Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

തവളയും മനുഷ്യനും ചേർന്ന ഫ്രോഗ് മാൻ കൊച്ചിയിൽ! മിത്തും ഫാന്റസിയും സയൻസ് ഫിക്ഷനും പരിസ്ഥിതിവാദവും രാഷ്ട്രീയവും ചേർത്ത് ഒരു അത്ഭുദ സിനിമ; ക്യാമറ വർക്കും അഭിനയവും ക്രാഫ്റ്റും അതിഗംഭീരം; സംവിധായകൻ കൃഷാന്ത് ആർ കെ കേരളത്തിന്റെ കിം കി ഡുക്ക്; ആവാസവ്യൂഹം മലയാളത്തിലെ ക്ലാസിക്ക് സിനിമ

തവളയും മനുഷ്യനും ചേർന്ന ഫ്രോഗ് മാൻ കൊച്ചിയിൽ! മിത്തും ഫാന്റസിയും സയൻസ് ഫിക്ഷനും പരിസ്ഥിതിവാദവും രാഷ്ട്രീയവും ചേർത്ത് ഒരു അത്ഭുദ സിനിമ; ക്യാമറ വർക്കും അഭിനയവും ക്രാഫ്റ്റും അതിഗംഭീരം; സംവിധായകൻ കൃഷാന്ത് ആർ കെ കേരളത്തിന്റെ കിം കി ഡുക്ക്; ആവാസവ്യൂഹം മലയാളത്തിലെ ക്ലാസിക്ക് സിനിമ

എം റിജു

വളയും മനുഷ്യനും ചേർന്ന ഒരു ഫ്രോഗ്മാൻ കൊച്ചിയിൽ ഉണ്ടായാലുള്ള അവസ്ഥയെന്താണ്! എങ്ങനെ ആയിരിക്കും നമ്മുടെ പൊലീസും, മാധ്യമങ്ങളും, നാട്ടുകാരുമൊക്കെ അതിനെ കൈകാര്യം ചെയ്യുക. ശരിക്കും ഒരു അത്ഭുദ സിനിമ. ഇങ്ങനെയൊക്കെ ചെയ്യാൻ പ്രതിഭയുള്ളവർ മലയാളത്തിലുണ്ടോയെന്ന്, തലയിൽ കൈവെച്ച് ആലോചിക്കയായിരുന്നു, ആവാസവ്യൂഹം എന്ന സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയ ചിത്രം കണ്ടപ്പോൾ.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അടക്കം നിരവധി അവാർഡുകൾ നേടിയതുകൊണ്ടുതന്നെ, ഒരു അവാർഡ് സിനിമയുടെ ടെംപ്ലേറ്റുകളും സ്റ്റീരിയോടൈപ്പുകളും പ്രതീക്ഷിച്ചാണ് ചിത്രം കണ്ടുതുടങ്ങിയത്. പക്ഷേ ആദ്യഷോട്ടുമുതൽ സംവിധായകൻ കൃഷാന്ത് ആർ കെ ഞെട്ടിച്ചു. അതിമനോഹരമായ ഫ്രെയിമുകൾ, കാടുകളിലും, കടലിലും, വെള്ളക്കെട്ടിലും, കണ്ടലിലും, ചതുപ്പുനിലങ്ങളിലുമായി കറങ്ങിത്തിരിഞ്ഞ് കൂന്തളിക്കുന്ന ക്യാമറ, തീർത്തും സ്വാഭാവികമായ അഭിനയം, ചിത്രത്തിന്റെ മൂഡിനൊത്ത ശബ്ദമിശ്രണവും പശ്ചാത്തലവും, കുറിക്ക് കൊള്ളുന്ന ഡയലോഗുകൾ, ഒന്നാന്തരം ആക്ഷേപ ഹാസ്യവും നർമ്മവും.... ആദ്യ സീൻ കണ്ടുകഴിഞ്ഞാൽ ഒരു ത്രില്ലർ സിനിമയിലെന്നപോലെ നിങ്ങൾ ഈ ആവാസവ്യൂഹത്തിൽ പെട്ടുപോവുകയാണ്.

സംവിധായകൻ കൃഷാന്ത് ആർ കെ ശരിക്കും ഭാവിയുള്ള പ്രതിഭയാണ്. കഠിനാധ്വാനം ചെയ്താൽ കേരളത്തിന്റെ കിം കി ഡുക്കായി ഈ ചെറുപ്പക്കാരൻ അറിയപ്പെടും. കാരണം അത്രയേറെ ആംഗിളുകളിലൂടെ നോക്കിക്കാണാൻ പറ്റുന്ന കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്. മിത്തും, ഫാന്റസിയും, സയൻസ് ഫിക്ഷനും, പരിസ്ഥിതിവാദവും, രാഷ്ട്രീയവും ഒക്കെ കൂടിച്ചേരുന്ന ഈ രീതിയിലുള്ള പടം മലയാള ചലച്ചിത്രത്തിന്റെ നാളിയുവരെയുള്ള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ നല്ല സിനിമയെ സ്നേഹിക്കുന്നവർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്. എന്നുവെച്ച് ഒരു അവാർഡ് സിനിമ എന്ന മുൻ വിധിയോടെ, സാധാരണ പ്രേക്ഷകർ ഇതിൽനിന്ന് അകന്ന് നിൽക്കേണ്ടതുമില്ല. ഏത് തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്ങ്. കണ്ടു തുടങ്ങിയാൽ നിങ്ങളും ഈ ആവാസവ്യൂഹത്തിൽ പെട്ടുപോകും.

ഒരു തവള മനുഷ്യൻ ജനിക്കുന്നു

ഇതുപോലെ ഒരു പ്രമേയം എടുത്ത് ഫലിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. മലയാളം പോലെ പരിമിത ബജറ്റും, ഇപ്പോഴും യാഥാസ്ഥികത്വം ഇനിയും വിട്ടുമാറിയിട്ടുമില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകരുമുള്ളിടത്ത്, ഇതുപോലെ ഒരു സബജക്റ്റ് വിജയിക്കുമോ, എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടിയാണ് ഈ ചിത്രം. മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരം ഈ പടം ശരിക്കും അർഹിക്കുന്നു. അതിഗൗരവമുള്ള ഒരു വിഷയം പറയുമ്പോൾ തന്നെ നർമ്മവും ചിത്രത്തിൽ വർക്കൗട്ടാവുന്നുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു ചലച്ചിത്രഭാഷയാണ് കൃഷാന്തുകൊണ്ടുവരുന്നത്. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സാധ്യതകളെ സമന്വയിപ്പിക്കുന്ന കഥ പറയുകയാണ് ഇവിടെ. ഒരു ഡോക്യൂമെന്റിയിൽ എന്നപോലെ ചിലയിടത്ത് ചിലർ കാര്യങ്ങൾ പറയുന്നു. അപ്പോൾ തന്നെ അതിന്റെ യഥാർഥ ചിത്രവും കാണിക്കുന്നുണ്ട്.

ഒരേ പാറ്റേണിലെടുത്ത ന്യൂജൻ റിയലിസ്റ്റിക്ക് പടങ്ങളെ 'പ്രകൃതിപ്പടങ്ങൾ' എന്ന് പരിഹസിക്കാറുണ്ട്. പക്ഷേ ശരിക്കും ഒരു പ്രകൃതിപ്പടം ആണിത്. ഒരു ഉഭയ ജീവിയുടെ കഥ പറയുന്നപോലെ, കരയിലും കടലിലും കണ്ടലുകൾക്കിടയിലുമൊക്കെ ആയാണ് ആവാസവ്യൂഹത്തിന്റെ ക്യാമറയുടെ ഭൂരിഭാഗം സമയവും. ജലം ഇത്രയേറെ പ്രധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന മറ്റൊരു സിനിമയുമില്ല. ഇവിടെ ചിത്രീകരിച്ചിട്ടുള്ള തവളകും, ജലജീവികളും എല്ലാം ഗ്രാഫിക്സ് ആണെന്നതും മറ്റൊരു അത്ഭുദമാണ്.

ജോയി എന്ന എവിടെനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ഒരു വിചിത്ര മനുഷ്യന്റെ ഓർമ്മകളിലൂടെയാണ് ആവാസവ്യൂഹം തുടങ്ങുന്നത്. അയാൾ ശ്രീലങ്കൻ അഭയാർഥിയാണ്, മാവോയിസ്റ്റാണ്, ഭീകരനാണ് എന്നൊക്കെ ചിലർ പറയുന്നു. ജോയിക്ക് ആധാർകാർഡോ റേഷൻകാർഡോ അടക്കമുള്ള യാതൊരു രേഖയും ഇല്ല. മീനുകൾക്കും കണ്ടലുകൾക്കും ഇടയിൽ മറ്റൊരു ജീവിയെപ്പോലെ അയാൾ കഴിഞ്ഞുകൂടുന്നു. ജോയിക്ക് ഒരു അത്ഭുദ സിദ്ധിയുണ്ട്. അയാൾ വിളിച്ചാൽ തവളകളും മീനുകളും ഞണ്ടുകളുമൊക്കെ ഓടിവരും. ഗവേഷകർക്ക് വംശനാശ ഭീഷണി നേരിടുന്ന അപൂർവ തവളകളെ കാണിച്ച് കൊടുക്കുകയും, ബോട്ടുടുമകൾക്ക് മീനിനെ വലയിലേക്ക് വിളിച്ചു കയറ്റികൊടുക്കുന്നതുമൊക്കെ ജോയിയാണ്. അയാൾ അടുത്തു വരുമ്പോൾ തന്നെ ഉണക്കമീനിന്റെ വല്ലാത്ത മണമാണെന്നാണ് പറയുക. ഒന്നിനെക്കുറിച്ചും ജോയിക്ക് ആശങ്കയില്ല. ഈ ഭുമിയിലെ ഒരു കാര്യവും അയാൾക്ക് അറിയുകയുമില്ല. ഭക്ഷണം മാത്രമാണ് ആവശ്യം. ശരിക്കും ഒരു ജലജീവിയെപ്പോലെ തന്നെയാണ് അയാളും.

എന്നാൽ അതിബുദ്ധിമാനായ മനുഷ്യന് അയാളെ കൊണ്ട് നിരവധി കാര്യങ്ങൾ ചെയ്യിക്കാനുണ്ട്. അവരുടെ ആർത്തികൾ പൂർത്തീകരിക്കാൻ നിർബന്ധിതനാകുമ്പോൾ ജോയ് അസ്വസ്ഥനാവുന്നു. അറിയാതെ തന്നെ അയാൾ പലകുരുക്കുകളിലും പെടുന്നു. ഒടുവിൽ ഏവരെയും അത്ഭുദപ്പെടുത്തി ഒരു തവള മുനുഷ്യനായി അയാൾ രൂപാന്തരം പ്രാപിക്കുന്നത് ഞെട്ടലോടെ മാത്രമാണ് നമുക്ക് കാണാൻ കഴിയുക. സാധാരണ ഇത്തരം മാറ്റങ്ങൾ യുക്തിഭദ്രമായി ചിത്രീകരിക്കപ്പെടാറില്ല. പക്ഷേ ജോയ് എന്ന കഥാപാത്രത്തിന്റെ പരിണാമം വിശ്വസനീയമായ രീതിയിൽ സിനിമയിൽ കൊണ്ടുവന്നിരിക്കുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സ് കാണുമ്പോൾ സലീം കുമാർ സംവിധാനം ചെയ്ത കറുത്ത യഹൂദൻ എന്ന ചിത്രമാണ് ഓർമ്മവരുന്നത്. കറുത്ത യഹൂദന്റെ ക്ലൈമാക്സ് ഭീതിയാണ് ഉയർത്തുന്നതെങ്കിൽ ഇവിടെ ആക്ഷേപ ഹാസ്യത്തിന് മൂൻഗണന നൽകിയാണ് ചിത്രം ചലിക്കുന്നത്.

സംവിധായകന്റെ സിനിമ

നവരംസങ്ങളിലൂടെയൊക്കെ ഈ ചിത്രം പ്രേക്ഷകനെ കൊണ്ടുപോകും. കായൽ ചതുപ്പിലെ സംഘർഷ രംഗങ്ങളിലെ ജോയിയുടെ ചില വേഷപ്പകർച്ചകൾ, ഭീതിയുടെ തണുപ്പ് നമ്മിലേക്ക് എത്തിക്കും. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളാണ് ഈ സിനിമയുടെ മറ്റൊരു കരുത്ത്. 'മരം നടുന്നവർ ഒക്കെ മാവോയിസ്റ്റുകൾ' ആണോ എന്ന് ഈ ചിത്രത്തിൽ ചോദിക്കുന്നുണ്ട്. അതുപോലെ പോയറ്റിക്ക് ആയ ഒട്ടനവധി ഡയലോഗുകളും. 'കരയിൽ കാണുന്ന എല്ലാ ജീവികളും കടലിലും ഉണ്ട്. പക്ഷേ കടലിൽ മനുഷ്യനില്ല. ഭുമിയിൽ തിമംഗലവും' തുടങ്ങിയ സംഭാഷണങ്ങൾ ഉദാഹരണം.

കൊതിപ്പിക്കുന്നതാണ്, വിഷ്ണു പ്രഭാകറിന്റെ ക്യാമറ. കാട്ടിലും കരയിലും കടലിലും കായലിലുമൊക്കെ ആയി അതങ്ങോട്ട് വിരിഞ്ഞ് പറക്കയാണ്. അജ്മൽ ഹസ്ബുള്ളയുടെ സംഗീതവും, രാകേഷ് ചെറുമഠത്തിന്റെ എഡിറ്റിങ്ങും സൂപ്പർ. അതുപോലെ വിസ്മയിപ്പിക്കുന്നതാണ് സിനിമയുടെ പശ്ചാത്തല സംഗീതം. ഒച്ചകൾ, അനക്കങ്ങൾ, മുരൾച്ച, ശബ്ദങ്ങൾ അങ്ങനെയോരോന്നും അതിസൂക്ഷ്മമായി ഉൾച്ചേർക്കപ്പെടുകയാണ്. കലാസംവിധാനവും കോസ്റ്റ്യൂമും ചെയ്ത ശ്യാമ ബിന്ദുവും അഭിനന്ദനം അർഹിക്കുന്നു.

കരിക്ക് സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജാഗോപാലാണ് കേന്ദ്രകഥാപാത്രമായ ജോയിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം പാളിയാൽ ചിത്രം മൊത്തം പാളുമായിരുന്നു. പക്ഷേ അതുണ്ടായില്ല. വാവയെ അവതരിപ്പിച്ച ഷിൻസ് ഷാൻ, ലിസിയെ അവതരിപ്പിച്ച നിലീൻ സാന്ദ്ര എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. ഗീതി സംഗീത, ശ്രീനാഥ് ബാബു, ശ്രീജിത്ത് ബാബു, അജയഘോഷ് തുടങ്ങിയവരും മികവോടെ തിളങ്ങി.അവസാനമായി പറയുമ്പോൾ സിനിമ സംവിധാകന്റെ കലയാണേല്ലോ. കൃഷാന്ത് ആർ കെ എന്ന അസാധാരണ പ്രതിഭാശാലിക്ക് തന്നെയാണ് ഈ ചിത്രത്തിന്റെ മുഴുവൻ ക്രഡിറ്റും പോകുന്നത്.

ചിത്രത്തെക്കുറിച്ച് സംവിധായകൻ നേരത്തെ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' ഒരു എന്റർടെയറിനറായി ഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും സിനിയിൽ കുറച്ച് എക്കോളജിക്കൽ എലമെന്റുകളും ഉണ്ട്. നമ്മുടെ പ്രകൃതിയിൽ കാണുന്ന ചില കാര്യങ്ങളുടെ ഒരു നിരീക്ഷണം കൂടിയാണ് ആവാസ വ്യൂഹം. അതുപോലെ ഇന്ന് മാധ്യമങ്ങളും, മതവും, രാഷ്ട്രീയവും, ശാസ്ത്രവും മനുഷ്യനും എല്ലാം ചേർന്നൊരു ആവാസ വ്യൂഹമുണ്ടല്ലോ. അത്തരത്തിൽ ഒരു ഫുഡ്‌ചെയിൻ പോലൊരു സംഭവത്തെ കുറിച്ചും സിനിമയിൽ പറയുന്നുണ്ട്. ഇതെല്ലാം ചേർത്ത് ഒരു എന്റർടെയിനർ രീതിയിൽ ഹൃമറും കൂടി ഉൾപ്പെടുത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്.

ആവാസ വ്യവസ്ഥ എന്നും സിനിമയ്ക്ക് പേരിടാൻ ഉദ്ദേശിച്ചിരുന്നു. പക്ഷെ ആവാസ വ്യൂഹത്തിലൂടെ ഒരു ട്രാപ്പ് പോലൊരു അവസ്ഥയെ കൂടിയാണ് പറഞ്ഞുവെക്കുന്നത്. ജൈവവൈവിധ്യ ആവാസവ്യൂഹം എന്നായിരുന്നു ആദ്യത്തെ പേര്. ഇംഗ്ലീഷിൽ 'ദ ആർബിറ്റ് ഡോക്യുമെന്റേഷൻ ഓഫ് ആൻ ആംഫീബിയൻ ഹണ്ട്' എന്ന പേരും സിനിമയ്ക്കുണ്ട്. പ്രകൃതിയെ കുറിച്ചൊക്കെ പറയുന്ന ഒരു സിനിമയായതുകൊണ്ടാണ് ആവാസ വ്യൂഹം എന്ന് പേരിട്ടത്. സിനിമയിൽ ഡെവലെപ്പ്‌മെന്റൽ ടെററിസത്തെ കുറിച്ചെല്ലാം പറഞ്ഞ് പോകുന്നുണ്ട്. എന്നാൽ അതുമാത്രമല്ല സിനിമ.''- ഇങ്ങനെയാണ് സംവിയാകൻ പറയുന്നത്. കൂടുതലായി നിങ്ങൾ ചിത്രം അനുഭവിച്ചു തന്നെ അറിയുക.

വാൽക്കഷ്ണം: പക്ഷേ ആവാസവ്യൂഹം എന്ന സിനിമയെക്കുറിച്ചുള്ള ഈ ലേഖകന്റെ ഒരു പരാതി അത് ചില ശാസ്ത്രവിരുദ്ധമായ ആശയങ്ങൾ ഇട്ടുകൊടുക്കുന്നുണ്ട് എന്നാണ്. രണ്ടു സാമ്പിളുകൾ ഇവയാണ്.''പാറകളും കുന്നുകളും പൊട്ടിച്ചു നാട് നികത്തിയപ്പോൾ ആ ലോറികളിലൂടെ എത്തപ്പെട്ട അണലികൾ നാട് മുഴുവൻ വ്യാപിച്ചു. കണ്ടൽവനം നികത്തി ഫ്‌ളാറ്റുകൾ പണിതപ്പോൾ ഓണത്തുമ്പികൾ ഇല്ലാതായി''- സിനിമയിലെ കഥാപാത്രങ്ങളുടെ വീക്ഷണമാണിത്. അത് അശാസ്ത്രീയമാണെന്ന് പറയുമ്പോൾ തന്നെ അത്തരം ഡയലോഗുകൾ എഴുതാനുള്ള സ്വാതന്ത്ര്യവും സംവിധായകനുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെ ചിന്തിക്കുന്ന എത്രയോ ആളുകൾ നമ്മുടെ നാട്ടിലുമുണ്ട്. ഈ കഥാപാത്രങ്ങൾ ഇങ്ങനെ പറയുന്നതുകൊണ്ട് സംവിധായകൻ മാപ്പുപറയണമെന്ന 'പൊക വാദം' ബാലിശമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP