Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഒടിയനേയും ആമിയേയും സംസ്ഥാന അവാർഡ് ജൂറി കനിഞ്ഞില്ലെങ്കിലും വനിതാ ഫിലിം അവാർഡിൽ മോഹൻലാലും മഞ്ജുവും മികച്ച അഭിനേതാക്കൾ; ഈ.മ.യൗ മികച്ച ചിത്രമായും ലിജോ ജോസ് മികച്ച സംവിധായകനുമായപ്പോൾ സ്‌പെഷ്യൽ പെർഫോർമെൻസ് പുരസ്‌കാരം ജോജു ജോർജിന്; 'ജനകീയ ജൂറി' തിരഞ്ഞെടുത്ത പ്രിയതാരങ്ങൾക്ക് വനിത പുരസ്‌കാരം നൽകിയപ്പോൾ

ഒടിയനേയും ആമിയേയും സംസ്ഥാന അവാർഡ് ജൂറി കനിഞ്ഞില്ലെങ്കിലും വനിതാ ഫിലിം അവാർഡിൽ മോഹൻലാലും മഞ്ജുവും മികച്ച അഭിനേതാക്കൾ; ഈ.മ.യൗ മികച്ച ചിത്രമായും ലിജോ ജോസ് മികച്ച സംവിധായകനുമായപ്പോൾ സ്‌പെഷ്യൽ പെർഫോർമെൻസ് പുരസ്‌കാരം ജോജു ജോർജിന്; 'ജനകീയ ജൂറി' തിരഞ്ഞെടുത്ത പ്രിയതാരങ്ങൾക്ക് വനിത പുരസ്‌കാരം നൽകിയപ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമെന്ന് വിശേഷിപ്പിക്കാവുന്ന സെറ-വനിതാ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒടിയനേയും ആമിയേയും സംസ്ഥാന അവാർഡ് ജൂറി കനിഞ്ഞില്ലെങ്കിലും ജനകീയ വിധിയിൽ രണ്ടു സിനിമയ്ക്കും ഒന്നാം സ്ഥാനമാണ് ലഭിച്ചത്. മികച്ച നടനായി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടിയായി മഞ്ജു വാര്യരെയാണ് തിരഞ്ഞെടുത്തത്. നടൻ ഇന്നസെന്റിൽ നിന്നാണ് മികച്ച നടനുള്ള പുരസ്‌കാരം മോഹൽലാൽ ഏറ്റുവാങ്ങിയത്.

ഒടിയനിലെ അഭിനയത്തിന് ആഗോള തലത്തിൽ മോഹൽലാലിന് ഏറെ പ്രശംസയാണ് ലഭിച്ചത്. ഒടിയനിലും ആമിയിലും മികച്ച പ്രകടനം കാഴ്‌ച്ചവച്ചതിനാണ് മഞ്ജു വാര്യരെ മികച്ച നടിക്കുള്ള പുരസ്‌കാരം തേടിയെത്തിയത്. വർണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമായ സെറ-വനിത ഫിലിം അവാർഡ് നിശ ഫോർട്ട്‌കൊച്ചി ബ്രിസ്റ്റോ ഗ്രൗണ്ടിൽ നടന്നത്. ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമാ ലോകത്ത് നിന്നും ഒട്ടനവധി താരങ്ങളാണ് അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയത്.

Stories you may Like

'ഈ.മ.യൗ' ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോജു ജോർജിന് സ്‌പെഷൽ പെർഫോമൻസ് പുരസ്‌കാരം ലഭിച്ചു. മികച്ച കുടുംബ നായകൻ എന്ന പുരസ്‌കാരം നടൻ ജയറാമിനെ തേടിയെത്തിയപ്പോൾ പുതുമുഖ നായകൻ എന്ന അവാർഡ് മകൻ കാളിദാസിനെ തേടിയെത്തിയതും വേദിയിൽ അപൂർവ്വ നിമിഷം സൃഷ്ടിച്ച ഒന്നായി മാറി. തമിഴിൽ നിന്നും ധനുഷാണ് മികച്ച നടൻ. മലയാളത്തിന്റെ പ്രിയതാരം ബാലചന്ദ്ര മേനോനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ജനകീയ തിരഞ്ഞെടുപ്പിൽ തേടിയെത്തി.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഷൈജു ഖാലിദിനാണ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മനോജ് കെ.ജയനിൽ നിന്ന് എം.ജയചന്ദ്രൻ ഏറ്റുവാങ്ങി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി. വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികൾ. മികച്ച ഡ്യുയറ്റ് സോങ് പുരസ്‌കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്. ഒടിയനിലെ 'കൊണ്ടോരാം..' എന്ന ഗാനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ഷാഹി കബീറിനു നടൻ വിനയ് ഫോർട്ട് സമ്മാനിച്ചു. ദിനേശ് മാസ്റ്ററാണു മികച്ച നൃത്ത സംവിധായകൻ. ഇദ്ദേഹത്തിനു നടൻ ജയറാം പുരസ്‌കാരം സമ്മാനിച്ചു. സക്കരിയയാണു (സുഡാനി ഫ്രം നൈജീരിയ) മികച്ച പുതുമുഖ സംവിധായകൻ.

ആട്ടും പാട്ടും മേളവും : ആഘോഷ രാവായി വനിതാ അവാർഡ്

മിന്നിത്തിളങ്ങുന്ന വെള്ളി വെളിച്ചത്തിനിടയിലൂടെ വെള്ളിത്തിരയിലെ താരങ്ങൾ കത്തി ജ്വലിച്ച താരമാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചി കണ്ടത്. നൂതന ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളിൽ ഒരുങ്ങിയ വേദിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറിയിരുന്നു.

ബോളിവുഡ് താരറാണിമാരായ കരീന കപൂറും സണ്ണി ലിയോണും ചടുല താളങ്ങളുമായി നിറഞ്ഞ വേദിയിൽ ഹിന്ദി തമിഴ് സിനിമാ രംഗത്തു നിന്നും അതിഥി റാവു, ഹൻസിക മോട്വാനി എന്നിവരും എത്തി.

ശാസ്ത്രീയ നൃത്തത്തിന്റെ ഭംഗി സിനിമാറ്റിക് രീതിയുടെ ചടുലതയുമായി ചേർന്നു വേദിയിലെത്തിക്കുന്നതിൽ അഗ്രഗണ്യരായ രണ്ട് നർത്തകരുടെ നൃത്ത വിരുന്നായിരുന്നു താര രാവിന്റെ മറ്റൊരു ആകർഷണം. ആശാ ശരത്തും റിമ കല്ലിങ്കലും ഒപ്പം അനു സിത്താരയുമാണ് വേദിയെ നൃത്തസമ്പന്നമാക്കിയത്.

'96' ന്റെ സംഗീത സംവിധായകനും ഗായകനും മലയാളിയും യുവ ആസ്വാദകരുടെ ഹരവുമായ ഗോവിന്ദ് വസന്ത, ബോൾഡ് സിങ്ങിങ്ങിലൂടെ സിനിമാ ഗാനാസ്വാദകരുടെ ലഹരിയായി മാറിയ നടി ശ്രുതി ഹാസൻ, ന്യൂ ജനറേഷന്റെ പ്രിയ ഗായിക സന മൊയ്തുട്ടി തുടങ്ങിയവർ ഫിലിം അവാർഡ് വേദിയെ സംഗീത മഴയിൽ ആറാടിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP