Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മ്യൂസിക്കൽ റൊമാന്റിക് കോമഡി 'മുന്തിരിമൊഞ്ചൻ' സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും; ജീവിതത്തിന്റെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലർത്തി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അണിനിരക്കുന്നത് പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ താരനിര

മ്യൂസിക്കൽ റൊമാന്റിക് കോമഡി 'മുന്തിരിമൊഞ്ചൻ' സെപ്റ്റംബറിൽ തീയറ്ററുകളിലെത്തും; ജീവിതത്തിന്റെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലർത്തി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അണിനിരക്കുന്നത് പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ താരനിര

മറുനാടൻ മലയാളി ബ്യൂറോ

നവാഗത സംവിധായകൻ വിജിത്ത് നമ്പ്യാർ യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ സെപ്റ്റംബറിൽ റിലീസ് ചെയ്യും. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പി കെ അശോകൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങൽ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലർത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചൻ.

ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണൻ) ഇമ രാജീവും(ദീപിക) വളരെ അവിചാരിതമായിട്ടാണ് ഇവർ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാൽ ആ കണ്ടുമുട്ടൽ ചില പ്രശ്‌നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവർക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓൺലൈൻ ബുക്ക്‌ലൈബ്രറി സ്റ്റാർട്ടപ്പ് നടത്തുന്ന പെൺകുട്ടിയാണ് ദീപിക(ഗോപിക അനിൽ) രസകരമായ ഇവരുടെ സൗഹൃദമുഹൂർത്തങ്ങൾ ഗൗരവമായ ചില വിഷയങ്ങൾക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം. ഈ സിനിമ തികച്ചും ലളിതവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രമേയവുമാണെന്ന് സംവിധായകൻ വിജിത്ത് നമ്പ്യാർ വ്യക്തമാക്കി. വളരെ സിംപിളായിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകർക്ക് വളരെ വേഗം ഈ ചിത്രം ഉൾക്കൊള്ളാനാകും.അവരെ രസിപ്പിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാർ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരിമൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണെന്ന് സംവിധായകൻ പറഞ്ഞു.

ന്യൂജെൻ കുട്ടികളെ ഫ്രീക്കന്മാർ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറിൽ തമാശ കലർത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചൻ. മലബാറിന്റെ മെഫിൽഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചനെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ,ഹരിശങ്കർ, വിജേഷ് ഗോപാൽ, എന്നിവർ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംഗീതഞ്ജൻ കൂടിയായ സംവിധായൻ വിജിത്ത് നമ്പ്യാർ തന്നെയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം ഒരുക്കിയിട്ടുള്ളത്.

കൊച്ചുകൊച്ചു സംഭവങ്ങളിലൂടെയാണ് മുന്തിരിമൊഞ്ചന്റെ കഥ വികസിക്കുന്നതെങ്കിലും ഗൗരവമായ ചില വിഷയങ്ങളെ രസകരമായി സമീപിച്ച് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി മുന്തിരിമൊഞ്ചൻ മാറിയിട്ടുണ്ടെന്നും തിരക്കഥാകൃത്ത് മനു ഗോപാൽ ചൂണ്ടിക്കാട്ടി.

ടൂർണമെന്റ്, ഒരു മെക്‌സിക്കൻ അപാരത,ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മനേഷ് കൃഷ്ണൻ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് മുന്തിരിമൊഞ്ചൻ. ഗോപിക അനിലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് . ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തിൽ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. കൊച്ചി , പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിട്ട് ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രം ചിത്രീകരണം പൂർത്തീകരിച്ചത്. ഇറോസ് ഇൻർനാഷണൽ ഈ മാർച്ച് മാസത്തിൽ മുന്തിരിമൊഞ്ചൻ തിയറ്റേറിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മനേഷ് കൃഷ്ണൻ, ഗോപിക അനിൽ, കൈരാവി തക്കർ(ബോളിവുഡ്), സലിംകുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങിയവർക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം - ഷാൻ ഹാഫ്‌സാലി, സംഗീതം-വിജിത്ത് നമ്പ്യാർ, പശ്ചാത്തല സംഗീതം-റിജോഷ്, കഥ, തിരക്കഥ, സംഭാഷണം-മനു ഗോപാൽ, , ചിത്രസംയോജനം-അനസ്, വസ്ത്രാലങ്കാരം- രാധാകൃഷ്ണൻ മങ്ങാട്, സഹസംവിധാനം- അരുൺ വർഗീസ്, പൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, ചിത്രസംയോജനം- അനസ്, ചമയം- അമൽ ചന്ദ്രൻ, വരികൾ - റഫീക്ക് അഹമ്മദ്, മുരളീധരൻ, മനുഗോപാൽ, ആലാപനം - ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ,കലാസംവിധാനം- ഷെബീറലി, സംവിധാന സഹായികൾ - പോൾ വർഗീസ്, സുഹൈൽ സായ് മുഹമ്മദ്, അഖിൽ വർഗീസ് ജോസഫ്, കപിൽ ജെയിംസ് സിങ്, പി.ആർ.ഒ - പി.ആർ.സുമേരൻ, നിശ്ചല ഛായാഗ്രഹണം- രതീഷ് കർമ്മ, അസ്സോസിയേറ്റ് ക്യാമറ - ഷിനോയ് ഗോപിനാഥ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ആന്റണി ഏലൂർ, സുജിത്ത് ഐനിക്കൽ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP