Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാധകരെ നിരാശരാക്കാതെ വിഷു ആഘോഷം കൊഴുപ്പിക്കാൻ മഞ്ജുവും ദിലീപും തിയേറ്ററുകളിൽ നേർക്കുനേർ; മോഹൻലാലിന്റെ കട്ട ആരാധികയായി 'സേതുവിന്റെ മീനുക്കുട്ടി' എത്തുമ്പോൾ എതിരെ നിൽക്കാൻ കമ്മാര സംഭവവും പഞ്ചവർണതത്തയും മാത്രം; രണവും തീവണ്ടിയും തൊബാമയും വിഷു റിലീസിങ് ഒഴിവാക്കിയതോടെ യുദ്ധക്കളത്തിൽ നേർക്കുനേർ പോരിന് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും

ആരാധകരെ നിരാശരാക്കാതെ വിഷു ആഘോഷം കൊഴുപ്പിക്കാൻ മഞ്ജുവും ദിലീപും തിയേറ്ററുകളിൽ നേർക്കുനേർ; മോഹൻലാലിന്റെ കട്ട ആരാധികയായി 'സേതുവിന്റെ മീനുക്കുട്ടി' എത്തുമ്പോൾ എതിരെ നിൽക്കാൻ കമ്മാര സംഭവവും പഞ്ചവർണതത്തയും മാത്രം; രണവും തീവണ്ടിയും തൊബാമയും വിഷു റിലീസിങ് ഒഴിവാക്കിയതോടെ യുദ്ധക്കളത്തിൽ നേർക്കുനേർ പോരിന് ലേഡി സൂപ്പർസ്റ്റാറും ജനപ്രിയ നായകനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാധകർക്ക് ഒട്ടും നിരാശ വേണ്ട. മഞ്ജുവാര്യരുടെ ചിത്രം 'മോഹൻലാൽ' വിഷുവിന് തന്നെ പ്രദർശനത്തിനൊത്തും. വിഷുവിന് തിയറ്ററുകളിൽ എത്തുന്നത് പ്രധാനപ്പെട്ട മൂന്ന് സിനിമകൾ ആണ്. ഒന്ന് മഞ്ജുവാര്യരുടെ മോഹൻലാലും, മറ്റൊന്ന് ദിലീപിന്റെ കമ്മാര സംഭവവും ജയറാം,കുഞ്ചാക്കോ ബോബൻ എന്നിവർ നായകരാകുന്ന പഞ്ചവർണതത്തയും. മോഹൻലാലിനെതിരെ തിരക്കഥാകൃത്ത് കലവൂർ രവികുമാർ തൃശൂർ സെഷൻസ് കോടതിയിൽ നൽകിയ സ്റ്റേയെ തുടർന്നാണ് സിനിമയുടെ പ്രദർശനം അനിശ്ചിതത്വത്തിലായത്. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകരും കലവൂർ രവികുമാറും തമ്മിൽ ഒത്തു തീർപ്പായതോടെയാണ് വിഷുവിന് തന്നെ സിനിമ തിയറ്ററിൽ എത്തിക്കാൻ വഴി ഒരുങ്ങിയത്.

ഇതോടെ മഞ്ജു വാര്യർ ലാലേട്ടന്റെ കട്ട ആരാധികയായി എത്തുന്ന ചിത്രം ശനിയാഴ്ച തന്നെ തിയറ്ററിൽ എത്തും. മഞ്ജുവാര്യർ മീനൂട്ടിയായി എത്തുന്ന മോഹൻലാലിനൊട് തിയറ്ററിൽ എതിരിടുക ദിലീപിന്റെ കമ്മാര സംഭവം മാത്രമായിരിക്കും. ഇരുചിത്രങ്ങളും ഒരുമിച്ച് പ്രദർശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നേരത്തെ ദിലീപിന്റെ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ഒരുമിച്ച് റിലീസിനെത്തിയിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് രണ്ട് പേരുടെയും ചിത്രങ്ങൾ ഒരുമിച്ച പ്രദർശനത്തിനെത്തുന്നത്.

വിഷുവിന് പൃത്ഥ്വിയുടെ രണവും ടൊവിനോയുടെ തീവണ്ടിയും അൽഫോൻസ് പുത്രൻ നിർമ്മിക്കുന്ന തൊബാമയും എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വിഷുവേളയിലെ യുദ്ധക്കളം മഞ്ജു ചിത്രത്തിനും ദിലീപ് ചിത്രത്തിനും മാത്രമായി 'ഏറ്റുമുട്ടാൻ' വിട്ടുകൊടുത്ത് അവർ പിന്മാറി. എന്നാൽ മൂന്നാം ചിത്രമായി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയും പ്രദർശനത്തിന് എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബനും ജയറാമുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

സിനിമ പ്രഖ്യാപിച്ചതു മുതൽ മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ. മോഹൻലാലിന്റെ കട്ട ഫാനായി മഞ്ജുവാര്യർ എത്തുന്ന ഈ ചിത്രത്തിന്റെ ടീസറുകൾക്ക് വൻ വരവേൽപ്പ് ലഭിച്ചിരുന്നു. ലാലേട്ട.. എന്ന ഗാനവും വൻ ജനപ്രീതിയാണ് നേടിയിട്ടുള്ളത്. തോള് ചരിച്ച് കൂളിങ് ഗ്ലാസും വെച്ച് എത്തുന്ന മീനുക്കുട്ടി എന്ന മഞ്ജുവാര്യരും പോസ്റ്ററുകളിലൂടെ ജനപ്രീതി നേടി. ഇതിന് പിന്നാലെ സിനിമ മോഹൻലാലിനെ കുറിച്ചാണെന്നുള്ളത് ലാലേട്ടൻ ഫാൻസിനേയും ആവേശത്തിലാക്കിയിട്ടുണ്ട്.

അതിനാൽ തന്നെ സിനിമ റിലീസിനെത്തുമ്പോൾ മോഹൻലാൽ ഫാൻസും മഞ്ജുവിന്റെ ഫാൻസും ഒരുമിച്ച് നിൽക്കുമെന്നാണ് റിപ്പോർട്ട്. ഇരു താരങ്ങളുടേയും ആരാധകർ ഇടിച്ചു സിനിമ കാണാൻ ഇടിച്ചു കയറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ സിനിമ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മാത്രമല്ല ദിലീപിന്റെ കമ്മാര സംഭവം അല്ലാതെ മറ്റൊരു ബിഗ് ബജറ്റ് ചിത്രങ്ങളും ഈ സിനിമകളോടൊപ്പം റിലീസ് ചെയ്യുന്നുമില്ല എന്നതും സിനിമാ പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

അതേസമയം ദിലീപ് ഫാൻസും കടുത്ത ആവേശത്തിലാണ്. രാമലീലയ്ക്ക ശേഷം റിലീസ് ചെയ്യുന്ന ദിലീപിന്റെ സിനിമയാണ് കമ്മാര സംഭവം. വലിയ പബ്ലിസിറ്റി നൽകാതെ രഹസ്യമായാണ് ഇതിന്റെ ഷൂട്ടിംഗും മറ്റും നടക്കുന്നത്. ദിലീപ് താടി നീട്ടി വളർത്തി വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ സിനിമയിൽ എത്തുന്നത്. ഇതിലെ ഗാനവും ഇതിനകം വൻ ജനപ്രീതി നേടി കഴിഞ്ഞു.

സാജിദ് യഹിയയാണ് 'മോഹൻലാൽ' സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കലവൂർ രവികുമാർ രചിച്ച 'മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന ആരോപണമാണ് സിനിമയെ വിവാദത്തിലാക്കിയത്. എന്നാൽ രവി കുമാറിന് അഞ്ച് ലക്ഷം രൂപ നൽകി കേസ് ഒത്തു തീർപ്പാക്കുകയായിരുന്നു.

താൻ എഴുതിയ കഥാസമാഹാരത്തിന്റെ രണ്ട് എഡിഷൻ പുറത്തിറങ്ങിയിട്ടുണ്ടെന്നും അത് മോഹൻലാലടക്കം വായിച്ചതാണെന്നും കലവൂർ രവികുമാർ അവകാശപ്പെട്ടിരുന്നു. മോഹൻലാൽ ആരാധികയായ ഭാര്യ കാരണം ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് കഥയിൽ അവതരിപ്പിച്ചത്.

ചിത്രീകരണം തുടങ്ങുന്നതിന് മുൻപുതന്നെ കലവൂർ രവികുമാർ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. 'മോഹൻലാൽ' തന്റെ കഥയുടെ പകർപ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും തനിക്ക് പ്രതിഫലം നൽകണമെന്നും കഥയുടെ അവകാശം നൽകണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നോട്ടുപോയെന്നാണ് കലവൂരിന്റെ ആരോപണം.

ഒത്തുതീർപ്പിന്റെ ഭാഗമായി നന്ദി എഴുതി കാണിക്കാം എന്ന് നിർമ്മാതാക്കൾ പറഞ്ഞെങ്കിലും കലവൂർ വഴങ്ങിയില്ല.പകർപ്പാവകാശ നിയമം അനുസരിച്ചാണ് കോടതിയെ സമീപിച്ചത്.2005 ൽ പ്രസിദ്ധീകരിച്ച കഥയാണിത്. 2006 ൽ പുസ്തകരൂപത്തിൽ ആദ്യ എഡിഷൻ പുറത്തിറക്കി. 2012 ൽ രണ്ടാമത്തെ എഡിഷനും ഇറക്കി. രവികുമാർ തിരക്കഥയും സംഭാഷണവും ഒരുക്കി സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ കഥ മോഷ്ടിച്ചാണ് മോഹൻലാൽ എന്ന സിനിമ ഇറക്കുന്നത് എന്നാണ് ഹർജിയിൽ ആരോപിച്ചത്.

മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് 'മോഹൻലാലി'ൽ പ്രധാനവേഷങ്ങളിലെത്തുന്നത്. മോഹൻലാൽ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെ എഴുതിയ കഥയാണ് മോഹൻലാലിന്റേതെന്ന് അണിയറ പ്രവർത്തർ നേരത്തേ വ്യക്തമാക്കിയിരുന്നു. തിരക്കഥ രചിച്ചത് സുനീഷ് വാരനാടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP