Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമോ? ബോറടിയും അരോചക കോമഡിയുമായി വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി; ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ചിത്രം പാലിച്ചിട്ടില്ല; മണിയെ ആവാഹിക്കാനാവാതെ സെന്തിൽ; പ്രിയപ്പെട്ട വിനയൻ ഇത് അങ്ങേയറ്റം നാണക്കേടാണ്

ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമോ? ബോറടിയും അരോചക കോമഡിയുമായി വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി; ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ചിത്രം പാലിച്ചിട്ടില്ല;  മണിയെ ആവാഹിക്കാനാവാതെ സെന്തിൽ; പ്രിയപ്പെട്ട വിനയൻ ഇത് അങ്ങേയറ്റം നാണക്കേടാണ്

എം.മാധവദാസ്

ണ്ടരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിൽ സിനിമയെന്ന് പറയുന്നത് അവസാനത്തെ അരമണിക്കൂർ മാത്രം. സംവിധായകൻ വിനയൻ, കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത പുതിയ ചിത്രം 'ചാലക്കുടിക്കാരൻ ചങ്ങാതി' തീർത്തും നിരാശാജനകമാണെന്ന് പറയാതെ വയ്യ. സത്യത്തിൽ ഇത് കലാഭവൻ മണിയെ അപമാനിക്കാൻ എടുത്ത ചിത്രമാണൊ എന്ന് തോന്നിപ്പോവും. കാരണം പട്ടിണിയോടും പരിവട്ടത്തോടും മല്ലടിച്ച് മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം നേടിയെടുത്ത കലാഭവൻ മണിയെന്ന സമാനതകളില്ലാത്ത നടന്റെയും മനുഷ്യസ്നേഹിയുടെയും ജീവിതം എടുത്ത് ഫലിപ്പിക്കാൻ ഒരു രീതിയിലും ചിത്രത്തിന് കഴിഞ്ഞിട്ടില്ല. കുഴിയാനയുടെ ജീവിതം ചിത്രീകരിച്ച് ഇതാണ് ആനക്കഥ എന്നു പറഞ്ഞാൽ എങ്ങിനെയുണ്ടാവും.

മാത്രമല്ല, ഒരു ബയോപിക്ക് പോലുള്ള സിനിമ, ജീവിച്ചിരുന്ന പ്രഗൽഭനായ വ്യക്തിത്വത്തെക്കുറിച്ച് എടുക്കുമ്പോൾ പാലിക്കേണ്ട, യാതൊരു മര്യാദകളും എന്തിന് ബലമുള്ള ഒതു തിരക്കഥയുണ്ടാക്കാനോ പോലും വിനയന് ആയിട്ടില്ല. അതീവ ദുർബലമായ തിരക്കഥയിൽ എന്തെല്ലാമോ തലങ്ങും വിലങ്ങും എടുത്തുവെച്ചിരിക്കുന്നു. കോമഡിയെന്ന പേരിലുള്ള പിത്തലാട്ടങ്ങൾ കണ്ടാൽ നാണിച്ചുപോവും. പ്രിയപ്പെട്ട വിനയൻ സാർ, ഇങ്ങനെ സിനിമയെടുക്കുന്നത് സത്യത്തിൽ സാമൂഹിക ദ്രോഹം തന്നെയാണ്.

കോമഡികൊണ്ടുള്ള ഭീകരാക്രമണമായി നീളുന്ന ആദ്യ പകുതി കഴിഞ്ഞ് രണ്ടാം പകുതിയിൽ എത്തുമ്പോഴാണ് ചിത്രം അൽപ്പമെങ്കിലും ചൂടുപിടിക്കുന്നത്. അവസാനത്തെ അരമണിക്കുറിലും ക്ലൈമാക്സിലും മാത്രമാണ് വിനയൻ എന്ന പ്രതിഭയുടെ കൈയൈാപ്പ് കാണാൻ കഴിയുക. അവസാനത്തെ ഷോട്ട് കാണുമ്പോൾ നമ്മുടെ മനസ്സിലുണ്ടാവുന്ന ആർദ്രത ചിത്രത്തിൽ മൊത്തം കൊണ്ടുവരാൻ വിനയന് കഴിഞ്ഞിട്ടില്ല.

പാസ്മാർക്ക ്പോലും കൊടുക്കാൻ കഴിയാത്ത അതിദയനീയമായ തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം. എങ്ങനെയാണ് മണി മദ്യത്തിന് അടിമയായതെന്നും, തമിഴ്-തെലുങ്ക്-സെറ്റുകളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര റിയൽ എസ്റ്റേറ്റ് ബിസിനസിലും മറ്റും എത്തിപ്പെട്ടുവെന്നല്ലാതെ, മണിയുടെ പ്രശ്നങ്ങളൊന്നും പറഞ്ഞ് ഫലിപ്പിക്കാൻ ചിത്രത്തിന് ആവുന്നില്ല. ജാതി-കറുപ്പ് തുടങ്ങിയ ഘടകങ്ങളെ തൊലിപ്പുറമെ എടുത്തിടുന്നതല്ലാതെ ആഴത്തിലേക്ക് കടക്കാൻ വിനയന് ആവുന്നില്ല. സത്യത്തിൽ ഈ ചിത്രം ഒരു മാതൃകയാണ്്്. എങ്ങനെ മോശം ചിത്രം എടുക്കാമെന്ന്.

വിനയന്റെ സ്വയം പുകഴ്‌ത്തൽ താങ്ങാനാവുന്നില്ല

മലയാള സിനിമയിൽ ബഹുമാനിക്കപ്പെടേണ്ട സംവിധായകൻ തന്നെയാണ് വിനയൻ. ജനപ്രിയമായ ഒരുപാട് സിനിമകൾ എടുത്തതുകൊണ്ട് മാത്രമല്ല, മലയാള സിനിമയിലെ താരാധിപത്യത്തിനും മാഫിയാ സംസ്‌ക്കാരത്തിനുമെതിരെ തന്നാലാവും വിധം പ്രതികരിച്ചതുകൊണ്ടും കൂടിയാണ്. വിനയനെ ഒതുക്കുക എന്നത് ഒരു കാലത്ത് 'അമ്മ' യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനോട് പൊരുതിക്കയറി സിനിമയെടുത്ത വ്യക്തിയെന്ന നിലയിൽ എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ ഈ പടത്തിലെ വിനയന്റെ നിലപാട് വെറും സ്വയം പുകഴ്‌ത്തലായിപ്പോയി. ഉദയനാണ് താരത്തെയും സരോജ്കുമാറിനെയും കവച്ചുവെക്കുന്ന രീതിയിൽ സിനിമാതാരങ്ങളെയും സംവിധായകരെയും പരിഹസിക്കുന്ന ഈ പടത്തിൽ സിനിമാക്കാരായ രണ്ടേ രണ്ട് നല്ല കഥാപാത്രങ്ങളേയുള്ളൂ. ഒന്ന് സ്വാഭാവികമായും കലാഭവൻ മണി. രണ്ട് വിനയന്റെ വേഷം ഹരിയെന്ന പേരിൽ അവതരിപ്പിച്ച സുധീർ കരമനയുടേതും. 'ആണ്ടി നല്ല അടിക്കാരൻ' എന്നതുപോലെയെ പറയാൻ കഴിയൂ.
മാത്രമല്ല ചില രംഗങ്ങളൊക്കെ ഹീനമായ വ്യക്തിഹത്യയായുമാണ് തോനുന്നത്. തീർത്തും സ്ത്രീവിരുദ്ധമായ ഒട്ടനവധി രംഗങ്ങളും ഈ ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. സെക്സ് കേന്ദ്രമാക്കിയുള്ള വളിപ്പുകൾ വേറെയും.

അന്തരിച്ച നടൻ തിലകന്റെ പുനഃസൃഷ്ടിയൊക്കെ വ്യക്തിവൈരാഗ്യത്തിനായി വലിച്ചു നീട്ടിയ പോലെ തോനുന്നു. ഒരു ബയോപിക്ക്പോലുള്ള ചിത്രങ്ങളിൽ ഒട്ടും ആശാസ്യമല്ല ഈ രീതി. ഇനി ആത്മകഥാനുഷ്ഠിയായ ചിത്രങ്ങളിൽ ഒരിക്കലും അവലംബിക്കാൻ പാടില്ലാത്ത, ഒട്ടും യുക്തിസഹമല്ലാത്ത കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ ഒരു ക്ലൈാമാക്സാണ് വിനയൻ ചിത്രത്തിനായി ഒരുക്കിയത്. കലാഭവൻ മണിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഈ തിയറി, മണിയോട് ചെയ്ത ക്രൂരതയായെന്നേ പറയാൻ കഴിയൂ.

മണിയെ ആവാഹിക്കാനാവാതെ സെന്തിൽ

നായകനായ സെന്തിലിന് മണിയെ ആവാഹിക്കാനായൊ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. മിമിക്രിയുടെ മിമിക്രി എന്ന് പറയാവുന്ന രീതിയിലായിപ്പോയി പലപ്പോഴും സെന്തിലിന്റെ പ്രകടനം. പൂച്ചയും പുലിയും മാർജ്ജാരവർഗമാണെന്ന് പറയുന്നതുപോലെ. തുടക്കത്തിലൊക്കെ ശരിക്കും ഗോഷ്ഠി എന്ന രീതിയിൽ നടക്കുന്ന സെന്തിലിന്റെ അഭിനയം രണ്ടാം പകുതിയിൽ മെച്ചെപ്പെട്ടിട്ടുണ്ട്. പക്ഷേ മുടിയില്ലാതെ മെലിഞ്ഞ കലാഭവൻ മണിയിൽ നിന്ന് വിഗ്ഗൊക്കെ വെച്ചുള്ള നായകനായ മണിയിലേക്കുള്ള വേഷപ്പകർച്ച ഓർത്തുനോക്കും. സെന്തിലിനും വിനയനും ആ കാലഗണനയെ രേഖപ്പെടുത്താൻ കഴിയുന്നില്ല. പലപ്പോഴും മേക്കപ്പും മോശമാണ്. പുതുമുഖമല്ലേ ശരിയായി വരും.

പക്ഷേ ഒരു നടൻ എന്ന നിലയിൽ സെന്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും മണിയെന്ന നടനിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതതാണ്. നടൻ ജയന്റെ ഛായയിൽ അജയനും ഭീമൻരഘുവുമൊക്കെ ഇറങ്ങിയതും, മോഹൻലാലിന്റെ രൂപസാദൃശ്യവുമായ വിനയൻ തന്നെ മദൻലാലിനെ ഇറക്കിയതും ഓർത്തുനോക്കുക. സ്വന്തമായി വ്യക്തിത്വമുള്ള നടനായി സെന്തിൽ മാറട്ടെയെന്ന് മാത്രം ആംശസിക്കുന്നു. നടൻ സലീം കുമാറിന്റെ കോമഡിയൊക്കെ കാണുമ്പോൾ കരഞ്ഞുപോവും.

ഇനി കഥാപാത്രങ്ങളെ വെച്ചുനോക്കുമ്പോൾ ഈ പടത്തിൽ ധർമ്മജനാണ് തന്റെ വേഷം ഭദ്രമാക്കിയത്. നായികാവേഷത്തിൽ എത്തുന്ന ഹണീറോസിനും കാര്യമായൊന്നും ചെയ്യാനില്ല. മികച്ച ഗാനങ്ങൾകൊണ്ട് ശ്രദ്ധയേമാവാറുള്ളതാണ് വിനയൻ ചിത്രങ്ങൾ. ആ പേര് അദ്ദേഹം ഇത്തവണയും കാത്തിട്ടുണ്ട്. പ്രത്യേകിച്ച് 'ചാലക്കുടി ചന്തക്കുപോവുമ്പോൾ' മണിയുടെ ഗാനങ്ങളൊക്കെ റിക്രിയേറ്റ് ചെയ്തത് തീയേറ്ററിൽ ആരവം ഉയർത്തുന്നുണ്ട്. ചിത്രത്തിൽ സ്വന്തമായി ഉണ്ടാക്കിയ ഗാനങ്ങൾ ഇമ്പാമർന്നതാണെങ്കിലും ഗാനചിത്രീകരണം പത്തൊമ്പതാം നൂറ്റാണ്ടിലേതാണെന്ന് പറയാതെ വയ്യ.

വാൽക്കഷ്ണം: നേരത്തെ ഈ പങ്തിയിൽ തമോഗർത്തങ്ങളാവുന്ന സംവിധായകരെ കുറിച്ച് പറഞ്ഞിരുന്നു. ജോഷിയും സിബിമലയിലും സത്യൻ ന്തിക്കാടുമൊക്കെ അടങ്ങുന്ന ആ നിരയിലേക്ക് വിനയനും പെടുകയാണെന്ന് തോനുന്നു. ഈ പടം മാത്രമല്ല. അടുത്തകാലത്തെ വിനയന്റെ ചിത്രങ്ങളുടെ നിലവാരം ഓർത്തുനോക്കുക. പഴയകാല ഹിറ്റ്മേക്കർമാർക്ക് എന്തുകൊണ്ട് പുതിയകാലത്തോട് സംവദിക്കാൻ കഴിയുന്നില്ല. വല്ലാത്ത കാവ്യനീതി തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP