Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭീതി ഇലപൊഴിയുന്ന പൂഞ്ചിറ; വിദേശ സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങ്; പ്രേക്ഷകർ ഒരു മലമുകളിൽ പെട്ടുപോയ അവസ്ഥ; ഷാഫി കബീറിന്റെ ആദ്യ സംവിധാനം ഗംഭീരം; പാളിയത് ക്ലൈമാക്സിലെ കരുത്തില്ലായ്മ; സൗബിൻ ഷാഹിറിന്റെ ഉജ്ജലമായ തിരിച്ചുവരവ്; ഇലവീഴാപൂഞ്ചിറ ഒരു മസ്റ്റ് വാച്ച് മൂവി

ഭീതി ഇലപൊഴിയുന്ന പൂഞ്ചിറ; വിദേശ സിനിമകളോട് കിടപിടിക്കുന്ന മേക്കിങ്ങ്; പ്രേക്ഷകർ ഒരു മലമുകളിൽ പെട്ടുപോയ അവസ്ഥ; ഷാഫി കബീറിന്റെ ആദ്യ സംവിധാനം ഗംഭീരം; പാളിയത് ക്ലൈമാക്സിലെ കരുത്തില്ലായ്മ; സൗബിൻ ഷാഹിറിന്റെ ഉജ്ജലമായ തിരിച്ചുവരവ്; ഇലവീഴാപൂഞ്ചിറ ഒരു മസ്റ്റ് വാച്ച് മൂവി

എം റിജു

കാറ്റടിക്കുന്ന ഒരു മലമുകൾ. അവിടെ ഒരു പാറയുടെ അടുത്ത് ഒരു ചെറിയ പ്ലാസ്റ്റിക്ക് കവറും ഒരു നായയും. നായ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. ആ ഓട്ടത്തിനിടയിൽ നായ ആ കവറിൽ തട്ടിപ്പോകുന്നു. അപ്പോൾ നമുക്ക് കാണാൻ കഴിയുന്നത്, അറ്റുപോയ ഒരു മനുഷ്യ കാൽപ്പാദമാണ്. ആദ്യ സീനിൽ തന്നെ ഭീതി നിറക്കാൻ കഴിയുക. കി കി ഡുക്ക് ഒക്കെ ചെയ്യുന്ന പ്രകൃതിയുടെയും മനുഷ്യന്റെയും വയലൻസിനെ കൂട്ടിച്ചേർത്തുകൊണ്ടാണ് 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രം തുടങ്ങുന്നത്!

ജോസഫ്, നായാട്ട് എന്നീ എണ്ണം പറഞ്ഞ, രണ്ടു ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ഷാഫി കബീർ ആദ്യമായി സംവിധാനം ചെയ്ത 'ഇലവീഴാപൂഞ്ചിറ' തീയേറ്റർ വിട്ടാലും നിങ്ങളെ വേട്ടയാടുന്ന ചലച്ചിത്രാനുഭവമാണ്. ശരിക്കും പ്രേക്ഷകർ പൂഞ്ചിറയിൽ കുടുങ്ങിപ്പോയ അവസ്ഥ. അവിടുത്തെ, മഞ്ഞും, മഴയും, ഇടിമിന്നലുമൊക്കെ നേരിട്ട് അനുഭവിക്കുന്നതുപോലെ. 2 ഡിയിൽ എടുത്ത ചിത്രത്തിന്റെ പലഭാഗങ്ങളും 3 ഡിപോലത്തെ അനുഭവം തരുന്നുണ്ട്. മലയാളം കാത്തിരുന്ന സംവിധാന പ്രതിഭയാണ് ഷാഫി കബീർ എന്ന് നിസ്സംശയം പറയാം. മനേഷ് മാധവന്റെ സിനിമോട്ടോഗ്രാഫിക്കും കൊടുക്കണം ഒരു കുതിരപ്പൻ. ഇത്രയും ബ്രില്ലന്റായിട്ട് സീനുകൾ ഒരുക്കിയ ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. പലപ്പോഴും ഫിലിംഫെസ്റ്റിവലിൽ ഒരു വിദേശ പടമാണോ നാം കാണുന്നത് എന്ന് തോന്നിപ്പോകും.

പക്ഷേ മേക്കിങ്ങിലെ ആ മികവ് കഥയിലും തിരക്കഥയിലും പുർണ്ണമായും ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് മാത്രമേ പറയാൻ കഴിയൂ. ചിത്രത്തിലെ സസ്പെൻസിനിന്റെ കാരണമൊക്കെ അറിയുമ്പോൾ, അതുവരെ കൊണ്ടുവന്നിരുന്ന ബിൽഡപ്പുകൾ 'ശൂ' എന്ന പോലെ ആവുന്നുണ്ട്. പക്ഷേ പോരായ്മകൾ എന്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ഈ അടുത്തകാലത്ത് ഉണ്ടായതിൽ ഏറ്റവും വ്യത്യസ്തമായ ചിത്രമാണ് ഇതെന്ന് സമ്മതിക്കാതെ വയ്യ.

ഭീതി നിറയുന്ന പൂഞ്ചിറ

പേര് സൂചിപ്പിക്കും പോലെ, ഒറ്റ ഇലയും വീഴാത്ത പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. ഇവിടെ വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല. അതിന്റെ ഐതീഹ്യവും ചിത്രത്തിൽ പറയുന്നുണ്ട്. പാർവതി കുളിക്കുമ്പോൾ, ദേവന്മ്മാർ മരങ്ങൾക്കിടയിൽനിന്ന് ഒളിഞ്ഞ് നോക്കിയെന്നും അതോടെ ഇവിടെ മരങ്ങൾ ഇല്ലാതായി പോവട്ടെ എന്ന് പരമശിവൻ ശപിച്ചതായും അങ്ങനെയാണ് പ്രദേശം ഒറ്റ ഇലയും വീഴാത്ത രീതിയിൽ ആയതെന്നും പറയുന്നു.

കോട്ടയത്തിനും ഇടുക്കിക്കും അതിർത്തിയാവുന്ന, സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന പ്രദേശത്തെ ഒരു വയർലസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ഒറ്റപ്പെട്ട ആ പ്രദേശത്ത് ജോലി ചെയ്യുന്ന മൂന്നു പൊലീസുകാരുടെ ജീവിതവും അനുബന്ധമായി നടക്കുന്ന ഒരു കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. പതുക്കെ മുന്നോട്ട് പോവുന്ന കഥ ഇടവേളയോട് കൂടി ത്രില്ലർ മൂഡിലേക്ക് മാറുകയാണ്.

പ്രകൃതിയുടെയും മനുഷ്യന്റെയും വന്യത കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സൗബിൻ ഷാഹിറിന്റെ മധുവെന്ന അസ്വസ്ഥനായ പൊലീസുകാരന് ഒപ്പം പതിയെ മല കേറി കേറി, മകളിലേക്ക് പോയി, മഞ്ഞും മഴയും കൊണ്ട് ഇലവീഴാപൂഞ്ചിറിയെ അനുഭവിക്കയാണ് പ്രേക്ഷകരും. ചുരുളിയിൽ കണ്ട രംഗങ്ങൾ ഓർമ്മവരും. ഇവിടെയും പ്രകൃതിയും മനുഷ്യരും അപ്രതീക്ഷിതമാണ്. പൊടുന്നനെ ആണ് പുഞ്ചിറയുടെ ഭാവം മാറുന്നത്. നോക്കി നിൽക്കെ മഞ്ഞിനെ വകഞ്ഞ് മാറ്റി മഴയെത്തും. ആദ്യ ഇടി മിന്നലിൽ തന്നെ ഭയം നിറയും. ആ ഭയം അടങ്ങും മുൻപേ മഴ തോരും. ഒന്നും സംഭവിക്കാത്ത പോലെ പൂഞ്ചിറ നിശ്ചലമാകും. അങ്ങനെ മിന്നലേറ്റ് ഒരു കൗമാരക്കാരൻ മരിക്കുന്നത് ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. ആ ഇടിയുടെ ശബ്ദം പ്രേക്ഷകന്റെ നെഞ്ചിൽ മുഴങ്ങത്തക്ക രീതിയിലാണ് ഷാഫി കബീർ ചിത്രീകരിച്ചിരിക്കുന്നത്.

പ്രകൃതിയുടെ വന്യതയ്ക്ക് ഒപ്പം മനുഷ്യന്റെ ക്രൂരതയും സമാന്തരമായി സിനിമയിലുടെ കടുന്നുപോവുകയാണ്. വയർലെസ് സെറ്റിലുടെ ഒരു യുവതി കൊല്ലപ്പെട്ടതായും, അവളുടെ ഒരോ ശരീര ഭാഗങ്ങളായി മുറിച്ച് വിവിധ ഭാഗങ്ങളിൽ കൊണ്ടിട്ടതായുള്ള കാര്യങ്ങളും ആ പൊലീസുകാർ അറിയുന്നുണ്ട്. അതുകേട്ട് പലപ്പോഴും അവർക്ക് ഭക്ഷണംപോലും കഴിക്കാൻ കഴിയുന്നില്ല. ഇവിടെ പശ്ചാത്തലത്തിലുള്ള വയർലസ് സെറ്റിനെ ഒരു കഥാപാത്രമെന്ന രീതിയിലാണ് ഷാഫി കബീർ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

കൊല്ലപ്പെട്ട സ്ത്രീയുടെ ഓരോരോ ഭാഗങ്ങളായി കിട്ടിയെന്നുള്ള വയർലെസ് സന്ദേശം വരവേ, പൂഞ്ചിറയിലെ കാര്യങ്ങളും മാറുകയാണ്. പ്രത്യേകച്ച് ഒരു കൈ അവിടെ കുഴിച്ചിട്ട നിലയിൽ കണ്ടെടുക്കമ്പോൾ. ഒരു ക്രൈം നടക്കുമ്പോൾ പ്രതി ആര് എന്ന് അറിയുന്നതിന് അപ്പുറം കുറ്റം ചെയ്യാൻ അയാളെ പ്രേരിപ്പിച്ച കാരണമറിയാനാണ് തനിക്ക് താൽപര്യം എന്ന് മധു പറയുന്നുണ്ട്. ക്രമേണ ആ താൽപ്പര്യം പ്രേക്ഷകനിലേക്കും സംക്രമിക്കയാണ്.

സൗബിന്റെത് ശക്തമായ തിരിച്ചുവരവ്

അടുത്തകാലത്തായി മോശം അഭിനയത്തിന്റെ പേരിൽ സോഷ്യൽ മീഡിയ എയറിൽ കയറ്റിയ സൗബിൻ ഷാഹിറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ജാക്ക് ആൻഡ് ജിൽ, ബ്രോ ഡാഡി, സിബിഐ ദ ബ്രയിൻ എന്ന ചിത്രങ്ങളിലൊക്കെ തീർത്തും അരോചകം തന്നെ ആയിരുന്ന, ഹാസ്യവും, ക്യാരക്ടർ റോളുമടക്കം എന്തും ചെയ്യുന്ന ഈ യുവനടന്റെ വേഷം. പക്ഷേ ഈ പടത്തിൽ സൗബിൻ എന്ന നടന്റെ നിയന്ത്രിതാഭിനയം ഗംഭീരമാണ്. മധുവെന്ന പൊലീസുകാന്റെ ഹർഷ സംഘർഷങ്ങൾ പാളിപ്പോവുകയായിരുന്നെങ്കിൽ ചിത്രം മൊത്തം പാളം തെറ്റുമായിരുന്നു. ഭീതിയും, പകയും, നിർവികാരതയും, അസ്വാസ്ഥ്യങ്ങളും മാറിമാറിവരുന്ന ഒരു കഥാപാത്രത്തെ സൗബിൻ ഗംഭീരമാക്കിയിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിനെപ്പോലെ ഏത് തരം വേഷങ്ങളും ഇണങ്ങുന്ന രീതിയിലുള്ള ഒരു ശക്തനായ നടനാണ് സൗബിനും. പക്ഷേ പടങ്ങളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സൗബിന്മാത്രമല്ല, ഈ ചിത്രത്തിൽ ഒരാളും മോശമായിട്ടില്ല. സോഷ്യൽ മീഡിയിൽ ആരോ കുറിച്ചപോലെ ഇടക്ക് പ്രത്യക്ഷപ്പെടുന്ന തെരുവ് നായക്കൾക്ക്പോലും ഒരു ഭാവം കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സുധി കോപ്പ, സംവിധായകൻ ജൂഡ് ആന്റണി, സിനിമയിലെ പൊലീസ് കഥാപാത്രങ്ങൾ ചെയ്ത റിയൽ പൊലീസുകാർ എന്നിവരെല്ലാം തന്നെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

നല്ലൊരു തിരക്കഥാകൃത്ത് എന്നതിൽനിന്ന് ഉപരിയായ നല്ലൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് ഷാഫി കബീർ തെളിയിക്കുന്നു. അത്രക്ക് ഗംഭീരമാണ് ഈ ചിത്രത്തിന്റെ ദൃശ്യവിന്യാസം. പ്രകൃതിയുടെ ശബ്ദ വൈവിധ്യങ്ങളും, കാറ്റിന്റെയും ഇടിയുടെയും ശബ്ദവും, വാക്കി ടോക്കിയിലൂടെ അവിടേക്ക് എത്തുന്ന പ്രത്യേക മോദിയുള്ള സംഭാഷണങ്ങളും സ്വാഭാവികമായി തന്നെ കോർത്തിണക്കാൻ കഴിഞ്ഞു എന്നതും സിനിമയുടെ വിജയമാണ്. ഡോൾബി വിഷൻ 4കെ എച്ച്ഡിആർഎ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമ കൂടിയാണ് ഇത് എന്നതും എടുത്തു പറയേണ്ടതാണ്.

ക്ലൈമാക്സിൽ കരുത്ത് ചോർന്നോ?

പക്ഷേ ഈ പടത്തിന്റെ കഥയുടെ ഒരു ഭാഗത്ത് ഒന്ന് റീവർക്ക് ചെയ്യുകയായിരുന്നെങ്കിൽ സിനിമ തീർത്തും ഒരു അവിസ്മരണീയമായ അനുഭവം ആവുമായിരുന്നു. സിനിമയിലെ പ്രധാന ദരൂഹതയായ സ്ത്രീയുടെ കൊലയുടെ കാരണം തീർത്തും ചീറ്റിപ്പോയി എന്ന് പറയാതെ വയ്യ. അന്തിയോളം പണിയെടുത്ത് കലമുടച്ച അനുഭവമാണ് ഇതുമൂലം ഉണ്ടാവുന്നത്. മലയാള സിനിമയിൽ പതിവായി കാണുന്ന, ഒരു രീതിയാണ് ഇത്. ഒരു മുഖ്യ ട്വിസ്റ്റിനെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാതിരിക്കുക. തിരക്കഥാകൃത്തുകളായ നിധീഷും ഷാജി മാറാടും ഇവിടെ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

അതുപോലെ പൊളിറ്റിക്കൽ കറക്ടനസ്സിന്റെപേരിൽ പൃഥ്വീരാജിനെക്കൊണ്ടും ഷാജി കൈലാസിനെകൊണ്ടുമൊക്കെ മാപ്പു പറയിപ്പിച്ചവർ ആണെല്ലോ മലയാളികൾ. അക്കണക്കിന് നോക്കുകയാണെങ്കിൽ ഈ പടത്തിലും അതിനൊക്കെയുള്ള കോപ്പുകളുണ്ട്. മമ്മൂട്ടിയുടെ 'പുഴു'വിലെപ്പോലെ ഈ പടത്തിലുമുണ്ട് പരോക്ഷമായ അയിത്തം സൂചിപ്പിക്കുന്ന ഒരു ബ്രാഹ്മണ പൊലീസുകാരൻ! ഭാര്യ ഒരു ഡ്രൈവറുടെ കുടെ ഒളിച്ചോടിയതിന്റെ പേരിൽ, പൊലീസ് ഡ്രൈവറെ നിരന്തരം അധിക്ഷേപിക്കുന്ന ഒരു സിഐയുണ്ട് ചിത്രത്തിൽ. അയാൾ ക്ലൈമാക്സിൽ യഥാർഥ പ്രതിയെ പിടികിട്ടിയിട്ടും നടപടി എടുക്കാത്തതിന്റെ കാരണവും എന്താണെന്ന് വ്യക്തം. 'കാമിനി, കലഹം' എന്ന പഴഞ്ചൻ ഫോർമാറ്റിന് അപ്പുറത്തേക്ക്, നമ്മുടെ മാനസിക വ്യാപാരങ്ങളെ കൊണ്ടെത്തിക്കാൻ, എഴുത്തുകാർക്ക് കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് ഈ ചിത്രം അവസാനിക്കുമ്പോഴും ബാക്കിയാവുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഡയലോഗുകൾക്ക് വ്യക്തത വരുന്നില്ല.

ഇങ്ങനെ പോരായ്മകൾ പലതും ചൂണ്ടിക്കാട്ടാൻ കഴിയുന്നുണ്ടെങ്കിലും, ക്ലൈമാകസ് കഴിഞ്ഞ് റീവൈൻഡ് ചെയ്ത്, കാണാനും ഈ ചിത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു. അപ്പോഴാണ് ആദ്യ കാഴ്ചയിൽ കാണാത്ത പലതും കാണുക. ഈ രീതിയിലൊക്കെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പടങ്ങൾ മലയാളത്തിൽ അത്യപുർവമല്ലേ.

വാൽക്കഷ്ണം: ഒന്നുകിൽ കുട്ടൻപിള്ള മോഡലിലുള്ള പരിഹാസ കഥാപാത്രമായി. അല്ലെങ്കിൽ തിളയ്ക്കുന്ന ഭരത് ചന്ദ്രനായി. പൊലീസുകാരുടെ ജീവിതം എന്നും അതിഭാവുക്വത്തോടെയാണ് മലയാള സിനിമ വിലയിരുത്തിയിട്ടുള്ളത്. പക്ഷേ ഷാഫി കബീർ പൊലീസിൽ ആയിരുന്നതുകൊണ്ടാവാം, അദ്ദേഹത്തിന്റെ ചിത്രങ്ങളിലൊക്കെ പൊലീസുകാരുടെ ജീവിതത്തിന്റെ സത്യസന്ധമായൊരു ആവിഷ്‌കരണം കാണാൻ കഴിയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP