Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പ്രേക്ഷകന്റെ യുക്തിയെ വിറ്റ് കാശാക്കിയാൽ കാണാൻ വേറെ ആളെ നോക്കണം; ഇരുട്ടത്ത് കണ്ണുകാണുന്ന നായകൻ; നായകന് പുറകെ സദാ സമയവും പാട്ട് പാടി നടക്കുന്ന പതിനേഴുകാരിയായ നായിക;സിദ്ദീഖ് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമെത്തിയപ്പോൾ പ്രേക്ഷകന് നിരാശ മാത്രം; യുക്തിയെ ഹനിക്കുന്ന കഥാവഴിയും അറുബോറൻ രംഗങ്ങളും തന്നെ ഈ സിദ്ദിഖ് ചിത്രത്തിന്റെ വില്ലൻ; സുന്ദരനായ മോഹൻലാലിന്റെ മാനറിസങ്ങൾ കണ്ടിരിക്കാം; മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ആരാധകർക്ക് മാത്രം ദഹിക്കും

പി.എസ് സുവർണ

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദർ. ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണ്. വലിയ പ്രതീക്ഷകൾ നൽകിയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും സിനിമ മുന്നോട്ട് പോകുന്തോറും സിനിമയുടെ ഉള്ളിൽ പറയത്തക്ക ഒന്നുമില്ലെന്ന് വ്യക്തമാവുന്നുണ്ട്. അതായത് കുറെ മാസ് സിനിമകളിലെ ഭാഗങ്ങൾ വെട്ടിയൊട്ടിച്ചത് അല്ലെങ്കിൽ ചേർത്ത് വെച്ചതുപോലത്തെ ഒരു സിനിമ. എന്നിരുന്നാലും മോഹൻലാൽ ഫാൻസിനെ ഏറെ കുറെ തൃപ്തിപ്പെടുത്തുന്നുണ്ട് ഈ ബിഗ് ബ്രദർ. കാരണം സിനിമ നല്ല രീതിയിൽ മാസ് ലെവൽ സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാൽ വിചാരിച്ച പോലെ നടന്നുമില്ല.

സിനിമ ആവറേജ് നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ. ഏറെ കാത്തിരുന്ന് എത്തിയ ചിത്രം പ്രതീക്ഷ നിലനിർത്തിയില്ല. സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ട് മുമ്പ് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ വളരെ പ്രതീക്ഷയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകനിൽ ഉണ്ടാക്കിയത്. സിദ്ദീഖിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സ്‌ക്രീൻ പ്ലേ, ഡയറക്ഷ. സിദ്ദീഖ്, വൈശഖ് രാജൻ, ജെൻസോ ജോസ്, മനു മാളിയേക്കൽ, ഫിലിപ്പോസ് കെ. ജോസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഫാമിലി ഡ്രാമയും സെന്റിമെന്റ്സും ത്രില്ലിങ് എലമെന്റ്സും ആക്ഷനുമെല്ലാം കൂട്ടിച്ചേർത്ത് എത്തിയ സിനിമയിൽ സച്ചിദാനന്ദൻ എന്ന ഇരുട്ടത്ത് കണ്ണ് കാണാൻ കഴിയുന്ന ഒരു അസാമാന്യ കഴിവുള്ള വ്യക്തിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മാസ് സീനുകളാലും ആരാധകരെ കൈയടിപ്പിക്കാനുള്ള ഡയലോഗുകളാലും താരം പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം ആരാധകർക്ക് മാത്രമേ ത്രില്ലിങ്ങായി തോന്നുന്നുള്ളൂ എന്നത്. സത്യം. സിനിമയുടെ ട്രെയിലറുകളും പാട്ടുകളും പ്രേക്ഷകരിൽ കുറെയെറെ സംശയങ്ങൾ നിറച്ചിരുന്നു.
നായകന് പുറകെ സദാ സമയവും പാട്ട് പാടി നടക്കുന്ന പതിനേഴ്കാരിയായ നായിക.

പാട്ടിൽ നായികയുടെ രീതികളൊക്കെ അറുബോറൻ വിരക്തി സമ്മാനിക്കും. സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ടിൽ മുമ്പ് ഇറങ്ങിയ ലേഡീസ് ആൻഡ് ജെൻഡിൽമാൻ എന്ന ചിത്രത്തിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് എത്രയോ ഭേദം. എന്നാൽ മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറെ കുറിച്ച് പറയുകയാണെങ്കിൽ തന്റെ റോൾ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മോശം പറയാൻ ഒന്നുമില്ല. കാരണം വലിയ കഥയൊന്നും ഇല്ലാത്ത സിനിമയായിരുന്നിട്ട് കൂടി രണ്ടേമുക്കാൽ മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തിയത് ഈ മഹാനടന്റെ അഭിനയ ചാരുത തന്നെയായിരുന്നു.

എന്നാൽ സിനിമയിൽ പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന ഒന്നാണ് ഇരുട്ടത്ത് കണ്ണുകാണുന്ന നായകൻ. എത്ര ഇരുട്ട് ആണെങ്കിലും നായകനായ സച്ചിദാനന്ദന് കണ്ണുകാണാൻ കഴിയും. ഇത് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് ചിന്തിക്കേണ്ടതാണ്. പിന്നെ കഥയിൽ ചോദ്യമില്ലെന്ന് പറയുന്നത് പോലെ ഇതിലും ചോദ്യമില്ല.

മോഹൻലാലിന് പുറമേ ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. അനൂപ് മേനോൻ, സർജാനോ ഖാലിദ്,സൽമാൻഖാന്റെ അനിയൻ അർബാസ് ഖാൻ,സിദ്ദീഖ്, ദേവൻ, ഹണി റോസ്, ഇർഷാദ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇവരെല്ലാം തന്നെ തങ്ങളുടെ വേഷം നല്ല രീതിയിൽ കൈകാര്യം ചെയ്തു. സിദ്ദീഖ് എന്ന സംവിധായകന്റെ ഒട്ടുമിക്ക് സിനിമകളിലും ഉണ്ടാവുന്ന ചേരുവകളെല്ലാം തന്നെ ഈ ബിഗ് ബ്രദറിലും ഉണ്ട്. എന്നാൽ കഥ ഒന്നല്ലാട്ടോ. അത് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പറയുവാനാണെങ്കിൽ പ്രത്യേകിച്ച് ഒരു കഥയില്ല. എല്ലാ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനെത്തുന്ന ക്ലീശേ നായകനാവുന്നുണ്ട് മാഹൻലാൽ ഇതിൽ. നർക്കോട്ടിക്സും, സ്റ്റണ്ടും എല്ലാം പല സിനിമകളിലും പ്രേക്ഷകർ കണ്ട് മടുത്തതാണ്. എന്നിട്ടും എന്തിനാണ് വീണ്ടും ഇങ്ങനെ ഒരു സിനിമയുമായി ഈ കൂട്ടുകെട്ട് എത്തിയെന്നത് എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കാവുന്ന ചോദ്യമാണ്. കുറച്ചുകൂടി സുന്ദരനായ മോഹൻലാലിന്റെ മാനറിസങ്ങൾ കണ്ടിരിക്കാം. അതിലൂടെ മാത്രം എൻഗേജിങ്ങാണ് ഈ ചിത്രം.

സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ് ചിത്രത്തിലെ പാട്ടുകൾ. പാട്ടുകൾ എല്ലാം തന്നെ വളരെ സിംപിളും കേൾക്കാൻ ഇമ്പമുള്ളതുമാണ്. ദീപക് ദേവിന്റെ കംപോസീഷൻ മോശമാവാൻ വഴിയില്ലാലോ. നായികയുമായുള്ള നോഹൻലാലിന്റെ പ്രണയഗാനം കാണുമ്പോൾ അത്രയ്ക്കങ്ങോട് ദഹിക്കില്ലെങ്കിലും കേൾക്കാൻ പറ്റിയ നല്ലൊരു കംപോസീഷനാണ് പാട്ട്. സിനിമയുടെ മറ്റ് സാങ്കേതിക വശങ്ങളും നല്ല രീതിയിൽ തന്നെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആകെ മോശം പറയാവുന്നത് ചിത്രത്തിന്റെ കഥയെയാണ്. സിനിമയുടെ ഭാക്കിയെല്ലാ ഭാഗങ്ങൾ നന്നായിരിക്കുകയും എന്നാൽ പ്രമേയത്തിൽ കാമ്പില്ലാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയില്ലേ.. അതാണ് ഈ ബിഗ് ബ്രദറിനും.

സിദ്ദീഖ് മോഹൻലാൽ കൂട്ടുകെട്ട് ആളുകൾക്ക് എന്നും പ്രതീക്ഷ നൽകുന്ന കൂട്ടുകെട്ടാണ് അതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ചെത്തുമ്പോൾ കൂടുതലായി പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും തെറ്റില്ല. അങ്ങനെയുള്ളപ്പോൾ കുറച്ചെങ്കിലും അത്തരം പ്രതീക്ഷകളോട് നീതിപുലർത്താൻ സംവിധായകർ തയ്യാറാവണം. മറ്റെല്ലാ ഘടങ്ങളും മികച്ച് നിൽക്കുമ്പോൾ ഒരിക്കലും കഥ മാത്രം മോശമാണെന്ന് പറയിപ്പിക്കരുത്. ഇത്രയും കഴിവ് തെളിയിച്ച ഒരു നടനെ വെച്ച് സിനിമ ചെയ്യുമ്പോൾ അവിടെ വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണെന്ന് സംവിധായകരും നിർമ്മാതാക്കളും ചിന്തിക്കണം.

എന്തൊക്കെയായാലും മോഹൻലാൽ എന്ന അതുല്ല്യ നടനെ കൈയടിച്ചും ആർപ്പു വിളിച്ചുമാണ് ആരാധകർ വരവേറ്റത്. മാത്രമല്ല സിനിമ തുടങ്ങി അവസാനിക്കും വരെയുള്ള താരത്തിന്റെ ഓരോ മാസ് സീനുകളിലും പ്രേക്ഷകരുടെ ഇത്തരത്തിലുള്ള ആവേശ പ്രകടനങ്ങൾ കാണാമായിരുന്നു. എന്തായാലും സിനിമ വിചാരിച്ചത്ര നിലവാരം പുലർത്തുന്നില്ല. ഒരു ആവറോജ് നിലവാരം മാത്രം പുലർത്തുന്ന സിനിമ നിർബന്ധമായും തിയേറ്ററിൽ പോയി കാണേണ്ട ചിത്രമല്ല..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP