Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; മോഹൻലാൽ മുഖ്യാതിഥി

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; മോഹൻലാൽ മുഖ്യാതിഥി

തിരുവനന്തപുരം: ഇനി ഏഴ് നാൾ അനന്തപുരിയിൽ നിറയുന്നത് സിനിമാവിശേഷങ്ങൾ. മേളയെ വരവേൽക്കാനായി തിരുവനന്തപുരത്തെ 12 തീയറ്ററുകളാണ് ഒരുങ്ങുന്നത്. ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അധ്യക്ഷനായിരിക്കും. മോഹൻലാലാണ് ചടങ്ങിലെ മുഖ്യാതിഥി. ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ 1927ൽ പുറത്തിറങ്ങിയ ദ് റിംഗാണ് പ്രദർശനചിത്രം. ലണ്ടനിൽ നിന്നെത്തുന്ന പ്രസിദ്ധ കലാകാരന്മാർ നിശബ്ദ സിനിമാകാലഘട്ടത്തെ പുനരുജ്ജീവിപ്പിച്ച് ലൈവ് ബാക്ഗ്രൗണ്ട് സ്‌കോർ അവതരിപ്പിക്കും. ദ് റിങ് 1927 ൽ പ്രദർശിപ്പിച്ച റൂസ് വെൽറ്റ് തിയറ്ററിന്റെ ആദ്യപ്രദർശനത്തിന് തിയറ്റർ വേദി എപ്രകാരമാണോ സജ്ജീകരിച്ചിരുന്നത് അപ്രകാരമായിക്കും ഉദ്ഘാടന വേദിയും. 1927 ലെ തിയേറ്റർ മൂഡ് കഴിവതും പുനർ സൃഷ്ടിക്കാനാണ് ഈ സജ്ജീകരണത്തിലൂടെ ശ്രമിക്കുന്നത്.

മേളയിൽ 16 വിഭാഗങ്ങളിലായി 54 രാജ്യങ്ങളിലെ 198 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളുണ്ട്. അതിഥികളായി 151 ചലച്ചിത്ര പ്രതിഭകളെത്തുമ്പോൾ ഡെലിഗേറ്റുകളായി 7,117 പേർ പങ്കെടുക്കും. ഇതിൽ 1,741 പേർ വിദ്യാർത്ഥികളാണ്. കഴിഞ്ഞ മേളയിൽ 7,014 ഡെലിഗേറ്റുകളാണ് ഉണ്ടായിരുന്നത്. നിശാഗന്ധി, കലാഭവൻ, കൈരളി, നിള, ശ്രീ, ന്യൂ, അഞ്ജലി, ശ്രീകുമാർ, ശ്രീപത്മനാഭ, ധന്യ, രമ്യ, അജന്ത എന്നിവിടങ്ങളിലാണ് സിനിമാ പ്രദർശനങ്ങൾ.

Stories you may Like

മുംബൈ ഭീകരാക്രമണവും നന്ദീഗ്രാം പ്രശ്‌നവും പശ്ചാത്തലമാക്കിയ ചിത്രങ്ങളുൾപ്പെടെ ഏഴ് ചിത്രങ്ങൾ ഇന്നു തുടങ്ങുന്ന 17ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 'ഇന്ത്യൻ സിനിമ ഇന്ന്‌ന' വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയേയും സിനിമ സാങ്കേതിക വികാസത്തെയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണിവ. പത്തുമാസത്തിനുള്ളിൽ പുറത്തിറങ്ങിയ ചിത്രാംഗദ ദ് ക്രൗണിങ് വിഷ്, കോസ്മിക് സെക്‌സ്, സംഹിത, സൗണ്ട്, ടിയേർസ് ഓഫ് നന്ദീഗ്രാം, ദ ക്രെെയർ, വേവ്‌സ് ഓഫ് സൈലൻസ് എന്നീ ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സർഫാറസ് ആലം നിർമ്മിച്ച് ശ്യാമൾ കർമ്മാക്കറുമായി ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ടിയേർസ് ഓഫ് നന്ദീഗ്രാം. നവംബർ 10ന് ഹർമ്മദ് നടത്തിയ നന്ദീഗ്രാം ആക്രമണവും കൂട്ടക്കൊലയും ജനകീയസമരം അടിച്ചമർത്താനുള്ള ശ്രമങ്ങളുമെല്ലാം യുവപത്രപ്രവർത്തകയുടെ കാഴ്ചപ്പാടിലൂടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

ജാനു ബറുവ നിർമ്മാണവും സംവിധാനവും തിരക്കഥയും ചെയ്ത ചിത്രമാണ് വേവ്‌സ് ഓഫ് സൈലൻസ്. മുംബൈ ഭീകരാക്രമണത്തിനിടെ അപ്രത്യക്ഷമാകുന്ന ചെറുമകനെ പ്രതീക്ഷിച്ചിരിക്കുന്ന എഴുപത്തിമൂന്നുകാരായ ദംദേശ്വറിനേയും കാവ്‌നിയേയും പ്രമേയമാക്കിയ ചിത്രത്തിന് 96 മിനിറ്റ് ദൈർഘ്യമുണ്ട്.

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഓഷ്യാൻസ് സിനിഫാൻ അവാർഡ് നേടിയ ബംഗാളി ചിത്രമാണ് മഹാഭാരതത്തിലെ ചിത്രാംഗതന്റെ കഥയെ ആധാരമാക്കി റിതുപർണ്ണഘോഷ് സംവിധാനവും തിരക്കഥയും നിർവ്വഹിച്ച ചിത്രാംഗതദ ദ് ക്രൗണിങ് വിഷ്. നൃത്ത സംവിധായകൻ ആകാൻ കൊതിച്ചിട്ട് അച്ഛന്റെ ആഗ്രഹപ്രകാരം എൻജിനീയറിങ് പഠനമേഖലയായി തെരഞ്ഞെടുത്ത രുദ്ര ചാറ്റർജിയെ കേന്ദ്രമാക്കിയിരിക്കുന്നു. രണ്ട് പുരുഷന്മാർക്ക് കുഞ്ഞിനെ ദത്തെടുക്കാൻ നിയമം അനുവദിക്കാത്തതിനാൽ സ്ത്രീയായി മാറാനുള്ള രുദ്രയുടെ തീരുമാനം ചിത്രത്തിന്റെ ഗതിയെ മാറ്റിമറിക്കുന്നു.

അമിതാഭ് ചക്രബർത്തിയുടെ ബംഗാളി സിനിമയാണ് കോസ്മിക് സെക്‌സ്. രണ്ടാനമ്മയെ ചൊല്ലിയുള്ള വഴക്കിൽ അച്ഛൻ കൊല്ലപ്പെട്ടതിനു ശേഷം പ്രണയവും കാമവും അസൂയയും നിറഞ്ഞ സങ്കീർണ്ണമായ വലക്കണ്ണിയിൽ കുടുങ്ങിപ്പോയ കൃപയെ പരാമർശിക്കുകയാണ് ചിത്രത്തിൽ. ഓഷ്യാൻസ് സിനിഫാൻസ് അവാർഡ് നേടിയ കോസ്മിക് സെക്‌സിന് 97 മിനിറ്റ് ദൈർഘ്യമുണ്ട്.

അഥേയ പാർത്ഥ രാജൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് 139 മിനിറ്റ് ദൈർഘ്യമുള്ള ദ ക്രെെയർ. ഹിമാലയത്തിൽ നിന്നെത്തിയ സന്യാസി തന്റെ ഏകാന്തജീവിതം വിസ്മരിച്ച് വേശ്യയുടെ രഹസ്യജീവിതത്തിന്റെ യാഥാർത്ഥ്യം തേടിപ്പോകുന്ന യാത്രയെ വിഷയമാക്കിയിരിക്കുന്നു.

മറാത്തി സംവിധായകരായ സുമിത്ര ഭാവെയുടേയും സുനിൽ സുക്താൻകറുടെയും ചിത്രമാണ് സംഹിത. തന്റെ ഇഷ്ടകഥയായ രാജാവും കൊട്ടാരഗായികയുമായുള്ള പ്രണയം ചലച്ചിത്രമാക്കാനുള്ള ഉത്തരവാദിത്തം ഭാര്യ ഷിറിനെ ഏല്പിക്കുന്ന രോഗിയായ ചലച്ചിത്ര നിർമ്മാതാവിനെ കുറിക്കുന്നതാണ് ചിത്രം. കൗഷിക് ഗാംഗുലി സംവിധാനവും തിരക്കഥയും നിർവഹിച്ച ബംഗാളി ചിത്രമാണ് സൗണ്ട്. ചലച്ചിത്രങ്ങൾക്ക് ശബ്ദവിന്യാസം ഒരുക്കുന്ന തരകിന്റെ ശബ്ദങ്ങളോടുള്ള അഗാധ താൽപര്യമാണ് ചിത്രത്തിന്റെ പ്രമേയം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP