Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദ ബ്രെയിൻ' തലച്ചോറിനെ പരിഹസിക്കുന്ന ചിത്രം; അഞ്ചാമൂഴത്തിലെ സിബിഐ ദുരന്തം; പരിതാപകരമായ തിരക്കഥ; അറുപഴഞ്ചൻ മേക്കിങ്ങ്; അടിമുടി മിസ് കാസ്റ്റിങ്ങ്; മമ്മൂട്ടിയുടെ ഊർജവും പാഴായി; മികച്ചു നിന്നത് സായികുമാറും ജഗതിയും; കെ മധുവും എസ് എൻ സ്വാമിയുമെല്ലാം സിനിമയിൽ നിന്ന് വിആർഎസ് എടുക്കണം!

'ദ  ബ്രെയിൻ' തലച്ചോറിനെ പരിഹസിക്കുന്ന ചിത്രം; അഞ്ചാമൂഴത്തിലെ സിബിഐ ദുരന്തം; പരിതാപകരമായ തിരക്കഥ; അറുപഴഞ്ചൻ മേക്കിങ്ങ്; അടിമുടി മിസ് കാസ്റ്റിങ്ങ്; മമ്മൂട്ടിയുടെ ഊർജവും പാഴായി; മികച്ചു നിന്നത് സായികുമാറും ജഗതിയും; കെ മധുവും എസ് എൻ സ്വാമിയുമെല്ലാം സിനിമയിൽ നിന്ന് വിആർഎസ് എടുക്കണം!

എം റിജു

പാട്ടില്ല, ഡാൻസില്ല, സംഘട്ടനങ്ങളില്ല, പ്രേമമില്ല, തട്ടുപൊളിപ്പൻ രംഗങ്ങൾ ഒന്നുമില്ല. അന്നേവരെ കണ്ടുമുടത്ത എല്ലാ ഫോർമാറ്റിൽനിന്നും വ്യത്യസ്തമായി തീർത്തും ബൗദ്ധികമായ ഒരു വിരുന്നായിരുന്നു, 1988 ഫെബ്രുവരി 11ന് ഇറങ്ങിയ, 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന മലയാള സിനിമ. ഡമ്മി പരീക്ഷണവും ശാസ്ത്രീയമായ കുറ്റാന്വേഷണവുമൊക്കെയായി അത് ഇന്ത്യൻ സിനിമയിൽതന്നെ ചരിത്രമായിരുന്നു. നാളിതുവരെയുള്ള നമ്മുടെ സ്സ്പെൻസ് ത്രില്ലറുകളുടെയൊക്കെ ജാതകം തിരുത്തുന്ന ഒന്ന്.

ഇന്ത്യൻ സിനിമയിൽ പൊലീസിന് പകരം സിബിഐ കടന്നുവരുന്നത് ഇത് ആദ്യമായിരുന്നു. അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച പോളക്കുളം കൊലപാതക കേസ് ആയിരുന്നു ഇതിനായി തിരക്കഥാകൃത്ത് എസ്എൻ സ്വാമിയുടെ റഫറൻസ്. പോളക്കുളം കേസിലെ ഡമ്മി ടു ഡമ്മി എക്സ്പെരിമെന്റല്ലാം ഈ പടത്തിൽ അദ്ദേഹം കൊണ്ടുവന്നു. കേരളത്തിന് പുറത്തും 'ഒരു സി ബി ഐ ഡയറികുറിപ്പിനു' ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. മദ്രാസിലെ സഫയർ തീയേറ്ററിൽ 245 ദിവസം ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിനു ശേഷം 2015 ഇൽ റിലീസ് ചെയ്ത പ്രേമം ആണ് 250 ദിവസത്തിനു മുകളിൽ തമിഴ്‌നാട് പ്രദർശിപ്പിച്ചു ആ റെക്കോർഡ് മറികടന്നത്. തമിഴ്‌നാട്ടിൽ മലയാള സിനിമക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ ഈ ചിത്രത്തിന്റെ വിജയത്തിനു വലിയ സ്ഥാനമുണ്ട്.

1989ൽ ഇറങ്ങിയ സിബിഐ രണ്ടാംഭാഗം 'ജാഗ്രത' തീയേറ്റിൽ വലിയ വിജയമായിരുന്നില്ല. പക്ഷേ ഈ സീരീസിലെ ഏറ്റവും മികച്ച ചിത്രമായി ജാഗ്രതയെക്കുറിച്ച് പിന്നീട് നിരൂപണങ്ങൾ വന്നു. തീയേറ്ററിനേക്കാൾ കാസറ്റും സീഡിയുമായാണ് ജാഗ്രതക്ക് പ്രചാരം കിട്ടിയത്. എന്നാൽ 2004ൽ പുറത്തിറങ്ങിയ സേതുരാമയ്യർ സിബിഐ, 16 കോടിയോളം കളക്ഷൻ നേടി ബ്ലോക്ക് ബസ്റ്ററായി. സേതുരാമയ്യറിലെ തന്നെ ഈശോ-മോസി ക്ലൈമാക്സ് ട്വിസ്റ്റ് ഇന്നും വലിയ രീതിയിൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതാണ്.

2005ലാണ് നാലാമത്തെ ചിത്രമായ 'നേരറിയാൻ സിബിഐ' പുറത്തു വന്നത്. ഇത് വമ്പൻ പരാജയമായി. സിബിഐ സീരിസിലെ ഏറ്റവും മോശം ചിത്രമെന്ന അപഖ്യാതിയാണ് ഈ ചിത്രം ഉണ്ടാക്കിയത്. എന്നാൽ ഇപ്പോഴിതാ 17 വർഷങ്ങൾക്ക് ശേഷം, മലയാളസിനിമയിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാംഭാഗം എന്ന കീർത്തിയുമായി ദ ബ്രയിൻ ഇറങ്ങുകയാണ്. ഈ പടവും റെക്കോർഡുകൾ തിരുത്തുകയാണ്. പക്ഷേ അത് സിബിഐ സീരീസിലെ ഏറ്റവും മോശം സിനിമയെന്ന 'നേരറിയാൻ സിബിഐ'യുടെ റെക്കോർഡാണ് തിരുത്തുന്നത് എന്നുമാത്രം!

പ്രേക്ഷകർക്കുനേരെയുള്ള ബാസ്‌ക്കറ്റ്കില്ലിങ്ങ്!

ഈ ചിത്രത്തിന് ബ്രയിൻ എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഒരുപക്ഷേ കാണാൻ ബ്രയിൻ വേണ്ടാത്ത ചിത്രം എന്നാണാവോ സംവിധായകൻ ഉദ്ദേശിച്ചത്. 90കളുടെ തുടക്കത്തിൽ നാം കണ്ട അതേ പഴഞ്ചൻ ഫോർമാറ്റാണ് ചിത്രത്തിൽ.
162 മിനിറ്റ് ദൈർഘ്യമുള്ള സിബിഐ 5 ൽ ത്രില്ലിങ് ആയത് മൊത്തത്തിൽ പത്തുമിനുട്ടുപോലുമില്ല.

സിബിഐ സിനിമകൾക്ക് വേണ്ടി ഒരു ടെംപ്ളേറ്റ് സെറ്റ് ചെയ്തിട്ടുണ്ട് എസ് എൻ സ്വാമി. സിനിമയുടെ തുടക്കം മുതൽ നമ്മുടെ കൺമുന്നിൽ ഒരുപാട് കഥാപാത്രങ്ങൾ കടന്നു വരുന്നു. നമ്മുടെ മനസ്സിൽ കൊലപാതകിയാക്കി ഒരാളെ ഇട്ടു തരുന്നു, എന്നാൽ നമ്മൾ ഒരിക്കലും ചിന്തിക്കാത്ത മറ്റൊരു കഥാപാത്രത്തെ ക്ലൈമാക്സിൽ കില്ലറായി പിടികൂടപ്പെടുന്നു. ഈ ഫോർമാറ്റ് കൃത്യമായി എല്ലാ സി ബി ഐ ചിത്രങ്ങളിലും ഫോള്ളോ ചെയ്തിട്ടുണ്ട്.

ബാസ്‌കറ്റ് കില്ലിങ്' ആണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഒന്നിനു പിറകെ ഒന്നായി നടക്കുന്ന കൊലപാതകങ്ങൾ. സംസ്ഥാനത്തെ മന്ത്രിയുടെ മരണവും പിന്നാലെയുണ്ടാകുന്ന സംഭവങ്ങളും പൊലീസിനെ കുഴയ്ക്കുന്നു. യഥാർത്ഥ കൊലയാളിയെ തേടിയുള്ള പൊലീസിന്റെ അന്വേഷണം പൂർത്തിയാവും മുൻപുതന്നെ സിബിഐ ക്രൈം സീനിലേക്ക് എത്തുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്യുന്നു. ചിന്നി ചിതറി കിടക്കുന്ന സംശയങ്ങളും നിഗമനങ്ങളും വെച്ച് സത്യത്തിന്റെ പൊരുൾ തേടിയുള്ള സേതുരാമയ്യരുടെയും സംഘത്തിന്റെയും യാത്ര അവിടം തുടങ്ങുകയാണ്. ഒരുപാട് നാളത്തെ അലച്ചിലിനൊടുവിൽ പരസ്പരം പൂരിപ്പിക്കാനാവാതെ കിടക്കുന്ന ആ ഡോട്ടുകൾ ബന്ധിപ്പിച്ച് യഥാർത്ഥ കുറ്റവാളിയിലേക്ക് അയ്യർ എത്തിച്ചേരുന്നു.

മുൻ ചിത്രങ്ങളിൽ താൻ പരീക്ഷിച്ചു വിജയിച്ച ആ പഴയ ശൈലിയിൽ തന്നെയാണ് സിബിഐ 5ന്റെ കഥയും എസ് എൻ സ്വാമി പറയുന്നത്. സിബിഐയുടെ ചരിത്രത്തിലെ ഏറ്റവും കൺഫ്യൂസിങ്ങ് ആയിട്ടുള്ള കേസ് എന്നൊക്കെ ബിൽഡപ്പ് തള്ളൽ കൊടുത്താണ് രഞ്ജി പണിക്കർ ഈ ഇൻവെസ്റ്റിഗേഷൻ ഫയൽ അവതരിപ്പിക്കുന്നത് എങ്കിലും പിന്നീടുള്ള ഒരു ഘട്ടത്തിലും ക്രൈമോ എൻക്വയറിയോ ഒന്നും ഒട്ടും ഫീൽ ചെയ്യുന്നേയില്ല.

ഇത്തവണ വളരെയധികം പ്രാധാന്യമുള്ള കേസായതിനാൽ തന്നെ സേതുരാമയ്യരുടെ അന്വേഷണ സംഘത്തിൽ അംഗസംഖ്യയും കൂടുതലാണ്. അയ്യരുടെയൊപ്പം ചിത്രത്തിൽ വനിതാ ഉദ്യോഗസ്ഥരെത്തുന്നു എന്നതും പ്രത്യേകതയാണ്. മെല്ലെപ്പോകുന്ന ആദ്യ പകുതിക്ക് ചൂടുപിടിക്കുന്നത് സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ എത്തുന്നതോടെയാണ്. ആദ്യ പകുതിയിയേക്കാർ ഭേദം രണ്ടാപകുതിയാണ്. രണ്ടാം പകുതിയിൽ കേസന്വേഷണം പുരോഗമിക്കുന്തോറും പ്രേക്ഷകരെ ചെറിയ രീതിയിൽ എൻഗേജ് ചെയ്യിക്കാൻ കഴിയുന്നുണ്ട്. പക്ഷേ മുൻ ഭാഗങ്ങളിലെ അതേ ട്വിസ്റ്റും അവിഹിതവുമൊക്കെയായി ആകെ കഥ കുളമാവുകയാണ്.

ഇന്റർവെൽ പഞ്ച് നനഞ്ഞ പടക്കമായിരുന്നു എങ്കിൽ ക്ളൈമാക്‌സ് കഴിയുമ്പോൾ തലയിൽ കൈവെച്ച് ഇരുന്നുപോവും.എസ്.എൻ സ്വാമി തന്നെ ദി ട്രൂത്തിൽ(1998) ഗംഭീരമായി അവതരിപ്പിച്ച ഒരു ട്വിസ്റ്റും 2021ൽ വന്ന വിശാൽ-ആര്യ ത്രില്ലറിലെ ഒരു ടെക്നിക്കൽ ഇൻഫോർമേഷനുമാണ് മൊത്തത്തിൽ പരിതാപകരം എന്നുപറയാവുന്ന സ്‌ക്രിപ്റ്റിന്റെ ആകെ കൈമുതൽ.സസ്പെൻസ് സിനിമയാതുകൊണ്ട് കഥയിലേക്ക് അധികം കടക്കുന്നില്ല. സോഷ്യൽ മീഡിയിൽ ആരോ എഴുതിയപോലെ, 'കേശു ഈ വീടിന്റെ നാഥന് ശേഷം' മലയാള സിനിമ കണ്ട ഏറ്റവും കിടിലം ട്വിസ്റ്റാണ് ദി ബ്രെയിനിൽ. പ്രേക്ഷകർക്ക് നേരെയുള്ള ബാസ്‌ക്കറ്റ് കില്ലിങ്ങായിപ്പോയി ഈ പടം.

മെയ്‌ക്കിംഗിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട അതും അറുപഴഞ്ചാണ്. 90കളിലെ അതേ ഫോർമാറ്റിൽ നിൽക്കുയാണ് കെ മധു. പുതിയകാലവുമായും പുതിയ പ്രേക്ഷകരുമായും അദ്ദേഹത്തിന് ഒട്ടും സംവേദിക്കാൻ കഴിയുന്നില്ല. പഴയ സ്റ്റൈലിലുള്ള മേക്കിങ്ങും ഡയലോഗ് നരേഷൻ കൂടുതലായതും ഒക്കെ ഈ സിനിമയ്ക്ക് നെഗറ്റീവാകുന്നു.

ഈ പടം കണ്ടപ്പോൾ തോന്നിയത് സിനിമയിലും ഒരു സ്വയം വിരമിക്കൽ വേണമെന്നാണ്. കാരണം എസ് എൻ സ്വാമിക്കും കെ മധുവുമൊന്നും ഒട്ടും അപ്ഡേറ്റ് അല്ല. പുതിയ കാലവുമായി സംവദിക്കാൻ അവർക്ക് കഴിയുന്നില്ല. കുട്ടികൾപോലും കൊറിയൻ ത്രില്ലറുകൾ കാണുന്ന കാലമാണിതെന്ന് ഇവർ ഓർക്കേണ്ടതായിരുന്നു. ഒടിടിക്കാലം മലയാള സിനിമയുടെ ഭാവുകത്വത്തെ വല്ലാതെ മാറ്റിക്കഴിഞ്ഞു. ഇക്കാലത്ത് ഈ മോഡൽ ഒരു അറുപഴഞ്ചൻ പടം എത്തിക്കാനുള്ള സാഹസികത കാണിച്ച എസ് എൻ സ്വാമിയും കെ മധുവും രാഷ്ട്രപതിയുടെ ധീരതക്കുള്ള സ്വർണമെഡൽ അർഹിക്കുന്നുണ്ട്! ഈ ധീരതയാണ് ധീരത. സ്വാമിയെയും മധുവിനെയും പോലെ മമ്മൂട്ടിയും ഈ സർഗാത്മക കുറ്റകൃത്യത്തിൽ കൂട്ടുപ്രതിയാണ്. ഇതുപോലെ ഒരു കഥയുമായി ഒരു ചെറുപ്പക്കാരനാണ് വന്നിരുന്നെതെങ്കിൽ മമ്മൂട്ടി ഓടിക്കുമായിരുന്നല്ലോ.

സായികുമാറിനും ജഗതിക്കും കൈയടി

അടിമുടി മിസ് കാസ്റ്റിങ്ങിന്റെ അയ്യരുകളിയാണ് ഈ ചിത്രം. രഞ്ജി പണിക്കർ താട്ട് രമേഷ് പിഷാരടിവരെ നന്നായിട്ടില്ല. ശ്വാസം മുട്ടുന്ന രീതിയിൽ മസില് പിടിച്ചു നിൽക്കയാണ് രഞ്ജി പണിക്കർ. ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കാനായി ഒരു ലോഡ് കഥാപാത്രങ്ങൾ വേറേയുമുണ്ട്.

പക്ഷേ തിയേറ്ററിൽ കുറച്ചേലും ഓളം ഉണ്ടാക്കിയത് സായ് കുമാറിന്റെ രംഗങ്ങളാണ് ! സുകുമാരനെ അനുസ്മരിപ്പിക്കുന്ന ആ ഡയലോഗ് ഡെലിവറിയും, മാനറിസങ്ങളുമൊക്കെ സൂപ്പർ ആണ്. സത്യദാസ് എന്ന പൊലീസുകാരനായെത്തിയ സായ് കുമാറിന് സീരിസിലെ മുൻ ചിത്രത്തിലെ കഥാപാത്രത്തെ അതേ മികവോടെ തന്നെ പുനരവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.അത് കഴിഞ്ഞാൽ പിന്നെ ജഗതിയാണ് ത്രില്ലടിപ്പിച്ചത്. ഈ മഹാനടനെ ഒരുപാട് നാളിന് ശേഷം സ്‌ക്രീനിൽ കണ്ടപ്പോൾ പ്രേക്ഷകർ എഴുനേറ്റ് നിന്ന് കൈയടിച്ച് സന്തോഷം പ്രകടിപ്പി്കുന്നത് കാണേണ്ട കാഴ്ചയാണ്. വിക്രം സാർ ഇപ്പോഴും പുലിയാണ്. സേതുരാമയ്യരുടെ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന വിക്രമിനെ വെറുതെ ഒരു സീനിൽ കൊണ്ടുവരികയല്ല ചിത്രത്തിൽ. കഥാഗതിയിൽ സുപ്രധാന വഴിത്തിരിവാകുന്ന ഒരു കഥാപാത്രമായി വിക്രമിനെ അവതരിപ്പിക്കാൻ തിരക്കഥാകൃത്തിനായിട്ടുണ്ട്. മുഖത്തെ ഭാവങ്ങളും കൈകളുടെ ചലനങ്ങളും സമീപ ഭാവിയിൽ ജഗതി ശ്രീകുമാറിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. വീണ്ടും ചാക്കോയെയും സേതുരാമയ്യരെയും വിക്രമിനെയും ഒരു ഫ്രെയിമിൽ കാണാനായത് പ്രേക്ഷകർക്ക് വിരുന്നായി.

മുകേഷ്, രഞ്ജി പണിക്കർ, ജഗതി ശ്രീകുമാർ, ആശാ ശരത്ത്, അൻസിബ, രമേശ് പിഷാരടി, സുദേവ്, സായ് കുമാർ, സൗബിൻ, സുരേഷ് കുമാർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, കൊല്ലം രമേശ് അൻസിബ എന്നിവർ അടങ്ങുന്ന വൻ നിര ചിത്രത്തിലുണ്ട്. ഇതിൽ ആശാ ശരത്ത് ഭേദമാണ്. സൗബിൻ ഷാഹിറിന്റെ കഥപാത്രം വെറുപ്പിക്കലിന്റെ ഭയാനക വേർഷനാണ്.

ഈ ചിത്രത്തിൽ മേക്കപ്പ് പോലും നന്നായിട്ടില്ല. മമ്മൂട്ടിയെപ്പോലും ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് കൊണ്ട് വന്ന് നിർത്തിയപോലെ. പക്ഷേ മമ്മൂട്ടിയുടെ സ്‌ക്രീൻ പ്രസൻസ് ശരിക്കും കിടിലനാണ്. ഇക്ക 1988ലെതിനെക്കാൾ ചുള്ളനായിരിക്കുന്നു. ആ പഴയ ക്ലാസിക് സേതുരാമയ്യർക്ക് ഇവിടെയും യാതൊരു മാറ്റവുമില്ല. സിബിഐ മുൻ സീരിസുകളിൽ കണ്ട അതേ ഊർജ്ജത്തോടെയും കുശാഗ്രബുദ്ധിയോടെയും ചെറുപ്പത്തോടെയും മമ്മൂട്ടി അയ്യരായി മാറുകയാണ്. കൈ പുറകിൽ കെട്ടിയുള്ള നടത്തവും, സംശയങ്ങൾക്ക് മൂർച്ചകൂട്ടി സംസാരിക്കുന്നതിനു മുന്നേ ചൂണ്ട് വിരൽ ഉപയോഗിച്ച് തലയിൽ ചൊറിയുന്നതും, വളരെ ശാന്ത പ്രകൃതിയും എല്ലാം ഈ പടത്തിലുമുണ്ട്. പക്ഷേ മമ്മൂട്ടി എന്ത് മലമറിച്ചിട്ട് കാര്യം. ചിത്രത്തിന് കണ്ടന്റ്വേണ്ടേ.

സിബിഐ സീരിസിന്റെ 'കാരണഭൂതനും' സത്യത്തിൽ മമ്മൂട്ടിയാണ്. സ്ഥിരം പൊലീസ് കഥയെന്നത് മാറ്റി ഒരു കുറ്റാന്വേഷണ ത്രില്ലർ നമ്മുക്ക് ചെയ്യാമെന്ന് സ്വാമിയോട് പറയുന്നതും മമ്മൂട്ടി തന്നെ. 1988 ആദ്യ പടത്തിന്റെ ചർച്ചകളുടെ സമയത്ത് സേതുരാമയ്യർ എന്നല്ലായിരുന്നു ഈ കഥാപാത്രത്തിന്റെ ആദ്യത്തെ പേര്. അലി ഇമ്രാൻ എന്നായിരുന്നു. എന്നാൽ മമ്മൂട്ടിയാണ് എന്തുകൊണ്ട് സിബിഐ ഓഫീസറെ ഒരു ബ്രാഹ്മണൻ ആക്കിക്കൂടാ എന്നഭിപ്രായം മുന്നോട്ട് വെച്ചത്. എന്നാൽ ആദ്യം സ്വാമി അതിൽ തൃപ്തനായിരുന്നില്ല. അപ്പോൾ തന്നെ മമ്മൂട്ടി കഥാപാത്രമായിമാറി അഭിനയിച്ചു കാണിച്ചു. കഥാപാത്രത്തിന്റെ മാനറിസങ്ങൾ കണ്ടപ്പോൾ സ്വാമിയും കഥാപത്രത്തെ ബ്രാഹ്മണനാക്കുവാൻ സമ്മതിച്ചു. പിന്നീട് സേതുരാമയ്യർ എന്ന പേരുമിട്ടു. അങ്ങനെ അലി ഇമ്രാൻ സേതുരാമയ്യരായി. അതെ വർഷം നവംബറിൽ റിലീസ് ചെയ്ത മൂന്നാംമുറയിലെ മോഹൻലാൽ കഥാപാത്രത്തിന് സ്വാമി അലി ഇമ്രാൻ എന്ന പേര് നൽകി.

സേതുരാമയ്യറിനെയും സിബിഐ സിനിമകളെയും ഓർത്തിരിക്കാൻ പാകത്തിനാക്കുന്നതിൽ സിനിമയുടെ സ്‌കോറിനും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് സേതുരാമയ്യറിന്റെ തീം മ്യൂസിക് 34 വർഷങ്ങൾക്കിപ്പുറവും എവർഗ്രീൻ ആയി നിൽക്കുന്നതിൽ സംഗീത സംവിധായകൻ ശ്യാമിന്റെ പങ്ക് വളരെ വലുതാണ്. ആ കിടിലൻ തീം മ്യൂസിക്കും, നെറ്റിയിൽ കുങ്കുമക്കുറിയുമായി കൈകൾ പിറകിൽ കെട്ടി ഫാഫ് സ്ലീവ് ഷർട്ടുമിട്ട് മമ്മൂട്ടിയുടെ നടത്തവും ചേരുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയായിരുന്നു. ചിത്രത്തിൽ ആ നൊസ്റ്റാൾജിയ ചൂഷണം ചെയ്യാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ കണ്ടന്റിന്റെ ദൗർബല്യം മൂലം അങ്ങോട്ട് ഏശുന്നില്ല. ശ്യാമിന്റെ ഐക്കോണിക്ക് പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്.

തന്റെ മാനസപുത്രനായ കഥാപാത്രത്തെ വിജയിപ്പിക്കാൻ മമ്മൂട്ടി പരമാവധി ചെയ്തിട്ടുണ്ട്. പക്ഷേ കഥയും മേക്കിങ്ങും പാളിയാൽ നടന് എന്ത് ചെയ്യാൻ കഴിയും.

വാൽക്കഷ്ണം: ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ ശരിക്കും പുച്ഛം തോന്നിയത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോടാണ്. അഞ്ചുപൈസക്കില്ലാത്ത ഈ ചിത്രത്തെ 'അഞ്ചാമൂഴത്തിൽ മമ്മൂട്ടിയുടെ ആറാട്ട്' എന്നൊക്കെയാണ് നമ്മുടെ പത്രങ്ങൾ വിശേഷിപ്പിക്കുന്നത്. പണത്തിനുമേലെ പരുന്തും പറക്കില്ല എന്ന് പഴഞ്ചൊല്ല്, പരസ്യത്തിനുമേലെ ഒരു തൂലികയും ഉയരുകയില്ലെന്നും മാറ്റിപ്പിടിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP