Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊളിച്ചടുക്കാൻ ടൊവിനോ മച്ചാൻ വീണ്ടും; കാണികളെ കോരിത്തരിപ്പിക്കാൻ കിടിലൻ ആക്ഷൻ സീനുകൾ; ഒഴിമുറിക്ക് ശേഷം മധുപാൽ വീണ്ടും സംവിധായക കുപ്പായം അണിയുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' വെള്ളിയാഴ്‌ച്ച തീയറ്ററുകളിലേക്ക്; ഫ്രീക്ക് പയ്യൻ മാത്തനായി വിലസിയ ടൊവിനോയുടെ നാട്ടിൻപുറത്തുകാരൻ വേഷം കാണാൻ ആവേശത്തോടെ ആരാധകർ

പൊളിച്ചടുക്കാൻ ടൊവിനോ മച്ചാൻ വീണ്ടും; കാണികളെ കോരിത്തരിപ്പിക്കാൻ കിടിലൻ ആക്ഷൻ സീനുകൾ; ഒഴിമുറിക്ക് ശേഷം മധുപാൽ വീണ്ടും സംവിധായക കുപ്പായം അണിയുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' വെള്ളിയാഴ്‌ച്ച തീയറ്ററുകളിലേക്ക്; ഫ്രീക്ക് പയ്യൻ മാത്തനായി വിലസിയ ടൊവിനോയുടെ നാട്ടിൻപുറത്തുകാരൻ വേഷം കാണാൻ ആവേശത്തോടെ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കുന്ന നടനായി മാറിയ ടോവിനോ തോമസിന്റെ പുത്തൻ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ' തിയേറ്ററുകളിലേക്ക് നവംബർ 9ന് എത്തും. മായാനദിക്കും തീവണ്ടിക്കും ശേഷം അടുത്തതെന്ത് എന്ന് മിഴിനട്ടിരിക്കുന്ന പ്രേക്ഷകരിലേക്ക് സംവിധായകൻ മധുപാൽ ആണ് അജയൻ എന്ന കഥാപാത്രവുമായി എത്തുന്നത്. 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ടൈറ്റിൽ മുതൽ ആരംഭിക്കുന്ന കൗതുകവും ആകാംക്ഷയും സിനിമയിലുടനീളം നിലനിർത്താനുള്ള ചേരുവകൾ തിരക്കഥയിൽ ഒളിപ്പിച്ചിരിക്കുന്നത് നവാഗതനായ ജീവൻ ജോബ് തോമസാണ്. പൂർണ്ണമായും വൈക്കം പശ്ചാത്തലമായി ചിത്രീകരിച്ച ചിത്രത്തിലെ നാട്ടിൻപുറത്തുകാരൻ കഥാപാത്രമായാണ് ടോവിനോ എത്തുന്നത്. ആക്ഷനും പ്രണയവും ഉദ്വേഗം ജനിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുമായിട്ടാണ് ചിത്രം എത്തുന്നത്.

സൂപ്പർ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ടോവിനോയുടെ റൊമാൻസ് ഈ ചിത്രത്തിലുമുണ്ട്. വളരെ തന്മയത്വത്തോടെ നായികമാരുമായി സ്‌ക്രീനിൽ പ്രണയം സാക്ഷാത്കരിക്കാനുള്ള വൈഭവത്തെ ചെറുപ്പക്കാർ ആഘോഷമാക്കിയിരുന്നു. ചുംബന രംഗങ്ങളിൽ മലയാളത്തിന്റെ ഇമ്രാൻ ഹഷ്മി ആയിട്ടുപോലും വാഴ്‌ത്തപ്പെട്ട ടോവിനോ ഇത്തവണ പ്രണയിച്ചു തകർക്കാൻ പോകുന്നത് മലയാളത്തിന്റെ പുതിയ നായികാവസന്തം അനു സിതാരയുമായിട്ടാണ്. പ്രേക്ഷകരെ വീണ്ടും മുൾമുനയിൽ നിർത്തുന്ന പ്രണയരംഗങ്ങളാൽ സമ്പന്നമാണ് 'ഒരു കുപ്രസിദ്ധ പയ്യനും'.

തലപ്പാവ്, ഒഴിമുറി എന്ന ആദ്യ രണ്ടു ചിത്രങ്ങൾ കൊണ്ട് മലയാളത്തിന്റെ ക്ലാസ് സംവിധായകരുടെ പട്ടികയിൽ ഇടം നേടിയ സംവിധായകൻ മധുപാൽ ഇത്തവണ മാസ്സാകാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഒരു കുപ്രസിദ്ധ പയ്യനിലൂടെ. ചെറുപ്പക്കാരെയും ഫാമിലിയേയും ഒരുപോലെ തിയേറ്ററിലേക്ക് ആഘോഷിക്കുന്ന ഘടകങ്ങൾ എല്ലാം തന്നെ കുപ്രസിദ്ധ പയ്യനിലുണ്ട്. ഒരു നാട്ടിൻപുറവും അവിടെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളുമായി പുരോഗമിക്കുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ തന്മയത്വത്തോടെ ചെയ്യാനുള്ള ടോവിനോയുടെ കഴിവിനേയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായിട്ടാണ് കുപ്രസിദ്ധ പയ്യനിലെ ആക്ഷൻ സീക്വൻസുകൾ എത്തുന്നതെന്നാണ് സൂചന. സൗത്ത് ഇന്ത്യയുടെ പീറ്റർ ഹെയ്ൻ എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന സ്റ്റണ്ട് മാസ്റ്റർ രാജശേഖരനും മലയാളത്തിന്റെ സ്വന്തം മാഫിയ ശശിയുമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു പോത്തുമായുമായി ടോവിനോയുടെ ഫൈറ്റ് ആണ് മുഖ്യ ആകർഷണം. വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് പൂർത്തിയാക്കിയ ആ രംഗം അണിയറപ്രവർത്തകരുടെ മുക്തകണ്ഠമായ പ്രശംസ ടോവിനോയ്ക്ക് നേടിക്കൊടുത്തു. മറ്റൊരു സംഘട്ടന രംഗം ചിത്രീകരിക്കാൻ മുപ്പത് മിനിറ്റുകളോളമാണ് ടോവിനോ തലകീഴായി തൂങ്ങി കിടന്നത്. ചിത്രത്തിന് വേണ്ടി ടോവിനോ എടുത്ത ശ്രമങ്ങളെ സംവിധായകൻ മധുപാലും വളരെയധികം പ്രശംസിച്ചിരുന്നു. ആ രംഗങ്ങളുടെ തീവ്രത തിയേറ്റർ സ്‌ക്രീനിൽ തന്നെ കാണുമ്പോഴാണ് അതിന്റെ പൂർണ്ണതയിൽ ഉള്ള കാഴ്ച സാധ്യമാകുക എന്നും അദ്ദേഹം പറയുന്നു.

വി സിനിമാസിന്റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രം പൂർണ്ണമായും വൈക്കം പശ്ചാത്തലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈക്കത്തിന്റെ ഗ്രാമഭംഗി ചോരാതെ ഒപ്പിയെടുത്തിരിക്കുന്നത് ഛായാഗ്രാഹകൻ നൗഷാദ് ഷരീഫാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം വീണ്ടും വൈക്കം പശ്ചാത്തലമായി വരുമ്പോൾ പക്ഷേ കാഴ്ചകൾ ഏറെ വ്യത്യസ്തമാണ്.

മലയാളത്തിലെ ശ്രദ്ധേയനായ ശാസ്ത്ര എഴുത്തുകാരനായ ജീവൻ ജോബ് തോമസ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യൻ. നിലവിലെ വാണിജ്യസിനിമയുടെ പൾസ് അറിഞ്ഞ എഴുത്ത് എന്നാണ് ജീവന്റെ തിരക്കഥയെ സംവിധായകൻ മധുപാൽ പോലും വിശേഷിപ്പിച്ചത്. ഉദ്വേഗം ഉണർത്തുന്ന കഥാപുരോഗതിയോടെ ആവിഷ്‌കാരത്തിലും പശ്ചാത്തലത്തിലും പുതുമ നിറഞ്ഞ ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചെരുവകളാൽ സമ്പന്നമാണ്. തിരക്കഥാമേഖലയിൽ നിലയുറപ്പിക്കാൻ ജീവൻ ജോബ് തോമസിന് ചിത്രമൊരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി ശരണ്യ പൊൻവണ്ണൻ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യൻ. ടോവിനോ തോമസിനൊപ്പം തുല്യ പ്രാധാന്യമുള്ള റോളിൽ ശരണ്യ തിരിച്ചുവരവ് ഗംഭീരമാക്കിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ ഭാഗമായവരെല്ലാം പറയുന്നത്. ശരണ്യ ഏറ്റവുമൊടുവിൽ വേഷമിട്ട മലയാള ചിത്രം കലാഭവൻ മണി നായകനായ പുള്ളിമാൻ ആയിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ശ്രീകുമാരൻ തമ്പി ചലച്ചിത്ര ഗാനരചന നിർവ്വഹിക്കുന്നു എന്ന സവിശേഷതയും കൂടി 'ഒരു കുപ്രസിദ്ധ പയ്യ'നിലെ ഗാനങ്ങൾക്കുണ്ട്. ശ്രീകുമാരൻ തമ്പി എഴുതി ഔസേപ്പച്ചൻ ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ദേവാനന്ദ്, സുദീപ്, രാജലക്ഷ്മി, റിമി ടോമി, ആദർശ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഗാനങ്ങൾ ഇപ്പോൾ തന്നെ യൂട്യൂബിൽ തരംഗമാണ്. ടോവിനോ തോമസ് എന്ന നടന് ഒരുപക്ഷേ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനവും പാരിതോഷികവുമായിരുന്നു കുപ്രസിദ്ധ പയ്യന്റെ ഓഡിയോ റിലീസ് ചടങ്ങിൽ വച്ച് ശ്രീകുമാരൻ തമ്പി പറഞ്ഞ വാക്കുകൾ. നാളുകൾക്ക് ശേഷം വീണ്ടും ചലച്ചിത്ര ഗാനരചനയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ച് സംസാരിച്ചതിന് ശേഷം സദസ്സിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ശ്രീകുമാരൻ തമ്പി അദ്ദേഹം ടോവിനോ തോമസ് എന്ന നടന്റെ ആരാധകൻ ആണെന്ന് അറിയിച്ചിരുന്നു.

ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ റിലീസോട് കൂടി രണ്ടായിരത്തി പതിനെട്ട് ടോവിനോ തോമസ് എന്ന നടന്റെ പേരിൽ കുറിച്ച് വയ്ക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് ചിത്രത്തിലെ ടോവിനോയുടെ പ്രകടനം കണ്ടവരെല്ലാം ഒരുപോലെ വിലയിരുത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും പ്രകടനസാധ്യതയുമാണ് ചിത്രത്തിലൂടെ ടോവിനോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്രയേറെ ശ്രമപ്പെട്ടും അധ്വാനിച്ചും മറ്റൊരു കഥാപാത്രവും ചെയ്യേണ്ടി വന്നിട്ടില്ലെന്ന് പറയുമ്പോഴും തന്റെ കഥാപാത്രത്തിലും പ്രകടനത്തിലും ടോവിനോ തൃപ്തനുമാണ്. ഡ്യൂപ്പില്ലാതെയാണ് കാളയുമായുള്ള ഏറ്റുമുട്ടൽ ഉൾപ്പെടെ മുഴുവൻ സംഘട്ടനരംഗങ്ങളും പൂർത്തിയാക്കിയത്. ചിത്രീകരണത്തിനിടയിൽ പരിക്കുകൾ അലട്ടിയപ്പോഴും ഉത്സാഹം ചോരാതെ ബ്രേക്കുകൾ എടുക്കാതെ ടോവിനോ പയ്യനെ പൂർണ്ണതയിൽ എത്തിച്ചു.

ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം നായികമാരായി എത്തുന്നത് അനു സിതാരയും നിമിഷ സജയനുമാണ്. ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ പേരുകൾ മലയാള സിനിമയിൽ പതിപ്പിക്കാൻ സാധിച്ചവരാണ് ഇരുവരും. മലയാളത്തനിമയുള്ള നാട്ടിൻപുറത്തുകാരിയായി അനു എത്തുമ്പോൾ ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലാണ് നിമിഷ എത്തുന്നത്.

നെടുമുടി വേണു, സിദ്ദിഖ്, അലൻസിയർ എന്നിങ്ങനെ വമ്പൻ താരനിരയും പ്രധാന താരങ്ങൾക്കൊപ്പം അണിചേരുന്നുണ്ട്. കുടുംബവുമൊത്ത് കാണാവുന്ന ഒരു മാസ് എന്റർടൈനൽ കൂടിയാണ് ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP