Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആളൊരുക്കം; ധ്വനി സാന്ദ്രമായ മൗനം മനനം ചെയ്യപ്പെടുമ്പോൾ ..

ആളൊരുക്കം; ധ്വനി സാന്ദ്രമായ മൗനം മനനം ചെയ്യപ്പെടുമ്പോൾ ..

കെ.പി. സുധീര

നനശീലവും മനീഷയുമുള്ള ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയാണ്, പ്രയത്‌നമാണ് ആളൊരുക്കം. ആത്മാവിനെ മഥിച്ചു കൊണ്ടിരിക്കുന്ന ദാർശനിക പ്രശ്‌നങ്ങളുടെ സംവാദങ്ങളാൽ അസ്വസ്ഥമാക്കപ്പെട്ടതാണ് സിനിമ കണ്ട ഈ രാവെനിക്ക് . കഥയുടെ കാതൽ ക്കരുത്ത്, സംവിധാനത്തിന്റെ മുറുക്കം, ധ്വനി സാന്ദ്രമായ ചെറുവാക്യങ്ങൾ ! പ്രിയ കലാകാരൻ, ജനയുഗത്തിൽ ജോലി ചെയ്യുന്ന ്‌ര അഭിലാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.നിർമ്മാതാവിനും സംവിധായകനും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കം പ്രേക്ഷകന്റെ നെഞ്ചുരുക്കമായി മാറിയല്ലോ എന്നാണ് സിനിമ കാണുമ്പോൾ തോന്നിയത്.വ്യത്യസ്തമായ ആവിഷ്‌കാരത്തിലും സങ്കേതത്തിലും പ്രേക്ഷകർ മുഗ്ധരായിത്തീരുന്നു. കഥാപാത്രങ്ങൾ ജീവിക്കുന്നു എന്നതിനേക്കാൾ പ്രേക്ഷകൻ കഥാപാത്രങ്ങൾക്കൊപ്പം ജീവിക്കുന്നു എന്നാണ് പറയേണ്ടത്. അത്രയ്ക്ക് നൈസർഗ്ഗീകമായൊരു ഭാവതലം സിനിമ കാത്തു സൂക്ഷിക്കുന്നു.

തുള്ളൽ കലാകാരൻ പപ്പുപ്പിഷാരടിയായി ഇന്ദ്രൻസ് ലയിച്ചഭിനയിക്കുന്നു.സംസ്ഥാനത്തെ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസിന് ജീവിതവും അഭിനയവും രണ്ടല്ല എന്ന് തോന്നിപ്പോകുന്നു. ഒരു കൊച്ചു കുട്ടിയെപ്പോലെ നിഷ്‌കളങ്കമായ ആ മുഖം എത്രയെത്ര തീക്ഷ്ണ വികാര പ്രവാഹങ്ങളെയാണ് പ്രകടമാക്കുന്നത്! പകരമില്ലാത്ത കലാകാര ! ആത്മാവിന്നഗാധതയിൽ നിന്നുള്ള അഭിനന്ദനങ്ങൾ. പതിനാറ് വർഷങ്ങൾക്ക് മുമ്പ് പടിയിറങ്ങിപ്പോയ തന്റെ മകനെ അന്വേഷിച്ച് നഗരത്തിലെത്തുന്ന പപ്പുപ്പിഷാരടി ബോധരഹിതനായി വീണ് കാലൊടിഞ്ഞ് ഒരു കൊച്ചു ആശുപത്രിയിലെത്തുന്നു.ആശുപത്രിയിലെ രാവിലേക്ക് പെയ്തിറങ്ങിയ മഴയിൽ അയാൾ സുന്ദരമായൊരു സ്വപ്നം കണ്ടു. തുള്ളൽ വേഷത്തിന്റെ ആർഭാടത്തിൽ താൻ വിജനമായ ഇടനാഴിയിലൂടെ നടന്ന് വന്ന് ആശുപത്രിയുടെ പൂമുഖത്ത് നിൽക്കുമ്പോൾ മകൻ കോരിച്ചൊരിയുന്ന മഴയത്ത് നിന്ന് അച്ഛാ എന്ന് വിളിക്കുന്നു! ഇത് ഒരു സാധാരണ സംഭവമായി തോന്നാമെങ്കിലും പ്രേക്ഷക ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു ഗംഭീര സന്ദർഭമാണിത് സിനിമയിൽ.

ഇന്ദ്രൻസിന്റെ അഭിനയ മികവ് നമ്മെയാകെ പിടിച്ചുലയ്ക്കുകയാണ് സിനിമയിലുടനീളം.ആശുപത്രിയിലെ ഡോക്ടരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ സജീവനെന്ന മകനെ കണ്ടെത്തുമ്പോൾ പിഷാരടി അന്വേഷിക്കുന്നത്, സജീവനെവിടെ? എന്നാണ്.തികച്ചും സ്‌ത്രൈണമായൊരു രൂപം ശവക്കല്ലറയ്ക്കടിയിൽ നിന്നെന്നവണ്ണം അയാൾക്ക് മുമ്പിൽ .- ഊടും പാവും കീറിപ്പിളർന്നത് പോലെ ആ അച്ഛൻ തകർന്നു പോകുന്നു.

പ്രപഞ്ചത്തിലെ പിറപ്പുകളെയോർത്ത് നെഞ്ച് തകർന്ന് പ്രേക്ഷകനിരിക്കുന്നു. താനായിരുന്ന ശരീരത്തെ തച്ചുടച്ച് മറ്റൊരാളിലേക്ക് പരകായപ്രവേശം നടത്തുമ്പോഴുണ്ടാകുന്ന നടുക്കം !സ്വത്വത്തിലേക്കും മണ്ണിലേക്കും വേരിലേക്കും പേരിലേക്കും തിരിയെപ്പോകാനാവാത്ത മനുഷ്യജന്മങ്ങളെയോർത്ത് നാം നടുങ്ങുന്നു. മരണത്തെ കാണും പോലെയാണ് പലരും ഠൃമിഴെലിറലൃ െനെ കാണുന്നത്.ഈ ഞടുക്കം പപ്പുപ്പിഷാരടിയുടെ ഒടുങ്ങാത്ത വിഭ്രമത്തിലൂടെ നമ്മിലേക്ക് സന്നിവേശിക്കുന്നു. മനുഷ്യൻ നഗ്‌നമായ ഇത്തരം ജീവിത സന്ധികളെ നേരിടാനുള്ള കരുത്ത് ആർജിക്കുക തന്നെ വേണം. ദ്വന്ദലൈംഗിതയുമായി ജനിക്കുന്ന നിരപരാധികളെ നാം തുറന്ന ഹൃദയത്തോടെ നെഞ്ചേറ്റുക തന്നെ വേണം എന്ന് ഈ സിനിമ നമ്മെ ഉൽബോധിപ്പിക്കുന്നു. ഒരു ഭാഗം പുരുഷന്റേതു പോലെ പേശീബലമുള്ളതും മറു ഭാഗം സ്ത്രീയെപ്പോലെ വ ശ്യ മനോഹരവുമായി ജനിക്കുക! ഇത് പ്രകൃതിയുടെ പ്രതിനൃത്തമാണ്.

പപ്പുപ്പിഷാരടിയുടെ അന്തമില്ലാത്ത അന്തഃക്ഷോഭങ്ങൾ തീവ്രമായി ആവിഷ്‌കരിച്ച പ്രിയ കലാകാരന് വീഞ്ഞു ഗ്ലാസിൽ പതിക്കുന്ന സൂര്യവെളിച്ചം പോലുള്ള ആ പ്രതിഭയ്ക്ക് മുമ്പിൽ ശിരസ് നമിക്കുന്നു.പുതുമുഖങ്ങൾ പ്രകാശദീപ്തമാക്കിത്തീർത്തൊരു സിനിമയാണിത്. ഒരേ സമയം സജീവനും പ്രിയങ്കയുമായി അഭിനയിച്ച ശ്രീകാന്ത് മേനോനിൽ ഭാവിയിലെ ഒരു പൊൻതാരകത്തെ നമുക്ക് ദർശിക്കാനാവുന്നു.ഡോക്ടറായ സുന്ദരി പെൺകുട്ടി സീത ബാ ല യാ ണ്. ഡോക്ടറുടെ ആത്മ സുഹൃത്ത് പ്രിയനായി വന്ന വിഷ്ണു വളരെ ഗംഭീരമായി തന്റെ ഭാഗം അഭിനയിച്ചു. ഷാജി ജോൺ, ബേബിത്രയ, നഴ്‌സുമാരായി വന്ന പെൺകുട്ടികൾ.അലിയാർ, കലാഭവൻ നാരായണൻ കുട്ടി ഇവരെല്ലാം നല്ല അഭിനയം കാഴ്ചവെച്ചു.നിർമ്മാതാവിനും സിനിമയിലഭിനയിച്ച കൊച്ചിയിലെ അര േഘമയ ന്റെ നടീനടന്മാർക്കും മറ്റെല്ലാ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും സാങ്കേതിക വിദഗ്ദർക്കും അഭിനന്ദനങ്ങൾ.രാമായണത്തിലെ ലങ്കാദഹനമഭിനയിക്കാൻ ഇന്ദ്രൻസിന് ശിക്ഷണം നൽകിയ കലാമണ്ഡലം നിഖിലിന് ആശംസകൾ.

അഗാധ മൗനത്തിന്റെ ചഷകത്തിൽ നിന്ന് പാനം ചെയ്യാൻ ഞങ്ങളെ അനുവദിച്ച ഇന്ദ്രൻസിന് ഇനിയുമനേകം നല്ല കഥാപാത്രങ്ങളെ ആവിഷ്‌ക്കരിക്കാനാവട്ടെ.വിദ്യാധരൻ മാസ്റ്ററുടെ ശബ്ദ ഗരിമ ഗാനത്തെ സാന്ദ്രമാക്കി.ഡി.യേശുദാസിന്റെ,അജേഷ് ചന്ദ്രന്റെ വരികളും റോണി റാഫേലിലിന്റെ സംഗീതവും ഗീഭീരം.രാത്രി മഴയും ഗ്രാമീണ സുഭഗതയും കഥാപാത്രങ്ങളുടെ ഭാവഹാവങ്ങളും ഒപ്പിയെടുത്ത സാംലാൽ പി തോമസിന്റെ ഛായാഗ്രഹണം അതി ഗംഭീരം. വിഷ്ണു കല്യാണിയുടെ എഡിറ്റിംഗിന്റെ ചാരുത അനുപമം.
യുഗ സമസ്യകളിലേക്ക് നമ്മെ ഉണർത്താനും, ഉറങ്ങാനനുവദിക്കാതെ അസ്വസ്ഥരാക്കാനും വേണ്ടുന്ന കലാപരമായ മികവിന് ,ഈ സിനിമയിലെ ദാർശനിക ഗൗരവത്തിന് -സംവിധായകന്, ആളൊരുക്കത്തിന് നന്ദി.കലയ്ക്കും സംസ്‌കാരത്തിനും വേണ്ടി ദാഹിക്കുന്ന ഓരോ പ്രേക്ഷകനും കാണുക, ഈ മികച്ച സിനിമ.

സ്‌നേഹത്തോടെ,
കെ.പി. സുധീര .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP