Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവാർഡിന്റെ പേരിൽ പതിവായി തല്ലുണ്ടാക്കുന്ന താരങ്ങൾ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങിന്റെ പേരിൽ പോരടിക്കുന്നു; ചാനൽ അവാർഡുകൾ വാങ്ങാൻ മാനം കെട്ട് നിൽക്കുന്ന താരങ്ങൾക്ക് കേന്ദ്രമന്ത്രിയിൽ നിന്നും പുരസ്‌ക്കാരം വാങ്ങുന്നതിൽ തെറ്റെന്തെന്ന് ഒരു കൂട്ടർ; രാഷ്ട്രപതിയുടെ പേരു പറഞ്ഞ് താരങ്ങളെ പറ്റിച്ചത് തെറ്റു തന്നെയെന്ന് മറ്റൊരു കൂട്ടർ; ബിജെപി സർക്കാറിനെതിരായ നിലപാടു കൊണ്ട് ഞെട്ടിച്ച് സംവിധായകൻ മേജർ രവിയും; കിട്ടിയ അവസരത്തിൽ പാർവതിക്കെതിരെ മമ്മൂട്ടി ഫാൻസുകാരും

അവാർഡിന്റെ പേരിൽ പതിവായി തല്ലുണ്ടാക്കുന്ന താരങ്ങൾ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങിന്റെ പേരിൽ പോരടിക്കുന്നു; ചാനൽ അവാർഡുകൾ വാങ്ങാൻ മാനം കെട്ട് നിൽക്കുന്ന താരങ്ങൾക്ക് കേന്ദ്രമന്ത്രിയിൽ നിന്നും പുരസ്‌ക്കാരം വാങ്ങുന്നതിൽ തെറ്റെന്തെന്ന് ഒരു കൂട്ടർ; രാഷ്ട്രപതിയുടെ പേരു പറഞ്ഞ് താരങ്ങളെ പറ്റിച്ചത് തെറ്റു തന്നെയെന്ന് മറ്റൊരു കൂട്ടർ; ബിജെപി സർക്കാറിനെതിരായ നിലപാടു കൊണ്ട് ഞെട്ടിച്ച് സംവിധായകൻ മേജർ രവിയും; കിട്ടിയ അവസരത്തിൽ പാർവതിക്കെതിരെ മമ്മൂട്ടി ഫാൻസുകാരും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാന സിനിമാ പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോൽ പതിവായി ഇവിടെ ഒന്നും കിട്ടിയില്ല എന്നു വിലപിക്കുന്ന ചില സ്ഥിരം മുഖങ്ങളുണ്ട്. സംവിധായകൻ ഡോ. ബിജുവിൽ തുടങ്ങുന്ന അത്തരക്കാരുടെ നിര. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ അവാർഡ് സിനിമാ ഗണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചവരാണ് പതിവായി ഇത്തരം ആക്ഷേപങ്ങളുമായി രംഗത്തെത്താറ്. എന്തായാലും ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിക്കുമ്പോൾ വലിയ വിവാദങ്ങളൊന്നും ഉണ്ടായില്ല. മലയാളം സിനിമക്ക് അർഹിക്കുന്ന പരിഗണന തന്നെ ദേശീയ തലത്തിൽ ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രഖ്യാപന വേളയിൽ ഉണ്ടാകാതിരുന്ന വിവാദം ഇത്തവണ ശക്തമായി ഉയർന്നത് പുരസ്‌ക്കാര ദാന വേദിയിലാണ്.

സാധാരണ നിലയിൽ വർഷങ്ങളായി രാഷ്ട്രപതിയുടെ പക്കൽ നിന്നാണ് പുരസ്‌ക്കാര ജേതാക്കൾ അവാർഡ് വാങ്ങാറ്. എന്നാൽ, ഇത്തവണ പ്രധാനപ്പെട്ട കുറച്ച് അവാർഡുകൾ മാത്രമേ രാഷ്ട്രപതി നൽകുകയുള്ളൂവെന്നും മറ്റ് പുരസ്‌ക്കാരങ്ങൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകുമെന്നുമുള്ള കാരണത്താൽ ഇതിനെ മലയാളം സിനിമയിലെ അടക്കം സിനിമാക്കാർ ബഹിഷ്‌ക്കരിക്കുകയുണ്ടായി. ഈ ബഹിഷ്‌ക്കരണത്തെ ചൊല്ലി ഇപ്പോൾ വിവാദം ശക്തിപ്പെട്ടിരിക്കയാണ്. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഉടക്കുമായും പരിഹാസവുമായും രംഗത്തെത്താറുള്ളവരാണ് ഇത്തവണയും തമ്മിൽ കോർത്തിരിക്കുന്നത്.

ഫഹദ് ഫാസിൽ, പാർവതി തുടങ്ങിയവരാണ് മലയാളത്തിൽ നിന്നും ദേശീയ പുരസ്‌ക്കാരം സ്മൃതിയുടെ പക്കൽ നിന്നും വാങ്ങാൻ തയ്യാറല്ലെന്ന കാരണം പറഞ്ഞ് തിരസ്‌ക്കരിച്ചത്. ഇതോടെ ഫഹദ് ഫാസിലിനെതിരെ ഒരു വിഭാഗം സൈബർ ലോകത്ത് വിമർശനവും പ്രശംസയുമായി രംഗത്തുണ്ട്. മറുവശച്ച് പാർവതിയെ വിമർശിക്കാനുള്ള അവസരമെന്ന് കണ്ടാണ് മമ്മൂട്ടി ഫാൻസുകാർ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അച്ചാറു കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര നിർമ്മാതാക്കളിൽ നിന്നും അവാർഡുകൾ സ്വീകരിക്കാൻ മടിയില്ലാത്തവർ എന്തിനാണ് ദേശീയ പുരസ്‌ക്കാരം വാങ്ങാൻ കൂട്ടാക്കാതിരുന്നതെന്ന് ചോദിച്ചാണ് സംവിധായകൻ ജോയ് മാത്യു രംഗത്തെത്തിയത്.

ഇതിൽ ജോയ് മാത്യുവിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. അവാർഡിനുവേണ്ടിയല്ല മറിച്ചു ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമർശത്തിലെ ഇരട്ടത്താപ്പ് തന്റെ അനുഭവകഥയിലൂടെ തുറന്നുകാട്ടിക്കൊണ്ടാണ് ഡോ. ബിജു രംഗത്തുവന്നത്. ജോയ് മാത്യുവിന്റെ പേരുപരാമർശിക്കാതെ 'ഒരു സംവിധായക നടൻ' എന്നു പറഞ്ഞാണ് ഡോ. ബിജുവിന്റെ മറുപടി. തന്റെ ചിത്രത്തിന് പുരസ്‌കാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 2012ലെ ദേശീയ പുരസ്‌കാര ജൂറിയിൽ ഉൾപ്പെട്ട തന്നെ ജോയ് മാത്യു തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് ഡോ. ബിജു പറയുന്നത്.

'അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിൽ ഇതേ ദേഹം എന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വർഷം അവാർഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീർത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്... അല്ല ഞാൻ ഫോണ് കട്ട് ചെയ്യുകയായിരുന്നു... എന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ ഞാൻ കൊടുത്ത കേസിൽ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു...' അദ്ദേഹം പറയുന്നു.

ഡോ. ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അവാർഡിന് വേണ്ടിയല്ല ജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രമാണ് ഞാൻ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടൻ. ഇന്നലെ അവാർഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവർത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം....സത്യത്തിൽ ഇത് വായിച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയം... കാര്യം മറ്റൊന്നുമല്ല. 2012 ൽ ദേശീയ പുരസ്‌കാര ജൂറിയിൽ ഞാനും അംഗമായിരുന്നു.

അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയിൽ ഇതേ ദേഹം എന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വർഷം അവാർഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീർത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്... അല്ല ഞാൻ ഫോണ് കട്ട് ചെയ്യുകയായിരുന്നു... എന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരിൽ ഞാൻ കൊടുത്ത കേസിൽ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു...

തന്റെ സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല എന്നതിന്റെ പേരിൽ ജൂറി മെമ്പറെ ഫോണിൽ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോൾ പറയുന്നു. ഞാൻ അവാർഡുകൾക്ക് വേണ്ടിയല്ല ജനങ്ങൾ കാണുവാൻ വേണ്ടിയാണ് സിനിമ ചെയ്യുന്നത്.. ഒപ്പം ഇത്തവണ ദേശീയ അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും... ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയിൽ കേസിന്റെ അടുത്ത അവധിക്ക് കാണാം..

എനിക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.. ക്ഷമിക്കുക എന്ന് നിഖിൽ എസ്. പ്രവീൺ

ഗായകൻ യേശുദാസിനും സംവിധായകൻ ജയരാജിനുമൊപ്പം അവാർഡ് സ്വീകരിക്കാൻ തയ്യാറായ മറ്റൊരു വ്യക്തിയായിരുന്നു ഛായാഗ്രഹൻ നിഖിൽ എസ്. പ്രവീൺ. യേശുദാസും ജയരാജും രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം കൈപ്പറ്റിയപ്പോൾ നിഖിലിന് പുരസ്‌കാരം നൽകിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. യേശുദാസിനെയും ജയരാജിനെയും കുറ്റപ്പെടുത്തി സൈബർ ലോകം രംഗത്തെത്തിയപ്പോൾ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു എന്നു പറഞ്ഞാണ് നിഖിൽ രംഗത്തെത്തിയത്.

രാജ്യം ആദരിക്കുന്ന പുരസ്‌കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും വാങ്ങിയെങ്കിലും പുരസ്‌കാരം വാങ്ങി പുറത്തിറങ്ങിയ നിഖിൽ സ്വന്തം അമ്മയുടെ കയ്യിൽ ആ അവാർഡ് കൊടുത്തു..തുടർന്ന് അമ്മ തനിക്ക് ഈ പുരസ്‌കാരം നൽകണമെന്ന ആഗ്രഹം പങ്കുവെച്ചു. അവാർഡ് അമ്മയിൽ നിന്നും വാങ്ങിയ ചിത്രമെടുത്ത് ഫേ്സബുക്കിൽ പോസ്റ്റ് ചെയ്ത് നിഖിൽ കുറിച്ചു... 'അവാർഡ് അമ്മയിൽ നിന്നും... രജത കമലം അമ്മയിൽ നിന്ന്..'' അതേസമയം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കയ്യിൽ നിന്ന് പുരസ്‌കാരം വാങ്ങുന്ന ചിത്രം നിഖിൽ ഷെയർ ചെയ്തതുമില്ല.

തുടക്കക്കാരൻ എന്ന നിലയിൽ അവാർഡ് സ്വീകരിക്കാൻ നിർബന്ധിതനായ എനിക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.. ക്ഷമിക്കുക.. എന്നായിരുന്നു അവാർഡ് വാങ്ങിയതിന് പിന്നാലെ നിഖിൽ ഫേസ്‌ബുക്കിൽ കുറിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലെ ഛായാഗ്രഹണത്തനാണ് നിഖിൽ എസ്. പ്രവീൺ പുരസ്‌കാരത്തിന് അർഹനായത്. ചിത്രത്തിന്റെ സംവിധായകനായ ജയരാജ് പുരസ്‌കാരം സ്വീകരിക്കാൻ തയ്യാറാകുമ്പോൾ, അതും തനിക്ക് ആദ്യമായി സിനിമയിൽ അവസരം നൽകിയ ജയരാജ് അങ്ങനെയൊരു നിലപാടെടുക്കുമ്പോൾ അതിനെ മറികടന്നൊരു തീരുമാനം എടുക്കാൻ ഒരുപക്ഷേ നിഖിലിന് കഴിഞ്ഞില്ലായിരിക്കാം. 'തുടക്കക്കാരൻ എന്ന നിലയിൽ അവാർഡ് സ്വീകരിക്കാൻ നിർബന്ധിതനായി' എന്ന നിഖിലിന്റെ വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ.

താങ്കളുടെ കാര്യത്തിൽ അത് തന്നെയാണ് ശരിയെന്നും അഭിനന്ദനങ്ങളെന്നുമാണ് നിഖിലിന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. പ്രയത്നത്തിനും സമർപ്പണത്തിനുമുള്ള അംഗീകാരമാണെന്നും ആരുടെ കയ്യിൽ നിന്നായാലും എളിമയോടെ അത് സ്വീകരിക്കാൻ തോന്നിയ മനസ്സിന് അഭിനന്ദനങ്ങൾ എന്നും ചിലർ കുറിക്കുന്നു. അതേസമയം ഇങ്ങനെയൊരു കുറിപ്പ് വേണ്ടിയിരുന്നില്ലെന്നും താങ്കൾ കാണിച്ചതാണ് ശരിയെന്നും പുരസ്‌കാരം നിരസിച്ച് ആളാവാൻ നോക്കുന്നവർക്ക് കൃത്യമായ അജണ്ടകളുണ്ടെന്നും പറഞ്ഞ് ഇതിനെ വിമർശിക്കുന്നവരും ഉണ്ട്.

വ്യത്യസ്ത നിലപാടു കൊണ്ട് ഞെട്ടിച്ച് മേജർ രവി

അതേസമയം ദേശീയ പുരസ്‌ക്കാര വിവാദത്തിൽ വ്യത്യസ്ത നിലപാടു കൊണ്ട് ഞെട്ടിച്ചത് ബിജെപി അനുഭാവി കൂടിയായ മേജർ രവിയായിരുന്നു. പ്രശ്‌നങ്ങൾക്ക് കാരണം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണെന്നാണ് മേജർ രവി കുറ്റപ്പെടുത്തിയത്. ഞാൻ തീരുമാനിക്കുന്നതു പോലെയാണ് കാര്യങ്ങൾ എന്ന സ്മൃതി ഇറാനിയുടെ ധാർഷ്ട്യം തെറ്റാണെന്ന് മേജർ രവി പറഞ്ഞു. ഒരു മന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ പതിനൊന്നു പേർ ഒഴികെയുള്ളവർക്ക് അവാർഡ് നൽകാൻ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നു അദ്ദേഹം പറഞ്ഞു.

അവാർഡ് ദാനം കഴിഞ്ഞ് രാഷ്ട്രപതിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാം എന്നു പറയുന്നത് മന്ത്രിയുടെ ധാർഷ്ട്യമാണ്. ഫോട്ടോ ഇന്ന് ഫോട്ടോഷോപ്പിൽ വേണമെങ്കിലും ചെയ്യാം. അതിന് ഇവരുടെ ഔദാര്യത്തിന്റെ ആവശ്യം ഇല്ല. ഏത് സർക്കാരിന്റെ ഏത് മന്ത്രിയാണെങ്കിലും ഇത്തരത്തിലുള്ള ധാർഷ്ട്യം സഹിക്കാൻ ജനങ്ങൾക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ധാർഷ്ട്യത്തെ ബിജെപി ഗൗരവകരമായി എടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യേശുദാസിനെ വിമർശിച്ച് ഷമ്മി തിലകൻ

ദേശീയ അവാർഡ് പുരസ്‌കാര വിവാദത്തിൽ യേശുദാസിനും സംവിധായകൻ ജയരാജനും കടുത്ത വിമർശനം ഉയർന്നിരുന്നു. ഈ വിഷയത്തിൽ യേശുദാസിനെതിരെ പ്രതികരിച്ച് ഷമ്മി തിലകനും രംഗത്തെത്തി. യു ടൂ ദാസേട്ടാ.. കഷ്ടം എന്നായിരുന്നു ഷമ്മി തിലകന്റെ വിമർശനം. 11 പേർക്കെ രാഷ്ട്രപതി പുരസ്‌കാരം നൽകുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തിൽ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമോറാണ്ടത്തിൽ യേശുദാസും ജയരാജും ഒപ്പിടുകയും ചെയ്തിരുന്നു.

എന്നാൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കേണ്ട സമയമായപ്പോൾ ഇരുവരും അതിന് തയ്യാറാവുകയായിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കുന്നതെന്നുമായിരുന്നു വിഷയത്തിൽ യേശുദാസിന്റെ പ്രതികരണം. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ 140 അവാർഡ് ജേതാക്കളിൽ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടൻ ഫഹദ് ഫാസിലടക്കമുള്ളവർ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സർക്കാർ പരിപാടി നടത്തിയിരുന്നത്. ചടങ്ങിൽ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമർശിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സനൽകുമാർ ശശിധരനും സംവിധായകൻ റസൂൽ പൂക്കുട്ടിയും നജീം കോയയും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

പാർവതിയോട് കലിപ്പു തീർക്കാൻ മറ്റൊരു അവസരം കൂടി കിട്ടിയ സന്തോഷത്തിൽ മമ്മൂട്ടി ഫാൻസുകാർ

കുറച്ചുകാലമായി മമ്മൂട്ടി ഫാൻസുകാർ സൈബർ ലോകത്ത് കലിപ്പു തീർക്കുന്നത് നടി പാർവതിയെ തെറി പറഞ്ഞു കൊണ്ടാണ്. കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പറഞ്ഞതു മുതലാണ് പാർവതിക്കെതിരെ മമ്മൂട്ടി ഫാൻസുകാർ രംഗത്തെത്തിയത്. സൈബർ ലോകത്തെ പൊങ്കാല മൈ സ്റ്റോറി എന്ന സിനിമക്കെതിരെയും തിരിഞ്ഞു. ഇതിനിടെയാണ് ഇപ്പോൾ പാർവതിക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങിന്റെ വേദിയും മാറ്റിയത്. പാർവതിക്കെതിരെ ഫെമിനിച്ചി വിളിച്ചാണ് മമ്മൂട്ടി ആരാധകർ വീണ്ടും കലിപ്പു തീർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP