിക്കാൻ കഴിയില്ല. 'വെള്ളത്തിലെ' ഭാര്യ സംർവസഹയായ കുലസ്ത്രീയല്ല. തന്റെയും മകളുടെയും ജീവിതത്തെക്കുറിച്ച് അവൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട് വ്യകതിത്വമുണ്ട്.

മദ്യപാനി അറിയാതെ മദ്യപാനം നിർത്താമെന്നൊക്കെപ്പറഞ്ഞ് ഒരുപാട് ഉടായിപ്പുകൾ നില നിൽക്കുന്ന ഇക്കാലത്ത് ശാസ്ത്രീയ ചികിൽസതന്നെയാണ് ഈ പടം നിർദ്ദേശിക്കുന്നത്. മദ്യപാനം നിർത്തേണ്ടത് അയാൾ അറിയാതെയല്ലെന്നും ഒരാൾ തന്റെ പൂർണബോധ്യത്തിൽ നിന്നാവണം അത്തരമൊരു തീരുമാനം ഉണ്ടാവേണ്ടതെന്നുമാണ് ഈ ചിത്രത്തിൽ സിദ്ദീഖിന്റെ ഡോക്ടർ കഥാപാത്രം പറയുന്നുണ്ട്.

അതുപോലെ തന്നെ ഭഗവദ് ഗീതക്കും പകരം, ഭരണഘടന പൊടിതട്ടിയെടുക്കുന്ന ഒരു രംഗവും ചിത്രത്തിലുണ്ട്. തീയേറ്ററിൽ മുരളിയും കൂട്ടരും ഉണ്ടാക്കിയ അടിപിടിക്കേസ് കോടതിയിൽ എത്തിയപ്പോൾ, എതിർകക്ഷിയായ പെൺകുട്ടി താൻ ഗീതയിലല്ല, ഭരണഘടനയിൽ തൊട്ടാണ് സത്യം ചെയ്യാൻ താൽപ്പര്യമുള്ളത് എന്ന് പറയുന്നു. ഒറ്റ ചെറിയ സീനിൽ വലിയൊരു രാഷ്ട്രീയമാണ് സംവിധായകൻ പറയുന്നത്. മുമ്പൊന്നും മലയാള സിനിമയിൽ സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല ഇതുപോലെ ഒരു രംഗം.

ഈ ചിത്രത്തിൽ സിദ്ദീഖ് ഒഴിച്ചുള്ള മറ്റുള്ളവർക്കെല്ലാം ചെറിയ വേഷങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും അവയെല്ലാം പക്ഷേ വ്യക്തിത്വമുള്ളതാണ്്. ഇത് ഒറ്റ സീനിൽ പ്രത്യക്ഷപ്പെടുന്ന പുതുമുഖ താരങ്ങൾക്കുപോലുമുണ്ട്. ഉദാഹരണമായി മുരളിയുടെ വീട് വാങ്ങുന്ന അയൽവാസിയായ ജലീൽക്കയെന്ന കഥാപാത്രം. വിശന്ന് വലഞ്ഞ് കരിക്ക് ചോദിച്ച മുരളിയോട് 'കരിക്കെന്തിനാ, വെള്ളം ചേർത്ത് അടിച്ചാൽ മതി' എന്ന് ഒറ്റ പഞ്ച് ഡയലോഗിൽ ആ കഥാപാത്രം ശ്രദ്ധേയമാവുകയാണ്. ശ്രീലക്ഷ്മി, ജോണി ആന്റണി, പ്രിയങ്ക, ബൈജു, ഇന്ദ്രൻസ്, നിർമൽ പാലാഴി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ബിജിബാലിന്റെ പാട്ടുകൾ ചിത്രത്തിനൊപ്പം പതിഞ്ഞ താളത്തിൽ പ്രേക്ഷകന്റെ മനസ്സിലും ഇടം കണ്ടെത്തുന്നവയാണ്.

കോസ്റ്റിയൂം ഡിനൈസറും മേക്കപ്പ്മാനും ഈ ചിത്രത്തിൽ കൈയടി അർഹിക്കുന്നുണ്ട്. വെള്ളം മുരളിയെ ഈ റിയലിസ്റ്റിക്ക് രൂപത്തിൽ അവതരിപ്പിച്ച ലിബിൻ മോഹനും വലിയ അഭിനന്ദനം അർഹിക്കുന്നു.

വാൽക്കഷ്ണം: പൊക്കി വിടാൻ വേണ്ടത്ര കുശിനി സംഘങ്ങൾ ഇല്ലാത്തതും, കൾച്ചറൽ കോക്കസിന് നിന്ന് കൊടുക്കാത്തതുമായ തുറന്ന പ്രകൃതവുമാണ് ജയസൂര്യ എന്ന നടന് വിനയാവുന്നതെന്ന് സംശയമുണ്ട്. ഇതിന്റെ പകുതി അഭിനയം നമ്മുടെ സൂപ്പർതാരങ്ങളിൽ ആരെങ്കിലും കാഴ്ച വെച്ചിരുന്നെങ്കിൽ എന്തെല്ലാമായിരുന്നു തള്ളി മറയ്ക്കലുകൾ. അക്കാദമിക്ക് പണ്ഡിറ്റുകൾ എത്രതന്നെ അവഗണിച്ചാലും ജനങ്ങളുടെ അവാർഡ് ഈ നടനാണെന്ന് ഉറപ്പാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP