Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കുറെ പാട്ടുകളും കോമഡിയും, വികാരമില്ലാത്ത റൊമാൻസും സിനിമയിൽ ഉടനീളം കുത്തി നിറച്ചിട്ട് കാര്യമില്ല ഒമർ ലുലൂ; പ്രേക്ഷകർക്ക് വേണ്ടത് കാമ്പുള്ള കഥയാണ്; ഇത്തവണയും ഒമർ ലുലു പ്രേക്ഷകരെ നിരാശപ്പെടുത്തി; മുൻ സിനിമകളെ അനുകരിച്ചെത്തിയ ചിത്രം ശരാശരി നിലവാരം പോലും പുലർത്തുന്നില്ല; ചങ്ക്സിന്റെ മറ്റൊരു വേർഷനായ 'ധമാക്ക'യിലും നിറയുന്നത് അഡൾട്ട് കോമഡി

കുറെ പാട്ടുകളും കോമഡിയും, വികാരമില്ലാത്ത റൊമാൻസും സിനിമയിൽ ഉടനീളം കുത്തി നിറച്ചിട്ട് കാര്യമില്ല ഒമർ ലുലൂ; പ്രേക്ഷകർക്ക് വേണ്ടത് കാമ്പുള്ള കഥയാണ്; ഇത്തവണയും ഒമർ ലുലു പ്രേക്ഷകരെ നിരാശപ്പെടുത്തി; മുൻ സിനിമകളെ അനുകരിച്ചെത്തിയ ചിത്രം ശരാശരി നിലവാരം പോലും പുലർത്തുന്നില്ല; ചങ്ക്സിന്റെ മറ്റൊരു വേർഷനായ 'ധമാക്ക'യിലും നിറയുന്നത് അഡൾട്ട് കോമഡി

സുവർണ്ണ പി എസ്

 2020 ലെ ആദ്യ ചിത്രമാണ് ഒമർലുലുവിന്റെ 'ധമാക്ക'. 'ആൻ ഒമർ ലുലു സെലബ്രേഷൻ' എന്ന ടാഗ് ലൈനോട് കൂടെയാണ് എത്തിയിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ഒരു അഡാർ ലൗ, ചങ്ക്സ് എന്നീ സിനിമകൾക്ക് ശേഷം ഒമർ ലുലുവിന്റേതായി പുറത്തെത്തിയിരിക്കുന്ന സിനിമ എന്ന പ്രത്യേകതയും ധമാക്കയ്ക്കുണ്ട്. ഒരു അഡൾട്ട് കോമഡിയാണ് ചിത്രം. അരുൺ കുമാറും നിക്കി ഗൽറാണിയും കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമയിൽ മുകേഷ്, ഉർവ്വശി, ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹരീഷ് കണാരൻ, സലീം കുമാർ, സാബുമോൻ, ശാലിൻ സോയ, നേഹ എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഒമർ ലുലു സംവിധാനം ചെയ്തിരിക്കുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് എം.കെ.നാസറാണ്.

സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ ചങ്ക്സ് എന്ന സിനിമയുടെ മറ്റൊരു വേർഷനാണ് ധമാക്ക എന്ന് പറയാം. ഉത്തരവാദിത്തം ഇല്ലാത്ത മകൻ, മകനെ നല്ല നിലയിൽ എത്തിക്കാൻ അച്ഛൻ നടത്തുന്ന സൂത്രപണികൾ, യാതൊരു വികാരവും ഉണ്ടാക്കാത്ത പ്രണയ രംഗങ്ങൾ, ആവശ്യമില്ലാത്ത കോമഡികൾ, കുറച്ച് പാട്ടുകളും ഇതാണ് ധമാക്ക. ഏതൊരു പ്രേക്ഷകനും ചങ്ക്സ് എന്ന മുൻ ഒമർ ലുലു ചിത്രത്തെ ഓർത്ത് പോയേക്കാം. അതിൽ തെറ്റ് പറയാനും കഴിയില്ല. കാരണം രണ്ട് ചിത്രങ്ങൾക്കും ഏറെ കുറെ സാമ്യതകളുണ്ട്. ചങ്ക്സിലേത് പോലുള്ള ഒരു കല്ല്യാണ പാട്ടും സിനിമയിൽ ഉണ്ട്. ഒമർ ലുലുവിന്റെ സിനിമകളിലെ പാട്ടുകളെ കുറിച്ച് പറയേണ്ടതില്ലല്ലോ. സിനിമയുടെ കഥയെക്കാൾ മികച്ചതായിരിക്കും ഗാനങ്ങൾ.

ചില സീനുകൾ കണ്ട് പ്രേക്ഷകർ കൈയടിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എങ്കിലും കാമ്പില്ലാത്ത കഥ സിനിമയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്‌ച്ച വയ്ക്കുന്നത്. ഇന്നസെന്റ്, മുകേഷ്, ഉർവ്വശി എന്നീ സീനിയർ ആക്ടേഴ്‌സിന്റെ അഭിനയത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. ബാലതാരമായി സിനിമയിലെത്തിയ അരുൺ കുമാറും നല്ല പെർഫോമെൻസ് തന്നെയാണ് കാഴ്‌ച്ചവെച്ചത്. താരം നായകനായി അരങ്ങേറുന്ന ആദ്യ ചിത്രം കൂടെയാണ് ധമാക്ക. താരത്തിന്റെ നായികയായി എത്തിയ നിക്കിയും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. സിനിമയിൽ ഉടനീളം നായകന്റെ എർത്തായി നടക്കുന്ന ധർജൻ ബോൾഗാട്ടി അവതരിപ്പിച്ച കഥാപാത്രം ചിത്രത്തിൽ വളരെയധികം മികച്ച് നിൽക്കുന്നതാണ്. താരത്തിന്റെ കോമഡികളെല്ലാം തന്നെ പ്രേക്ഷകരെ ചിരിപ്പിച്ചു.

എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. എന്നാൽ ധമാക്ക എന്ന സിനിമ ഏത് തരം പ്രേക്ഷകർക്ക് കാണാൻ കഴിയുന്നതാണെന്ന് ചോദിച്ചാൽ ബാച്ചിലേഴ്‌സ് എന്ന് പറയാം. കാരണം സദാചാരബോധം കൊണ്ടു നടക്കുന്നവർക്ക് കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമല്ല ഇത്. മാത്രമല്ല കുടുംബസമേതം പോയി കാണാനും കഴിയില്ല. തുടക്കം മുതൽ ഒടുക്കം വരെ ദ്വയാർത്ഥമാണ് സിനിമയിൽ മുഴച്ച് നിൽക്കുന്നത്. ഇത്തരം ദ്വയാർത്ഥങ്ങൾ യുവാക്കളെ കൊണ്ട് കൈയടിപ്പിച്ചേക്കാം. എന്നാൽ കുടുംബപ്രേക്ഷകർക്ക് അത് അരോചകം ആവും.

ഒമർ ലുലു മുൻ ചിത്രങ്ങളിലെ പാട്ടുകളിലെ ചില വരികളും സിനിമയെ കുറിച്ചുള്ള വർണ്ണനകളും ഈ സിനിമയുടെ ചില ഭാഗങ്ങളിൽ കാണാം. അതൊരു ഏച്ചുകെട്ടലായി തോന്നിയേക്കാം. ഈ ഒമർ ലുലു ചിത്രം. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് പറയാനാണെങ്കിൽ പാട്ടുകളെല്ലാം ആസ്വദിക്കാൻ കഴിയുന്നതാണ്. കാണാൻ അഴകില്ലേലും എന്ന ഗാനം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ടിക്ടോക്കിലും യൂട്യൂബിലും ഹിറ്റായിരുന്നു. മാത്രമല്ല ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് മോശം പറയാൻ ഒന്നുമില്ല. സിനിമയുടെ മേക്കിങ്ങ് വശം മെച്ചപ്പെട്ടിട്ടുണ്ട്.

എന്നാൽ പറയേണ്ട ഒരു കാര്യം എന്തിനാണ് സിനിമയിൽ ആവശ്യമില്ലാത്ത കോമഡികൾ വാരി വിതറിയിരിക്കുന്നത് എന്നാണ്. മാത്രമല്ല കുറെ ഡബിൾ മീനിങ്ങുകളുമുള്ള മറ്റ് കോമഡികളും. അതുകൊണ്ട് തന്നെ കുടുംബവുമൊത്ത് കാണാൻ കഴിയുന്ന സിനിമകളുടെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. കുറെ വളിപ്പുകൾ നിറച്ച് വച്ചാൽ എങ്ങനെയിരിക്കും എന്നുള്ളതിന്റെ ഒരു ഉദാഹരണം കൂടെയാണ് ഈ സിനിമ. നേരത്തെ പറഞ്ഞപോലെ പാട്ടുകൾ ആസ്വദിക്കാൻ കഴിയുമെങ്കിലും മുഴുവൻ കളറുകൾ വാരിയെറിഞ്ഞൊരു ആംബിയൻസാണ് പാട്ടുകൾക്ക്.

സിനിമയെ കുറിച്ച് പറയേണ്ട മറ്റൊരു കാര്യം സ്ത്രീ ശരീരം എക്‌സ്‌പോസ് ചെയ്യിക്കാൻ കഴിയുന്നിടത്തെല്ലാം എക്‌സ്‌പോസ് ചെയ്യിപ്പിച്ചിട്ടുണ്ടെന്നാണ്. ഇത്തരം ഒരു മലയാള സിനിമയിൽ ഇങ്ങനെയുള്ള തുറന്നു കാട്ടൽ ആവശ്യമുണ്ടോ.. ഇനി ഇങ്ങനെയുള്ള രംഗങ്ങൾ ഇഷ്ടപ്പെടുന്നവർ ഇതൊക്കെ കണ്ട് തൃപ്തിപ്പെടട്ടേ എന്ന് കരുതിയാണോ എന്നും അറിയില്ല. ഇനി ഒമർ ലുലുവെന്ന സംവിധായകനെ കുറിച്ച് പറയുകയാണെങ്കിൽ ഒരു സംവിധായകനെന്ന നിലയിൽ സിനിമയെ കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു എന്നാണ്. മാത്രമല്ല കഥയും മികച്ചതാക്കാമായിരുന്നു. കുറെ പാട്ടുകളും, കോമഡിയും, റൊമാൻസും സിനിമയിൽ ഉടനീളം കുത്തി നിറച്ചിട്ട് കാര്യമില്ല. കാരണം മലയാളി പ്രേക്ഷകർ എന്നും കാമ്പുള്ള പ്രമേയമാണ് ഇഷ്ടപ്പെടുന്നത്. ഒരുപരിധി വരെ മാത്രമാണ് ഇത്തരം സിനിമകളെ പ്രേക്ഷകർ ആസ്വദിക്കുകയുള്ളൂ. ആ പരിധി കഴിഞ്ഞാൽ പിന്നീട് പ്രേക്ഷകർ ഇത്തരം സിനിമകളെ തള്ളിക്കളയും. ഹാപ്പി വെഡ്ഡിങ്ങ് മാത്രമാണ് ഒമർ ലുലുവിന്റെ ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് നല്ലൊരു സിനിമ എന്ന് പറയാവുന്നത്.

ഏറെക്കുറെ ബോറൻ തമാശകൾ ഉണ്ടെങ്കിലും സിനിമയുടെ അവസാന ഭാഗത്തേയ്ക്ക് എത്തുമ്പോൾ ഗൗരവമേറിയ ഒരു വിഷയം സിനിമ കൈകാര്യം ചെയ്യുന്നു. മനുഷ്യന്റെ അവസ്ഥയെ ചൂഷണം ചെയ്യുന്ന വ്യാജ ചികിത്സാരീതികൾക്കെതിരെയുള്ള ഒരു വിമർശനം കൂടെയാവുന്നുണ്ട് സിനിമ. എന്തായാലും ഈ വർഷം ആദ്യം പുറത്തെത്തിയ സിനിമ പ്രതീക്ഷിച്ച അത്ര നിലവാരം പുലർത്തിയില്ല. കണ്ടിരിക്കാവുന്ന ഒരു സിനിമ മാത്രമാണ് ധമാക്ക. അതിൽ കൂടുതൽ ഒന്നും തന്നെ ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP