Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാൾ?എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണൽ അവാർഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ?പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി'; സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കു വെച്ച ആരാധികയുടെ നിരൂപണത്തിന് വൻ സ്വീകാര്യത  

'എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാൾ?എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണൽ അവാർഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ?പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി'; സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കു വെച്ച ആരാധികയുടെ നിരൂപണത്തിന് വൻ സ്വീകാര്യത   

മറുനാടൻ ഡെസ്‌ക്‌

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് ആരാധകരുടെ കൈയടി നേടിയ പേരൻപ് പ്രക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം കണ്ടിറങ്ങിയവർ ചിത്രത്തെ വാനോളം പുകഴ്‌ത്തുകയായിരുന്നു. ഇനി ചിത്രം തിയേറ്ററുകളിലേക്ക് എത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രീമിയർ കഴിഞ്ഞതോടെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു ആസ്വാദകയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

സ്വാതി ബീന സതീഷ് എന്ന ആസ്വാദക സിനിമ പാരഡിസോ ക്ലബ്ബിൽ പങ്കു വെച്ച നിരൂപണം ആണ് ശ്രദ്ധ നേടുന്നത്. എന്തേ ഇപ്പോൾ വീണ്ടും ഒരു നാഷണൽ അവാർഡ് ഒക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ എന്നും എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നാൾ എന്നുമാണ് സ്വാതി മമ്മൂട്ടിയോട് ചോദിക്കുന്നത്.പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി.

എത്ര പുരോഗമനം പറഞ്ഞാലും ചില യാഥാർഥ്യങ്ങൾ നമ്മൾക്കു ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. അത്തരം വിഷയങ്ങളെ തന്മയത്തത്തോടെ അഭിനയിച്ചു കാണിക്കാൻ തയ്യാറായ മനസ്സുണ്ടല്ലോ, മമ്മൂക്കാ...നിങ്ങളൊരു തികഞ്ഞ അഭിനേതാവാണെന്നതിന് വേറെ തെളിവുകളൊന്നും വേണ്ട.എന്നും സ്വാതി പോസ്റ്റിൽ കുറിച്ചു.

പേരൻപ്! Also entitled as 'Resurrection' അഥവാ ഉയിർത്തെഴുന്നേൽപ്പ്!

മികച്ച തമിഴ് സിനിമ, മികച്ച വരികൾ, മികച്ച ബാലതാരം എന്നിങ്ങനെ, മൂന്നു ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'തങ്കമീൻകൾ' എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ നാലാമത്തെ ചിത്രമാണ് 'പേരൻപ്'! Spactictiy ബാധിച്ച പതിന്നാല് വയസ്സുകാരി പാപ്പയുടെയും(സാധന) അവളുടെ അച്ഛനായ അമുദവന്റെയും(മമ്മൂട്ടി) കഥ പറയുന്നു ഈ തമിഴ് ചിത്രം!

ആദ്യത്തെ ചോദ്യം മമ്മൂക്കയോടാണ് 'എന്തേ, ഇപ്പൊ വീണ്ടുമൊരു നാഷണൽ അവാർഡൊക്കെ വാങ്ങിയേക്കാമെന്നൊരു തോന്നൽ?' എവിടെ ആയിരുന്നെടോ മനുഷ്യാ ഇത്രയും നാൾ? പത്തേമാരിക്ക് ശേഷം മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ഉജ്ജ്വലമായൊരു തിരിച്ചു വരവിന് വഴിയൊരുക്കിയ, റാം സർ, നിങ്ങൾക്കൊരുപാടൊരുപാട് നന്ദി.

IFFI (International Film Festival of India)ക്ക് ടിക്കറ്റ് കാലേക്കൂട്ടി ബുക്ക് ചെയ്തിട്ടു പോലും, മണിക്കൂറുകളോളം വരി നിന്നിട്ടാണ് അകത്തു കടക്കാനായത്. സിനിമയുടെ ഭൂരിഭാഗം പ്രേക്ഷകരും തമിഴരായിരുന്നു. ഈയൊരു സിനിമ കാണാൻ വേണ്ടി മാത്രം തമിഴ്‌നാട്ടിൽ നിന്ന് ഗോവക്കു വണ്ടി കേറി വന്നവർ. തമിഴ്മക്കളോടൊപ്പം ഒരു തമിഴ് സിനിമ കാണുന്നത് വേറിട്ടൊരു അനുഭവമാണെന്നത് പറയാതെ വയ്യ. മാസ്സ്മസാലപ്പടങ്ങൾ മാത്രമല്ല, ജീവിതഗന്ധിയായ, ഒരു പുഴ പോലെ ശാന്തമായൊഴുകുന്ന പേരൻപ് പോലുള്ള ചലച്ചിത്രങ്ങളും അവർ നെഞ്ചോടു ചേർക്കുന്നു എന്നതിന് തെളിവാണ്, തിയേറ്ററിലുടനീളം നീണ്ടു നിന്ന കയ്യടി.

ഡയറക്ടറും, പ്രൊഡ്യൂസറും ഉൾപ്പെടെ, സാധന എന്ന മിടുക്കിക്കുട്ടിയുമുണ്ടായിരുന്നു സിനിമ കാണാൻ പ്രേക്ഷകരോടൊപ്പം. മമ്മൂട്ടിയുടെ ഉള്ളുതൊടുന്ന ശബ്ദത്തിലൂടെ, പ്രകൃതിയുടെ 12 ഭാവങ്ങളെ, പാപ്പയുടെയും അമുദവന്റെയും ജീവിതവുമായി ഇഴ ചേർത്ത് , 12 അദ്ധ്യായങ്ങളിലായാണ് സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തെ, അതിന്റെ അതേ പാരുഷ്യത്തോടെ, നന്മയോടെ, സ്നേഹത്തോടെ, കയ്യൊതുക്കത്തോടെ വരച്ചിട്ടിരിക്കുന്നു സംവിധായകൻ! ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കി, മാറിനിന്ന് സഹതപിക്കാനേ നമുക്കറിയൂ, അവരുടെ മാതാപിതാക്കൾ കടന്നു പോകുന്ന മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കുക പോലും അസാധ്യമാണ്. തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറിയെങ്കിലും കണ്ണ് നനഞ്ഞത് ഒന്നോ രണ്ടോ തവണ മാത്രമാണ്. ജീവിതത്തിൽ കണ്ണീരിനൊരു സ്ഥാനവുമില്ലെന്ന് തന്നെയാണ് സിനിമ അടിവരയിടുന്നതും.

'Nature create everyone differently, but we treat them equally!' എന്ന സംവിധായകന്റെ തന്നെ വാക്കുകളിലൊതുക്കുകയാണ് ഞാൻ സിനിമയെ. എത്ര പുരോഗമനം പറഞ്ഞാലും ചില യാഥാർഥ്യങ്ങൾ നമ്മൾക്കു ദഹിക്കാനിത്തിരി ബുദ്ധിമുട്ടാണ്. അത്തരം വിഷയങ്ങളെ തന്മയത്തത്തോടെ അഭിനയിച്ചു കാണിക്കാൻ തയ്യാറായ മനസ്സുണ്ടല്ലോ, മമ്മൂക്കാ...നിങ്ങളൊരു തികഞ്ഞ അഭിനേതാവാണെന്നതിന് വേറെ തെളിവുകളൊന്നും വേണ്ട. നിറഞ്ഞ കയ്യടികൾക്കു ശേഷമുള്ള ചർച്ചയിൽ, സംവിധായകന്റെ വാക്കുകളിങ്ങനെ 'മമ്മൂട്ടിയുടെ അമരം പോലുള്ള ചിത്രങ്ങൾ ഒരുപാട് കണ്ടൊരാളാണ് ഞാൻ. ഈ തിരക്കഥയെഴുതുമ്പോൾ അമുദവനായി മമ്മൂട്ടി മാത്രമായിരുന്നു എന്റെ മനസ്സിൽ.' തുടർന്നുണ്ടായ, 'മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ്, ഇന്ത്യൻ സിനിമയുടേത് കൂടിയാണെന്ന' തമിഴ്മക്കളുടെ പൊതുപ്രസ്താവനക്ക് കയ്യടിക്കാതിരിക്കായില്ല.

സാധന, മോളെ...എന്ത് പറയാനാൺ 'തങ്കമീൻകൾ' എന്ന സിനിമയിലെ, മികച്ച ബാലതാരത്തിനുള്ള, നാഷണൽ അവാർഡിന് ശേഷം, ദേ അടുത്തത്! 'You did it wonderfully' എന്ന് പറഞ്ഞു, ആ കൈ പിടിച്ചു കുലുക്കുമ്പോഴും വാക്കുകളൊന്നും കിട്ടുന്നുണ്ടായില്ല പറയാൻ. ഒരു സീനിൽ പോലും ആ കയ്യോ കാലോ, ചേഷ്ടകളോ മാറി പോയതായി തോന്നിയില്ല. അമുദവന്റെ പാപ്പയായി ജീവിക്കുകയായിരുന്നു സിനിമയിലൂടെ നീളം. സിനിമ കഴിയുമ്പോൾ 'സാധന' എന്ന പേര് 'മമ്മൂട്ടി' എന്ന പേരിനോളം തന്നെ കയ്യടി ഏറ്റുവാങ്ങുമ്പോഴറിയാം ആ അഭിനയമികവ്. അഭിനേത്രി എന്ന നിലയിൽ അഞ്ജലി അമീറിന്റെ നല്ലൊരു തുടക്കമാണ് 'മീര' എന്ന കഥാപാത്രമെന്നതും പറയാതെ വയ്യ.

അമുദവനും, അമുദവന്റെ പാപ്പയും മനസ്സിൽ കേറി ഇരിപ്പാണ്. ഇറങ്ങിപ്പോകുന്നേയില്ല. പ്രത്യാശയുടെ തിരിനാളങ്ങൾ തെളിഞ്ഞു നിൽക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നതെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം, സ്നേഹത്തിൽ പൊതിഞ്ഞു പിടിച്ച വലിയൊരു നോവാണ് പേരൻപ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP