Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

11ാമത് രാജ്യാന്തര ഡോക്യുമെന്റി - ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു; മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ആനന്ദ് പട്‌വർദ്ധൻ; 33 രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

11ാമത് രാജ്യാന്തര ഡോക്യുമെന്റി - ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു; മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ആനന്ദ് പട്‌വർദ്ധൻ;   33 രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

ആർ പീയൂഷ്

തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു. വൈകുന്നേരം 6 ന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഡോക്യൂമെന്ററി ഹ്രസ്വചലച്ചിത്രങ്ങൾ ചെറുത്തു നിൽപ്പിന്റെ വലിയൊരു ആയുധമായി മാറുന്ന ഒരു കാലഘട്ടത്തിലാണ് ഈ മേള അരങ്ങേറുന്നത് എന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പരിസ്ഥിതി കാര്യങ്ങൾ മുതൽ വംശീയ കാര്യങ്ങൾ വരെയും പ്രാദേശിക കാര്യങ്ങൾ മുതൽ സാർവ്വദേശീയ കാര്യങ്ങൾ വരെയും വിഷയമാക്കുന്ന ഡോക്യുമെന്ററികൾ ഇന്ന് സമൂഹത്തിന്റെ ചിന്താഗതിയെ വലിയതോതിൽ സ്വാധീനിക്കുന്ന ഒരു സാന്നിധ്യമായി മാറിക്കഴിഞ്ഞു.

അതുകൊണ്ടാണ് സാംസ്കാരിക രംഗത്ത് മുതൽ സാമ്രാജിത്വ അധിനിവേശ രംഗത്ത് വരെ പ്രതിരോധത്തിന്റെ ശക്തമായ നിര ഉയർത്തുന്ന ചെറുത്തു നിൽപ്പിന്റെ അടയാളമായി ഡോക്യയുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും മാറിയത് എന്നും അദ്ദേഹം പറഞ്ഞു. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവായ ആനന്ദ് പട്‌വർദ്ധന്റെ ചിത്രങ്ങൾ ഇന്ത്യൻ ഡോക്യുമെന്ററി ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജീവിച്ചിരിക്കുന്ന കാലത്തോട് അങ്ങേയറ്റം സത്യസന്ധമായി പ്രതികരിക്കുന്ന സിനിമകളാണ് പട്വർദ്ധന്റെത്.

കാലിക പ്രസിദ്ധവും രാഷ്ട്രീയ പ്രസിദ്ധവുമായ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സിനിമകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയവയാണ് എന്നും ഏത് സാമൂഹിക അനീതിക്കെതിരെയും തുറന്നിരിക്കുന്ന കണ്ണുകളാണ് അദ്ദേഹത്തിന്റെ ക്യാമറ. അതിനാൽ കേരളത്തിന്റെ ആദ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പട് വർദ്ധൻ തന്നെയാണ് അർഹൻ എന്നും കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖ പ്രസംഗം നടത്തി. പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആനന്ദ് പട്വർദ്ധന് മുഖ്യമന്ത്രി സമ്മാനിച്ചു.

64 മത്സര ചിത്രങ്ങൾ ഉൾപ്പെടെ 200 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഇതിനു പുറമെ 13 മ്യൂസിക് വീഡിയോകളും 9 അനിമേഷൻ ചിത്രങ്ങളും മേളയിലുണ്ടാകും. കൈരളി, ശ്രീ, നിള എന്നീ മൂന്നു തിയേറ്ററുകളിലായാണ് പ്രദർശനം. ഉദ്ഘാടന ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ ഹ്യൂമൻ ഫ്‌ളോ പ്രദർശിപ്പിച്ചു. ചൈന, ഫലസ്തീൻ, ജർമ്മനി, അമേരിക്ക, സംയുക്ത സംരഭമായ ഹ്യൂമൻ ഫ്‌ളോയിൽ 23 രാജ്യങ്ങളിലെ അഭയാർത്ഥികളുടെ ജീവിത കാഴ്ചകളാണ് ഐ വൈവേ പ്രമേയമാക്കിയിരിക്കുന്നത്. മേള 24 ന് സമാപിക്കും.

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ ജീവിതചിത്രം പ്രമേയമാക്കിയ 'ഇൻഷാ അള്ളാ ഡെമോക്രസി' ഉൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മുഷാറഫിന്റെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയും ചിത്രീകരിക്കുന്നു. മുഹമ്മദ് നഖ്വിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. മേളയിലെ ഇന്റർനാഷണൽ ഫിലിം വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുക. 23 നാണ് പ്രദർശനം.

ഓസ്‌കാർ നോമിനേഷൻ നേടിയ അമേരിക്കൻ ചിത്രമായ ഡെക് ലാബ് എലിമെന്ററി, ബ്രിട്ടീഷ് ചിത്രമായ ദി സൈലന്റ് ചൈൽഡ്, വാട്ടോ മോട്ടേ എന്നീ ചിത്രങ്ങളും മേളയിലുണ്ട്. ജൂറി ചെയർമാൻ റഈദ് അന്റോണിയുടെ സൈക്കോ റിയലിസ്റ്റിക് ചിത്രം ഗോസ്റ്റ് ഹണ്ടിങ്, ശിഥിലമാക്കപ്പെട്ട ഒരു കുടുംബത്തെ പ്രമേയമാക്കിയ അർഷാദ് ഖാന്റെ അബു, തൊഴിലാളി ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കി രാഹുൽ ജെയ്ൻ സംവിധാനം ചെയ്ത മെഷീൻസ് തുടങ്ങിയ ചിത്രങ്ങളും മേളയിലുണ്ട്. ചലച്ചിത്ര സമ്പാദകനായ ഹെൻട്രി ലാങ്വായുടെ ജീവിതത്തെ ആധാരമാക്കി ജാക്വസ് റിച്ചാർഡ് ഒരുക്കിയ 'ഹെൻട്രി ലാങ്വാ - ദ ഫാന്റം ഓഫ് സിനിമതെക്', സോഫി ഫിയൻസ് നിർമ്മിച്ച ദി പർവെട്‌സ് ഗൈഡ് ടു സിനിമ, മരിയ അൽവാരസിന്റെ ലാ സിനിഫിലാസ് എന്നിവയും മേളയിലെ വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കും.

കേരളത്തിലെ കലാലയങ്ങളിൽ വിരിഞ്ഞ ആറു ചിത്രങ്ങളാണ് മേളയിലെ കാമ്പസ് ചിത്രങ്ങളുടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. വിഷ്ണുപ്രദീപ് സംവിധാനം ചെയ്ത നിശബ്ദ ചിത്രം ഹെജിമണി, ശ്രീദേവ് സുപ്രകാശിന്റെ ബ്രിഡ്ജ്, ഗോകുൽ ആർ നാഥിന്റെ ഐഡ, നിവിൻ സുരേന്ദ്രന്റെ നായാട്ട്, നിരഞ്ജൻ സി യുടെ പകൽകിനാവ്, ജി. ശങ്കറിന്റെ ഒരുക്കം തുടങ്ങിയവാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ. ഇതിൽ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ തടവിലാക്കിയ ഒരു മനസിന്റെ സ്വതന്ത്രദാഹമാണ് ഹെജിമണി പങ്കുവയ്ക്കുന്നത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലും വേദനയും പങ്കുവയ്ക്കുന്ന ചിത്രമാണ് ഒരുക്കം. മികച്ച ചിത്രത്തിന് അരലക്ഷം രൂപയാണ് പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP