Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെഗാ സ്റ്റാറുകൾ തലയിൽ മുണ്ടിട്ട് നടക്കട്ടെ; മലയാള സിനിമയെ സ്‌നേഹിക്കുന്നവരൊക്കെ ഈ സിനിമ കാണണം

മെഗാ സ്റ്റാറുകൾ തലയിൽ മുണ്ടിട്ട് നടക്കട്ടെ; മലയാള സിനിമയെ സ്‌നേഹിക്കുന്നവരൊക്കെ ഈ സിനിമ കാണണം

വൗ! വൗ! വൗ! എങ്ങനെ മറക്കാൻ കഴിയും ഈ സിനിമയെ....എത്ര നല്ല കഥ...എത്ര മനോഹരമായ തിരക്കഥ...എന്തൊരു സുന്ദരമായ ക്യാമറ...എത്ര കൃത്യമായ സംഭാഷണം....ഓരോ കഥാപാത്രത്തിനും പറ്റിയ നടന്മാർ....എന്തൊരു അഭിനയം..ഏച്ചുകെട്ടില്ലാത്ത അതിസ്വാഭിവികമായ എഡിറ്റിങ്ങ്..നിസ്സാര സംഭവങ്ങൾ പോലും യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിച്ച അതിസ്വാഭാവികത.... വളരെക്കുറച്ചേ ഉള്ളെങ്കിലും അർത്ഥവത്തായ ഹാസ്യവും സാമൂഹ്യ വിമർശനവും...ഹൊ എങ്ങനെയാണ് ഈ സിനിമയുടെ മഹത്വം വർണ്ണിക്കുക..

പറഞ്ഞു വരുന്നത് 'ഈ അടുത്ത കാലത്ത് എന്ന സിനിമയെക്കുറിച്ചാണ്. വളരെ യാദൃശ്ചികമായി ഇന്നലെ തിയേറ്ററിൽ കയറി ഈ സിനിമ കാണുന്നതുവരെ ഇതിനെക്കുറിച്ച് യാതൊന്നും കേട്ടിട്ടില്ലായിരുന്നു. ഭരതന്റെ മകന്റെ സിനിമയായ നിദ്ര കാണാൻ വേണ്ടിയാണ് ഇന്നലെ കുടുംബസമേതം ഇറങ്ങിയത്. ശ്രീ വിശാഖ് തിയേറ്ററിൽ ടിക്കറ്റ് റിസേർവ്വ് ചെയ്യാൻ ചെന്നപ്പോൾ റിസർവേഷൻ വേണ്ട, ആളു കുറവാണ് സമയത്ത് വന്നാൽ മതി എന്ന് കൗണ്ടറിൽ ഇരുന്ന ആൾ പറഞ്ഞപ്പോഴേ നിദ്ര കാണാനുള്ള താത്പര്യം പോയി. മാത്രമല്ല, കുട്ടികളുമായി കാണാൻ പറ്റുമോ എന്ന ആശങ്കയും ഉണ്ടായി.

സിനിമ കാണുന്നതിനു മുമ്പ് അഭിപ്രായം തിരക്കാറുള്ള റിപ്പോർട്ടർ ചാനലിലെ കെവി മധുവിനെ വിളിച്ച് തിരക്കിയപ്പോൾ ആശങ്കയൊന്നും ഇല്ലാതെ മധു പറഞ്ഞു- ഞാൻ കണ്ടില്ല, എന്നാൽ കോക്ക്‌ടെയിൽ എടുത്ത അരുൺകുമാർ അരവിന്ദിന്റെ സിനിമയാണ് 'ഈ അടുത്ത കാലത്ത്. അതു മോശമാവില്ല, പോയി കാണൂ. ഞാൻ കോക്ക്‌ടെയിൽ കണ്ടിട്ടില്ല. എങ്കിലും മധു പറയുന്നത് വിശ്വാസമായതുകൊണ്ടാണ് കൈരളിയിൽ പോയി ടിക്കറ്റ് എടുത്തത്. തിയേറ്റർ നിറയെ ആളുകൾ കയ്യടിയോടെ വരവേൽക്കുകയാണ് എല്ലാവരെയും. നായകന്മാരായ ഇന്ദ്രജിത്തിനും മുരളീ ഗോപിക്കും പൊലീസ് ഓഫീസറായി തിളങ്ങിയ അനൂപ് മോനോനും നായികയായി എത്തിയ ബംഗാളി തിയേറ്റർ ആർട്ടിസ്റ്റായ തനുശ്രീ ഘോഷിനുമൊക്കെ കയ്യടി.

സിനിമ തുടങ്ങിയപ്പോൾ കയ്യടിക്കാരുടെ കൂടെ ഞാനും ചേർന്നു. ഈ കുറിപ്പ് എഴുതുമ്പോഴും അറിയില്ല, എങ്ങനെയാണ് ഈ സിനിമ കണ്ടതിന്റെ ആഹ്ലാദം പ്രകടിപ്പിക്കേണ്ടതെന്ന്. സിനിമ ഒന്നുകിൽ കലയ്‌ക്കോ അല്ലെങ്കിൽ കച്ചവടത്തിനോ ആകാമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. ഇതിൽ കലയും ഉണ്ട് കച്ചവടവും ഉണ്ട്. രണ്ടും അതിന്റെ പൂർണ്ണ അർത്ഥത്തിൽ. ഇത്തരം ഒരു സിനിമ മലയാള സിനിമയിൽ അപൂർവ്വമായാണ് ഉണ്ടാകുന്നത്. പത്മരാജനും ലോഹിതദാസനും കമലിനും ഒക്കെ മാത്രം ചെയ്യാൻ പറ്റുന്നത്ര കരവിരുതോടെ ഇറങ്ങിയ സിനിമ. മനുഷ്യ ജീവിതത്തിന്റെ അതിസ്വാഭാവികതകളെ ഇത്രയും സുതാര്യമായും ലളിതമായും യാഥാർത്ഥ്യ ബോധത്തോടെയും അവതരിപ്പിച്ച ഒരു സിനിമയും ഈ അടുത്ത കാലത്തൊന്നും എന്റെ ഓർമ്മയിൽ ഇല്ല.

തിരുവനന്തപുരം നഗരത്തിലെ വ്യത്യസ്തരായ ആറു മനുഷ്യരുടെ കഥയാണ് ഈ അടുത്ത കാലത്ത്. ഈ ആറുപേരും നാം ഇന്ന് എന്നും കണ്ടറിയുന്ന മനുഷ്യജീവികൾ തന്നെ. ഇവർ എല്ലാവരും അവരവരുടെ ജീവിത വഴികളിൽ നേരിടുന്ന പ്രതിസന്ധികളും അതിലുണ്ടാകുന്ന അവിചാരിതമായ വഴിത്തിരിവുകളുമാണ് ഈ കഥ. ഇവരിൽ ചിലരൊക്കെ പരസ്പരം പരിചയപ്പെടുന്നു. എന്നാൽ ചിലർ സിനിമ അവസാനിക്കുമ്പോഴും അപരിചിതരാണ്. എന്നാൽ ഇവരുടെ എല്ലാം ജീവിതം ഒരു പ്രപഞ്ച നീതിയുടെ കണ്ണിയാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

വിഷ്ണു എന്ന സാധാരണക്കാരന്റെ വേഷത്തിൽ ഇന്ദ്രജിത്ത് എത്തുന്നു. ഇന്ദ്രജിത്ത് അപ്പനെപ്പോലെ പ്രതിഭയുള്ള ഒരു നടനാണെന്ന് വിശ്വസിക്കുന്നവർക്ക് അത്യാഹ്ലാദം നൽകുന്ന കഥാപാത്രമാണ് വിഷ്ണുവിന്റേത്. മലയാളിത്തിലെ മികച്ച നടിമാരിൽ ഒരാളായ മൈഥിലിയാണ് വിഷ്ണുവിന്റെ ഭാര്യ രമണി. ചവറു സംസ്‌കരണ ഫാക്ടറിയിൽ നിന്നും സാധനങ്ങൾ പെറുക്കി രൂപമാറ്റം വരുത്തി കച്ചവടം ചെയ്തു ജീവിക്കാൻ ശ്രമിക്കുകയാണ് മുൻപ് ഒട്ടേറെ കച്ചവടങ്ങൾ നടത്തി പൊളിഞ്ഞുപോയ വിഷ്ണു. തെരുവിന്റെ ഓരത്തെ കുടിലിൽ കഴിയുന്ന രമണി അതിശക്തമായ ഒരു സ്ത്രീകഥാപാത്രമാണ്. വിഷ്ണുവിന്റെ ജീവിത ശ്രമങ്ങളിൽ ബ്ലെയ്ഡ് കമ്പനികൾ നടത്തുന്ന ഇടപെടലുകളും പ്രതിസന്ധികളുമാണ് ഇവരുടെ ജീവിതകഥ പറയുന്നത്. കാര്യശേഷിയില്ലാത്ത ഭർത്താവിനെയോർത്ത് ദേഷ്യത്തോടെ ജീവിക്കുന്ന രമണിയായി മൈഥിലി തിളങ്ങുകയാണ്.

പെൺമക്കൾ വലുതാകുമ്പോൾ കെട്ടിച്ചുവിടാൻ രമണി സൂക്ഷിക്കുന്ന ആഭരണങ്ങൾ അമ്മയുടെ രോഗം മാറ്റാൻ വിഷ്ണു എടുത്ത് വിൽക്കുന്നത് തിരിച്ചറിയുമ്പോൾ രമണി ചോദ്യം ചെയ്യുന്ന രീതിയുടെ സ്വാഭാവികത ഈ സിനിമയിലെ എല്ലാ രംഗത്തിലും ഉണ്ട്. മക്കളുമായി വീട്ടിലെത്തുന്ന വിഷ്ണുവിനെ വീട്ടിനു പുറത്തു നിർത്തി, മക്കളെ അകത്തേക്ക് കയറ്റി കതകടച്ച് രമണി നടത്തുന്ന ക്രോധപ്രകടനം ഉണ്ട്. ഇതു രമണിയാണ് പറയുന്നത് ഒരാഴ്ചയ്ക്കകം എന്റെ ആഭരണങ്ങൾ തിരിച്ചു കിട്ടിയില്ലെങ്കിൽ ഈ വീടിനുള്ളിൽ തൂങ്ങിച്ചാകുമെന്നു പറയുന്ന രമണി വിഷ്ണുവിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവിനു കാരണമാകുന്നു. തൂങ്ങിച്ചാകാൻ രമണിയുണ്ടാക്കിയ കയറിഴ വിഷ്ണുവിന് ഇടയ്ക്കിടെ പേടി ഉണർത്തുന്നു.

വിഷ്ണുവിന്റെ കൊച്ചു കുടിലിന്റെ ഉടമയായ പൊട്ടൻ പട്ടരുടെ റോളിൽ മണികണഠൻ കസറുകയാണ്. മണികണഠൻ പോലെയൊരു നടന് ഇങ്ങനെയൊക്കെ അഭിനയിക്കാൻ അറിയാം എന്ന് മലയാളി തിരിച്ചറിയുന്നത് ഈ സിനിമയിലൂടെയാണ്. ബാബുരാജിന് സാൾട്ട് ആന്റ് പെപ്പർ വഴിത്തിരിവായതുപോലെ മണികണഠൻ ഈ സിനിമ വഴിത്തിരിവാകുമെന്നത് തീർച്ച. മണികണഠൻ മാത്രമല്ല, ഈ സിനിമയിൽ അഭിനയിച്ച എല്ലാവർക്കും ഈ സിനിമ വഴിത്തിരിവാകും. ഏതാനും ചില സിനിമകളിലൂടെ അനൂപ് മേനോൻ മലയാള സിനിമയിൽ ഒരു സംഭവം ആയി മാറിയതുപോലെ തന്നെ ഇതിലൂടെ അസാധാരണമായ ഒരു ചരിത്രമായി മാറുകയാണ് മുരളീ ഗോപി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായിരുന്ന ഭരത്‌ഗോപിയുടെ മകനും പത്രപ്രവർത്തകനുമായ മുരളി മലയാള സിനിമയ്ക്ക് ഇനിയും ശോഭനമായ ഭാവി ബാക്കിയുണ്ടെന്ന് അടിവരയിട്ട് പറയുകയാണ് ഈ സിനിമയിലൂടെ. ഈ സിനിമയുടെ സുന്ദരമായ കഥയും തിരക്കഥയും സംഭാഷണവും മുരളിയുടേതാണ്. എന്നുവച്ചാൽ ഈ സിനിമ തന്നെ മുരളിയുടേതാണെന്നർത്ഥം. കോക്ക്‌ടെയിലിലൂടെ പേരു തെളിയിച്ച അരുൺകുമാറിനെ മുരളി മനപൂർവ്വം കൂട്ടുപിടിച്ചതാണെന്നു തീർച്ച. ഇവർ രണ്ടുപേരും കൂടി ചേർന്നപ്പോഴാണ് ഇത് ഇത്തരം ഒരു മഹാസിനിമയായി മാറിയത്.

ഭ്രമരത്തിലും ഗദ്ദാമയിലും ശ്രദ്ധേയമായ റോൾ വഹിച്ച മുരളിയാണ് ഈ സിനിമയുടെ സ്രഷ്ടാവ് എന്നറിയുന്നതുപോലും സിനിമ കണ്ടിറങ്ങിയപ്പോഴാണ്. ഇന്ദ്രജിത്തിനൊപ്പം നായകസ്ഥാനം പങ്കിടുകയാണ് ഈ സിനിമയിൽ മുരളിയുടെ അജയ് കുര്യൻ എന്ന കഥാപാത്രം. ഒരു ഫൈവ്സ്റ്റാർ ആശുപത്രി ഉടമയായാണ് അജയ് കുര്യൻ ഇതിൽ പ്രത്യക്ഷപ്പെടുന്നത്. കുത്തഴിഞ്ഞ ജീവിതം നയിച്ച അജയ് ഒരു ബോളീവുഡ് സിനിമാനടിയെ വിവാഹം കഴിക്കുന്നതും പിന്നീട് വ്യക്തി ജീവിതത്തിൽ അജയ്ക്കുണ്ടായ ചില തിരിച്ചടികൾക്കു മറുപടിയായി നിസ്സഹായ ആയ ഭാര്യയെ ഒരു സാഡിസ്റ്റിനെപ്പോലെ പീഡിപ്പിക്കുന്നതുമാണ് പ്രമേയം. സാഡിസ്റ്റ് ആയ ഈ ആശുപത്രി ഉടമയെ പ്രതിഫലിപ്പിക്കാൻ മുരളിയോളം മറ്റാർക്കെങ്കിലും കഴിയുമോ എന്ന് ഇതു കണ്ടു കഴിയുമ്പോൾ സംശയം തോന്നും. ഗദ്ദാമയിൽ കാവ്യാമാധവന്റെ കഥാപാത്രത്തിനെ മരുഭൂമിയിൽ നിന്നു രക്ഷിക്കുന്ന ഡ്രൈവറുടെ വേഷം അനശ്വരമാക്കിയ മുരളി ഈ റോളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുകയാണ്.

അഭിനയത്തിനപ്പുറം ഈ സിനിമയുടെ സ്രഷ്ടാവ് കൂടിയാണ് മുരളി എന്നു തിരിച്ചറിയുമ്പോഴാണ് ഇനി വരാൻ പോകുന്ന മുരളി യുഗത്തിന്റെ വലിപ്പം നാം തിരിച്ചറിയുക. വലിയ സൗന്ദര്യം ഒന്നും ഇല്ലെങ്കിലും ബംഗാളി തിയേറ്റർ ആർട്ടിസ്റ്റായ തനുശ്രീ അജയ് കുര്യന്റെ അടിച്ചമർത്തപ്പെട്ട ഭാര്യയായി അസാധാരണമായി തിളങ്ങി. ഭാവനയുടെ മുഖഛായയുള്ള തനുശ്രീ സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന വേദനയുടെയും സ്വാതന്ത്ര്യ ശ്രമത്തിന്റെയും അതിന്റെ ഫലമായി ഉണ്ടാകുന്ന തിരിച്ചടിയുടെയും ശരി രൂപമായി മാറുകയാണ്. 

അനൂപ് മേനോൻ ഒരു ശരാശരി ഐപിഎസുകാരന്റെ പ്രതീകമാണ്. ഊതിവീർപ്പിക്കപ്പെട്ട മാദ്ധ്യമ ബിംബമായ ടോം ചെറിയാൻ എന്ന ഐപിഎസുകാരന്റെ ജീവിതവും ലെന അവതരിപ്പിക്കുന്ന രൂപ എന്ന മാദ്ധ്യമ പ്രവർത്തകയുടെ നേർക്കഥയും നമ്മുടെ ചുറ്റുപാടുനിന്നു തന്നെ വാർത്തെടുത്തതാണ്. സാധാരണ സിനിമകളിൽ ആക്ഷേപ കഥാപാത്രമാകുന്ന ഒരു മാദ്ധ്യമ പ്രവർത്തകനെയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്. എന്നാൽ ഈ സിനിമയിൽ അത്തരം ആഭാസത്തരത്തിന് അവസരം ഒരുങ്ങിയില്ല.

ടോം ചെറിയാനും രൂപയും രമണിയും വിഷ്ണുവും അജയ് കുര്യനും മാധുരിയും ഒക്കെ നമ്മുടെ മുന്നിലെ തനതു ജീവിതങ്ങളുടെ അടയാളമായി മാറുമ്പോൾ മുരളീഗോപിയും അരുണും ചേർന്ന് മലയാള സിനിമയ്ക്ക് പുതിയൊരു വാതായനം തുറക്കുകയാണ്. മെഗാതാരങ്ങളും പിന്നെ വന്ന സൂപ്പർ താരങ്ങളും ഒക്കെ സൃഷ്ടിച്ച ഒരു കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമ എന്ന സങ്കൽപമാണ് ഇവിടെ പൊളിച്ചു കളയുന്നത്. നായകന്മാരുടെ ഈഗോയെ മറികടക്കാതെ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന സിനിമകൾ ഉണ്ടാകുകയില്ല. ഇവിടെ നായകനും നടനുമായിരുന്നില്ല പ്രാധാന്യം. കഥയ്ക്കും സന്ദർഭങ്ങൾക്കും ആയിരുന്നു. അതാണ് ഈ സിനിമയുടെ വിജയവും.

പ്രണയവും ബ്യൂട്ടിഫുള്ളും മംഗലശ്ശേരി മാധവൻകുട്ടി നേമം പിഒയും ഒക്കെ നല്ല സിനിമയുടെ കൂട്ടത്തില്പെടുത്താമെങ്കിലും അവയ്‌ക്കൊന്നും ഇല്ലാത്ത അസാധാരണമായ ഒരു സൗന്ദര്യവും പുതുമയും ഈ സിനിമയിൽ ഉണ്ട്. മാധുരിയെ കുമ്പസാരിപ്പിക്കാൻ എത്തിയ ഒരു വൈദികന്റെ ലൈംഗിക താത്പര്യത്തോടെയുള്ള പെരുമാറ്റം മാത്രമാണ് ഈ സിനിമയ്ക്ക് ചേരാതെ പോയ ഒരേയൊരു സംഗതി. വളരെക്കുറച്ച് രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മർമ്മത്തിൽ കൂവിച്ചേർക്കാൻ തോന്നുന്ന മർമ്മത്തിൽ കൊള്ളുന്ന ഹാസ്യമായിരുന്നു അവ.

അർദ്ധരാത്രിയിൽ വണ്ടി ഓടിച്ചു വരുന്ന മാധുരിയെ പൊലീസ് തടയുന്നു. വണ്ടിയിൽ ഒളിഞ്ഞിരിക്കുന്ന വിഷ്ണു പൊലീസ് എന്തൊക്കെ ചോദിക്കുമെന്ന് പറയുന്നു. സിനിമയ്ക്ക് പോയതാണന്നു പറയണം, ഏത് സിനിമ എന്നു ചോദിക്കും, പ്രണയം എന്നു പറയണം. ഏത് തിയേറ്റർ എന്നു ചോദിക്കും, ശ്രീകുമാർ എന്നു പറയണം- ഇത് സംഭവിക്കുന്നു എന്നു മാത്രമല്ല, അതിനുശേഷം പ്രണയം, അത് നമ്മുടെ മോഹൻലാൽ കിളവനായി അഭിനയിക്കുന്ന സിനിമയല്ലേ എന്ന് പൊലീസുകാർ തമ്മിൽ സംസാരിക്കുന്നതിലെ സ്വാഭാവിക ഹാസ്യവും യാഥാർത്ഥ്യ ബോധവും തീയേറ്ററിൽ ഇരുന്ന് ആസ്വദിച്ചാലേ പൂർത്തിയാകൂ

ഈ സിനിമ കണ്ടു പുറത്തിറങ്ങിയപ്പോൾ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു രണ്ടു തള്ളയ്ക്കു വിളിക്കാനാണ് ആദ്യം തോന്നിയത്. അസാധാരണ പ്രതിഭാശാലിയായ മോഹൻലാലിനെ ഉള്ളം കൈയിൽ വച്ചു കശാപ്പു ചെയ്യുന്ന ആന്റണി ഈ സിനിമ ഒന്നു മനസ്സിരുത്തി കണ്ടിട്ട് ലാലേട്ടൻ ആത്മഹത്യാ ചെയ്യാതിരിക്കാൻ ഇതുപോലൊരു സിനിമ എടുത്തു കൊടുക്കൂ. കാസനോവ എന്ന ചവറു എടുക്കാൻ മുടക്കിയ കോടികൾ ഒന്നും വേണ്ട, ഇത്തരം കഥയും കാമ്പുമുള്ള സിനിമകൾക്ക്. പക്ഷേ അഭിനയത്തിന്റെ മഹാസൗധം കേറിയപ്പോൾ മലയാള സിനിമ പ്രേക്ഷകർ ചൂടി കൊടുത്ത മെഗാ താരപദവിയുടെ ഈഗോയും കോപ്ലക്‌സും വലിച്ചെറിഞ്ഞ് സാധാരണ ഒരു നടനായി ഇറങ്ങി വരണം. മൂന്നോ നാലോ സിനിമ അടുപ്പിച്ച് പൊളിഞ്ഞപ്പോൾ ബാക്കിയാകുന്നത് നാണക്കേടിന്റെ കിരീടമാണെന്ന് ലാലേട്ടനെപ്പോലെയുള്ളവർ തിരിച്ചറിഞ്ഞ് ഇത്തരം ചെറുപ്പക്കാരുടെ ശ്രമങ്ങൾക്കൊപ്പം ചേർന്നു നിൽക്കണം. എങ്കിൽ മലയാള സിനിമയ്ക്ക് ഇനിയും ലോകത്തിനു മുന്നിൽ ഏറെ ദൂരം നടക്കാൻ കഴിയും.

നിങ്ങൾ മലയാള സിനിമയെ സ്‌നേഹിക്കുന്ന ആളാണെങ്കിൽ, നിങ്ങൾ നല്ല സിനിമ കാണാൻ കാത്തിരിക്കുന്ന ആളാണെങ്കിൽ ധൈര്യമായി ഈ സിനിമ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP