Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വില്ലനായത് സ്മൃതി ഇറാനിയുടെ വകുപ്പിൽ നിന്നുണ്ടായ വീഴ്‌ച്ച തന്നെ; രാഷ്ട്രപതിഭവന്റെ ശോഭ കെടുത്തുന്ന വിധത്തിൽ വിവാദം വളർന്നതിൽ രാംനാഥ് കോവിന്ദിന് കടുത്ത അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതിഭവൻ അതൃപ്തി അറിയിച്ചു; ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്നത് അവസാന മാറ്റമായി അറിയിച്ചില്ലെന്ന് പരിഭവം; അടുത്ത തവണ മുതൽ രാഷ്ട്രപതി നൽകുന്ന പുരസ്‌ക്കാരം ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മാത്രമാക്കാൻ നീക്കം

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വില്ലനായത് സ്മൃതി ഇറാനിയുടെ വകുപ്പിൽ നിന്നുണ്ടായ വീഴ്‌ച്ച തന്നെ; രാഷ്ട്രപതിഭവന്റെ ശോഭ കെടുത്തുന്ന വിധത്തിൽ വിവാദം വളർന്നതിൽ രാംനാഥ് കോവിന്ദിന് കടുത്ത അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതിഭവൻ അതൃപ്തി അറിയിച്ചു; ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്നത് അവസാന മാറ്റമായി അറിയിച്ചില്ലെന്ന് പരിഭവം; അടുത്ത തവണ മുതൽ രാഷ്ട്രപതി നൽകുന്ന പുരസ്‌ക്കാരം ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മാത്രമാക്കാൻ നീക്കം

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് ദാന പുരസ്‌ക്കാരത്തെ വിവാദത്തിലാക്കിയത് വാർത്താ വിതരണ മന്ത്രാലയത്തിന്റെ വീഴ്‌ച്ച തന്നെയെന്ന് വ്യക്തമാകുന്നു. വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ വെട്ടിലായത് സ്മൃതി ഇറാനി തന്നെയാണ്. കലാകാരന്മാർ ബഹിഷ്‌ക്കരിക്കാൻ ഇടയാക്കിയ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് രാഷ്ട്രപതി ഭവന്റെ അഭിപ്രായം. തന്റെ ഓഫീസിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചതിലുള്ള അതൃപ്തി രാം നാഥ് കോവിന്ദ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു.

നേരെത്ത തന്നെ ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കാൻ സാധിക്കുന്നുവെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചിരുന്നു. പക്ഷേ ഇതു അവസാന മാറ്റമായി സർക്കാർ അറിയിച്ചതിലാണ് രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയത്. വാർത്താ വിതരണ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. മാർച്ചിൽ തന്നെ ചടങ്ങിനുള്ള ചർച്ച പൂർത്തിയായിരുന്നു. പക്ഷേ കേന്ദ്രസർക്കാർ മെയ്‌ ഒന്നിന് മാത്രമാണ് അവാർഡിന്റെ് പട്ടിക നൽകിയതെന്നും രാഷ്ട്രപതി ഭവൻ പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതായിട്ടാണ് വിവരം.

വിവാദങ്ങളുടെ പശ്ചത്താലത്തിൽ അടുത്ത വർഷം മുതൽ പുതിയ പരിഷ്‌കരണങ്ങൾക്ക് നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇനി മുതൽ രാഷ്ട്രപതി നൽകുന്ന ചലച്ചിത്ര പുരസ്‌കാരമായി ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മാത്രം മാറ്റുന്നതിനാണ് പ്രധാനമായും ചർച്ച നടക്കുന്നത്. നേരെത്ത ദേശീയ ചലച്ചിത്ര അവാർഡുകൾ 11 എണ്ണം മാത്രമേ രാഷ്ട്രപതി നൽകൂ, ബാക്കി കേന്ദ്ര വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനി സമ്മാനിക്കൂമെന്ന് തീരുമാനം വന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. അവാർഡ് ജേതാക്കളിൽ മിക്കവരും ഇതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് പുരസ്‌കാരങ്ങളുടെ ശോഭ കെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി അതൃപതി വ്യക്തമാക്കുന്നത്.

ദശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ 140 അവാർഡ് ജേതാക്കളിൽ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. ഇതോടെ ഒഴിഞ്ഞ കസേകളെ നോക്കി പുരസ്‌ക്കാരം നൽകേണ്ട അവസ്ഥയുണ്ടായി. ചുരക്കത്തിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടി ശരിക്കും അലങ്കോലപ്പെടുകയുണ്ടായി. ഇതിനിടെ മലയാളത്തിൽ നിന്നും മികച്ച ഗായകനുള്ള പുരസ്‌ക്കാരം നേടിയ കെ ജെ യേശുദാസും സംവിധായകനുള്ള പുരസ്‌ക്കാരം നേടി ജയരാജും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

സാധാകരണ ഗതിയിൽ ദേശീയ സിനിമാ പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് വാർത്തകളിൽ ഇടംപിടിക്കാറ്. എന്നാൽ ഇത്തവണം രാഷ്ട്രീയപതിയിൽ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയതോടെ പുരസ്‌ക്കാര ദാനചടങ്ങും വിവാദത്തിൽ മുങ്ങിയത്. 64 വർഷത്തെ അവാർഡ് ചരിത്രത്തിനിടെ ഇതാദ്യമായാണ് രാഷ്ട്രപതിക്ക് പകരം ഒരു കേന്ദ്ര മന്ത്രി അവാർഡ് വിതരണം ചെയ്തത്. അവാർഡ് ജേതാകളായ 66 പേരും ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ സ്മൃതി ഇറാനിക്കും അത് കനത്ത തിരിച്ചടിയായി. സ്മൃതിയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ശ്രമങ്ങളും വേണ്ടവിധത്തിൽ വിജയിച്ചില്ല. ചുരുത്തിൽ സ്മൃതി ഇറിനാക്കി ഷോ ചെയ്യാനുള്ള അവസരമാണ് ഇല്ലാതായത്.

രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ജേതാക്കൾ നേരിട്ട് അവാർഡ് വാങ്ങുന്നു എന്നത് തന്നെയാണ് ഈ അവാർഡിന്റെ പ്രത്യേകത. 11 പേർക്ക് മാത്രം രാഷ്ട്രപതി അവാർഡ് നൽകാനും ബാക്കിയുള്ളവർക്ക് സ്മൃതി അവാർഡ് നൽകാനുമുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായ സ്മൃതി ഇറാനിക്ക് വ്യക്തമായ പങ്കുണ്ടാകുമെന്ന് ഇവരുടെ മുൻകാല ചെയ്തികൾ പരിശോധിച്ചാൽ മനസിലാകും. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത കാലം മുതൽ വിവാദങ്ങൾ സൃഷ്ടിച്ച സ്മൃതിയുടെ ഏറ്റവുമൊടുവിലത്തെ വിവാദമാണിത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകിയെന്ന ആരോപണമാണ് ഇവർക്കെതിരെ ആദ്യമുയർന്നത്.

സ്മൃതി ഇറാനി 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽനിന്ന് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ൽ ബി.എ പൂർത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാകട്ടെ, ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ൽ കോമേഴ്സ് ബിരുദത്തിന്റെ ഒന്നാം പാർട്ട്, അഥവാ ഒന്നാംവർഷം പൂർത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിലും സ്മൃതി ഇറാനിക്കും അവരുടെ വകുപ്പിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.

അതേസമയം വിവേചനത്തിനെതിരെ പ്രതികരിച്ച് ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ച മലയാളം സിനിമാക്കാരായിരുന്നു. മലയാളികളായ അവാർഡ് ജേതാക്കളിൽ നിന്നാണ് പ്രതിഷേധ തീരുമാനം ഉണ്ടായതെന്നും മറ്റുള്ള സംസ്ഥാനത്തു നിന്നുള്ളവർ അതേറ്റെടുക്കുകയായിരുന്നു എന്നും വിവരമുണ്ട്. ചടങ്ങിൽ പങ്കെടുക്കില്ല എന്നറിയിച്ചവരുടെ പേരെഴുതിയ കസേരകൾ ഒഴിവാക്കി. ചടങ്ങിൽ പേരുകൾ വായിച്ചതുമില്ല. ഇതോടെ ചലച്ചിത്ര അവാർഡുകളുടെ ചരിത്രത്തിലെ സുപ്രധാന ബഹിഷ്‌ക്കരണമാണ് നടന്നത്. അതിന്റെ മുൻപന്തിയിൽ മലയാളികളായ ചലച്ചിത്ര പ്രവർത്തരായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവരാണ് ബഹിഷ്‌ക്കരിച്ചവരിൽ ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP