Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇട്ടിമാണി എന്ന പൊട്ടമാണി! ഇത് തലച്ചോർ തുരന്ന് മാറ്റിയവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ചിത്രം; ദുർബലമായ കഥയിൽ കയറ്റിയ അസംബന്ധ കോമഡികൾ ചിത്രത്തിന്റെ ഒഴുക്കു തടയുന്നു; പുതുമുഖ സംവിധായക ഇരട്ടകളായ ജിബിയും ജോജുവും ഇനിയും ഏറെ വളരേണ്ടിയിക്കുന്നു; കണ്ണിറുക്കിയും കുറുമ്പുകാട്ടിയും തൃശൂർ സ്ലാങ്ങിൽ പൊളിച്ചും മോഹൻലാൽ കസറിയത് വെറുതെ; ഇത് കട്ട ലാലേട്ടൻ ഫാൻസുകാർക്ക് മാത്രം ഇഷ്ടമാവുന്ന പരമ്പരാഗത ഓണച്ചിത്രം

ഇട്ടിമാണി എന്ന പൊട്ടമാണി! ഇത് തലച്ചോർ തുരന്ന് മാറ്റിയവർക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ചിത്രം; ദുർബലമായ കഥയിൽ കയറ്റിയ അസംബന്ധ കോമഡികൾ ചിത്രത്തിന്റെ ഒഴുക്കു തടയുന്നു; പുതുമുഖ സംവിധായക ഇരട്ടകളായ ജിബിയും ജോജുവും ഇനിയും ഏറെ വളരേണ്ടിയിക്കുന്നു; കണ്ണിറുക്കിയും കുറുമ്പുകാട്ടിയും തൃശൂർ സ്ലാങ്ങിൽ പൊളിച്ചും മോഹൻലാൽ കസറിയത് വെറുതെ; ഇത് കട്ട ലാലേട്ടൻ ഫാൻസുകാർക്ക് മാത്രം ഇഷ്ടമാവുന്ന പരമ്പരാഗത ഓണച്ചിത്രം

എം മാധവദാസ്

കോപ്പാണ്, കോപ്രായമാണ്! മാസാണ് മനസ്സാണ് എന്ന പരസ്യവാചകവുമായി ഇറങ്ങിയ 'ഇട്ടിമാണി മെയ്ഡ്് ഇൻ ചൈന' എന്ന മോഹൻലാൽ ചിത്രം കണ്ടപ്പോൾ ഇങ്ങനെയാണ് തോന്നിയത്. ഇരുനൂറ് കോടി ക്ലബിൽ കയറിയ ലൂസിഫറിന് ശേഷം ലാലേട്ടനോട് ഈയൊരു ചതി വേണ്ടിയിരുന്നില്ല. പുതുമുഖങ്ങളായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ആന്റണി പെരുമ്പാവൂർ ചിത്രം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ മസ്തിഷ്‌കത്തിൽ യുക്തിയുടെയും സാമാന്യബോധത്തിന്റെയും ഫാക്കൽട്ടികളെ നിയന്ത്രിക്കുന്ന ഫ്രണ്ടൽ കോർട്ടക്സിന്റെ ഒരു ഭാഗം എടുത്തുകളയേണ്ടി വരും. തലച്ചോറെടുത്ത് തുരന്ന് മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചവർക്ക് ഈ പടത്തിലേക്ക് സ്വാഗതം.

വെറൈറ്റി വേണമെന്ന് പറഞ്ഞപ്പോൾ ഫുൾ സ്മോക്കിട്ട് കൊടുത്ത സലിംകുമാറിന്റെ ''ചതിക്കാത്ത ചന്തുവിലെ'സംഗീത സംവിധായകനെയാണ് ഈ പടത്തിലെ സംവിധായക ഇരട്ടകൾ ഓർമ്മിപ്പിക്കുന്നത്. സ്പൈഡന്മാൻ സ്റ്റൈലിൽ പാന്റ്സിന്റെ മുകളിൽ അണ്ടർവെയറിട്ട് ഒരുത്തൻ റോഡിലൂടെ നടന്നുപോവുന്നതു കണ്ടാൽ ജനം ചിരിക്കും. അതൊരു വ്യത്യസ്തതയാണ്. പക്ഷേ വ്യത്യസ്തയ്ക്കുവേണ്ടി ഇതുപോലത്തെ സംഭവങ്ങൾ പടം ഒരുപാട് കൊടുത്താലോ. ഈ ചിത്രത്തിലെ ചില ഉദാഹരണങ്ങൾ നോക്കുക. കാർ ഒന്നും ഉപയോഗിക്കാതെ ഈ പടത്തിലെ നായകൻ ആംബുലൻസിലാണ് യാത്രചെയ്യുക എന്ന് മാത്രമല്ല അയാൾ പെണ്ണുകാണാൻ പോകുന്നതുപോലും ആംബുലൻസിലാണ്.

സ്വന്തം അമ്മയുടെ ഓപ്പറേഷന് കെട്ടിയ പണത്തിൽ നിന്ന് ആശുപത്രിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന നായകൻ, സ്വന്തം വിവാഹത്തിന് കിട്ടുന്ന ബ്രോക്കറേജിൽനിന്നും കമ്മീഷൻ ആവശ്യപ്പെടുന്നു! മരണവീട്ടിൽ ഉച്ചത്തിൽ ടിവിവെക്കുക, കോഴിയെ കെട്ടിത്തൂക്കി വെടിവെച്ചുകൊല്ലുക തുടങ്ങിയ കലാപരിപാടികൾ ചിത്രത്തിൽ വേറെയുമുണ്ട്. ബാക്കിയുള്ളവ പറയുന്നില്ല. എല്ലാം വെറെററ്റി കോമഡികൾ തന്നെ. ഒരു കോമഡി ഫലിക്കുക അത് സന്ദർഭത്തിന് യോജിക്കുമ്പോഴാണെന്ന പ്രാഥമിക പാഠം ഈ പടത്തിന്റെ സംവിധായകർ മറന്നുപോയി. ഇത്തരം അസംബന്ധ രംഗങ്ങളാണ് ചിത്രത്തിൽ ഏറെയും. വേണെങ്കിൽ ഒരു അസംബന്ധ കോമഡിക്കഥ എന്ന് ടൈറ്റിലും കൊടുക്കാമായിരുന്നു. കഷ്ടം തന്നെയാണ് മലയാള സിനിമയുടെ പ്രതിഭാ ദാരിദ്ര്യം.

ഡ്യൂപ്ലിക്കേറ്റുകളുടെ കഥ

പക്ഷേ ഡെവലപ്പ് ചെയ്താൽ നന്നാക്കാവുന്ന വൺലൈൻ ആയിരുന്നു ഇട്ടിമാണിയുടേത്. മിക്കവാറും ഈ വൺലൈൻ പറഞ്ഞാവണം മോഹൻലാലിനെ 'വീഴ്‌ത്തിയതും'. കുംഫു മാസ്റ്റാറായ അപ്പന് ചൈനയിൽ വെച്ചുണ്ടായ സന്തതിയാണ് ഇട്ടിമാണി. ശരിക്കും മെയ്ഡ് ഇൻ ചൈന. ചൈനക്കാരുടെ മറ്റൊരു 'ഗുണവും' ഇട്ടിമാണിക്കുണ്ട്. എന്തിന്റെയും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കും. കുന്ദംകുളത്ത് തറവാട്ടുവീട്ടിലാണ് ഈ ഡ്യൂപ്ലിക്കേറ്റ് രാജാവിന്റെ താമസം. എന്തിനും കമ്മീഷൻ പറ്റുന്ന ആളുമാണ് ഇട്ടിമാണി. പെറ്റമ്മയുടെ ഓപ്പറേഷന് കമ്മീഷൻ അടിക്കുന്ന ഇട്ടിമാണിയെ കാണിച്ചുകൊണ്ടും അയാളുടെ ചൈനാബന്ധവുമൊക്കെ ചിത്രീകരിച്ച്, ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തുടങ്ങുന്നത്. ആദ്യ പകുതി ലാലിന്റെ മസാലയും, മാർഗംകളിയും, തമാശയുമൊക്കെയായി ബോറടിപ്പിക്കുന്നില്ല. പക്ഷേ രണ്ടാം പകുതിയാണ് തീർത്തും നിരാശപ്പെടുത്തുന്നത്. കഥാന്ത്യത്തിലെ നന്മമര പ്രതിഭാസവും, കുടുംബയോഗവുമൊക്കെ കാണുമ്പോൾ ഇതിന്റെ സംവിധായകൻ ബാലചന്ദ്രമേനോൻ ആണോ എന്ന് നാം ഒരുവേള സംശയിച്ചുപോകും.

സത്യത്തിൽ കശുവണ്ടി തൊട്ട് കത്രികപ്പൂട്ട്വരെ ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കുന്ന കുന്ദംകുളത്തുകാരന്റെ കഥക്ക് വലിയ സാധ്യതയുണ്ടായിരുന്നു. പക്ഷേ ഈ വൺലൈനിന്റെ വികാസം പിന്നീടങ്ങോട്ട് പാളിപ്പോവുകയാണ്. ഈ പ്രായത്തിലും ലാൽ കഥാപാത്രം ക്രോണിക്ക് ബാച്ചിലറുമാണ്. കോമഡിയുടെ പേരിലുള്ള അങ്ങേയറ്റം സ്ത്രീവീരുദ്ധവും അശ്ലീലവുമായ പല ഡയലോഗുകളും ഈ പടത്തിലുണ്ട്. മക്കളോട് അമ്മയുടെ ആദ്യരാത്രി കാണാൻ പോരുന്നോ എന്ന് ചോദിക്കുന്ന ടൈപ്പിലുള്ള ഊളത്തരങ്ങൾ. വിടനായ ഒരു പുരുഷന്റെ മഞ്ഞക്കണ്ണുകളാണ് ഈ പടത്തിന്റെ ക്യാമറാന്റെ വ്യൂ ഫൈൻഡറിൽ ഉള്ളതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ രണ്ടുകാര്യത്തിൽ സംവിധായകരോട് തീരാത്ത നന്ദിയുണ്ട്. മുണ്ട് മടക്കിക്കുത്തി, ഉപ്പൂറ്റി കറക്കിയുള്ള മോഹൻലാലിന്റെ ഓണം സ്പെഷ്യൽ തല്ല് ഉൾപ്പെടുത്താത്തതിലും, കൂടുതൽ പാട്ടുകൾ ഉണ്ടാക്കി വെറുപ്പിക്കാത്തതിലും.

മോഹന ലാലത്തം മാർക്കറ്റ് ചെയ്യുന്നവർ

ആനയും കടലും പൂരവും പോലെയാണ് മലയാളിക്ക് മോഹൻലാൽ. എത്ര കണ്ടാലും മതി വരില്ല ആ ലാൽ മാജിക്ക്. ഈ പ്രശസ്തമായ ലാൽ നൊസ്റ്റാൾജിയയെ മാർക്കറ്റ് ചെയ്യാനാണ് ഈ പടവും ശ്രമിക്കുന്നത്. 30 വർഷം മുമ്പ് ഇറങ്ങിയ തൂവാനത്തുമ്പികളിലെ ബാർ മാൻ ഡേവിസേട്ടൻ ഈ പടത്തിലും ഒറ്റ സീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനം കൈയടിക്കയാണ്. തൂവാനത്തുമ്പികൾക്ക് ശേഷം ലാൽ തൃശൂർ സ്ളാങ്ങിൽ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഈ പടം നന്നായി മാർക്കറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ തൂവാനത്തുമ്പികൾ എവിടെ കിടക്കുന്നു. ഈ പടപ്പ് എവിടെ കിടക്കുന്നു.

'മൈനസ് മോഹൻലാൽ ഈക്വൽസ് ബിഗ് സീറോ' എന്ന നിലയിലാണ് ഈ പടത്തിന്റെ സമവാക്യം. കണ്ണിറുക്കിയും, കുറുമ്പുകാട്ടിയും, പ്രത്യേകരീതിയിൽ പുരികമിളക്കിയും, പതിവുള്ള ആ ചരിഞ്ഞ റിഥമാറ്റിക്ക് നടത്തവുമൊക്കെയായി തനി കുന്ദംകുളം അച്ചായനായി ലാലേട്ടൻ പൊളിക്കുന്നുണ്ട്. ഈ സിനിമയുടെ ആസ്വാദനം നിങ്ങൾ മോഹൻലാൽ ആരാധകനാണോ അല്ലയോ എന്നതിനെ അനുസരിച്ചാണ്. കട്ട ഫാൻസുകാർക്ക് ഇഷ്ടമാവുന്ന എല്ലാ ചേരുവകളും ഉള്ള ചിത്രമാണിത്. പക്ഷേ ഫാൻസുകാരല്ലാത്ത പൊതുജനം സിനിമ കാണാൻ എത്തുന്നത് മോഹൻലാലിനെ മാത്രം നോക്കിയല്ലല്ലോ.

ഹരീഷ് പെരുമണ്ണയും, അജുവർഗീസും, ധർമ്മജനും, ജോണി ആന്റണിയും അടക്കമുള്ള കോമഡി ടീം പലപ്പോഴും കൈയടി വാങ്ങുന്നുണ്ട്. മോശം കഥാസന്ദർഭങ്ങളാൽ സൃഷ്ടിക്കപ്പെട്ട ഊള രംഗങ്ങൾ പോലും ഓജസുറ്റതാക്കാൻ ഈ നടന്മാർക്ക് കഴിയുന്നു. ഇതിൽ അജുവാണ് ചിലപ്പോൾ വല്ലാതെ വെറുപ്പിക്കുന്നത്. ജോണി ആന്റണിയുടെയും ധർമ്മജന്റെയും കോമഡി രംഗങ്ങൾ ടൈപ്പായിട്ടും രസമുണ്ട്. (മലയാള സിനിമയിലെ ആജീവനാന്ത വേലക്കാരനാണ് ധർമ്മജൻ.) അപ്പോൾ ഈ നടന്മാർക്ക് മരുന്നുള്ള സ്‌ക്രിപ്റ്റുകൾ കൊടുത്താലുള്ള റിസൾട്ട് ഊഹിച്ചുനോക്കുക. നടൻ സിദ്ദിഖിന്റെ ഫാദർ വേഷവും, ലാലും അമ്മയായ കെപിഎസ്‌സി ലളിതയുമായുള്ള ചൈനീസ് ഭാഷയിലുള്ള കോമ്പോ സീനുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സത്യത്തിൽ നായികയെന്ന് പറയുന്ന ഹണി റോസിന് ഈ പടത്തിൽ ഗസ്റ്റിന് സമാനമായ വേഷമേയുള്ളു. അമ്മവേഷത്തിലുള്ള രാധികാ ശരത്കുമാറിന്റെ കഥാപാത്രമാണ് ലാലിന്റെ യഥാർഥ നായിക. അത് എന്തിനാണെന്നതാണ് ഏറ്റവും വലിയ സസ്പെൻസും.

വാൽക്കഷ്ണം: റോഡ് ക്രോസ് ചെയ്യുന്ന ഷോട്ടിൽ ഒരു ഷർട്ട്, അപ്പുറത്തെത്തുമ്പോൾ മറ്റൊരു ഷർട്ട് എന്ന രീതിയിലുള്ള കണ്ടിന്യുവിറ്റി പ്രോബ്ളങ്ങളൊക്കെ പിള്ളേർ കണ്ടുപിടിച്ച്, ഇന്ന പടത്തിലെ നൂറ്റൊന്ന് തെറ്റുകൾ എന്നൊക്കെ പറഞ്ഞ് യൂ ടുബിൽ ഇടുന്ന കാലമാണിത്. ഈ പടത്തിൽ മോഹൻലാൽ തന്നെ ഡബിൾ റോളായി അപ്പൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചൈനയിലെ ചില രംഗങ്ങൾ ഉണ്ട്. ഇട്ടിമാണിയുടെ ജനനം കാണിക്കുന്നത് അവിടെയാണ്. അതിലെ സുന്ദരിയായ ഭാര്യക്ക്, ഇട്ടിമാണിയുടെ അമ്മയായ കെപിഎസി ലളിതയുടെ യാതൊരു സാമ്യവുമില്ല! ഈ ലേഖകൻ വിചാരിച്ചത് ബോയിങ്ങ് ബോയിങ്ങിൽ ജഗതി പറയുന്നപോലെ, സൈഡ് ട്രാക്കായി വല്ല അവിഹിതമോ, രണ്ടാം വിവാഹമോ ഒക്കെ ഇതിനെ സാധൂകരിക്കാൻ കാണുമെന്നാണ്. പക്ഷേ ഒന്നുമില്ല. ചൈനയിലെ അതിസുന്ദരിയായ അമ്മ, ഇന്ത്യയിലെ ചൂടു കൂടുക വഴി ഇങ്ങനെ ആയതാവാം! കഥയിൽ ചോദ്യമില്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP