Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പപ്പടം ഏതാടാ, ബ്രാഹ്മിൺസാണോ? എന്നു ചോദിക്കുമ്പോൾ, അല്ലടാ, പുലയനാ എന്നു പറയുന്ന സഹമുറിയനായ സുഹൃത്ത്..! അറ്റൻഷൻ പ്ലീസ്, ആരും പറയാത്ത അഞ്ചാമന്റെ കഥ

പപ്പടം ഏതാടാ, ബ്രാഹ്മിൺസാണോ? എന്നു ചോദിക്കുമ്പോൾ, അല്ലടാ, പുലയനാ എന്നു പറയുന്ന സഹമുറിയനായ സുഹൃത്ത്..! അറ്റൻഷൻ പ്ലീസ്, ആരും പറയാത്ത അഞ്ചാമന്റെ കഥ

ഇ.വി.പ്രകാശ്

ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്ന ജാതി ശ്രേണിയിലൊരിടത്തും പരാമർശിക്കപ്പെടാത്ത വിഭാഗമാണ് ദളിതർ. എന്നാൽ, കായികാദ്ധ്വാനത്തിന്റെ എല്ലാ മേഖലയിലും തൊഴിലാളികളെന്ന നിലയിൽ ഈ അധ:സ്ഥിത വിഭാഗത്തിന്റെ ചോരയും വിയർപ്പുമുണ്ട്. നാം കഴിക്കുന്ന ഓരോ അരിമണിയിലും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ കണ്ണീരിന്റെ ഉപ്പ് കലർന്നിട്ടുണ്ട്. ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'അറ്റൻഷൻ പ്ലീസ്' എന്ന ചലച്ചിത്രം പറയുന്നത് ബൗദ്ധികാദ്ധ്വാനത്തിൽ ഏർപ്പെടുന്ന ദളിത് വിഭാഗത്തിൽ പെടുന്ന കലാകാരൻ അനുഭവിക്കുന്ന അവഗണനയുടെ, ഒറ്റപ്പെടലിന്റെ കഥയാണ്.

സിനിമാ മോഹവുമായി കൊച്ചിയിലെത്തപ്പെട്ട് ഒരുമിച്ച് താമസിക്കുന്ന 5 ചെറുപ്പക്കാരിലെ തിരക്കഥാകൃത്താണ് ഹരി. മറ്റുള്ളവരെല്ലാം സിനിമാ മോഹമടക്കി, കിട്ടിയ ജോലി ചെയ്ത് ജീവിക്കുമ്പോൾ, ഹരിയാവട്ടെ നിരന്തരം കഥകളെഴുതിക്കൊണ്ടിരിക്കുന്നു. എന്നാൽ, കഥകളൊന്നും സിനിമയാകുന്നില്ലെന്ന് മാത്രമല്ല, മൗലികതയില്ലെന്ന പഴിയാണ് കൂട്ടുകാരിൽ നിന്നും കേൾക്കുന്നത്. സുഹൃത്തുക്കളുടെ കഴിവില്ല, കഴിവില്ല എന്ന കുറ്റപ്പെടുത്തലുകൾക്കിടയിലും ഹരി കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. എന്നാലും അംഗീകാരം മാത്രം അകലെ നിൽക്കുന്നു. ഹരിയുടെ കഥകളിലൂടെ തീവ്രമായ സാമൂഹ്യ പ്രശ്‌നങ്ങളിലേയ്ക്കാണ് 'അറ്റൻഷൻ പ്ലീസ്' പ്രേക്ഷകനെ കൊണ്ടു പോകുന്നത്. ഹരി കൂട്ടുകാരോട് പറയുന്ന 7 കഥകളിലും ഒറ്റപ്പെടുത്തപ്പെട്ട മനുഷ്യന്റെ ദാർശനിക പ്രശ്‌നങ്ങളും ജീവിത പ്രയാസങ്ങളുമുണ്ട്.

സ്‌കൂളിൽ പഠിക്കുമ്പോൾ ടീച്ചറോട് പേര് പറഞ്ഞ ഹരിയോട് ഹരിയാണോ, ഹരിജനാണോ? എന്നു ചോദിച്ച ടീച്ചറേയും നിന്റെ കറുപ്പ് മാറാൻ എണ്ണ തേച്ച് കുളിച്ചാൽ മതി എന്നുപദേശിച്ച അദ്ധ്യാപകനെയും ഹരി ഓർക്കുന്നുണ്ട്. പപ്പടം ഏതാടാ, ബ്രാഹ്മിൺസാണോ? എന്നു ചോദിക്കുമ്പോൾ, അല്ലടാ, പുലയനാ... എന്നു മറുപടി പറയുന്നുണ്ട് സഹമുറിയനായ സുഹൃത്ത്. രണ്ടു പേരെയും കൊലപ്പെടുത്തേണ്ട നിലയിലേയ്ക്ക് പ്രധാന പ്രശ്‌നത്തെ തിരക്കഥ വികസിപ്പിക്കുന്നുണ്ട്.

എഴുത്തുകാരനെ സംബന്ധിച്ച സമൂഹത്തിന്റെ മുൻ വിധിയെപ്പറ്റിയും സിനിമ സംസാരിക്കുന്നുണ്ട്. സർഗ്ഗവാസന ജന്മസിദ്ധമാണെന്നും അധ:സ്ഥിതന് അതുണ്ടാവില്ലെന്നുമുള്ള പൊതുബോധത്തെ സിനിമ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്.' ഒറ്റപ്പെടുത്തൽ അത് പണ്ടേ എന്റെ കൂടെപ്പിറപ്പാ...' മാനസിക വിഭ്രാന്തിയുടെ വക്കിൽ നിന്നു കൊണ്ട് ഹരി ആത്മഗതം നടത്തുന്നുണ്ട്. ഒറ്റപ്പെടുത്തിയും അവഗണിച്ചും ഒരു കലാകാരനെ സമൂഹം അക്രമിയും കൊലപാതകിയുമാക്കി മാറ്റുന്നതെങ്ങനെയെന്നാണ് 'അറ്റൻഷൻ പ്ലീസ്' പറയുന്നത്.

ഹരിയുടെ കഥ പറച്ചിലിലൂടെയാണ് സിനിമ വികസിക്കുന്നത്. തിരക്കഥയിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ആ കഥകൾ തന്നെയാണ് സിനിമയുടെ ജീവൻ.മലയാള സിനിമയിൽ സമീപകാലത്ത് കണ്ടതിൽ വെച്ചേറ്റവും മികച്ച പ്രകടനമാണ് വിഷ്ണു ഗോവിന്ദന്റെ ഹരി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി, ഈ യുവ നടന്റെ പ്രകടനം കാണാതെ പോയത് അഞ്ചാമന്റെ കഥ ആയതിനാലാണോ എന്ന സംശയം അവശേഷിക്കുന്നു.

ആനന്ദ് മന്മഥൻ, ശ്രീജിത്, ആതിര കല്ലിങ്കൽ തുടങ്ങി, സിനിമയിലഭിനയിച്ച എല്ലാവരും തങ്ങളുടെ വേഷം മനോഹരമാക്കി. പരിമിതമായ സാഹചര്യങ്ങളിൽ, ഒരൊറ്റ ലൊക്കേഷനിൽ ചിത്രീകരിച്ചപ്പോഴും ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത വിധത്തിൽ ടെക്‌നിക്കൽ വിഭാഗം മികവ് പുലർത്തിയിരിക്കുന്നു. സിനിമയുടെ ശബ്ദമിശ്രണം എടുത്ത് പറയേണ്ടതാണ്. കഥ പറയുമ്പോഴുള്ള ചില ശബ്ദങ്ങൾ നമ്മെ ദൃശ്യാനുഭവത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകും.

സിനിമ സംസാരിക്കുന്ന എല്ലാ വിഷയങ്ങളോടും യോജിക്കാനാവില്ലെങ്കിലും പ്രധാന പ്രമേയം പ്രസക്തവും പരിഹാരം കാണേണ്ടതുമാണ്. ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത സാമൂഹ്യക്രമവും സത്യസന്ധനായ ഒരു വ്യക്തിയും തമ്മിൽ വൈരുദ്ധ്യം ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. വ്യക്തി അധഃസ്ഥിത വിഭാഗത്തിൽ പെടുന്ന ആളാണെങ്കിൽ അത് കൂടുതൽ ഗുരുതരമാകും. അപ്പോഴും പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള സബോധമാർന്ന പ്രയത്‌നങ്ങളാണുണ്ടാവേണ്ടത്. ബാലൻസ് തെറ്റിയുള്ള ഏതൊരു പ്രവർത്തിയും ആത്യന്തികമായി പ്രശ്‌നം പരിഹരിക്കുകയല്ല, മൂർഛിപ്പിക്കുകയാണ് ചെയ്യുക എന്നത് ഓർക്കേണ്ടതുണ്ട്. പരിഹാരത്തെ സംബന്ധിച്ച ചർച്ചയ്ക്കുള്ള സാദ്ധ്യത തുറന്നിട്ടു കൊണ്ടാണ് 'അറ്റൻഷൻ പ്ലീസ്' അവസാനിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP