Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജനിപ്പടം പൊട്ടുമ്പോഴും തമിഴ്‌നാട്ടിൽ തരംഗമായി മഞ്ഞുമ്മൽ ബോയ്സ്; ജയം രവി ചിത്രവും പരാജയപ്പെടുമ്പോൾ ഹൗസ്ഫുള്ളായി ഭ്രമയുഗവും പ്രേമലുവും; തമിഴ്ചിത്രങ്ങൾ മലയാളത്തിൽ നിന്ന് പണം വാരുന്ന ട്രെൻഡ് ഇപ്പോൾ നേരെ തിരിയുന്നു; തമിഴകത്തുനിന്ന് കോടികൾ വാരി മല്ലുവുഡിന്റെ മുന്നേറ്റം

രജനിപ്പടം പൊട്ടുമ്പോഴും തമിഴ്‌നാട്ടിൽ തരംഗമായി മഞ്ഞുമ്മൽ ബോയ്സ്; ജയം രവി ചിത്രവും പരാജയപ്പെടുമ്പോൾ ഹൗസ്ഫുള്ളായി ഭ്രമയുഗവും പ്രേമലുവും; തമിഴ്ചിത്രങ്ങൾ മലയാളത്തിൽ നിന്ന് പണം വാരുന്ന ട്രെൻഡ് ഇപ്പോൾ നേരെ തിരിയുന്നു; തമിഴകത്തുനിന്ന് കോടികൾ വാരി മല്ലുവുഡിന്റെ മുന്നേറ്റം

എം റിജു

'ഒരു മലയാളം സിനിമ ഡബ് ചെയ്യാതെ എല്ലാ ഷോയും ഹൗസ് ഫുള്ളായി തമിഴ്‌നാട്ടിൽ ഓടുന്നു. പുലിമുരുകനും 2018നും ശേഷം ആദ്യത്തെ അനുഭവമാണിത്''- ചെന്നൈ ജികെ സിനിമാസ് ഉടമ ഇങ്ങനെ പറയുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രത്തെനെപ്പറ്റിയാണ്, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ തീയേറ്റർ ശൃംഖലയുടെ ഉടമ സംസാരിക്കുന്നത്.

സാധാരണ തമിഴ്ചിത്രങ്ങൾ മലയാളത്തിൽനിന്ന് പണം വാരുന്നതാണ് നാം കാണാറുള്ളത്. കഴിഞ്ഞവർഷം രജനികാന്തിന്റെ ജയിലർ തന്നെ ഉദാഹരണം. പക്ഷേ ഇപ്പോൾ ട്രെൻഡ് തിരിച്ചാവുകയാണ്. മഞ്ഞുമ്മൽ ബോയ്സ് മാത്രമല്ല, പ്രേമലു, മമ്മൂട്ടിയുടെ ഭ്രമയുഗം എന്നിവയും തമിഴകത്തുനിന്ന് പണം വാരുകയാണ്.

രജനി വീണിട്ടും കുതിക്കുന്ന മലയാള സിനിമ

സ്‌റ്റൈൽ മന്നന്റെ ഏറ്റവും പുതിയ ചിത്രം 'ലാൽസലാം' ബോക്‌സ്ഓഫിസിൽ വീണ സമയമാണിത്. അപ്പോഴാണ് മലയാള ചിത്രങ്ങൾ കുതിക്കുന്നത്. പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മലുമടക്കമുള്ള സിനിമകൾ തമിഴിൽ സൂപ്പർഹിറ്റായി ഓടുകയാണ്. അതേസമയം കഴിഞ്ഞ ആഴ്ച ഇറങ്ങിയ ജയം രവി ചിത്രം സൈറണുപോലം ആളില്ല. ഭാഷ ഏതെന്നതോ അഭിനയിക്കുന്നത് ആരെന്നതോ ബജറ്റ് എത്രയെന്നോ സിനിമയുടെ വിജയം നിർണയിക്കുന്ന മാനണ്ഡമല്ലാത്ത കാലം വന്നിരിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ചലച്ചിത്ര നിരൂപകർ പറയുന്നത്.

മലയാളത്തിലെന്നപോലെ തമിഴിലും ലോബജറ്റ് സിനിമകളാണ് പണം വാരിുന്നത്. മലയാളത്തിലെ പ്രേമലുവിന് സമാനമായി തരംഗം സൃഷ്ടിച്ച പ്രണയചിത്രങ്ങളാണ് 2023 ൽ പുറത്തു വന്ന ജോയും ലവ് ടുഡേയും. രണ്ടും ലോ ബജറ്റ് ചിത്രങ്ങൾ. രജനികാന്തിനെ നായകനാക്കി അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാൽസലാം 90 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രമാണ്. രജനിയുടെ കരിയറിലെ അപൂർവം ഫ്‌ളോപ്പുകളിൽ ഒന്ന് എന്ന അപൂർവബഹുമതിയാണ് ചിത്രത്തിന് ലഭിച്ചത്. ജയം രവിയുടെ സൈറൺ എന്ന സിനിമയ്ക്കും സമാനമായ ദുരന്തം നേരിടേണ്ടി വന്നു. 30 കോടിയിൽ തീർത്ത സിനിമയുടെ വരവ് സംബന്ധിച്ച കണക്കുകൾ പുറത്ത് പറയാൻ പോലും പറ്റാത്ത വിധം ദയനീയമാണ്. പൊങ്കൽ റിലീസായി വന്ന ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ എന്ന സിനിമ മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. 50 കോടി മുടക്കിയ സിനിമ നുറുകോടിയോട് അടുക്കുന്നതായി പറയപ്പെടുന്നു. ശിവകാർത്തികേയന്റെ അയലാൻ എന്ന ചിത്രവും 50 കോടി മുടക്കി 80 കോടി തിരിച്ചു പിടിച്ച് കഷ്ടിച്ച് മുഖം രക്ഷിച്ചു.

മണ്ണിന്റെ മക്കൾ വാദത്തിനും അന്ത്യം

ഈ വിജയംകൊണ്ട് മറ്റൊരു ഗുണവുമുണ്ട്. തമിഴ് സിനിമയിൽ ഇടക്കാലത്തുവന്ന മണ്ണിന്റെ മക്കൾ വാദം അടക്കം ഇല്ലതാവും. കഴിഞ്ഞ വർഷം, തമിഴ് ചിത്രങ്ങളിൽ ഇനി തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സിയുടെ) പുതിയ നിബന്ധന വന്നിരുന്നു. ഇതോടെ തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാള സിനിമാ ഇൻഡസ്ട്രി തയാറാകണമെന്ന് സംവിധായകകൻ വിനയൻ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ്‌നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകുമെന്നും വിനയൻ ഓർമപ്പെടുത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് ഫെഫ്സിയുടെ ഈ തീരുമാനം നടപ്പായിട്ടില്ല.

സിനിമകൾ മലയാളം- തമിഴ് ഭേദമില്ലാതെ റിലീസ് ചെയ്യാൻ കഴിഞ്ഞാൽ ഈ വേർതിരിവ് ഇല്ലാതാവും. മാത്രമല്ല മലയാള സിനിമാ ഇൻഡസ്ട്രിയെ സംബന്ധിച്ച് വല്ലാത്ത ഒരു സുവർണ്ണാവസരമാണ് തുറന്നുകട്ടിയിരിക്കുന്നത്. നമ്മുടെ നാലിരട്ടി വലിപ്പമുള്ള തമിഴകത്ത്, മലയാളം ലോ ബജറ്റ് ചിത്രങ്ങൾ വിജയിക്കുന്നതോടെ വലിയ ഒരു വിപണിയാണ് തുറന്ന് കിട്ടുന്നത്. നേരത്തെ താര ചിത്രങ്ങൾക്ക് മാത്രമാണ് തമിഴിൽ മാർക്കറ്റ് ഉണ്ടായിരുന്നത്. എന്നാൽ പ്രേമലുവും, മഞ്ഞുമ്മൽ ബോയ്സും, അത് ആർക്കും പ്രാപ്യമാവുന്ന രീതിയിൽ മാറ്റിയിരിക്കുന്നു.

മലയാള സിനിമയ്ക്കും ഇതുപോലെ കോളിടിച്ച കാലം വേറെ ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറേക്കാലമായി ഫ്ളോപ്പുകളുടെയും, കോടികളുടെ നഷ്ടത്തിന്റെയും കഥകൾ മാത്രമാണ് മല്ലുവുഡിന് പറയാനുണ്ടായിരുന്നത്. 200 ലേറെ പടങ്ങൾ ഇറങ്ങി വിരലിൽ എണ്ണാവുന്ന ഹിറ്റുകൾ മാത്രം സൃഷ്ടിച്ച വർഷമായിരുന്നു 2023. വെറും ഒരു ഡസൻ ചിത്രങ്ങളാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്. ഫിലിം ചേംബറിന്റെ കണക്കുപ്രകാരം 2023-ലെ മൊത്തം നഷ്ടം 700 കോടിയോളം വരുമെന്നാണ്!

എന്നാൽ 2024 മലയാള സിനിമയുടെ ഭാഗ്യവർഷമായി മാറുകയാണ്. ജനുവരിയിൽ ഇറങ്ങിയ ആട്ടം എന്ന കൊച്ചുചിത്രം തന്നെ പ്രേക്ഷകരെ തീയേറ്റിലേക്ക് ആകർഷിച്ചു. എന്നാൽ ഫെബ്രുവരി മാസത്തിൽ മൂന്ന് മെഗാ ഹിറ്റുകൾ ഉണ്ടായിരിക്കുന്നു. വെറും 17 ദിവസംകൊണ്ട് പ്രേമലുനേടിയത് 67 കോടിയാണ്. 11 ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി മമ്മുട്ടിയുടെ ഭ്രമയുഗം. വെറും നാലുദിവസം കൊണ്ട് 36 കോടി നേടി മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും ഞെട്ടിക്കയാണ്. കഴിഞ്ഞ ഫെബ്രുവരി 9 മുതൽ 25 വരെയുള്ള മൂന്ന് ആഴ്ച കൊണ്ട് 150 കോടിയുടെ ഗ്രോസാണ് മലയാള സിനിമയിൽ വന്നത്.

അടുത്തകാലത്തൊന്നും ഇതുപോലെ തീയേറ്ററുകൾ നിറഞ്ഞിട്ടില്ല. കോളടിച്ച ഫെബ്രുവരി മാസത്തെ ഫാബുലസ് ഫെബ്രുവരി എന്നാണ് ചലച്ചിത്രലോകം വിശേഷിപ്പിക്കുന്നത്. ഇപ്പോൾ തമിഴിലും മലയാളത്തിന്റെ തേരോട്ടം ശരിക്കും ഇൻഡസ്ട്രിക്ക് ഇരിട്ടി മധുരം ആവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP