Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പോയ് മറഞ്ഞ കാലം' വരുന്നു ഗന്ധർവനാദത്തിൽ വീണ്ടും; നീണ്ട ഇടവേളയ്ക്ക് ശേഷം കെ.ജെ.യേശുദാസിനെ തേടി ദേശീയ പുരസ്‌കാരം എത്തുമ്പോൾ മലയാളികൾ പറയുന്നു ഇതുഞങ്ങളുടെ സ്വകാര്യ അഹങ്കാരം; 'വിശ്വാസപൂർവം മൻസൂറി'ലൂടെ എട്ടാംവട്ടം സമ്മാനിതനാകുമ്പോൾ അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ സൃഷ്ടിച്ചത് റെക്കോഡ് നേട്ടം

'പോയ് മറഞ്ഞ കാലം' വരുന്നു ഗന്ധർവനാദത്തിൽ വീണ്ടും; നീണ്ട ഇടവേളയ്ക്ക് ശേഷം കെ.ജെ.യേശുദാസിനെ തേടി ദേശീയ പുരസ്‌കാരം എത്തുമ്പോൾ മലയാളികൾ പറയുന്നു ഇതുഞങ്ങളുടെ സ്വകാര്യ അഹങ്കാരം; 'വിശ്വാസപൂർവം മൻസൂറി'ലൂടെ എട്ടാംവട്ടം സമ്മാനിതനാകുമ്പോൾ അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ സൃഷ്ടിച്ചത് റെക്കോഡ് നേട്ടം

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ.ജെ.യേശുദാസ്. നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനവിധേയനായെങ്കിലും, ആലാപനമികവിൽ ഗാനഗന്ധർവൻ ഒന്നാംതരമെന്ന് തലകുലുക്കി സമ്മതിക്കും മലയാളികൾ മാത്രമല്ല, രാജ്യത്തെ സംഗീതാസ്വാദകർ ഒന്നാകെ. പി.ടി.കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെ വീണ്ടും ഒരു ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. ദാസേട്ടൻ എന്ന സ്‌നേഹത്തോടെ ഏവരും വിളിക്കുന്ന ഈ അതുല്യഗായകന് കിട്ടുന്ന എട്ടാമത് ദേശീയ പുരസ്‌കാരം.

നിരവധി തവണ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം കിട്ടി.എട്ട് തവണയാണ് തമിഴ്‌നാട് സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം എട്ട് തവണ ലഭിച്ചു. കർണാടക സർക്കാർ അഞ്ച് തവണ പുരസ്‌കാരം നൽകി. ആന്ധ്ര സർക്കാർ ആറ് തവണയും പശ്ചിമ ബംഗാൾ സർക്കാർ ഒരു തവണയും യേശുദാസിന് മികച്ച പിന്നണിഗായകനുള്ള പുരസ്‌കാരം നൽകി.

ഒരു കാലത്ത് നല്ല ഗായകനുള്ള സംസ്ഥാന പുരസ്‌കാരം തുടർച്ചയായി എല്ലാ വർഷവും അദ്ദേഹം നേടിക്കൊണ്ടിരുന്നു. കൂടാതെ ദേശീയ പുരസ്്കാരങ്ങളും. ഒരു ഘട്ടത്തിൽ തനിക്ക് ഇനി പുരസ്‌കാരം തരരുതെന്നും അത് പുതിയ പാട്ടുകാർക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു.

രാജ്യസ്‌നേഹം തെളിയിക്കേണ്ടത് എങ്ങനെയെന്നറിയാതെ കുഴങ്ങുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് വിശ്വാസപൂർവ്വം മൻസൂർ പറയുന്നത്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്

ദാസേട്ടന് എട്ടാമത് ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലെ ഗാനം

പോയ് മറഞ്ഞ കാലം വന്നുചേരുമോ
പെയ്‌തൊഴിഞ്ഞ മേഘം വാനം തേടുമോ
വർണ്ണമേഴും ചാർത്തും മാരിവില്ലു പോലെ
അഴകെഴുന്ന ബാല്യം വരുമോ പ്രിയേ
ആദ്യാനുരാഗം മധുരം പ്രിയേ...
പോയ് മറഞ്ഞ കാലം വന്നുചേരുമോ...

ഒരു കുടയ്ക്കു കീഴെ നമ്മൾ മഴ പൊഴിഞ്ഞ പാട്ടു കേട്ടു
ഒരു മനസ്സിൻ താലമോടെ മതിമറന്ന കാലം
മിഴിയിൽ മന്ദാരത്തളിരണിയും ബാല്യം ചേതോഹരം
ശ്രുതിയിൽ പൂന്തോപ്പിലാടിപ്പാടിയ കൗമാരം മോഹനം
കുസൃതി ബാല്യത്തിൽ നിന്റെ കളിവീണ തേങ്ങിയോ
കുറുമ്പിൻ കൗമാരപ്രായം വിരഹകാവ്യം...

പോയ് മറഞ്ഞ കാലം വന്നുചേരുമോ...

മഴയും മഞ്ഞും വേനലും മാറിമാറി വന്നുപോയ്
മടങ്ങുകില്ലാ യാത്ര പോയി ബാല്യവും കൗമാരവും
അരികെ മാവിന്റെ മുല്ലവള്ളിയിൽ പൂക്കുന്നു യൗവ്വനം
അകലെ മായുന്നൊരന്തിസൂര്യനോ കൂരിരുൾസാന്ത്വനം
ഓർമ്മച്ചെപ്പിൽ നിന്നും ഞാനൊന്നുണർന്നിടട്ടെ
കാത്തുനിന്നിടാ കാലം തേരിലേറിടട്ടേ...

പാട്ടിന്റെ വഴി

അമ്പതിനായിരത്തിലധികം പാട്ടുകൾ പാടിക്കഴിഞ്ഞ യേശുദാസിന് ഏതുപാട്ടാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ അത് കുഴക്കുന്ന ചോദ്യാമകും. എന്നിരുന്നാലും ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം ഒരുവേദിയിലും മറച്ചുവച്ചിട്ടില്ല.1961ൽ പുറത്തിറങ്ങിയ കാൽപ്പാടുകൾ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്' എന്ന വരികൾ ആലപിച്ചുകൊണ്ടാണ് യേശുദാസെന്ന ഗായകൻ ചലച്ചിത്രലോകത്തേക്കെത്തുന്നത്. വെറുതെ പാടുക മാത്രമല്ല, അത് ഏവരും ജീവിതത്തില് പകർത്തണമെന്നും അദ്ദേഹം തുടരെ ആഹ്വാനം ചെയ്യുന്നത് കേൾക്കാം.

1962ൽ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്‌ക്കൊപ്പം യേശുദാസ് പാടിയ 'ആദ്യത്തെ കൺമണി'എന്ന ഗാനം ശ്രദ്ധേയമായതോടെ പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നാലു തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.ഭാർഗവീനിലയത്തിലെ താമസമെന്തേ വരുവാൻ, പഴശിരാജയിലെ ചൊട്ട മുതൽ ചുടല വരെ എന്നിവയെല്ലാം ഇന്നും ഹൃദ്യം.എഴുപതുകൾ മുകൽ എൺപതുകളുടെ പകുതി വരെ യേശുദാസിന്റെ സുവർണകാലമായിരുന്നു.

യേശുദാസിലെ പിന്നണി ഗായകനെ തിരിച്ചറിഞ്ഞത് സംഗീത സംവിധായകനായ എം ബി ശ്രീനിവാസാണ് .1961 നവംബർ 16 ന് 'കാൽപാടുകൾ' എന്ന ചിത്രത്തിനു വേണ്ടി 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് 'എന്ന നാലുവരി ഗുരുദേവ ശ്ലോകം ചൊല്ലിയാണ് യേശുദാസ് മലയാളിചലച്ചിത്ര ഗാന രംഗത്തേക്ക് കാലുറപ്പിച്ചത്.

മലയാള സിനിമാ ഗാനരംഗത്തെ ഒരു പുതു യുഗപ്പിറവിയായിരുന്നു അത് .തുടർന്ന് ആ സ്വരമാധുരിയിൽ വിടര്ന്നത് മലയാളത്തിലെ നിത്യ ഭാസുരങ്ങളായ ഒരു പിടി മധുര ഗാനങ്ങളായിരുന്നു .ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, ദേവരാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനരായ സംഗീതസംവിധായകർക്കും വയലാർ, പി ഭാസ്‌കരൻ, ഒ എൻ വി തുടങ്ങിയ ഗാനരചയിതാക്കൾക്കുമൊപ്പം യേശുദാസിന്റെ സ്വരമാധുര്യം കൂടി ചേർന്നപ്പോൾ മലയാള സിനിമാഗാന മേഖലയ്ക്കു അതു സുവർണ്ണ കാലഘട്ടമായിരുന്നു.സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട് കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം. 56 വർഷം നീണ്ട സംഗീത യാത്രയിൽ ഇനി പാടാനിരിക്കുന്ന ഗാനങ്ങൾ എത്രയോ.

ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കെ.ആർ. കുമാരസ്വമായി അയ്യർ, വി. ദക്ഷിണാമൂർത്തി തുടങ്ങി സംഗീത ലോകത്തെ കുലപതികളുടെ ശിഷ്യത്വമാണ് യേശുദാസിലെ ഗായകനെ വാർത്തെടുത്തത്. പിതാവ് അഗസ്റ്റിൻ ജോസഫാണ് ആദ്യ ഗുരു.

ദേശീയ പുരസ്‌കാരങ്ങൾ

നീണ്ട ഇടവേളയ്ക്ക് ശേഷമാണ യേശുദാസിന് ദേശീയ അവാർഡ് ലഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 25 വർഷം. എട്ട് തവണ ദേശീയ പുരസ്‌കാരം ലഭിച്ചതിൽ ആറെണ്ണം മലയാള ചിത്രങ്ങൾക്കാണ്. ഹിന്ദി, തെലുങ്കു ഭാഷകളിൽ ഓരോ തവണയും പുരസ്‌കാരം സ്വന്തമാക്കി.

1972 ലാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഗാനങ്ങൾക്കായിരുന്നു അവാർഡ്. തൊട്ടടുത്ത വർഷവും അവാർഡ് യേശുദാസ് നേടി. ഗായത്രി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം 1976 ൽ ഹിന്ദി ചിത്രമായ ചിറ്റ്ചോരിലൂടെ മൂന്നാം അവാർഡ് നേടി. 1982 ൽ മേഘസന്ദേശം എന്ന തെലുഗു ചിത്രത്തിലൂടെയും ഗാനഗന്ധർവൻ ദേശീയ അവാർഡ് കരസ്ഥമാക്കി. 1987 ൽ ഉണ്ണികളെ ഒരു കഥപറയാം, 1991 ൽ ഭരതം, 1993 ൽ സോപാനം എന്നീ ചിത്രങ്ങളിലൂടെയും യേശുദാസ് ദേശീയ പുരസ്‌കാരം നേടി.

1973 ൽ പത്മശ്രീയും, 2002 ൽ് പത്മഭൂഷണും, 2017 ൽ പ്ത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.1989 ൽ തമിഴ്‌നാട്ടിലെ അണ്ണാമല സർവകലാശാല ബിരുദാനന്തര ബിരുദവും, 2003 ൽ കേരള സർവകലാശാല ഡിലിറ്റ് നൽകിയും, സംസ്ഥാന സർക്കാർ ആസ്ഥാന ഗായക പദവി നൽകിയും അദ്ദേഹത്തെ ആദരിച്ചു.ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഠങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1992 ൽ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP