Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202120Wednesday

ഭ്രമമല്ല അക്രമം! പൃഥ്വിരാജിന് നാണക്കേട്; ഇത് അന്ധാധൂൻ എന്ന ഹിന്ദിചിത്രത്തിന്റെ ആത്മാവില്ലാത്ത അനുകരണം; ബ്ലാക്ക് ഹ്യൂമർ വഴങ്ങാതെ പൃഥ്വി; ഹിന്ദി നായികയുടെ ലിപ് സിങ്കിങ്ങ് പോലും ശരിയാവുന്നില്ല; തിളങ്ങിയത് മമ്ത മോഹൻദാസ്

ഭ്രമമല്ല അക്രമം! പൃഥ്വിരാജിന് നാണക്കേട്; ഇത് അന്ധാധൂൻ എന്ന ഹിന്ദിചിത്രത്തിന്റെ ആത്മാവില്ലാത്ത അനുകരണം; ബ്ലാക്ക് ഹ്യൂമർ വഴങ്ങാതെ പൃഥ്വി; ഹിന്ദി നായികയുടെ ലിപ് സിങ്കിങ്ങ് പോലും ശരിയാവുന്നില്ല; തിളങ്ങിയത് മമ്ത മോഹൻദാസ്

എം റിജു

സ്വർണ്ണത്തിനും മറ്റുമുള്ള ഹോൾമാർക്കിങ്ങ് സംവിധാനമൊക്കെപോലെ മലയാള സിനിമയുടെ മിനിമം ഗ്യാരണ്ടിയുടെ രസീതായിരുന്നു പൃഥ്വീരാജ് സുകുമാരൻ എന്ന പേര്. പൃഥ്വീരാജ് ഗസ്റ്റ് അപ്പിയറൻസിൽ വരുന്ന ചിത്രങ്ങളിൽപോലും ഉണ്ടാവും ഈ മിനിമം ഗ്യാരണ്ടി. മമ്മൂട്ടിക്കും മോഹൻലാലിലും പോലും ഇതില്ലെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ പൃഥ്വീരാജിന്റെ ഏതു പടത്തിനും ആകാക്ഷയോടെ കാത്തിരിക്കുന്നു, നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. ഈ കോവിഡ് കാലത്ത് ആമസോൺ പ്രൈമിൽ ഇറങ്ങിയ, 'കുരുതി'യും 'കോൾഡ് കേസും' നോക്കുക. രണ്ടിനുമുണ്ട് വ്യത്യസ്തതയുടെയും വൈവിധ്യത്തിന്റെയും മിനിമം ഗ്യാരണ്ടി.

്അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായ പൃഥ്വീരാജ് നായകനായ 'ഭ്രമം' ഏറെ പ്രതീക്ഷകളോടെയാണ് കണ്ടുതുടങ്ങിയത്. ചിത്രം സംവിധാനം ചെയ്യുന്നതാവട്ടെ ബോളിവുഡ്ഡിൽ അടക്കം കൈയൊപ്പ് പതിപ്പിച്ച, ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് ഛായാഗ്രാഹകരിൽ ഒരാളായ രവി കെ ചന്ദ്രൻ ആണെന്നതും, 2018ൽ ശ്രീറാം രാഘവ് സംവിധാനം ചെയ്ത അന്ധാധൂൻ എന്ന ദേശീയ അവാർഡ് നേടിയ കിടിലൻ ത്രില്ലറിന്റെ റീമേക്കാണ് 'ഭ്രമം' എന്നതും പ്രതീക്ഷകൾ വർധിപ്പിച്ചു.

പക്ഷേ ആദ്യത്തെ പത്തുമിനിട്ടു കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി, ഇത് ഭ്രമമല്ല വെറും അക്രമമാണെന്ന്. ചിത്രം അവസാനിച്ചതാവട്ടെ കടുത്ത പരാക്രമത്തിലും. പൃഥീരാജിന്റെ കരിയറിലെ ഏറ്റവും വലിയ നാണക്കേടായാണ് ഈ ചിത്രം മാറുന്നത്. ഹിന്ദിയിൽ പ്രേക്ഷക ശ്രദ്ധയും അവാർഡുകളും ഒരുപോലെ കിട്ടിയ ഒരു ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റി നശിപ്പിച്ച് നായ്ക്കോലമാക്കിയിരിക്കുന്നു. ക്യാമറാൻ കൂടിയായ രവി കെ ചന്ദ്രൻ ഒരുക്കിയ മികച്ച ഫ്രയിമുകൾ മാത്രമുണ്ട് ബാക്കി. അദ്ധാധൂൻ കാണുന്നതിന്റെ ഒരു ത്രില്ലും പ്രേക്ഷകന് കിട്ടുന്നില്ല. തിരക്കഥയിലെ കല്ലുകടിയും, ലോജിക്കില്ലായ്മയും, ബ്ലാക്ക് ഹ്യൂമർ കൈകാര്യം ചെയ്യുന്നതിൽ പൃഥീരാജ് അടക്കമുള്ള നടന്മാർക്ക് വന്ന പാളിച്ചയും എല്ലാ ചേർത്ത് ഭ്രമത്തെ ഒരു ദുരന്തമാക്കിയിരിക്കുന്നു.

എന്തായാലും ഈ പടം ചലച്ചിത്ര വിദ്യാർത്ഥികൾ കണ്ടു പഠിക്കേണ്ടതാണ്. ആദ്യം അന്ധാധൂൻ കാണിക്കണം. എന്നിട്ട് നമ്മുടെ ഭ്രമവും. എങ്ങനെ ഒരു റീമേക്ക് ഇത്രയും മോശമാക്കാം എന്നതിന്റെ ഉദാഹരണമായി ഭ്രമം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഉണ്ടാകും. 2019ൽ മികച്ച ചിത്രം, മികച്ച തിരക്കഥ, നടൻ എന്നീ മൂന്ന് ദേശീയ അവാർഡുകൾ നേടിയ ചിത്രമാണ് അന്ധാധൂൻ. ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിവേക് ഒബ്റോയ് ആണത്രേ അദ്ധാധൂൻ കാണാൻ, പൃഥ്വീരാജിനെ പ്രേരിപ്പിച്ചത്. എന്റെ ഒബ്റോയി, ഈ ചതി മലയാളികളോട് വേണ്ടിയിരുന്നു!

ഫോർട്ട് കൊച്ചിയിലേക്ക് മാറിയ പിയാനിസ്റ്റ്

മൂലചിത്രത്തിൽനിന്ന് അതേപടി പകർത്തിയ രംഗങ്ങളാണ് 'ഭ്രമ'ത്തിൽ ഭൂരിഭാഗവുമെന്നത് തന്നെയാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ പരിമിതിയും. സ്ഥലം മാത്രമാണ് ഫോർട്ട് കൊച്ചിയിലേക്ക് മാറുന്നത്. അതുതന്നെ വല്ലാത്തൊരു ക്ലീഷെയാണ്. എത്രയോ തവണ കണ്ടുമടുത്ത ലൊക്കേഷൻ. പണ്ട് മലയാളത്തിൽ ഒറ്റപ്പാലം വരിക്കാശ്ശേരി, വാൽക്കണ്ണാടി, കിണ്ടി, കോളാമ്പി, മൊളീഷ്യം, തെക്കിനി കുക്കിനി ചിത്രങ്ങളായിരുന്നു ഏറെയും. സോഷ്യൽ മീഡിയയുടെയടക്കം നിശിതമായ പരിഹാസത്തെ തുടർന്നും, ന്യുജൻ സിനിമകളിൽ വന്ന മാറ്റം കൊണ്ടുമായിരിക്കണം, ഇപ്പോൾ സംവിധായകൻ ഈ ലൊക്കേഷൻ ഒന്ന് മാറ്റിപ്പിടിക്കാറുണ്ട്. അതുപോലെ ചർവിത ചർവ്വണമായ ഈ കൊച്ചി- മട്ടാഞ്ചേരി- ഫോർട്ട് കൊച്ചി, 'നൊസ്ററുവും' എന്നാണോ നമ്മുടെ സംവിധായകർ കൈവിടുക.

അന്ധനായ പിയാനിസ്റ്റ് റെയ് മാത്യുവിന്റെ ജീവിത കഥയാണ് 'ഭ്രമം' പറയുന്നത്. പക്ഷേ അയാളുടെ അന്ധത എന്നത് തട്ടിപ്പാണ്. അയാൾക്ക് കാഴ്ചയുണ്ട്. അന്ധനെന്ന മേൽവിലാസത്തിനു ലഭിക്കുന്ന സഹതാപവും സൗകര്യങ്ങളും അവസരങ്ങളും അയാൾ പരമാവധി ചൂഷണം ചെയ്യുകയാണ്. പണം സമ്പാദിച്ച് യൂറോപ്പിലേക്ക് പറക്കണം, അവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കണം എന്നൊക്കെയാണ് അയാളുടെ സ്വപ്നം.

റെയ് മാത്യുവെന്ന പിയാനിസ്റ്റിൽ ആകൃഷ്ടനായ ഒരു പഴയകാല സിനിമാതാരം തന്റെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാനായി അയാളെ ഫ്ളാറ്റിലേക്ക് ക്ഷണിക്കുന്നു. അവിടെ വച്ച് റെയ് യാദൃശ്ചികമായി ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നു, പിന്നെയങ്ങോട്ട് റെയുടെ ജീവിതത്തിൽ പ്രശ്നങ്ങളുടെ ഘോഷയാത്രയാണ്. നിർദ്ദോഷമെന്ന് അയാൾ കരുതിയിരുന്ന അന്ധനായുള്ള അഭിനയം അയാൾക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നു. ഒരു ഘട്ടത്തിൽ അയാളെ അവർ ശരിക്കും അന്ധനാക്കുന്നു. ഒരു ത്രില്ലറിനുള്ള ഏല്ലാചേരവുകളുമുള്ള ചിത്രം. പക്ഷേ എന്നിട്ടും അത് നമുക്ക് ഒട്ടും ഏശുന്നില്ല.

പകർത്തലല്ല പുനരാഖ്യാനം

ഈ ചിത്രത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം, റീമേക്കുകളിൽ സാധാരണ സ്വീകരിക്കേണ്ട, ഭാഷാനുസൃതവും കാലാനുസൃതവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയാതെ, അന്ധാധൂനെ വികലമായി പകർത്താൻ ശ്രമിച്ചുവെന്നതാണ്. 'മരാദ്യരാമണ്ണ' എന്ന തെലുങ്കിലെ ഹിറ്റ് ചിത്രം എടുത്ത് ദിലീപ് ഇവൻ മരാദ്യരാമൻ ആക്കിയപ്പോൾ എതാണ്ട് സമാനമായ അബദ്ധമാണ് പറ്റിയത്. അതായത് തെലുങ്കിലെയും ഹിന്ദിയിലെയും പ്രേക്ഷകർക്ക് ലോജിക്കൽ ബാലൻസിങ്ങ് അത്ര പ്രശ്നമല്ല. എന്നാൽ മലാളികൾ ഓരോ സീനിലും യുക്തിയും പൊളിറ്റിക്കൽ കറക്ടനസ്സും നോക്കുന്നവരാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പൊളിറ്റിക്കൽ കറക്ട്നസ്സ് കൊണ്ട് പണ്ടാരമടങ്ങുന്നവരാണ്.

ഇവിടെ റോഡിൽനിന്ന് വണ്ടിയിടിച്ച് കിട്ടിയവരുടെ കിഡ്നിയെടുക്കുന്ന ജഗദീഷിന്റെ ഡോക്ടർ ഒക്കെ ലോജിക്കില്ലാത്ത അരോചകമായ ആഭാസമായി മാറുന്നു. നിയമവാഴ്ച യാതൊന്നുമില്ലാത്ത ഒരു വെള്ളരിക്കാപ്പട്ടമാണ് ഈ ചിത്രത്തിലെ നഗരം. അത്തരമൊരു നോർത്ത് ഇന്ത്യൻ സാഹചര്യമല്ല കേരളത്തിൽ. ('ഗാങ്ങ്സ്റ്റേഴസ് ഓഫ് വസിപ്പുർ' എന്ന അനുരാഗ് കാശ്യപിന്റെ വിഖ്യാതമായ ചിത്രം മട്ടാഞ്ചേരിയിലെ ഗുണ്ടകളുടെ കഥയായി പദാനുപദമായി ചിത്രീകരിച്ചാൽ എന്തായിരിക്കും ഫലം! ) അപ്പോൾ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തണം. അത് ഭ്രമത്തിൽ വന്നിട്ടില്ല. റോഡ് ക്രോസ് ചെയ്യാൻ ഒരുങ്ങുന്ന അന്ധനെ ഇടിക്കാനൊരുങ്ങുന്ന സ്‌കൂട്ടർ യാത്രക്കാരിയായ പെൺകുട്ടിയും, തുടർന്ന് അവരുടെ പ്രേമവുമൊക്കെ നാം എത്രതവണ കേട്ടതാണ്. ഇത്തരം തനിയാവർത്തനങ്ങൾപോലും ഇവിടെ മാറ്റുന്നില്ല. ഒപ്പം ചത്ത ഡലലോഗുകളും.

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ, ട്വിസ്റ്റുകളും ടേണുകളുമായി കടന്നുപോകുന്ന ബോളിവുഡ് ചിത്രമാണ് അന്ധാധൂൻ. പക്ഷേ ഇവിടെ ആ ത്രില്ലർ മൂഡ് കിട്ടുന്നേയില്ല. ബ്ലാക്ക് ഹ്യൂമണിന്റെ ഒരുപാട് സാധ്യതകൾ നന്നായി ഉപയോഗപ്പെടുത്തിയ ചിത്രമാണ് അദ്ധാധൂൻ. എന്നാൽ 'കുടുംബവിളക്ക', ചന്ദനമഴ' സീരിയലുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലെ അവിഹിത ബന്ധമാണ് ഭ്രമത്തിലുള്ളത്. അദ്ധാധൂനിൽ അത് കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ് മറ്റൊരു സ്റ്റെലിലാണ് അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ ഇവിടെ പൃഥ്വീരാജ് അടക്കമുള്ളവരുടെ വഴക്കമില്ലായ്മ ചിത്രത്തിന് ഭാരമാവുന്നു.

പൃഥീരാജിന്റെ ചീറ്റിപ്പോയ അന്ധൻ

ആയുഷ്മാൻ ഖുറാനയുടെ അന്ധാധൂനിലെ കഥാപാത്രത്തെയും, നമ്മുടെ ഭ്രമത്തിലെ പൃഥ്വീരാജിന്റെ അന്ധനെയും ഒന്ന് താരതമ്യപ്പെടുത്തി നോക്കുക. നമ്മൾ അഭിമാനത്തോടെ പറയാറുള്ള മലയാള സിനിമയുടെ തട്ട് വല്ലാതെ താണുപോയിരിക്കുന്നു. 2019ൽ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ആയുഷ്മാൻ ഖുറാനക്ക് കിട്ടിയത് ഈ വേഷത്തിലൂടെയാണ്. ടെലിവിഷൻ അവതാരകനായി തുടങ്ങിയ ആയുഷ്മാൻ ഖുറാന എന്ന 37കാരൻ ഈ ചിത്രത്തോടെയാണ് ഹിന്ദിയിലെ തിരക്കേറിയ താരമായി മാറിയതും.

വില്ലത്തിയായി വരുന്ന മമ്താ മോഹൻദാസിന്റെ കഥാപാത്രം തോക്ക് ചൂണ്ടി ഇയാൾ അന്ധനല്ലെന്ന് കാണിക്കുന്ന രംഗങ്ങളിലൊക്കെ, പൃഥ്വീരാജിന്റെ അഭിനയം പാളുകയാണ്. ആയുഷ്മാൻ ഖുറാന അനായാസേന ചെയ്ത ആ ബ്ലാക്ക് ഹ്യൂമർ മലയാളത്തിന്റെ പ്രിയ താരത്തിന് വഴങ്ങുന്നില്ല. അന്ധനായി അഭിനയിക്കുമ്പോഴുമുണ്ട് ഇതേ പ്രശ്നം. 'ഒപ്പ'ത്തിലെ മോഹൻലാലിന്റെ അന്ധൻ ഇതിലും എത്രയേ ഭേദമായിരുന്നു.

ഉണ്ണിമുകുന്ദന്റെ മസിലുപെരുപ്പിക്കുന്ന പൊലീസുകാരനും നന്നായിട്ടില്ല. സംവിധാകൻ ഉദ്ദേശിച്ച സറ്റയർ ഉണ്ണിയുടെ മുഖത്ത് വരുന്നില്ല. ഇടിക്കട്ടകൊണ്ട് ഇടിച്ചാലും വികാരം വരാത്ത ഒരു തരം നിസ്സംഗതയാണ് ഉണ്ണിയുടെ മുഖത്ത്. സുധീർ കരമനയുടെ കോൺസ്റ്റബിൾ വേഷം പൊറാട്ട് നാടകം പോലെയായി. അടുത്തകാലത്തുള്ള സുധീർ കരമനയുടെ മിക്കവേഷങ്ങളിലും കാണാം ഈ ഓവർ ആക്റ്റിങ്ങ്. കോമഡിസ്റ്റാറിലെ ജഡ്ജിയുടെ വേഷത്തിലിരുന്ന് വളിപ്പ് പറയുന്ന അതേ മാനസികാവസ്ഥയിലാണ് ജഗദീഷ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നു് തോനുന്നു. പാവങ്ങളുടെ കിഡ്നി അടിച്ചുമാറ്റുന്ന, ജഗദീഷിന്റെ ഒരേസമയം വില്ലനും കോമാളിയുമായ ഡോക്ടർ ഒട്ടും നന്നായിട്ടില്ല.

80കളിലെ റെമാന്റിക്ക് ഹീറോ ശങ്കറിന്റെ തിരിച്ചുവരവാണ് ഈ ചിത്രത്തിലെ ഹൈലൈറ്റ്. ചിത്രത്തിലും ഒരു പഴയകാല ഹീറോ ആയി അത്മകഥാംശമുള്ള വേഷമാണ് അദ്ദേഹം അഭിനയിക്കുന്നത്. സീനുകൾ അധികം ഇല്ലെങ്കിലും ശങ്കർ ഉള്ളത് മോശമാക്കിയിട്ടില്ല. അതുപോലെ മമ്തമോഹൻദാസിന്റെ വില്ലൻ കഥാപാത്രവും ശ്രദ്ധേയമായി. ടൈപ്പ് സീനുകളിലും മനോധർമ്മം കൊണ്ട് അവർ വ്യത്യസ്തത കൊണ്ടുവരുന്നു. അതുതന്നെയാണ് ഒരു പ്രൊഫഷണിൽ നടിയുടെ വിജയവും. പൃഥ്വീരാജിന്റെ നായികയായി വരുന്ന റാഷി ഖന്ന എന്ന നടിക്ക്, ഫേഷ്യൽ ചെയ്ത് സുന്ദരിയായി നടക്കുക എന്ന ജോലിയല്ലാതെ അഭിനയിക്കാനൊന്നും ഈ ചിത്രത്തിൽ ഇല്ല. പലയിടത്തും നടിയുടെ ലിപ് സിങ്കിങ്ങ്പോലും ശരിയായിട്ടില്ല. കോടികൾ ചെലവിട്ട് എടുക്കുന്ന സിനിമയാണ് ഇതൊക്കെയെന്ന് ഓർക്കണം!

ചിത്രത്തിൽ ജോയ് പോളിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. ഇതിന് ശരാശരി മാർക്ക് കൊടുക്കാം. സിനിമ ആന്ത്യന്തികമായി സംവിധാകന്റെ കലയാണെന്നാണെല്ലോ പറയുക. രവി കെ ചന്ദ്രൻ നല്ല ക്യാമറാമാനാണ്. നമ്മുടെ 'കണ്ണെഴുതി പൊട്ടും തൊട്ട്' തൊട്ട് ബോയ്സ്, സിറ്റിസൺ, വിരാസത്ത് അങ്ങനെ എത്രയെത്ര ചിത്രങ്ങളിലാണ് രവി കൊതിപ്പിക്കുന്ന ഫ്രയിമുകൾ പകർത്തിയത്. പക്ഷേ ഒരു നല്ല സംവിധായകനല്ലെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു. എന്നുവെച്ച് അദ്ദേഹത്തെ എഴുതിത്ത്ത്തള്ളാനൊന്നും ആർക്കും കഴിയില്ല. ബെറ്റർ ലക്ക് നെക്സറ്റ് ടൈം എന്നേ ഇപ്പോൾ പറയാൻ കഴിയൂ.

വാൽക്കഷ്ണം: അന്തവും കുന്തവുമില്ലാത്ത ഇത്തരം റീമേക്കുകൾ പ്രോൽസാഹിക്കപ്പെടേണ്ടതാണോയെന്ന് നമ്മുടെ സിനിമാക്കാർ പരിശോധിക്കേണ്ട സമയം കൂടിയാണിത്. പ്രിയദർശന്റെ 'മിന്നാരം' എന്ന മലയാള ചിത്രം അദ്ദേഹം തന്നെ റീമേക്ക് ചെയ്ത ഹിന്ദിയിൽ ഹങ്കാമ 2 ആക്കിയത് കണ്ടാൽ കരഞ്ഞുപോകും. ശരിക്കും വളിപ്പ് കോമഡി കൊണ്ടുള്ള ഭീകരാക്രമണം! മോഹൻലാലും തിലകനും ജഗതിയുമൊക്കെ ചെയ്ത സിറ്റുവേഷൻ-സ്ലാപ്സ്റ്റിക്ക് കോമഡികൾ ഹിന്ദിക്കാർ ചെയ്ത കുളമാക്കിവെച്ചിരിക്കുന്നു. ഒട്ടുമിക്ക റീമേക്ക് പടങ്ങളുടെയും അവസ്ഥ ഇതാണ്. മലയാളത്തിലെ കീരീടം ഉൾപ്പെടെയുള്ള പല നല്ല ചിത്രങ്ങളും ഹിന്ദിയിലടക്കം റീമേക്ക് ചെയ്തപ്പോൾ പാളുകയാണ് ഉണ്ടായത്. പക്ഷേ മണിച്ചിത്രത്താഴിലെ മോഹൻലാലിലെയും അതിന്റെ റീമേക്കിൽ രജനീകാന്തിനെയും നോക്കിയാൽ അറിയാം മലയാള നടന്മാരുടെ റേഞ്ച് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന മലയാളികൾക്ക് നാണക്കേടായിപ്പോയി ഈ ഭ്രമ റീമേക്ക്. നമ്മുടെ പേര് നാറ്റിക്കുന്ന ഇത്തരം പുനരാഖ്യാന നാടകങ്ങളിൽനിന്ന് തൽക്കാലം നമ്മുടെ ചലച്ചിത്രകാരന്മാർ മാറിനിൽക്കട്ടെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP