Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമ്മർദ്ദം സഹിക്കാനാവാതെ മഞ്ജുവാര്യറും പിന്മാറുമോ? മാധവിക്കുട്ടിയെ ആമിയാക്കാൻ നടിയെത്തുമോ എന്നറിയാതെ കമൽ; സംഘപരിവാർ സീരിയസ്സായതോടെ ആമി നേരിടുന്നത് വമ്പൻ പ്രതിസന്ധി

സമ്മർദ്ദം സഹിക്കാനാവാതെ മഞ്ജുവാര്യറും പിന്മാറുമോ? മാധവിക്കുട്ടിയെ ആമിയാക്കാൻ നടിയെത്തുമോ എന്നറിയാതെ കമൽ; സംഘപരിവാർ സീരിയസ്സായതോടെ ആമി നേരിടുന്നത് വമ്പൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കമലിന്റെ ആമിയാകാൻ മഞ്ജു വാര്യർ എത്തുമോ എന്നതിൽ അവ്യക്ത തുടരുന്നു. ഇക്കാര്യത്തിൽ അന്തിമ വാക്ക് കമലിന് മഞ്ജു ഇനിയും നൽകിയിട്ടില്ല. കരാർ ഒപ്പിടലും നടന്നില്ല. അതിനിടെ സിനിമയ്‌ക്കെതിരെ സംഘപരിവാർ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ രണ്ടാമതൊരു ആലോചനയ്ക്ക് മഞ്ജു തയ്യാറെടുക്കുന്നുവെന്നാണ് സൂചന. ഇതോടെ കമലിന്റെ മാധവിക്കുട്ടിയുടെ ജീവിത കഥ ചിത്രമായ ആമി വീണ്ടും പ്രതിസന്ധിയിലായി. നേരത്തെ പരിവാർ എതിർപ്പ് മനസ്സിലാക്കി ബോളിവുഡ് സൂപ്പർതാരം വിദ്യാബാലൻ പിന്മാറിയിരുന്നു.

മാധവിക്കുട്ടിയിൽ നിന്ന് ആമിയിലേക്കുള്ള മാറ്റമാണ് വിവാദത്തിന് കാരണം. കൃഷ്ണ ഭക്തയായ മാധവിക്കുട്ടിയെ ചിലർ തെറ്റിധരിപ്പിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്നാണ് സംഘപരിവാർ പക്ഷം. എന്നാൽ ഇസ്ലാം മതത്തിലേക്കുള്ള മാറ്റത്തെ ഉയർത്തിക്കാട്ടാനും നേട്ടമുണ്ടാക്കാനും കമൽ ശ്രമിക്കുന്നതായി ആർഎസ്എസിന് അഭിപ്രായമുണ്ട്. ആമിയുടെ തിരക്കഥയിൽ അവസാനം കമൽ ചില മാറ്റം വരുത്തിയിരുന്നു. തെറ്റായി കാര്യങ്ങൾ അവതരിപ്പിച്ച് പ്രത്യേക സമൂഹത്തിന്റെ കൈയടി നേടാനാണ് കമൽ ശ്രമിക്കുന്നതെന്നും അതിന് കൂട്ടുനിൽക്കരുതെന്നും മഞ്ജുവിനോട് പരിവാറുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കുമെന്ന ഉറച്ച നിലപാടാണ് മഞ്ജു അന്നെത്തിയത്. ഇതിനടെ മഞ്ജുവിനെ അഭിനയിപ്പിക്കരുതെന്ന് തിയേറ്റർ ഉടമകൾ പ്രധാനി കമലിനോട് ആവശ്യപ്പെട്ടുവെന്ന ഗോസിപ്പുമെത്തി. എന്തുവന്നാലും മഞ്ജു തന്നെയാണ് ആമിയെന്ന് അന്ന് കമലും പറഞ്ഞു.

എന്നാൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി മലക്കം മറിച്ചിലുകൾ മലയാള സിനിമയിൽ ഉണ്ടായി. ഇതിൽ മഞ്ജു മാത്രമാണ് ഉറച്ച നിലപാട് എടുത്തത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. മഞ്ജുവിന്റെ ആരോപണങ്ങൾ ലക്ഷ്യമിടുന്നത് ദിലീപിനെയാണെന്ന വാദം സജീവമായി. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ ദിലീപിന് എല്ലാ പിന്തുണയുമായി ആദ്യം എത്തിയത് കമൽ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് മാദ്ധ്യമ വിചാരണ നേരിടുന്നുവെന്ന് കമൽ പറഞ്ഞിരുന്നു. കേസ് വഴി തിരിച്ച് വിടാനാണ് ശ്രമമെന്നും മാദ്ധ്യമങ്ങൾ സൂപ്പർ പൊലീസാകേണ്ടെന്നും കമൽ പറഞ്ഞു. പൾസർ സുനിയെ മാദ്ധ്യമങ്ങൾ വീരപുരുഷനായി ചിത്രീകരിക്കുകയാണെന്നും കമൽ കുറ്റപ്പെടുത്തി . കൊച്ചിയിൽ സ്ത്രീ സുരക്ഷയ്ക്കായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു കമൽ. നടി ആക്രമിക്കപ്പെട്ടതിലെ ഗൂഢാലോചന പുറത്തുവരാൻ പ്രതിഷേധത്തിന് ഒരുങ്ങിയ മഞ്ജുവിനെ പിന്തിരിപ്പിച്ചത് ഇത്തരം ഇടപെടലായിരുന്നു.

ഇതോടെ സിനിമാ മേഖലയിലെ സമാവാക്യങ്ങൾ മാറി മറിഞ്ഞു. ആരേയെങ്കിലും എതിർ പക്ഷത്ത് നിർത്തി മാധവിക്കുട്ടിയും കമലാ സുരയ്യയും ആകേണ്ടതുണ്ടോ എന്ന സംശയം മഞ്ജുവിന് ബലപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഈ സിനിമയിൽ മഞ്ജു എത്തുമോ എന്ന് ആർക്കും ഇപ്പോൾ ഒരു വ്യക്തതയുമില്ല. ഇതോടെ മഞ്ജു പിന്മാറിയാൽ ആരാകും ആമിയാവുകയെന്ന ചർച്ചയും സജീവമായി. ഹൈന്ദവ സംഘടനകൾക്ക് മുറിവേൽക്കുന്ന തരത്തിൽ ആമിയുടെ സ്‌ക്രിപ്റ്റിൽ എന്തെങ്കിലും ഉണ്ടോയെന്ന പരിശോധനയിലാണ് മഞ്ജു ഇപ്പോഴെന്നാണ് സൂചന. അതിനിടെ മഞ്ജു സിനിമയിൽ നിന്ന് പിന്മാറിയെന്ന സൂചനയുമായി മംഗളം സിനിമയും രംഗത്തുവന്നു. ആമി എന്ന സിനിമ എടുക്കുന്നത് ചിലരെ രക്ഷപ്പെടുത്താനാണ്. കമലാ സുരയ്യയെ ആരും ചതിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനാണെന്നും മംഗളം സിനിമ കുറിക്കുന്നു.

കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആമിയായി അഭിനയിക്കാനൊരുങ്ങുന്ന മഞ്ജു വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ പടയൊരുക്കം സജീവമായിരുന്നു. കമലിന്റെ ചിത്രത്തിൽ അഭിനയിച്ച് മഞ്ജു വാര്യർ വില കളയരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ മാധവിക്കുട്ടിയായി മഞ്ജുവിനെ സങ്കൽപ്പിക്കാനാകില്ല എന്നാണ് വേറൊരു കൂട്ടരുടെ വാദം. അതിനോടൊപ്പം മഞ്ജു തന്നെ ആമിയായി അഭിനയിക്കണമെന്ന് പറഞ്ഞ് പിന്തുണക്കുന്നവരും നിരവധിയുണ്ട്. അങ്ങനെ വിവിധ തരത്തിലായിരുന്നു അഭിപ്രായങ്ങൾ. മഞ്ജു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ പ്രൊഫൈൽ ഫോട്ടോയുടെ താഴെയാണ് ആമിയെക്കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുന്നത്.

ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലൻ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത്. വിദ്യയുടെ പിന്മാറ്റത്തിന് പിന്നിൽ കാരണമെന്തെന്ന് അറിയില്ലെന്ന് കമൽ വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കമലിന്റെ പ്രസംഗമാണ് ചിത്രത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. കേന്ദ്ര സർക്കാരിന്റെ ശൗചാലയ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിദ്യ. ഇതിനൊപ്പം ആമിയിൽ ഇസ്ലാം മത താൽപ്പര്യമാണ് കമൽ സംരക്ഷിക്കുന്നതെന്ന വാദവും സജീവമായിരുന്നു.

ഈ സാഹചര്യത്തിൽ വെറുതേ പുലിവാല് പിടിക്കാനില്ലെന്നാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാടെന്നാണ് മംഗളം സിനിമ നൽകുന്ന സൂചന. ഇതോടെ കമലിന്റെ സ്വപ്‌ന സിനിമയും പ്രതിസന്ധിയിലാവുകയാണ്. വിദ്യാ ബാലന് പിന്നാലെ മഞ്ജുവും പിന്മാറിയാൽ ആമിയാകാൻ നല്ല നായികയെ കിട്ടില്ലെന്ന ആശങ്കയും ശക്തമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP