Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ തിരക്കഥ; ബ്രിട്ടനിലെ മലയാളികൾക്കൊപ്പം അമേരിക്കൻ മലയാളിയായ തമ്പി ആന്റണി കൂടി നിർമ്മാതാവായി: ബലാത്സംഗം ചെയ്തയാളുടെ ലിംഗം മുറിക്കണമെന്ന് പറഞ്ഞെത്തിയ മീരാ ജാസ്മിന്റെ രണ്ടാം വരവ് മലയാളികൾ സ്വീകരിക്കുമോ? പുലിമുരുകന് ശേഷം ആദ്യം ഹിറ്റാകാൻ ഒരുങ്ങി പത്തു കൽപ്പനകൾ

ബ്രിട്ടനിലെ മലയാളി നഴ്‌സിന്റെ തിരക്കഥ; ബ്രിട്ടനിലെ മലയാളികൾക്കൊപ്പം അമേരിക്കൻ മലയാളിയായ തമ്പി ആന്റണി കൂടി നിർമ്മാതാവായി: ബലാത്സംഗം ചെയ്തയാളുടെ ലിംഗം മുറിക്കണമെന്ന് പറഞ്ഞെത്തിയ മീരാ ജാസ്മിന്റെ രണ്ടാം വരവ് മലയാളികൾ സ്വീകരിക്കുമോ? പുലിമുരുകന് ശേഷം ആദ്യം ഹിറ്റാകാൻ ഒരുങ്ങി പത്തു കൽപ്പനകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മലയാളികളിൽ നല്ല പങ്കും ഇപ്പോൾ ചിന്തിക്കുന്നത് കാവ്യാ മാധവന്റെ തിരിച്ചു വരവിനെ കുറിച്ചായിരിക്കും. ദിലീപും ഒത്തു മധുവിധു ആഘോഷിക്കുന്ന കാവ്യ തിരക്കിട്ടു സിനിമ ലോകത്തു എത്തുമോ? അതിനു ദിലീപ് സമ്മതിക്കുമോ? അതോ മഞ്ജുവിനെ പോലെ വീട്ടിലിരുത്തുമോ? എന്നൊക്കെയുള്ള ഗോസിപ്പ് ചർച്ചകളിൽ സജീവമാണ് മാദ്ധ്യമ ലോകവും സോഷ്യൽ മീഡിയയും. എന്നാൽ കാവ്യയുടെ രണ്ടാം വരവിനെ പറ്റി ആലോചിക്കും മുന്നേ കാവ്യയേക്കാൾ ഒരു പടി മുന്നിൽ തന്നെ നിർത്താവുന്ന മീരാ ജാസ്മിന്റെ രണ്ടാം വരവ് ആഘോഷിക്കുന്ന തിരക്കിലാണ് മലയാള സിനിമ.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ റിലീസിന് തയ്യാറായ പത്തു കൽപ്പനകൾ എന്ന ചിത്രം സാങ്കേതിക കാരണങ്ങളാൽ റിലീസ് അൽപ്പം വൈകിയെങ്കിലും പുലിമുരുകന്റെ തകർപ്പു കഴിഞ്ഞ ഇടവേളയിൽ വീണ്ടും തീയ്യേറ്ററിൽ ആളെ നിറയ്ക്കാൻ കാരണമായിരിക്കുകയാണ് ഈ സിനിമയെന്ന് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടു നിർമ്മാതാക്കളും തിരക്കഥാകൃത്തും ക്യാമറാമാനും യുകെ മലയാളികൾ ആണെന്നതാണ് പത്തു കൽപ്പനകളെ ബ്രിട്ടനിലെ മലയാളികൾക്കും പ്രിയപ്പെട്ടതാക്കുന്നത്. ചിത്രം ഉടനെ യുകെയിലും പ്രേക്ഷകരെ തേടിയെത്തും. ഏറെക്കാലം മലയാളി മനസുകളെ ഗാനാലാപനത്തിലൂടെ താലോലിച്ച ജാനകിയമ്മയുടെ അവസാന സിനിമ ഗാനവും പത്തു കൽപ്പനകളിലേതാണ് എന്ന പ്രത്യേകതയും സിനിമ പങ്കിടുന്നു.

പലർക്കും രണ്ടാം വരവ്, ഡോണിന് കന്നിയങ്കം

നിർമ്മാതാക്കളും നായകനും നടിക്കും ഒക്കെ രണ്ടാം വരവ് ആകുമ്പോൾ സംവിധായകന് മാത്രം ചിത്രം കന്നിയങ്കമാണ് എന്ന പ്രത്യേകതയാണ് പത്തു കൽപ്പനകൾ പങ്കിടുന്നത്. ഏറെക്കാലമായി സിനിമയിൽ നിന്നും അകന്നു നിന്ന മീര ജാസ്മിന് പത്തു കൽപ്പനകൾ ഏറെ നിർണായകമാണ്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന മീരയുടെ പൊലീസ് ഓഫീസർ വേഷം ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രം ഒപ്പം പോലെ മാനസിക വൈകല്യം ഉള്ള കുറ്റവാളിയെ തേടിയുള്ള യാത്രയായ 10 കൽപ്പനകൾ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സ് ഒരുക്കിയാണ് പ്രേക്ഷകനെ ആകർഷിക്കുന്നത്.

സിനിമ ലോകത്തു ഏറെ വിവാദമുണ്ടാക്കിയ ശേഷം മാറി നിൽക്കേണ്ടി വന്ന മീര ജാസ്മിൻ തനിക്കു പിടിച്ചു നിൽക്കാൻ ഈ ചിത്രം വിജയിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു കഠിനാധ്വാനം നടത്തി എന്നതിന് ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. ഏറെക്കുറെ സമാനമായ അവസ്ഥ തന്നെയാണ് നായകൻ അനൂപ് മേനോന്റേതും. മീരയുടെ പെർഫോമൻസിൽ അൽപ്പം മങ്ങൽ ഉണ്ടെങ്കിലും ചിത്രം വിജയിക്കുന്നതോടെ അനൂപിന്റെ ആവശ്യവും സിനിമാലോകത്തിനു അംഗീകരിക്കേണ്ടി വരും. ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസൻ ചിത്രം മലയാളിക്ക് സമ്മാനിച്ച യുകെ നിവാസികളായ ബിജു തോരണത്തേൽ, ജേക്കബ് കോയിപ്പുറത്തു എന്നിവരടങ്ങിയ ടീമിന്റെ രണ്ടാം വരവാണ് പത്തു കൽപ്പനകളും. ചെറിയൊരു സീനിൽ ഇരുവരും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ഇക്കുറി ഇവരോടൊപ്പം അമേരിക്കൻ മലയാളിയും ബാബു ആന്റണിയുടെ സഹോദരനുമായ തമ്പി ആന്റണിയും മെസഫിന് അബ്രാഹാമും ചേർന്നതോടെ ഷട്ടർ ബഗ് എന്ന നിർമ്മാണ യൂണിറ്റ് പിറവി എടുത്തു എന്നതും പത്തു കൽപ്പനകൾ സമ്മാനിക്കുന്ന വിശേഷമാണ്. ഏറെക്കാലം ഷാജി കൈലാസിനൊപ്പം പ്രവർത്തിച്ച എഡിറ്റർ ഡോൺ മാക്‌സ് തന്നെ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ അദ്ദേഹത്തിനും ഈ ചിത്രം വിജയിപ്പിച്ചേ കഴിയുമായിരുന്നുള്ളൂ. ചുരുക്കത്തിൽ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും വിജയമാകേണ്ട സിനിമ എന്ന സവിശേഷ പ്രത്യേകതയാണ് പത്തു കൽപ്പനകളെ ഇപ്പോൾ വിജയത്തിലേക്ക് നയിക്കുന്നതും.

ഇത് കൂടാതെ ബ്രിട്ടനിലെ മലയാളികൾക്കും ഈ സിനിമയിൽ പങ്കാളിത്തമുണ്ട്. കെന്റിലുള്ള മലയാളി ഷിൻസ് ജോസാണ് തിരക്കഥ. കെന്റിലെ ഹോസ്പിറ്റലിൽ നഴ്‌സ് ആയ ഷിൻസ് ജോസ് തിരക്കഥകൃത്തിന്റെ റോളിലും രണ്ടാം യൂണിറ്റിലെ ക്യാമറാമാൻ റോളിലും എത്തുന്നുണ്ട്. മുൻപ് പാർവതി പിള്ളയ്ക്ക് സഹ സംവിധായികയുടെ റോളിൽ എത്താൻ കഴിഞ്ഞതാണ് ഷിൻസ് ജോസിന് മുൻപേ എടുത്തു കാണിക്കാൻ പറ്റിയ പ്രധാന നേട്ടം. എന്നാൽ സംഗീത ജെയിനിനോടൊപ്പം ഈ സിനിമയുടെ തിരക്കഥയിൽ പൂർണ്ണമായും സഹകരിക്കാൻ കഴിഞ്ഞതോടെ ഷിൻസിന്റെ തുടക്കം തന്നെ ഗംഭീരമാവുകയാണ്. ആദ്യ ആഴ്ച വിജയകമരമായ പ്രദർശനം നടത്തിയ ചിത്രം അടുത്ത ആഴ്ച കൂടുതൽ തിയറ്ററിൽ എത്തുന്നതോടെ സിനിമയുമായി സഹകരിച്ച മുഴുവൻ പേരുടെയും ജാതകം തെളിയാൻ താമസം ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

ചെറിയ ചിത്രം, വലിയ വിജയം, ഗൗരവമുള്ള പ്രമേയം

കൊച്ചു ബജറ്റിൽ തയ്യാറാക്കിയ ചിത്രത്തിന്റെ വമ്പൻ വിജയമാണ് മോളിവുഡിൽ പത്തു കൽപ്പനകളെ കാത്തിരിക്കുന്നത്. രണ്ടാം നിര അഭിനേതാക്കളെ വച്ച് പോലും സിനിമ നിർമ്മാണം ആറേഴു കോടിക്ക് മുകളിൽ നിക്ഷേപം ആവശ്യമായ ബിസിനസ് ആയി മാറിയെങ്കിലും മികച്ച ആസൂത്രണവും അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർ സ്വന്തം സിനിമ എന്ന നിലയിൽ സമീപിച്ചതും കൊച്ചു ബജറ്റിൽ ഒരു വമ്പൻ ഹിറ്റ് ഒരുക്കാൻ പത്തു കൽപ്പനകളെ സഹായിക്കുകയാണ്. ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ മാത്രം 75 ലക്ഷത്തിലേക്കു ഉയർന്നതോടെ രണ്ടാം വാരം കൊണ്ട് തീയേറ്ററിൽ നിന്ന് തന്നെ സിനിമ ലാഭം കണ്ടെത്തുമെന്ന് ഉറപ്പായി.

ആദ്യ വാരം 75 തിയ്യറ്ററിൽ എത്തിച്ച പടം പ്രേക്ഷക മനം അനുകൂലമാക്കിയെടുത്ത ശേഷം അടുത്ത ആഴ്ച വ്യപകമായ റിലീസിന് ഒരുങ്ങുന്ന കച്ചവട തന്ത്രമാണ് പത്തു കൽപ്പനകളെ ബോക്‌സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റാൻ സഹായിക്കുക. അഭിനേതാക്കൾക്ക് എല്ലാം എന്തെങ്കിലും ചെയ്യാൻ ഉണ്ടെന്ന നിലയിലേക്ക് തിരക്കഥ വളർന്നതോടെ ഗൗരവമുള്ള ഒരു പ്രമേയം ലളിതമായ ഭാഷയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിരിക്കുകയാണ് എന്ന് ആദ്യ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. അതി തീവ്രതയുള്ള വിഷയം പ്രേക്ഷകനെ മടുപ്പിക്കാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ജോലി ഏറെക്കുറെ ഭംഗിയായി തന്നെ ഡോണും കൂട്ടരും പൂർത്തിയാക്കിയിട്ടുണ്ട്.

വാർത്തകളിൽ നിറയുന്ന പ്രൊമോഷൻ, മീരക്ക് അഭിവാദ്യം നേർന്നു ട്രോൾ പറക്കുന്നു

നല്ല കഥയും ദൃശ്യാ ഭാഷയും മാത്രം പോരാ മാദ്ധ്യമങ്ങൾ നൽകുന്ന പ്രൊമോഷൻ കൂടി ഉണ്ടെങ്കിലേ ഇനിയുള്ള കാലം മലയാള സിനിമ ശ്രദ്ധിക്കപ്പെടൂ എന്ന പാഠമാണ് പുലിമുരുകന് ശേഷം മലയാള സിനിമാലോകം പഠിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ സിനിമ പരസ്യത്തിനൊപ്പം മാദ്ധ്യമ ലോകത്തെ കൂടെ നിർത്തിയുള്ള പ്രൊമോഷനും ഇപ്പോൾ സിനിമ വിജയത്തിന് അനിവാര്യമാകുകയാണ്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയ പത്തു കൽപ്പനകളുടെ അണിയറ പ്രവർത്തകർ നായികയെ തന്നെ മുന്നിൽ നിർത്തിയാണ് വാർത്ത പ്രാധാന്യം ഉറപ്പിച്ചത്.

സിനിമയുടെ കഥാതന്തുമായി യോജിച്ചു പോകുന്ന ജിഷാ വധക്കേസിന് ഇപ്പോഴും വാർത്ത പ്രാധാന്യം ഉണ്ടെന്നു മനസിലാക്കിയ സിനിമ ടീം ജിഷയുടെ അമ്മയെയും മീര ജാസ്മിനെയും ഒന്നിച്ചിരുത്തി നടത്തിയ പത്രസമ്മേളനവും തലക്കെട്ടുകൾ പിടിച്ചു പറ്റി. കോടതിക്ക് ശിക്ഷിക്കാൻ പറ്റിയില്ലെങ്കിൽ മകളുടെ ഘാതകനെ തനിക്കു വിട്ടു തരണം എന്ന് പ്രത്യേക ഷോ കണ്ട ശേഷമാണു ജിഷയുടെ അമ്മ പ്രതികരിച്ചത്. എന്നാൽ പെണ്ണിനോട് ഇത്തരം ക്രൂരത ചെയ്യുന്നവന്റെ ലിംഗഛേദം തന്നെ നടത്തണമെന്ന മീരയുടെ അഭിപ്രായവും മാദ്ധ്യമ ലോകവും സോഷ്യൽ മീഡിയയും നന്നായി ആഘോഷിക്കുന്നുണ്ട്. അതിനിടെ മീരയുടെ രണ്ടാം വരവ് ആഘോഷമാക്കി ട്രോളർമാർ രംഗ പ്രവേശം ചെയ്തതും സിനിമക്ക് തുണയായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP