Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക സിനിമാവിഭാഗത്തിലെ ചിത്രങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ച് ആരാധകർ; ഓസ്‌കാറിന് നോമിനേഷൻ ലഭിച്ച ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ തിരക്ക്

ലോക സിനിമാവിഭാഗത്തിലെ ചിത്രങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ച് ആരാധകർ; ഓസ്‌കാറിന് നോമിനേഷൻ ലഭിച്ച ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ തിരക്ക്

തിരുവനന്തപുരം: ഓസ്‌കാർ അവാർഡുകൾക്ക് നിർദേശിച്ച ചിത്രങ്ങളാസ്വദിക്കാനായിരുന്നു ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനത്തിൽ തിരക്കനുഭവപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ ദി ക്ലബ്, എൻഎൻ, ഇക്‌സാനുവൽ, 100 യെൻ ലൗ, ദ ഹൈസൺ, 600 മൈൽസ് എന്നീ ചിത്രങ്ങളെ സിനിമാപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഓസ്റ്റിൻ ഫന്റാസ്റ്റിക് ഫെസ്റ്റ്, ബെർലിൻ ഇന്റർനാഷണൽ ഫെസ്റ്റിവൽ, ഷിക്കാഗോ ഇന്റർ നാഷണൽ ഫെസ്റ്റിവൽ, മാർഡെൽ പ്ലാറ്റ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ പാബ്ലോ ലറൈന്റെ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ക്ലബ് രമ്യാ തിയേറ്ററിലാണ് പ്രദർശിപ്പിച്ചത്. പുരോഹിതരുടെ ഭൂതകാലത്തേയും കാത്തലിക് സഭയിലെ വൈരുദ്ധ്യങ്ങളേയും നിർദയം തുറന്നു കാട്ടുന്ന ചിത്രം വ്യത്യസ്ത പ്രായത്തിലുള്ള കുറേ പുരോഹിതന്മാർ കന്യാസ്ത്രീയായ മോണിക്കയുമൊത്ത് ഒരുമിച്ച് താമസിക്കുന്നതിനെ പശ്ചാത്തലമാക്കിയതാണ്.

പെറുവിലെ രാഷ്ട്രീയ കലാപങ്ങളിൽ കാണാതായവരുടെ ശവശരീരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഹെക്ടർ ഗാൽവേസിന്റെ എൻഎൻ. കാപ്പി കർഷകനെ വശീകരിക്കുവാനുള്ള മരിയയുടെ ശ്രമങ്ങളും കാര്യങ്ങൾ നടക്കില്ലെന്നു കണ്ടപ്പോൾ മറ്റുവഴികൾ ആരായുന്നതുമാണ് ഇക്‌സാനുവൽ. തദ്ദേശീയ സംസ്‌കാരത്തെക്കുറിച്ചുള്ളതല്ലെങ്കിൽ പോലും അതിലൂടെ രൂപം കൊണ്ടതും ആഗോള കാഴ്ചപ്പാടുകൾക്കപ്പുറമുള്ളതുമായ പുത്തൻ പ്രവണതകളെയാണ് ചൂണ്ടിക്കാട്ടുന്നത്.

ഗ്വാട്ടിമാലയിൽ നിന്ന് ഓസ്‌കാറിനായി നോമിനേറ്റ് ചെയ്ത ആദ്യ ചിത്രമായ ഇക്‌സാനുവൽ ബെർളിൻ, ഫിലാഡെൽഫിയ, മുംബൈ മേളകളിൽ അവാർഡ് നേടിയിട്ടുണ്ട്. അനുവാചകരെ മൂന്നു കാലഘട്ടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബാൾക്കൻ വില്ലേജിലെ വ്യത്യസ്ത പ്രണയകഥയാണ് ദ ഹൈസൺ. വില്ലേജിന്റെ ചരിത്രത്തിലേക്കും വർഗീയ വിദ്വേഷത്തിലേക്കും വെളിച്ചംവീശുന്ന ചിത്രത്തിന് കഴിഞ്ഞവർഷം കാനിൽ പുരസ്‌കാരം ലഭിച്ചിരുന്നു.

1934ൽ നോർവെയിൽ താണ്ഡവമാടിയ സുനാമിയെ പ്രമേയമാക്കിയ ചിത്രമാണ് റോർ ഉത്ഗസ്സിന്റെ ദ വേവ്. മനുഷ്യന്റെ ദുർബലതയേയും മടുപ്പാർന്ന ജീവിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്ത്രീയേയും കുറിച്ചുള്ള ചിത്രമാണ് മസഹാറു താക്കേയുടെ 100 യെൻ ലൗ.

അമേരിക്കൻ നിയമപാലകനും മെക്‌സിക്കൻ തോക്കുകടത്തുകാരനും തമ്മിലുള്ള ശത്രുത നിലനിൽപിനുവേണ്ടിയുള്ള പൊരുത്തപ്പെടലുകൾക്ക് വഴിമാറുതിനെ അടിസ്ഥാനമാക്കി ഗബ്രിയേൽ റിപ്സ്റ്റി എടുത്ത ചിത്രമാണ് രമ്യാ തിയേറ്ററിൽ പ്രദർശിപ്പിച്ച 600 മൈൽസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP