Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങൾ നിർത്തലാക്കുന്നു; ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിലൂടെ നവപ്രതിഭകൾക്ക് നഷ്ടമാകുന്നത് അന്തർദേശീയ ശ്രദ്ധനേടാനുള്ള അവസരം

രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങൾ നിർത്തലാക്കുന്നു; ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിലൂടെ നവപ്രതിഭകൾക്ക് നഷ്ടമാകുന്നത് അന്തർദേശീയ ശ്രദ്ധനേടാനുള്ള അവസരം

തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് ഇക്കൊല്ലം മുതൽ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി (FIPRESCI), നെറ്റ്പാക് (NETPAC) പുരസ്‌കാരങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചു. പുതിയ പ്രതിഭകൾക്കും മലയാള സിനിമയ്ക്കും രാജ്യാന്തര ചലച്ചിത്രമേള കൊണ്ട് ലഭിക്കുമായിരുന്ന പ്രയോജനമാണ് ഇതിലൂടെ ഇല്ലാതാകുന്നത്.

മേളകൊണ്ട് മലയാള സിനിമയ്ക്ക് ഗുണമൊന്നും ഉണ്ടാകാൻ പാടില്ല എന്ന് തീരുമാനിച്ചുറപ്പിച്ച മട്ടിലാണ് അക്കാദമിയുടെ ഈ നടപടിയെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര മേളകൾ ശ്രമിക്കുന്നത് തദ്ദേശീയമായ ഭാഷ ചിത്രങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനാണ്. കലാമൂല്യമുള്ള കൂടുതൽ സിനിമകൾ നിർമ്മിക്കാൻ സാഹചര്യം ഒരുക്കലാണ് മേളകളുടെ ലക്ഷ്യം തന്നെ. എന്നാൽ ഇതൊക്കെ കണ്ടില്ലെന്നുവച്ചാണ് ചലച്ചിത്ര അക്കാദമിയുടെ പുതിയ തീരുമാനമെന്നും ഡോ. ബിജു പറഞ്ഞു.

ഫിപ്രെസി, നെറ്റ്പാക് അവാർഡുകൾ അന്താരാഷ്ട്ര തലത്തിൽ ഒരു സിനിമയ്ക്കും സംവിധായകനും വിശ്വാസ്യത വർധിപ്പിക്കുമായിരുന്നു. കൂടുതൽ ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കപ്പെടാനുള്ള സാധ്യത കൂടിയാണ് ഈ പുരസ്‌കാരങ്ങൾ. സർട്ടിഫിക്കറ്റ് മാത്രമാണ് ഇവയ്ക്ക് സമ്മാനമായി നൽകുന്നത്. പക്ഷെ ഈ പുരസ്‌കാരങ്ങൾക്ക് അന്താരാഷ്ട്ര സിനിമാസമൂഹത്തിൽ വലിയ മൂല്യമാണ് കല്പിക്കപ്പെടുന്നത്. ഫിപ്രെസി, നെറ്റ്പാക് അംഗങ്ങളായ അന്തർദേശീയ ജൂറിയാണ് പുരസ്‌കാരം നിർണയിക്കുന്നത് എന്നതും ഇതിന് പ്രാധാന്യമേറ്റുന്നു.

ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിലെല്ലാം മുഖ്യ പുരസ്‌കാരങ്ങളോടൊപ്പം സമാന്തരമായി നൽകുന്ന അംഗീകാരമാണ് ഫിപ്രെസി, നെറ്റ്പാക് അവാർഡുകൾ. കേരള ചലച്ചിത്രമേളയിൽ ഈ പുരസ്‌കാരങ്ങൾ ലഭിക്കുന്ന മലയാള സിനിമകൾക്ക് അന്തർദേശീയ തലത്തിൽ ഗുണമുണ്ടായാൽ അത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന നേട്ടംകൂടിയാണ്. അതിനുള്ള വിദൂര സാധ്യതകൾ എടുത്തുകളയുകയാണ് പുരസ്‌കാരങ്ങൾ നിർത്തലാക്കുന്നതിലൂടെ ചലച്ചിത്ര അക്കാദമി ചെയ്യുന്നത്.

2007 മുതലാണ് ഈ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. അന്ന് മുതൽ ഈ പുരസ്‌കാരങ്ങൾ കിട്ടിയത് ഏറെയും പുതിയ സംവിധായകരുടെ സിനിമകൾക്കാണ്. 2007ൽ ശ്യാമപ്രസാദിന്റെ ഒരേ കടൽ, 2008ൽ എം ജി ശശിയുടെ അടയാളങ്ങൾ, അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു, 2009ൽ കേരള കഫെ, പത്താം നിലയിലെ തീവണ്ടി, 2010ൽ വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ്, 2011ൽ സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു, 2012ൽ ഗോപിനാഥിന്റെ ഇത്രമാത്രം, 2013ൽ കെ ആർ മനോജിന്റെ കന്യക ടാക്കീസ്, സുദേവന്റെ ക്രൈം നമ്പർ 89 എന്നീ ചിത്രങ്ങൾക്കാണ് ഫിപ്രെസി, നെറ്റ്പാക് അവാർഡുകൾ ലഭിച്ചത്.

പുരസ്‌കാരങ്ങൾ ചിത്രങ്ങൾക്ക് കൂടുതൽ മാദ്ധ്യമശ്രദ്ധ നൽകുകയും ചെയ്തിരുന്നു. ഇത് ഇവയ്ക്ക് ഗുണകരമാകുകയും ചെയ്യുമായിരുന്നു. പ്രത്യേകിച്ചും ആദ്യ സിനിമ ചെയ്യുന്ന സംവിധായകർക്ക് ഇത് വളരെ പ്രയോജനകരമാണ്. അവർക്ക് അവരുടെ സൃഷ്ടികളിൽ കൂടുതൽ ധൈര്യവും ആത്മവിശ്വാസവും നൽകാനും ഈ പുരസ്‌കാരങ്ങൾ സഹായിച്ചിരുന്നു. ഇതൊക്കെയാണ് ചലച്ചിത്ര അക്കാദമി ഒറ്റയടിക്ക് വേണ്ടെന്നു വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP