Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അതിരൻ' എന്ന അതിശയൻ! ടൈപ്പ് കഥകൾ മാത്രം കണ്ടുമടുത്ത മലയാള സിനിമക്ക് ഇതാ വിദേശ സിനിമകളുടെ നിലവാരമുള്ള ഉജ്ജ്വല ചിത്രം; ഫഹദ് ഫാസിൽ നായകനായ അതിരൻ കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ; മലർ മിസ്സായി വന്ന് മലയാളികളുടെ കാൽപ്പനിക നായികയായ സായി പല്ലവിയുടേത് കിടിലൻ മേക്കോവർ; അതുൽ കുൽക്കർണ്ണിയും അതിശയിപ്പിക്കും; ഒരേ അച്ചിലുള്ള കഥകൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്ന മലയാളത്തിലെ സംവിധാന പുംഗവന്മാർ ഈ പടം കണ്ടുപഠിക്കുക

'അതിരൻ' എന്ന അതിശയൻ! ടൈപ്പ് കഥകൾ മാത്രം കണ്ടുമടുത്ത മലയാള സിനിമക്ക് ഇതാ വിദേശ സിനിമകളുടെ നിലവാരമുള്ള ഉജ്ജ്വല ചിത്രം; ഫഹദ് ഫാസിൽ നായകനായ അതിരൻ കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ; മലർ മിസ്സായി വന്ന് മലയാളികളുടെ കാൽപ്പനിക നായികയായ സായി പല്ലവിയുടേത് കിടിലൻ മേക്കോവർ; അതുൽ കുൽക്കർണ്ണിയും അതിശയിപ്പിക്കും; ഒരേ അച്ചിലുള്ള കഥകൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്ന മലയാളത്തിലെ സംവിധാന പുംഗവന്മാർ ഈ പടം കണ്ടുപഠിക്കുക

എം മാധവദാസ്

1967ലെ ഒരു ഗംഭീരമായ നായർ തറവാട്. വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഒരു സ്ത്രീകാണുന്നത് മുറിയിലെ കമ്പിക്കൊളുത്തിൽ തുക്കിയിട്ടിരിക്കുന്ന ഒരു സഹോദരന്റെ മൃതദേഹം! മറ്റൊരു വാതിൽ തുറക്കുമ്പോൾ കുത്തേറ്റ് മരച്ചുകിടക്കുന്ന മറ്റൊരാൾ. മുകളിലുണ്ട് ഒരാൾ കണ്ണുമിഴിച്ച് മരിച്ചുകിടക്കുന്നു. വീടിലെ ഉമ്മറത്ത് വലിയ ചെമ്പിൽ മുക്കിക്കൊല്ലപ്പെട്ട് കിടക്കുകയാണ് ഒരു സ്ത്രീ. അതിനടുത്തിരുന്ന് ഒന്നും സംഭവിക്കാത്തപോലെ ചാക്കുനൂലുകൾ കൈയിലിട്ട് കറക്കുന്ന ഒരു കൗമാരക്കാരിയുടെ വിരലുകൾ.....നാം ഞെട്ടിവിറച്ചുപോകും. 'അതിരൻ' സിനിമ തുടങ്ങുകയാണ്.

അതിരനല്ല ഇത് അതിശയനാണ്! പ്രീ പബ്ലിസിറ്റി കോലാഹലങ്ങളും, സോഷ്യൽ മീഡിയയിലെ പ്രമോഷൻ തള്ളുകളുമൊന്നുമില്ലാതെ പുതുമുഖ സംവിധായകനായ വിവേക്, ഫഹദ് ഫാസിലിനെ നായകനാക്കി എടുത്ത അതിരൻ എന്ന കൊച്ചു ചിത്രം ശരിക്കും അതിശയിപ്പിക്കുകയാണ്. കെട്ടിലും മട്ടിലും പുതുമയുള്ള സൈക്കോ ത്രില്ലർ. ആദ്യ പകുതിയിൽ പല ഷോട്ടുകളും കണ്ടാൽ നിങ്ങൾ കാണുന്നത് ഒരു വിദേശ ചിത്രമാണോയെന്ന് തോന്നിപ്പോകും. ഫ്രെയിം ബ്യൂട്ടിയിൽ, ക്യാമറാ ആംഗിളിൽ, ശബ്ദ മിശ്രണത്തിൽ, സീൻ കോമ്പോസിഷനിൽ ഒക്കെയുണ്ട് ഒരു കാൻ ഫെസ്റ്റിവൽ സിനിമകളുടെ ടച്ച്. ഈ പുതുമുഖ സംവിധായകൻ വിവേക് മലയാളം കാത്തിരിക്കുന്ന പ്രതിഭ തന്നെയാണ്. ഒരേ അച്ചിലുള്ള കഥകൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്ന മലയാളത്തിലെ സംവിധാന പുംഗവന്മാർ ഈ പടം കണ്ടുപഠിക്കേണ്ടതുണ്ട്.

ഷട്ടർ ഐലൻഡുപോലുള്ള ഇംഗ്ലീഷ് ചിത്രങ്ങളുമായുള്ള സാദൃശ്യം പ്രകടമാണെങ്കിലും ഇത് കോപ്പിയാണെന്നൊന്നും പറയാൻ കഴിയില്ല. ഹോളിവുഡ്ഡ് നിലവാരത്തിൽ ഒരു പടം നമ്മുടെ ബജറ്റ് വെച്ചുണ്ടാക്കുക ചില്ലറ കളിയല്ല. ബജറ്റിനേക്കൾ വലുതാണ് നമ്മുടെ പ്രതിഭാശോഷണം. ചർവിത ചർവണമായി മാത്രം ചിന്തിക്കാൻ കഴിയുന്ന മൂന്നാംലോക ഫിലിം മേക്കേഴ്സിന്റെ മസ്തിഷ്‌ക്കത്തെ ഒന്ന് ഉണർത്താൽ ഈ പടത്തിന് കഴിയുമെന്ന് വിശ്വസിക്കാം. പേര് മുതൽ വ്യത്യസ്തത സൂക്ഷിക്കുന്ന അതിരന് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത് പ്രശസ്ത കഥാകൃത്തുകൂടിയായ പി എഫ് മാത്യൂസ് ആണ്. 'ഈ മ യൗ' വിന്ന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ എഴുതുന്ന സിനിമ എന്നൊരു പ്രത്യേകത കൂടി അതിരന് ഉണ്ട്.

അടിമുടി ദരൂഹതയുടെ കുഴമഞ്ഞ്

67ൽ കേരളത്തിൽ നടന്ന കൂട്ടക്കൊലപാതകങ്ങൾക്കുശേഷം അഞ്ചുവർഷം കഴിഞ്ഞ് ഒരു ഭാന്ത്രാശുപത്രിയിലേക്കുള്ള യാത്രയാണ് ചിത്രം കാണിക്കുന്നത്. രണ്ടു മലകളും പുഴയും കടന്നുള്ള ഏകാന്തവും വിജനവുമായ മനോഹര സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു മെന്റൽ ഹോസ്പിറ്റലിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ അവസാനിപ്പിക്കാനാണ് ഫഹദ് ഫാസിലിന്റെ ഡോ.എം.കെ. നായർ ഇവിടേക്ക് എത്തുന്നത്. വണ്ടിക്കാരനിൽനിന്നും, ആശുപത്രിയിലെ ജോലിക്കാരനിൽ നിന്നുമൊക്കെ ഭൂമിയിലെ നരകം എന്നാണ് ഈ സ്ഥലത്തെക്കുറിച്ചുള്ള വിശേഷണം.

ഈ ആശുപത്രിയോട് ചേർന്നുള്ള പറമ്പ് കിളയ്ക്കുമ്പോൾ പലപ്പോഴും, രോഗികളുടെ അസ്ഥിക്കൂടങ്ങൾ കിട്ടാറുണ്ടത്രേ. അത്രയും ഭീതിദമായ ആ ഹോസ്പിറ്റലിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജിൽ നിന്നും ഔദ്യോഗികമായി അയച്ചതാണ് ഡോ. എം.കെ.നായരെ. നായരുടെ റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ഈ ആശുപത്രിയുടെ അംഗീകാരം പോവും. മെഡിക്കൽ കോളജിൽ നിന്ന് വരുന്നതാണെന്ന് അറിയുന്നതോടെ വഴികാട്ടിയായ ആശുപത്രി ജീവനക്കാരൻ മുങ്ങുന്നു. തുടർന്ന് കാടുംമേടും താണ്ടി ഒറ്റക്ക് ഫഹദിന്റെ കഥാപാത്രം, മെന്റൽ ഹോസ്പിറ്റലിലേക്ക് വരുന്ന കാഴ്ചയുണ്ട്. അതിമനോഹര ഫ്രയിമുകൾ. വിഖ്യാതമായ ഡ്രാക്കുള സിനിമയിൽ ജൊനാഥൻ ഡ്രാക്കുള കോട്ടയിലേക്കുവരുന്ന ദൃശ്യങ്ങൾ പോലെ. ഭീതിയും മരണവും ഏത് നിമിഷവും കൂടെയുണ്ടെന്ന് ദൃശ്യത്തിലൂടെയും ശബ്ദത്തിലൂടെയും തോന്നിക്കുന്ന ടെക്ക്നിക്ക്.

അടിമുടി ദുരൂഹതകളുടെ കൂടാരമാണ് ഈ ആശുപത്രിയെന്ന് ഡോ.നായർ മനസ്സിലാക്കുന്നു. അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന സൈക്യാട്രി ഡോക്ടർ ബഞ്ചമിൻ ആണ് ഈ മാനസികാരോഗ്യകേന്ദ്രം നടത്തുന്നത്. സഹായി ആയി ലെന വേഷമിടുന്ന രേണുകയും ഉണ്ട്. അഞ്ച് പേഷ്യന്റ്‌സ് മാത്രമേ ഉള്ളൂ എന്നാണ് അവർ അവകാശപ്പെടുന്നത് എങ്കിലും നായികയായ നിത്യ അവിടെ ഒരു സെല്ലിൽ ഉണ്ട്. അവൾ തന്റെ മകൾ ആണെന്നും അവൾക്ക് ഓട്ടിസം മാത്രമേ ഉള്ളൂ എന്നുമാണ് ഡോക്ടറുടെ വാദം. ആരാണ് നിത്യ. ഏന്താണ് അവളുടെ കഥ. ഡോക്ടറുടെ അന്വേഷണം എങ്ങനെ നീളുന്നുവെന്ന് നിങ്ങൾ കണ്ടുതന്നെ അറിയുക. അവസാനം ഒരു യമണ്ടൻ ട്വിസ്റ്റും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

തകർത്തത് സായി പല്ലവി

ഫഹദിന് തീർത്തും അനായാസമായി ചെയ്യാവുന്ന വേഷമാണിത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ കഥപാത്രം ഒരു വെല്ലുവിളിയല്ല. അതുൽ കുൽക്കർണ്ണിയുടെ വേഷവും ചിത്രത്തെ ചടുലമാക്കുന്നു. അതുലും ഫഹദും തമ്മിലെ കോമ്പിനേഷൻ സീനുകളിൽ കാണാൻ കഴിയുക, ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് നടന്മാരുടെ അഭിനയ മൽസരമാണ്. പക്ഷേ ഈ ചിത്രത്തിൽ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചത് സായി പല്ലവിയാണ്. 'പ്രേമ'ത്തിലെ മലർ മിസ്സായി എത്തി, സുമലതയ്ക്കുശേഷം മലയാളികളുടെ കാൽപ്പനികതയുടെ ഐക്കൺ പദവി നേടിയ ഈ നടി, ഓട്ടിസം ബാധിച്ച ഒരുെപൺകുട്ടിയുടെ രൂപത്തിലാണ് എത്തുന്നത്. ശരിക്കും കൈയടി അർഹിക്കുന്നതാണ് സായി പല്ലവിയുടെ പ്രകടനം. വാക്കിലു നോക്കിലും അംഗചലനങ്ങളിലൊക്കെ സൂക്ഷ്മായ ലുനാട്ടിക്ക് ഭാഗങ്ങൾ സായി ആവാഹിച്ചിരുക്കുന്നു.

ലെന, പ്രകാശ് രാജ്, സുരഭി ലക്ഷ്മി, വിജയ് മേനോൻ, നന്ദുപൊതുവാൾ, ശാന്തി കൃഷ്ണ, സുദേവ് നായർ, രഞ്ജി പണിക്കർ, പി ബാലചന്ദ്രൻ എന്നിങ്ങനെ നടീനടന്മാർക്കൊക്കെ വ്യക്തിത്വമുള്ള വേഷമാണ് ചിത്രത്തിൽ ഉള്ളത്. പി.എഫ്. മാത്യൂസിനെപ്പോലുള്ള എഴുത്തുകാർ മലയാള സിനിമയിലേക്ക് കൂടുതൽ കൂടുതൽ എത്തട്ടേ എന്നുമാത്രമേ ആശംസിക്കാനാവൂ. കാരണം അത്രക്ക് ദയനീയമാണ് മലയാള ചലച്ചിത്ര കഥാലോകം. ഗാനങ്ങൾ ഒരുക്കിയ പി.എസ്. ജയഹരിക്ക് നിറഞ്ഞ കയ്യടി നൽകണം. ചിത്രസംയോജകൻ അയൂബ്ഖാനും അഭിനന്ദനം അർഹിക്കുന്നു.

വാൽക്കഷ്ണം:

ഷട്ടർ ഐലൻഡ് അല്ല അതിരൻ പക്ഷേ...

2010ൽ പുറത്തിറങ്ങിയ അമേരിക്കൻ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമായ 'ഷട്ടർ ഐലൻഡു'മായി ഈ ചിത്രത്തിനുള്ള സാമ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മാർട്ടിൻ സ്‌കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ, കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോനാർഡോ ഡികാപ്രിയോ ആണ്.

പക്ഷേ അതിരൻ കണ്ടപ്പോൾ ഉറപ്പായി. ബാഹ്യമായ സാമ്യങ്ങൾ അല്ലാതെ ഷട്ടർ ഐലൻഡിന്റെ കോപ്പിയടിയല്ല ചിത്രം. ഉള്ളടക്കം, ശേഷം, ദേവദൂതൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടുണ്ടെന്നും, ഷട്ടർ ഐലൻഡ്, എ ക്യുവർ ഫോർ വെൽനെസ്, സ്റ്റോൺഹേസ്റ്റ് അസൈലം എന്നീ ചിത്രങ്ങളും സ്വാധീനിച്ചിട്ടുണ്ടെന്നും സംവിധായകൻ വിവേക് ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു. പക്ഷേ ചിത്രത്തിന്റെ ടൈറ്റിലുകൾ കാണിക്കുമ്പോൾ തന്നെ ഈ വിവരങ്ങളും ചേർക്കാമായിരുന്നു. അതായിരുന്നു മാന്യത. തമിഴിൽ വിജയ് സേതുപതിയും മിഷ്‌ക്കിനുമടക്കമുള്ളവർ തങ്ങൾക്ക് സ്റ്റോറി ഐഡിയ തന്നവരുടെ വിവരങ്ങൾ പോലും ടൈറ്റിലിൽ ചേർക്കുന്നത് ഓർക്കുമല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP