Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സ്‌നേഹത്തോടെ തലോടുന്ന ദൈവത്തിന്റെ ആ വിരലുകൾ...; ജീവിതത്തിന്റെ നേർകാഴ്‌ച്ചയുമായി അപ്പോത്തിക്കിരി

സ്‌നേഹത്തോടെ തലോടുന്ന ദൈവത്തിന്റെ ആ വിരലുകൾ...; ജീവിതത്തിന്റെ നേർകാഴ്‌ച്ചയുമായി അപ്പോത്തിക്കിരി

സഹനീയമായ വേദനയുടെ പിടിയിലമർന്ന് പിടയുന്ന നേരം അടുത്തെത്തുന്ന ഡോക്ടർ നമ്മൾക്ക് ദൈവമാകും.. സ്‌നേഹപൂർവ്വം ആ കൈകൾ നമ്മുടെ നെറ്റിയിൽ തലോടുമ്പോൾ ആ വിരലുകൾ നമുക്ക് ദൈവത്തിന്റെ വിരലുകളും.. എന്നാൽ എല്ലാ ഡോക്ടർമാരുടെ സ്പർശത്തിലും നമുക്ക് ആശ്വാസം ലഭിച്ചെന്നു വരില്ല. തലോടലിൽ മരണവുമായെത്തുന്ന ഡോക്ടർമാറും ആധുനിക ലോകത്ത് ധാരാളം. ഒരേ സമയം ദൈവവും ചെകുത്താനുമായി മാറുന്ന ഒരു ഡോക്ടറുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് 'അപ്പോത്തിക്കിരി' എന്ന ചിത്രം.

പണ്ട് കാലങ്ങളിൽ ഗ്രാമങ്ങളിലെ വീടുകളിൽ രോഗികളെ ചികിത്സിക്കാൻ പെട്ടിയും തൂക്കി എത്തുന്നവരെ അപ്പോത്തിക്കിരി എന്നാണ് വിളിച്ചിരുന്നത്. അവരുടെ വാക്കിലും നോക്കിലും ദൈവിക സാന്നിധ്യമുണ്ടായിരുന്നു. അവരുടെ തലോടലിൽ സ്‌നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു. ആ വിരലുകൾ ദൈവത്തിന്റെ വിരലുകളുമായിരുന്നു. എന്നാൽ കാലം മാറിയതോടെ ഡോക്ടറുടെ രൂപവും ഭാവവും മാറി.

മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാലത്ത് ആധുനിക ചികിത്സാ രംഗത്തെ വിമർശന ബുദ്ധ്യാ നോക്കിക്കാണുകയാണ് ഈ ചിത്രം. മലയാള സിനിമയ്ക്ക് ഒരു ചികിത്സ വേണ്ടിവരുന്ന കാലമാണ് ഇത്. വർഷം നൂറ് കണക്കിന് ചിത്രങ്ങൾ പുറത്തിറങ്ങുന്ന കാലം. എന്നാൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പത്തെണ്ണം പോലും നിലവാരം പുലർത്താറുമില്ല. ന്യൂജനറേഷന്റെ പേരിൽ പടച്ചിടുന്ന അശ്ലീലവും ദുർബല കോമഡികളും തീർത്ത രോഗാവസ്ഥയിലാണ് മലയാള സിനിമ. ഇവിടേക്കാണ് ദൈവിക സാന്നിധ്യത്തോടെ സ്‌നേഹത്തിന്റെ സ്പർശവുമായി അപ്പോത്തിക്കിരി എത്തുന്നത്. അപ്പോത്തിക്കിരിയുടെ ചികിത്സ ഫലിക്കുമെന്ന് കരുതാൻ വയ്യ. കാരണം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ കാലത്ത് അപ്പോത്തിക്കിരിയുടെ ചികിത്സ തിരിച്ചറിയാൻ പ്രേക്ഷകർക്കും കഴിഞ്ഞെന്ന് വരില്ല.

മേൽവിലാസം എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ സ്വന്തമായ ഒരു മേൽവിലാസം ഉണ്ടാക്കാൻ സംവിധായകൻ മാധവ് രാംദാസിന് കഴിഞ്ഞിരുന്നു. ഒരു കോടതി മുറിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയും സവർണ്ണ ചിന്താധാരയെയും നേരിട്ട മേൽവിലാസത്തിൽ നിന്ന് അപ്പോത്തിക്കിരിയിലെത്തുമ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശരി തെറ്റുകളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് സംവിധായകൻ.

അപ്പോത്തിക്കിരി എന്ന മൾട്ടി നാഷണൽ ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. രോഗികളെ ചൂഷണം ചെയ്യുന്ന ആധുനിക ചികിത്സാ രീതികളുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ ചികിത്സാ ചൂഷണങ്ങൾ അവനെ പിന്തുടരുന്നു എന്ന് അപ്പോത്തിക്കിരി കാട്ടിത്തരുന്നു. പിറന്നുവീഴുന്ന കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തുമ്പോൾ അതോടൊപ്പമുള്ള രക്തവും കോശങ്ങളും ശീതീകരിച്ചു സൂക്ഷിച്ചാൽ കുഞ്ഞുവലുതാവുമ്പോൾ വരാനിടയുള്ള രോഗങ്ങൾ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താമെന്ന ഉപദേശത്തോടെ കുഞ്ഞിന്റെ പിതാവിനെ ആശുപത്രി അധികൃതർ ക്യാൻവാസ് ചെയ്യുന്ന ദൃശ്യത്തോടെ അപ്പോത്തിക്കിരിയിൽ ഇനി എന്തെല്ലാം സംഭവിക്കുമെന്നുള്ള സൂചന പ്രേക്ഷകർക്ക് നൽകുന്നു.

അപ്പോത്തിക്കിരി ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം തലവനാണ് ഡോ: വിജയ് നമ്പ്യാർ (സുരേഷ് ഗോപി). ഹോസ്പിറ്റലിലെ ഏറ്റവും ശ്രദ്ധേയനായ ഡോക്ടർ കൂടിയാണ് ഇദ്ദേഹം. വാഹനാപകടത്തിൽ പരിക്കേറ്റ വിജയ് നമ്പ്യാരെ അപ്പോത്തിക്കിരി ഹോസ്പിറ്റലിൽ തന്നെ പ്രവേശിപ്പിക്കുന്നു. ഈ ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ നളനി നമ്പ്യാരും (അഭിരാമി)യും ജോലി ചെയ്യുന്നത്. അബോധാവസ്ഥയിൽ ഡോക്ടർ കിടക്കുമ്പോൾ മാനേജ്‌മെന്റിന് ദുഖമുണ്ട്. അതുപക്ഷെ അദ്ദേഹത്തിന്റെ അവസ്ഥ ആലോചിച്ചിട്ടല്ല മറിച്ച് അദ്ദേഹത്തെ മുന്നിൽ കണ്ട് ആരംഭിക്കാൻ പോകുന്ന പുതിയ പദ്ധതികളുടെ ഭാവിയെപ്പറ്റി ആലോചിച്ചുള്ള ദുഖം മാത്രമാണ്.

മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരു ഡോക്ടറാണ് വിജയ് നമ്പ്യാർ. ഒരുപാട് രോഗികൾക്ക് അദ്ദേഹം ദൈവമാണ്. ആ വിരലുകൾ ദൈവത്തിന്റെ വിരലുകളും. പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പല തെറ്റുകൾക്ക് ഇദ്ദേഹത്തിന് കൂട്ടു നിൽക്കേണ്ടിവന്നിട്ടുണ്ട്. തന്റെ തെറ്റുകളെ ന്യായീകരിച്ച് സ്വയം ആശ്വസിക്കാൻ വിജയ് നമ്പ്യാർ ശ്രമിക്കുന്നുണ്ടെങ്കിലും കുറ്റബോധം അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ വേട്ടയാടൽ തന്നെയാണ് ഒരു അപകടത്തിലേക്ക് വിജയ് നമ്പ്യാരെ നയിക്കുന്നത്. എന്നാൽ താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയ് നമ്പ്യാരെ തന്നെ പരീക്ഷണ വസ്തുവാക്കി മാറ്റി നമ്മെ ഞെട്ടിപ്പിക്കുകയാണ് ആശുപത്രി മാനേജ്‌മെന്റ്.

അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന ഡോക്ടർ വിജയ് നമ്പ്യാരുടെ അടുത്തേക്ക് അദൃശ്യമായ സാന്നിധ്യമായി എത്തുകയാണ് അദ്ദേഹത്തിന്റെ രോഗി കൂടിയായ സുബിൻ ജോസഫ് (ജയസൂര്യ). ഡോക്ടറുടെ ചിന്തകളെ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി ശരി തെറ്റുകളുടെ നൂല്പാലത്തിലൂടെ അദ്ദേഹത്തെ നടത്തുകയാണ് സുബിൻ ജോസഫ്. ഈ യാത്രയിൽ മൾട്ടി നാഷണൽ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങൾ നമ്മൾ കാണുന്നു. അടിച്ചേല്പിക്കപ്പെടുന്ന അനാവശ്യ ടെസ്റ്റുകൾ, മരുന്നുകൾ, രോഗികളുടെ അറിവില്ലായ്മ മുതലെടുത്ത് നടക്കുന്ന മരുന്ന് പരീക്ഷണങ്ങൾ എന്നിവയെല്ലാം സിനിമ ചർച്ചാ വിഷയമാക്കുന്നു. മരുന്ന് പരീക്ഷണത്തിന് കൂട്ടുനിൽക്കേണ്ടിവരുന്ന വിജയ് നമ്പ്യാരുടെ മാനസികാവസ്ഥകൾ... തെറ്റിൽ നിന്ന് വഴി മാറി നടക്കാൻ സാധിക്കാത്തതിലുള്ള ദയനീയത...ശരി തെറ്റുകളുടെ ആ നൂല്പാലത്തിൽ വച്ച് ജീവതത്തിലേക്കോ മരണത്തിലോ എന്നൊരു ചോദ്യത്തിൽ ചിത്രം അതിന്റെ നാടകീയമായ ക്ലൈമാക്‌സിലേക്ക് കടക്കുന്നു.

ആശുപത്രിയും ചികിത്സയും പശ്ചാത്തലമായ അപൂർവ്വം നല്ല രചനകളും സിനിമകളും മാത്രമെ നമുക്കുള്ളു. അമൃതംഗമയ, അയാളും ഞാനും തമ്മിൽ തുടങ്ങിയ നല്ല ചിത്രങ്ങൾക്കും മരുന്ന് എന്ന മികച്ച നോവലിനും ശേഷം വരുന്നൊരു അസാധാരണമായ ദൃശ്യാനുഭവമാണ് അപ്പോത്തിക്കിരി. മാധവ് രാംദാസ് എന്ന സംവിധായകൻ തികഞ്ഞ കയ്യടക്കത്തോടെയാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ഏറെ ഗൗരവവും സങ്കീർണ്ണവുമായ വിഷയം ഏറെ മികവോടെ അഭ്രപാളിയിൽ ആവിഷ്‌ക്കരിക്കാനായി എന്നത് സംവിധായകന്റെ വിജയമാണ്. പരാജയത്തിന്റെ പടുകുഴി താണ്ടിയ സുരേഷ് ഗോപി മികച്ച പ്രകടനവുമായി തിരിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഇന്നലെ, കളിയാട്ടം തുടങ്ങി കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് സുരേഷ് ഗോപിയുടെ അഭിനയ മികവ് നമ്മൾ കണ്ടിട്ടുള്ളു. ആ തലത്തിലേക്ക് അദ്ദേഹം ഉയരുകയാണ് അപ്പോത്തിക്കിരിയിലൂടെ. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിൽ മൂർച്ചയുള്ള ഡയലോഗുകളിലൂടെ ക്ഷോഭം തുളുമ്പുന്ന പഴയ സുരേഷ് ഗോപി തിരിച്ചുവരുകയും ചെയ്യുന്നു. വർഗ്ഗീയതയുടെ കോലം തുള്ളലുമായി നടക്കുന്ന മോദിക്ക് വേണ്ടി അട്ടഹസിക്കുകയാണ് സമീപകാലത്ത് സുരേഷ് ഗോപി. അറിഞ്ഞുകൊണ്ട് തെറ്റിന്റെ വഴിയിലൂടെ നടക്കുകയാണ് വിജയ് നമ്പ്യാർ. എന്നാൽ ജീവിത പാഠങ്ങൾ വിജയ് നമ്പ്യാരെ നന്മയിലേക്ക് വഴിനടത്തുകയാണ്. ഇതുപോലെ സുരേഷ് ഗോപിയുടെ മനസ്സിലും മാറ്റമുണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

അപ്പോത്തിക്കിരിയിലെ കഥാപാത്രത്തിന് വേണ്ടി ജയസൂര്യ നടത്തിയ തയ്യാറെടുപ്പുകൾ ആ കഥാപാത്രത്തിന്റെ ഭാവത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഒരു രോഗിയുടെ ഭാവങ്ങൾ മികവോടെ നിലനിർത്താൻ ഈ ശ്രമങ്ങളെ ജയസൂര്യയെ സഹായിക്കുന്നുണ്ട്. പാവപ്പെട്ട ഒരു രോഗിയുടെ അവസ്ഥകൾ ഏറെ കയ്യടക്കത്തോടെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ അച്ഛനായി എത്തുന്ന ഇന്ദ്രൻസ് മികച്ച പ്രകടനത്താൽ പ്രേക്ഷകരെ ആകർഷിക്കുന്നു. ശിവകുമാർ, മീരാനന്ദൻ, അഭിരാമി തുടങ്ങിയവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്.

കുറഞ്ഞ രംഗങ്ങൾ മാത്രമെ ഉള്ളുവെങ്കിലും ആസിഫ് അലിയും കഥാപാത്രത്തോട് നീതി പുലർത്തി. പൂർണ്ണമായും ഒരു പട്ടാള കോടതിയുടെ പശ്ചാത്തലമായിരുന്നു മേൽവിലാസത്തിന്. ഈ ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ഒരു ആശുപത്രിയിലുമാണ്. ചെറിയൊരു പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ മറികടക്കാൻ ക്യാമറാമാനും കലാസംവിധായകനും വഹിച്ച പങ്ക് വലുതാണ്.

ചിത്രത്തിന്റെ മികവിനിടയ്ക്ക് ചെറിയ ചില പോരായ്മകൾ കൂടി ചൂണ്ടിക്കാണിക്കുന്നു. നായക കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തിലൂടെയും അയാളുടെ തോന്നലുകളിലൂടെയുമാണ് ചിത്രം കുറേ നേരം സഞ്ചരിക്കുന്നത്. എന്നാൽ ഇത്തരം സീനുകൾ അല്പം കൂടിപ്പോകുന്നത് ആസ്വാദനത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നു. ചിത്രത്തിൽ വരുന്ന നാടകീയത പലപ്പോഴും ചിത്രത്തിന് കരുത്താവുന്നുണ്ടെങ്കിലും ഇടയ്ക്ക് അതും അരോചകമാവുന്നുണ്ട്. അമിതമാവുന്ന മെലോഡ്രാമ ഇടയ്ക്ക് പ്രയാസം സൃഷ്ടിച്ചേക്കാം. ആവർത്തന വിരസതയുണ്ടാക്കുന്ന പശ്ചാത്തല സംഗീതമാണ് മറ്റൊരു പോരായ്മ. ഇത്തരം ചില പോരായ്മകളൊന്നും അപ്പോത്തിക്കിരിയുടെ തിളക്കം കുറയ്ക്കുന്നില്ല. ചൂഷണങ്ങൾ തുടർക്കഥയായ വർത്തമാനകാലത്ത് നന്മയുടെ തലോടുമ്പോൾ അതുണ്ടാക്കുന്ന ഊർജ്ജം വളരെ വലുതാണ്. സ്‌നേഹത്തിന്റെ കടലുമായി അപ്പോത്തിക്കിരിമാർ തലോടുമ്പോൾ നിറഞ്ഞ കണ്ണുകളോടെ നമുക്ക് ഈ ചിത്രം ആസ്വദിക്കാം. ഭീകരമാവുന്ന മലയാള സിനിമയിൽ വേറിട്ട ശ്രമങ്ങൾക്ക് അപ്പോത്തിക്കിരി പ്രേരണയാവട്ടെ. അതിനായി ഈ ചിത്രം വിജയം നേടട്ടെ എന്നും പ്രാർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP