Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സിനിമാ ഭ്രാന്ത് മൂത്തപ്പോൾ സഹോദരൻ എന്നെ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടു പോയിട്ടുണ്ടെന്ന്' ജോജു ജോർജ്; ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി നായകവേഷം ലഭിക്കുന്നത് വരെയുള്ള കഷ്ടപ്പാടുകൾ ഓർത്ത് ജയസൂര്യ; പഠനം പാതിവഴിയിലുപേക്ഷിച്ചതിന് മമ്മൂക്ക ശകാരിച്ചതും റെയിൻ ബോയിയായി നിന്നതും സൗബിന്റെ ഓർമ്മകളിൽ; സംസ്ഥാന പുരസ്‌കാരത്തിന്റെ തങ്കത്തിളക്കത്തിൽ നിൽക്കുന്നവരുടെ ഭൂതകാലം അസ്സൽ സസ്‌പെൻസ് ത്രില്ലർ തന്നെ

'സിനിമാ ഭ്രാന്ത് മൂത്തപ്പോൾ സഹോദരൻ എന്നെ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടു പോയിട്ടുണ്ടെന്ന്' ജോജു ജോർജ്; ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി നായകവേഷം ലഭിക്കുന്നത് വരെയുള്ള കഷ്ടപ്പാടുകൾ ഓർത്ത് ജയസൂര്യ; പഠനം പാതിവഴിയിലുപേക്ഷിച്ചതിന് മമ്മൂക്ക ശകാരിച്ചതും റെയിൻ ബോയിയായി നിന്നതും സൗബിന്റെ ഓർമ്മകളിൽ; സംസ്ഥാന പുരസ്‌കാരത്തിന്റെ തങ്കത്തിളക്കത്തിൽ നിൽക്കുന്നവരുടെ ഭൂതകാലം അസ്സൽ സസ്‌പെൻസ് ത്രില്ലർ തന്നെ

മറുനാടൻ ഡെസ്‌ക്‌

വേറിട്ട അഭിനയ വൈഭവം കാഴ്‌ച്ച വെച്ചതിന് പുരസ്‌കാര നിറവിൽ ഈ താരങ്ങൾ നിൽക്കുമ്പോഴും കഷ്ടപ്പാടിന്റെ തീച്ചൂളയിലൂടെ കടന്ന് പോയ അനുഭവവും ഇവർ ഓർമ്മിക്കുകയാണ്. സൗബിൻ ഷാഹിറും ജയസൂര്യയും ജോജു ജോർജും വന്ന വഴികൾ ഒറ്റ ഫോട്ടോയിൽ കാട്ടിയ അജു വർഗീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യത്തിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് പർവതവും കീഴടക്കാമെന്നും എന്നാൽ താരത്തിളക്കത്തിന്റെ വെള്ളി വെളിച്ചത്തിലും വിനയം എന്നത് എപ്പോഴും കൂടെയുണ്ടാകണമെന്നും ഈ താരങ്ങളുടെ ജീവിതം ഓർമ്മിപ്പിക്കുന്നു.

പിന്നോട്ടൊന്ന് തിരിഞ്ഞ് നോക്കിയാൽ രക്ഷപെടുമെന്ന് ഉറപ്പ് പറ്റാൻ പറയാത്ത സാഹചര്യത്തിലൂടെയാണ് മൂവരും കടന്ന് പോയത്. ഇവരുടെ ജീവിതം ഒന്നറിയാൻ ശ്രമിച്ചാൽ കേൾക്കുന്നവരുടെ ഉള്ളിലും ഒരു കാര്യം മുഴങ്ങുമെന്നുറപ്പ് 'എന്റെ ഉള്ളിലും ഒരു ലക്ഷ്യമുണ്ട്...എനിക്കത് നേടണം'. സ്വകാര്യ ചാനലിലെ പരിപാടി അവതരണത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ജയസൂര്യയുടെ ഉള്ളിൽ മുന്നോട്ട് കുതിക്കണമെന്ന ആഗ്രഹം കെടാത്ത കനൽ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. മിമിക്രിയിലും മികവ് പ്രകടിപ്പിച്ച ജയസൂര്യയ്ക്ക് എന്നും പ്രിയം അഭിനയത്തോടായിരുന്നു.

 

ജൂനിയർ ആർട്ടിസ്റ്റായിട്ടെങ്കിലും അവസരം കിട്ടാൻ ഒട്ടേറെ സിനിമാ സെറ്റുകളിൽ ജയസൂര്യ കയറിയിറങ്ങി. ഒടുവിൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലെ നായക വേഷമാണ് ജയസൂര്യയ്ക്ക് ബ്രേക്കായത്. ഇതിനു പിന്നാലെ ജയസൂര്യയ്ക്ക് ലഭിച്ചത് മികച്ച വേഷങ്ങളുടെ മരട് വെടിക്കെട്ട് തന്നെയായിരുന്നു. താൻ സിനിമയിലെത്തിയ അനുഭവങ്ങൾ ജയസൂര്യ ഒട്ടേറെ അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

അഭിനയ മികവിന്റെ കാര്യത്തിലാണെങ്കിൽ ജയസൂര്യ എന്താണെന്നറിയാൻ അപ്പോത്തിക്കരി, സുസു സുധി വാൽമീകം, ആട് ഒരു ഭീകരജീവിയാണ്, ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങൾ കണ്ടാൽ സാധിക്കും. ശരീര ഭാഷയിൽ തന്നെ വലിയ മാറ്റം വരുത്തി വെള്ളിത്തിരയിൽ ജയസൂര്യ തീർത്ത വിസ്മയം അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. 'പുരസ്‌കാരം ഒട്ടും വൈകിയില്ല ഇത് തന്നെയാണ് ശരിയായ സമയം' എന്ന ജയസൂര്യയുടെ വാക്കുകൾ ക്ഷമയുടെ ഉത്തമ ഉദാഹരണമാണ്.

അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിച്ച സൗബിൻ ഷാഹിറിന്റെ സിനിമയിലേക്കുള്ള വരവ് ഒരു കഥയാക്കിയാൽ ബോക്‌സോഫീസ് ഹിറ്റിനുള്ള വകുപ്പ് നമുക്ക് ഉറപ്പിക്കാം. അത് സൗബിൻ തന്നെ സംവിധാനം ചെയ്താൽ സംഗതി വേറെ ലെവലാകുമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്തും റെയിൻബോയിയായും സഹസംവിധായകനായും ആദ്യ ചുവടുകൾവെച്ച സൗബിനും പറയാനുള്ളത് താൻ ചവിട്ടികയറി വന്ന പടവുകളാണ്.

അമൽ നീരദ് സംവിധാനം ചെയ്ത അൻവർ എന്ന ചിത്രത്തിൽ റെയിൻബോയിയായി നിൽക്കുന്ന സൗബിന്റെ ചിത്രം നാം നാളുകൾക്ക് മുൻപേ കാണാൻ തുടങ്ങിയതാണ്. തന്നെ ഏൽപ്പിക്കുന്നത് ഏത് ജോലിയാണെങ്കിലും അത് ആത്മവിശ്വാസത്തോടെ ചെയ്യുന്ന സൗബിൻ പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴും അമിത ആത്മവിശ്വാസമോ അഹന്തയോ ഇല്ല.

സിദ്ധീഖിന്റെ ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടങ്ങിയ സൗബിൻ ഫാസിൽ, സന്തോഷ് ശിവൻ, റാഫി മെക്കാർട്ടിൻ, രാജീവ് രവി, പി.സുകുമാർ, അമൽ നീരദ് തുടങ്ങി ഒട്ടേറെ പേരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത ടാ തടിയാ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ സൗബിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി മാത്രമാകും സൗബിന്റെ മാസ്റ്റർ പീസെന്ന് കരുതിയവർക്ക് സെന്റിമൻസും തനിക്ക് വഴങ്ങുമെന്ന് സുഡാനി ഫ്രം നൈജീരിയയിലും കുമ്പളങ്ങി നൈറ്റ്‌സിലൂടെയും സൗബിൻ പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തു.

നിവിൻ പോളി നായകനായ പ്രേമത്തിൽ പി ടി മാഷായി തിളങ്ങിയ സൗബിനെ അത്ര പെട്ടന്നാരും മറക്കാൻ ഇടയില്ല. പഠനം പാതിയാക്കി സിനിമാ മേഖലയിലേക്ക് ഇറങ്ങിയപ്പോൾ മമ്മൂക്ക തന്നെ ശകാരിച്ചിട്ടുണ്ടെന്നും പഠനം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സൗബിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ജോസഫ് എന്ന ചിത്രത്തിലൂടെ അഭിനയമികവിന്റെ പര്യായമായി മാറിയ ജോജുവിനും പറയാനുള്ളത് കഷ്ടപ്പാടിന്റെ കഥ തന്നെ. തുടർച്ചയായി പത്തുവർഷത്തോളം ചെറു വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടും ആ മനസ് തളർന്നില്ല. തനിക്ക് സിനിമാപ്രാന്ത് മൂത്തപ്പോൾ തന്നെ സഹോദരൻ സൈക്യാർട്ടിസ്റ്റിനെ കാണിക്കാൻ കൊണ്ടു പോയ അനുഭവവും ജോജുവിന്റെ ഓർമ്മകളിലുണ്ട്. ഒന്നെങ്കിൽ സിനിമകൊണ്ട് ഇയാളുടെ ജീവിതം രക്ഷപെടുമെന്നും അല്ലെങ്കിൽ നശിക്കുമെന്നുമാണ് ഡോക്ടർ അന്ന് പറഞ്ഞത്.

ദാദാസാഹിബ്, മഴവിൽകൂടാരം തുടങ്ങിയ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട ജോജു ഇതിനു വർഷങ്ങൾക്ക് ശേഷം ശ്രദ്ധിക്കപ്പെട്ടത് ലാൽ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും മമ്മൂട്ടി നായകനായ രാജാധിരാജ എന്ന ചിത്രത്തിലൂടെയുമാണ്. ജോസഫ്, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളുടെ നിർമ്മതാവ് എന്ന നിലയിലും ജോജു തിളങ്ങി. സുഹൃത്തുക്കളിൽ നിന്നും വരെ ഒരുപാട് ചതിക്കുഴികളിൽ നിന്നും രക്ഷപെട്ടാണ് താൻ മുന്നോട്ട് നീങ്ങിയതെന്നും ജോജു പറഞ്ഞ വാക്കുകൾ ഏവർക്കും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

വിജയത്തിന്റെ പടവുകൾ കയറും മുൻപ് കഷ്ടപ്പാടിന്റെ മുള്ളുകളിൽ ചവിട്ടാതെ സാധിക്കില്ലെന്നും ഇപ്രകാരം മുന്നോട്ട് നീങ്ങുന്നവർക്ക് വിജയം ഉറപ്പാണെന്നും ഇവരുടെ ജീവിതം ഓർമ്മിപ്പിക്കുന്നു. വരും നാളുകളിൽ വെള്ളിത്തിരയിൽ ഇവർ പുത്തൻ വിസ്മയങ്ങൾ തീർക്കുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP