Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റമ്മോ, പ്രേക്ഷകരെ അങ്ങോട്ട് വെടിവച്ച് കൊന്നേക്ക്! 'ഡബിൾ ബാരൽ' ഉണ്ടയില്ലാ വെടി; വീണ്ടും ആക്ഷേപഹാസ്യംകൊണ്ടുള്ള ഭീകരാക്രമണം, ആശ്വാസമായത് ഇന്ദ്രജിത്ത് മാത്രം

എന്റമ്മോ, പ്രേക്ഷകരെ അങ്ങോട്ട് വെടിവച്ച് കൊന്നേക്ക്! 'ഡബിൾ ബാരൽ' ഉണ്ടയില്ലാ വെടി; വീണ്ടും ആക്ഷേപഹാസ്യംകൊണ്ടുള്ള ഭീകരാക്രമണം, ആശ്വാസമായത് ഇന്ദ്രജിത്ത് മാത്രം

എം മാധവദാസ്

ടം കഴിഞ്ഞ ഉടനെ ദേശീയഗാനാലാപനംപോലെ തീയേറ്റിലുള്ള ഭൂരിഭാഗംപേരും എഴുന്നേറ്റ് നിന്ന് കൂക്കുന്ന അവസ്ഥ. ഇക്കൂട്ടത്തിൽ കുട്ടികളും വീട്ടമ്മമാരും പോലുമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മൾട്ടിപ്‌ളക്‌സിൽ, സാധാരണ മസിലുപിടിച്ചു കാണുന്ന കാണികൾപോലും ഓരിയിടുന്നതുകണ്ടപ്പോൾ ഈ ലേഖകനും അറിയാതെ കൂവിപ്പോയി. കോളജുകാലം കഴിഞ്ഞ് എത്രയോ വർഷത്തിനുശേഷമാണ് ഇതുപോലൊന്ന് കൂവിയാർക്കുന്നത്. പരുക്കനായ ആധുനികത നമുക്ക് നഷ്ടമാക്കിയ തൽസമയ പ്രതികരണശേഷിയെ തിരിച്ചുകൊണ്ടുതന്നതിന് ഓണക്കാലത്ത് ഇറങ്ങിയ പ്രഥ്വീരാജ് ചിത്രമായ 'ഡബിൾ ബാരലിന്റെ' അണിയറ ശിൽപ്പികളോട് നന്ദിയുണ്ട്. (ഇതുപോലെ മുമ്പ് ജനം ഐകകണ്‌ഠ്യേന കൂക്കുന്നത് കണ്ടത് ആഷിക്ക് അബു സംവിധാനിച്ച മമ്മൂട്ടിയുടെ 'ഗാങ്ങ്സ്റ്റർ' കഴിഞ്ഞപ്പോഴായിരുന്നു).

വെണ്ണക്കൽ പതിച്ച വിസർജനാലയമെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം, പുതു തലമുറയിൽ ഏറെ പ്രതീക്ഷ ഉയർത്തിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത, രണ്ടുവർഷമെടുത്ത് 16കോടി ധൂളിയാക്കിയ ഈ പടത്തെ. ഇറ്റാലിയൻ മാർബിൾ ഒട്ടിച്ചാലും, എ.സി ഫിറ്റുചെയ്താലും കക്കൂസ്, കക്കുസ് തന്നെയാണ്. നല്ല ക്യാമറയുണ്ട്, ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് ഹോളിവുഡ്ഡ് സിനിമകളോട് കിടപിടക്കുന്ന രീതിയിലുള്ള വെടിവെപ്പുണ്ട്, വർണാഭമായ പാട്ടും നൃത്തവുമുണ്ട്, പ്രഥ്വീരാജും ഇന്ദ്രജിത്തും അടക്കമുള്ള വൻ താരനിരയുണ്ട്... പക്ഷേ അതൊക്കെ ഫ്‌ളഷ് കേടായ കക്കൂസിൽ എ.സി വച്ചപോലെതന്നെയായി.

അടിസ്ഥാനപരമായി ഒരു സിനിമക്ക് വേണ്ട സാധനം മാത്രം കൊടുക്കാൻ ലിജോക്കായില്ല. മറ്റൊന്നുമല്ല, മികച്ച കഥയും ആഖ്യാനവുംതന്നെ. ചിത്രകഥകൾക്ക് ദൃശ്യഭാഷനൽകിയതുപോലുള്ള ഈ പോക്കിൽ കഥ മുറിഞ്ഞുപോവുന്നതിനാൽ പ്രേക്ഷകന് ആസ്വാദന നഷ്ടമുണ്ടാവുന്നു. (നോൺലീനിയറായി കഥ പറയുമ്പോൾ കാടുകയറി പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റാതെ പോയതാണ് മികച്ച ചിത്രമായിട്ടും ലിജോയുടെ 'സിറ്റി ഓഫ് ഗോഡ്' തീയേറ്ററിൽ പരാജയപ്പെടാൻ കാരണമെന്നതും ഇപ്പോൾ ഓർത്തുപോവുന്നു) ഒരുഭാഗം കണ്ട് മറ്റൊരു ഭാഗത്തേക്ക് കടക്കുമ്പോൾ അതും ഇതും തമ്മിൽ എന്താണ് ബന്ധമെന്ന് പ്രേക്ഷകന് തോന്നിപ്പോവും. അവസാന രംഗങ്ങളിലൊക്കെ എത്തുന്നതോടെ ആര് ആരെയാണ് വെടിവെക്കുന്നത് എന്നൊന്നും മനസ്സിലാവാത്ത രീതിയിൽ മൊത്തത്തിൽ ഒരു പുകയാണ്. ( കുടി, അടി, വെടി,പിടി എന്ന ഫോർമാറ്റിൽ എടുത്ത അമൽ നീരദിന്റെ 'ബാച്ചിലർ പാർട്ടിയെ' ഈ പടം പലേടത്തും ഓർമ്മിപ്പിക്കുന്നു) ഉപ കഥകളിലേക്ക് ചിതറിനീങ്ങിയുതാടെ രണ്ടാംപകുതി ബോറടിയുടേതായി.അവസാനമത്തെുമ്പോഴേക്കും ആ ഇരട്ടക്കുഴൽ തോക്കിൽനിന്ന രണ്ട് വെടികിട്ടി പരലോകത്തേക്ക് പോവുകയായിരുന്നു ഇതിലും നല്ലതെന്ന് പ്രേക്ഷകർ കരുതിപ്പോവും. പല രംഗങ്ങളും അത്രക്ക് അരോചകവും, വെറുപ്പിക്കൽ മൽസരവുമാണ്. ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന് പടം കഴിഞ്ഞപ്പോൾ ഒരു കുട്ടി പറഞ്ഞത് ഓർക്കുന്നു.

സത്യത്തിൽ പ്രതീക്ഷയുടെ അമിതഭാരവും ഈ രീതിയിൽ പ്രേക്ഷകനെ നിരാശനാക്കാൻ ഇടയാക്കിയെന്ന് തോനുന്നു. ലിജോ എന്ന യുവ സംവിധയകൻ 'അമേനിലുടെ' ഉയർത്തിവിട്ട പ്രതീക്ഷകൾ, 16കോടിയെന്ന മലയാള സിനിമക്ക് സ്വപ്നം കാണാൻ കഴിയാത്ത ബജറ്റ്, നിർമ്മാണത്തിനും അഭിനയത്തിനും നമ്മുടെ പ്രിയപ്പെട പ്രഥ്വീരാജ്. അതുകൊണ്ടുതന്നെ പടം കലക്കുമെന്ന് കരുതി പോയവർ കാണുന്നത് കാമറ തലങ്ങും വിലങ്ങും കറക്കി എടുത്തുവച്ച എന്തൊക്കെയോ അസംബദ്ധങ്ങളാണ്. ഈ വിലക്കയറ്റത്തിന്റെ കാലത്ത് കാശുപോയ അവൻ വയലന്റ് ആയില്‌ളെങ്കിലേ അദ്ഭുതമുള്ളൂ.

ആക്ഷേപഹാസ്യമെന്ന ബാധ്യത

ലിജോക്കും പ്രഥ്വീരാജിനും എന്തെങ്കിലും അബദ്ധം പറ്റിയതാണ് ആരും കരുതുന്നില്ല. അവർ ആലോചിച്ച് ഉറച്ച് ഈ രീതിയിൽ തന്നെ എടുത്തതാണ്. അതായത് ഹോളിവുഡ്ഡ്, ലാറ്റിനമേരിക്കൻ സിനിമകളുടെ മാതൃകയിൽ ഗാങ്ങ്സ്റ്റർ സ്പൂഫായി തമാശിച്ചതാണ് കുളമായിപ്പോയത്. എത് സ്പൂഫിനും നല്‌ളൊരു പ്രമേയം വേണമെന്ന് ലിജോ മറന്നുപോയി. സംശയമുണ്ടെങ്കിൽ ഇവർ മാതൃകയായി സ്വീകരിച്ച ക്വിൻടിൻ ടാരനിന്റോ ചിത്രങ്ങളും, 'വൺസ് അപ്പോൺ എ ടൈം ഇൻ മെക്‌സിക്കൊ', 'ലോക്ക് സ്റ്റോക്ക് ആൻഡ് ടു സ്‌മോക്കിങ് ബാരൽസ്' തുടങ്ങിയ ചിത്രങ്ങൾ കണ്ടുനോക്കുക. ഇവയിൽ എവിടെയാണ് ബോറടിയും കൺഫ്യൂഷനും ഉള്ളത്. പക്ഷേ ആക്ഷേപഹാസ്യം എന്നാൽ മലയാളത്തിലെ ധാരണ എന്തൊക്കെയോ പേക്കുത്തുകൾ എടുത്തുവച്ചാൽ മതിയെന്നാണ്. അസാമാന്യ നർമ്മബോധവും രാഷ്ട്രീയ സാമൂഹിക വീക്ഷണവും മാത്രമുള്ളവർക്ക് പറ്റിയ പണിയാണിത്. കോമിക്ക് കാരിക്കേച്ചർ അൽപ്പമൊന്ന് പാളിയാൽ ശുദ്ധ വളിപ്പാവും.മോഹലാലിന്റെ 'പെരുച്ചാഴി' മുതൽ മമ്മൂക്കയുടെ 'ഉട്ടോപ്യയിലെ രാജാവു'വരെയുള്ള പെരും കോടലികൾ ഇവിടെ ആക്ഷേപഹാസ്യമാണ്. (ഇടക്കിറിങ്ങിയ 'ചിറകൊടിഞ്ഞ കിനാക്കൾ' എന്ന അസാധ്യ സിനിമയെ മറന്നിട്ടില്ല.) അതേ ജനുസ്സിലാണ് നമ്മുടെ ഇരട്ടക്കുഴൽ തുപ്പാക്കിയും പെടുന്നത്.

ഇനി ഇതിന്റെ പ്രമേയത്തിലേക്കുവരാം. ലൈല, മജ്‌നു എന്ന പേരുള്ള രണ്ടു വിലപിടിച്ച രത്‌നക്കല്ലുകൾ തേടിയുള്ള വിവിധ കൊള്ള സംഘങ്ങളുടെ യാത്രയാണിത്. ഇത് ഗോവയിലെ ഒരു ഡോൺ വിൽക്കാൻ തീരുമാനിക്കുന്നു. ഒറ്റയ്ക്ക് നിലനിൽപ്പില്ലാത്ത രത്‌നങ്ങളാണ് ഇവ. ലൈലയില്‌ളെങ്കിൽ മജ്‌നുവില്ല, മജ്‌നുവില്‌ളെങ്കിൽ ലൈലയുമില്ല. ഒരുമിച്ച് വിറ്റാലേ കാശുള്ളൂ. നൂറ് കോടി വരെ വിലകിട്ടാവുന്ന രത്‌നത്തിന് ഡോൺ വെറും പത്തുകോടി രൂപയാണ് ഇടനിലക്കാരായ പാഞ്ചോയോടും വിൻസിയോടും (യഥാക്രമം പ്രഥ്വീരാജും ഇന്ദ്രജിത്തും) ചോദിക്കുന്നത്. പത്തുകോടി എങ്ങനെയെങ്കിലും ഉണ്ടാക്കി നൂറുകോടി സമ്പാദിക്കാനുള്ള ശ്രമത്തിലാണ് ഇവർ. അപ്പോഴെക്കും ഈ രത്‌നം സ്വന്തമാക്കാൻ പലവഴിയിൽ പല സംഘങ്ങളുമത്തെുന്നു.

റഷ്യൻ ഗ്യാങ്,കൊറിയൻ ഗ്യാങ്,ആഫ്രിക്കൻ ഗ്യാങ്,അങ്ങനെ. ഇവർതമ്മിലുള്ള കെട്ടിമറച്ചിലും വെടിയും പുകയുമാണ് ചിത്രത്തിന്റെ പ്രതിപാദ്യ വിഷയം. അവസാനം ഒരുമാതിരിപ്പെട്ടവരൊക്കെ വെടിയേറ്റ് മരിച്ചിട്ടും ,റോക്കറ്റ് ലോഞ്ചറും ഗ്രേനേഡും വരെ ഉപയോഗിച്ചിട്ടും ഹെലികോപ്റ്ററിൽനിന്ന് വെടിയുതിർത്തിട്ടും ഒരു പോറലുമേൽക്കാതെ ആരാണ് രക്ഷപ്പെടുകയെന്നും, രത്‌നങ്ങൾ ആരുടെ കൈയിലത്തെുമെന്നും നമുക്കെല്ലാം മറിയാം.പൈങ്കിളി സിനിമകളുടെ ഈ ഫോർമാറ്റ്തന്നെയാണ് വ്യത്യസ്തതയെന്ന ലേബലിൽ ലിജോയും അവതരിപ്പിക്കുന്നത്.അല്‌ളെങ്കിൽ ഈ ക്‌ളിഷേ മാറ്റിപ്പിടിക്കാൻ ഇവർ ശ്രമിക്കാത്തതെന്താണ്.

കാർട്ടുർ കാരിക്കേച്ചറിന്റെ മറവിൽ അസംബന്ധങ്ങളും തറവളിപ്പുകളും ഏറെ എഴുന്നള്ളിക്കുന്നുമുണ്ട്.പാഞ്ചോയും വിൻസിയും എന്തുപറഞ്ഞാലും ഒരു പ്രത്യേക ചിരിയാണ്. തുടക്കതിൽ ഒരു കൗതുകം തോന്നുമെങ്കിലും ചാവാൻപോവുമ്പോഴും ഇവർ ചിരിക്കുമ്പോൾ അത് ഒരു ഇളിയായി മാറുന്നു. മറ്റൊരു സംഘമായ മജ്‌നുവിനും (തമിഴ് നടൻ ആര്യ) ഡീസലിനും (ചെമ്പൻ വിനോദ് ) ഇതേ ചിരിതന്നെ. ലഹരിഗുളിക കഴിച്ച്, കാമകിയെ സ്വപ്നം കണ്ട് കഴിയുകയാണ് ആര്യ. ഇയാൾ മറ്റൊരുത്തനെയും വെടിവച്ചിടുന്നുണ്ട്. എന്തിനാണെന്ന് ആർക്കറിയാം. അതിനിടയിൽ അനിൽ മുരളി നയിക്കുന്ന ഗുണ്ടാ സംഘം ഒരു നവ വധൂവരന്മാരുമായി ( രചന നാരായണൺകുട്ടിയും സാബുവും) തങ്ങളുടെ നഷ്ടമായ പണം തിരച്ചുപടിക്കാൻ വരുന്നു. വിജയ്ബാബുവിന്റെ സംഘവും, മലയാളം സംസാരിക്കുന്ന ഒരു ഇംഗ്‌ളീഷുകാരന്റെ സംഘവും, കുറെ ആഫിക്കൻ സംഘവുമൊക്കെ നേരത്തെ തന്നെ വെടിയും പുകയുമായി കളത്തിലുണ്ട്. കാമുകിമാർക്കോപ്പം സദാസമയം ബോട്ടിൽ കഴിയുന്ന മറ്റൊരു അധോലോകൻ വേറെ.അയാളാണ് കൈ്‌ളമാക്‌സിൽ ഹെലികോപ്റ്റിൽവന്ന് വെടിവെക്കുന്നത്. പ്രൊഫഷണൽ കില്ലറായി എന്തിനോവേണ്ടി കൊന്നു നടക്കുന്ന സണ്ണിവെയിൻ ഇതിന് പുറമെയാണ്. കൈമാക്‌സ് എത്തുമ്പോഴേക്കും ആരൊക്കെ എന്തൊക്കെയാണെന്ന് പ്രേക്ഷകന് എത്തും പടിയും കിട്ടില്ല. പൈങ്കിളി നോവലിസ്റ്റുകളൊക്കെ കഥാപാത്രങ്ങളെ മാറിപ്പോവാതിരക്കാൻ 'ഹൂ ഈസ് ഹൂ' അടങ്ങുന്ന ഒരു വംശാവലി ഉണ്ടാക്കി സൂക്ഷിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതൊപോലൊന്ന് സിനിമക്ക്മുമ്പ് പ്രേക്ഷകന്റെ കൈയിൽ പ്രിന്റ് ചെയ്തുകൊടുത്താൽ നന്നാവും.

പറയാൻ വിട്ടുപോയി, ഇതിനിടയിലാണ് മറ്റൊരു വലിയൊരു കോമഡി. നമ്മുടെ ആസിഫ് അലിയും കാമുകി പേളിയും ഒന്ന് ശാരീരിക ബന്ധം പുലർത്താൻ മുട്ടി ഗോവയിൽ എത്തുന്നു. പക്ഷേ ഇവർ എവിടെപ്പോയാലും അധോലോക സംഘങ്ങളുടെ വെടിക്കിടയിൽ പെട്ടുപോവുന്നു. നല്ല തമാശതന്നെ! ആക്ഷേപഹാസ്യ സിനിമയായാൻ എന്തുമാവാം. മരിക്കുമ്പോൾ പോലും മനുഷ്യൻ കോമഡി കാട്ടുന്നു. ഒരു ഭീകര മെക്‌സിക്കൻ ഡോൺ ( സംവിധായകൻ അനിൽരാധാഷ്ണമേനോൻ) തന്റെ കാമുകി ലൈലയെ ( സ്വാതി റെഡ്ഡി) കൊന്ന് ഫ്രിഡ്ജിൽ സിഗരറ്റ് വലിക്കുന്ന പരുവത്തിൽ എടുത്തുവച്ചിരിക്കയാണ്. കാരണം എന്താണെന്നോ. പെഗ്ഗിന് രണ്ടുലക്ഷം രൂപ വിലയുള്ള മദ്യത്തിൽ അവൾ ഓറഞ്ച് ജ്യൂസ് കലക്കി ഡോണിന് കൊടുത്തു! ഇത്രയും വിലകൂടിയ മദ്യം ഒന്നും ഒഴിക്കാതെയാണത്രേ കഴിക്കേണ്ടത്.ഈ നിസ്സാര കാര്യത്തിനാണ് അയാൾ അവളുടെ കഥകഴിച്ചത്. എങ്ങനെയുണ്ട് കാരിക്കേച്ചർ കോമഡി! ഈ ജാതിയുള്ള, പച്ചമലയാളത്തിൽ പറഞ്ഞാൽ ഊമ്പിച്ച കോമഡികൾകൊണ്ടുള്ള ആക്രമണമാണ് സിനിമ മൊത്തത്തിൽ. ലഹരിഗുളിക തിന്ന് കിളിപോയ ആര്യയും, മരിച്ച് ഫ്രിഡ്ജിനുള്ളിൽ ഇരിക്കുന്ന സ്വാതിറെഡ്ഡിയും തമ്മിൽ സാങ്കൽപ്പിക പ്രണയംകൊണ്ടുവന്ന് അൽപ്പം ഇന്റലക്ച്വൽ തലത്തിലേക്ക് കൊണ്ടുപോവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും ചത്ത സംഭാഷണങ്ങൾ ആ രംഗങ്ങളും നശിപ്പിച്ച് കൈയിൽ കൊടുക്കുന്നു.

ഈ ചിത്രത്തിലെ മറ്റൊരു ബാധ്യത തിരക്കഥയും സംഭാഷണവുമൊക്കെ സംവിധായകൻതന്നെ നേരിട്ട് എഴുതാൻപോയതാണ്. അവലക്ഷണംകെട്ട സംഭാഷണങ്ങളാണ് ചിത്രത്തിൽ പലേടത്തും ഉള്ളത്. ആകാശത്തൊള്ളായിരം, ഭൂമിത്തൊള്ളായിരം എന്നൊക്കെയുള്ള വികലവാക്കുകൾ ആര്യയെക്കൊണ്ട് പറയിക്കുന്നത് കേട്ടൽ കുട്ടികൃഷ്ണമാരാരുടെയൊക്കെ ആത്മാവ് പൊറുക്കില്ല.

ഒരു ചുവട് മുന്നിൽ ഇന്ദ്രജിത്ത്; നിരാശപ്പെടുത്തി ആര്യ

പൃഥീരാജ്ഇന്ദ്രിജിത്ത് സഹോദരന്മാരുടെ പ്രകടനം തന്നെയാണ് സിനിമയുടെ കാതൽ. ഇതിൽ തന്റെ കഥാപാത്രത്തെ അനായാസമായി കൈകാര്യം ചെയ്ത് ഇന്ദ്രനാണ് പ്രേക്ഷകരുടെ പ്രീതിപിടിച്ചു പറുന്നത്. ശരിക്കും ഒരു കാരിക്കേച്ചറിന്റെ എല്ലാ ഭാവങ്ങും ഇന്ദ്രജിത്ത് ആവാഹിച്ചു കഴിഞ്ഞു. അൽപ്പം ഭാഗ്യംകൂടിയുണ്ടായിരുന്നെങ്കിൽ ഈ അതുല്യ നടൻ എന്നേ സൂപ്പർ സ്റ്റാറായി മാറിയേനെ. പക്ഷേ എന്തുചെയ്യാം, ഇന്ദ്രജിത്ത് കസറുന്ന പടങ്ങളിൽ പലതും ബോക്‌സോഫീസ് വിജയമാവാറില്‌ളെന്ന ദൗർഭാഗ്യം ഇത്തവണയും ഉണ്ടാവുകയാണ്.എന്നാൽ നമ്മുടെ രാജുവും മോശമാക്കിയിട്ടില്ല. മുൻകാലങ്ങളിൽ ഹാസ്യരംഗങ്ങൾ കൈകാര്യം ചെയ്യന്നതിന് പരിമിതിയെ പൃഥ്വീരാജ് ഇത്തവണ അതിജീവിച്ചിട്ടുണ്ട്.തുടക്ക സീനുകളിൽ തന്നെയുള്ള മുഖംകൊണ്ട് ഗോഷ്ടികാണിക്കുന്ന സീനുകളൊക്കെ പഴയ പ്രഥ്വീരാജ് ആയിരുന്നെങ്കിൽ കുളമായേനെ. പക്ഷേ എറ്റവും ശ്രദ്ധേയം സ്വന്തം പ്രൊഡക്ഷനായിട്ടും തന്റെ കഥാപാത്രത്തെ പൊക്കാനുള്ള ഒരു ശ്രമങ്ങളും പ്രഥ്വീരാജ് നടത്തിയിട്ടില്ല എന്നതാണ്. ഈ സ്പോർട്സ്മാൻ സ്പിരിറ്റ് നമ്മുടെ സൂപ്പർതാരങ്ങൾവരെ കണ്ടുപടിക്കേണ്ടതാണ്.

കെനിയൻ ഗ്യാങ്‌സിലെ ലീഡറും,സണ്ണി വെയിനിനൊപ്പമുള്ള കുട്ടിയും ചെറുരംഗങ്ങളിലൂടെ ചിരിയുയർത്തുന്നു. സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ പറഞ്ഞപോലെ അമേദ്യം, ഉച്ചിഷ്ടം എന്നൊക്കെ പറഞ്ഞുള്ള കെനിയൻ ഗാങ്ങ് ലീഡറുടെ മലയാളത്തിലുള്ള തെറിവിളി ശരിക്കും ഏറ്റിട്ടുണ്ട്. ചെമ്പൻവിനോദ് പതിവുപോലെ താൻ ചെയ്ത വേഷത്തോട് പൂർണമായും നീതി പുലർത്തി. എന്നാൽ തമിഴ് നടൻ ആര്യയാണ് തീർത്തും നിരാശപ്പെടുത്തിയത്. അല്‌ളെങ്കിൽ ആര്യയെപ്പോലൊരു നടന് ചെയ്യാനായി യാതൊന്നും ആ കഥാപാത്രത്തിൽ ഇല്ലായിരുന്നു. വിജയ്ബാബും, മുരളിഗോപിയും പലഭാഗത്തും ഓവറാക്കുന്നുണ്ട്.ഇഷാ ഷെർവാണിയും, സ്വാതിറെഡ്ഡിയും പേര് മോശമാക്കാത്ത പ്രകടനം കാഴ്ചവച്ചപ്പോൾ, ടെലിവിഷൻ ഹസ്യപരമ്പരകളുടെ ഹാങ്ങോവർ വിട്ടുമാറാത്ത രീതിയിലാണ് രചന നാരായൺകുട്ടിയുടെ അഭിനയം.

പ്രശാന്തള പിള്ളയുടെ ഗാനങ്ങൾ ശരാശരിമാത്രാണ്. ഒരു സെൽഫി പാട്ടൊക്കെ അസഹനീയവും. 'ആമേൻ', 'മോസയിലെ കുതിരമീനുകൾ' എന്നീ ചിത്രങ്ങളിലുടെ കഴിവുതെളിച്ച അഭിനന്ദൻ രാമനുജന്റെ ക്യാമറ ഇത്തവണയും അദ്ഭുദം കാട്ടുന്നുണ്ട്. ഗോവൻ കടൽതീരവും പുൽമേടുകളുമൊക്കെയായി ക്യാമറ ശരിക്ക് വിലസുകയാണ്. പക്ഷേ പടത്തിന്റെ മൊത്തം റിസൾട്ട് മോശമായതോടെ ഈ അധ്വാനമൊക്കെ വെള്ളത്തിലാവുകയാണെല്ലോ.

വാൽക്കഷ്ണം: പ്രിയപ്പെട്ട ലിജോ, വ്യത്യസ്തതകൾക്കായി ഹോളിവുഡ്ഡ് സിനിമകളും ലാറ്റിനമേരിക്കൻ വർക്കുകളുമൊക്കെ റഫർ ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ അതൊക്കെ എതാണ്ട് അതുപോലെ മലയാളത്തിലേക്ക് കൊണ്ടുവരണമെന്ന വാശി നല്ലതാണോ. കപ്പ പിഴുതുമാറ്റി അവിടെ ആപ്പിൾ നട്ടാൽ കേരളത്തിൽ മുളക്കുമോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP