Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവശേഷിച്ച തിയേറ്റർ ഉടമകൾ കൂടി ദിലീപിനൊപ്പം പോയപ്പോൾ ലിബർട്ടി ബഷീറിന് തിയേറ്ററുകൾ പൂട്ടുകയല്ലാതെ മറ്റൊരു വഴിയില്ലാതായി; തിയേറ്ററുകൾ പൂർണ്ണമായും സിനിമാക്കാരുടെ നിയന്ത്രണത്തിൽ; മലയാള സിനിമയെ പതിറ്റാണ്ടുകാലം ഭരിച്ച ലിബർട്ടി ബഷീറിന്റെ പതനം സുഹൃത്തുക്കൾ പോലും ആലോചിക്കാത്ത വിധം ദയനീയമായി

അവശേഷിച്ച തിയേറ്റർ ഉടമകൾ കൂടി ദിലീപിനൊപ്പം പോയപ്പോൾ ലിബർട്ടി ബഷീറിന് തിയേറ്ററുകൾ പൂട്ടുകയല്ലാതെ മറ്റൊരു വഴിയില്ലാതായി; തിയേറ്ററുകൾ പൂർണ്ണമായും സിനിമാക്കാരുടെ നിയന്ത്രണത്തിൽ; മലയാള സിനിമയെ പതിറ്റാണ്ടുകാലം ഭരിച്ച ലിബർട്ടി ബഷീറിന്റെ പതനം സുഹൃത്തുക്കൾ പോലും ആലോചിക്കാത്ത വിധം ദയനീയമായി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലയാള സിനിമയിലെ അവസാന വാക്കായിരുന്നു 2016ൽ ലിബർട്ടി ബഷീർ. ഒരു പതിറ്റാണ്ടായി തിയേറ്ററുകളുടെ സംഘടനാ തലപ്പത്തിരുന്ന് കാര്യങ്ങളെല്ലാം ലിബർട്ടി ബഷീർ തീരുമാനിച്ചു. ആർക്കും ഒന്നും എതിരഭിപ്രയം പറയാനില്ലാത്ത അവസ്ഥ. എന്നാൽ കഴിഞ്ഞ ക്രിസ്മസ് കാലത്തെ അസമയത്തുള്ള സമര പ്രഖ്യാപനം ലിബർട്ടി ബഷീറിനെ ചതിച്ചു. സമർത്ഥമായ കരുനീക്കവുമായി ദിലീപെത്തിയപ്പോൾ തകർന്നടിഞ്ഞത് വന്മതിലായിരുന്നു. ഇന്ന് ലിബർട്ടി ബഷീർ സിനിമയിൽ ആരുമല്ല. ഇത് തുറന്നു പറയാൻ ലിബർട്ടി ബഷീറിനും മടിയില്ല. ഇതോടെ സിനിമാ മേഖലയുടെ നിയന്ത്രണം സിനിമാക്കാരുടെ കൈയിലേക്ക് എത്തുകയാണ്. സംവിധായകരും ടെക്‌നീഷ്യന്മാരും നടന്മാരുമാകും ഇനി ഇവിടുത്തെ രാജാക്കന്മാർ.

മലയാള സിനിമയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച വിനയനെ കെട്ടുകെട്ടിച്ച അതേ തന്ത്രമാണ് ലിബർട്ടി ബഷീറിനെതിരേയും നടപ്പാക്കിയത്. മാക്ടയുമായെത്തി സിനിമാ മേഖലയിൽ തൊഴിൽ സമരങ്ങളിലൂടെ വിനയൻ നിയന്ത്രണമേറ്റെടുത്തപ്പോൾ നടന്മാരുടേയും നിർമ്മാതാക്കളുടേയും പിന്തുണയോടെ ഫെഫ്കയുമായി ബി ഉണ്ണിക്കൃഷ്ണൻ സജീവമായി. ഇതോടെ മാക്ട അപ്രസക്തമായി. ലിബർട്ടി ബഷീറിന്റെ ഭീഷണിയടെ നേരിടാനെത്തിയത് ദിലീപും. സിനിമയിലെ പ്രാദേശിക വികാരവും ജാതിയും മതവുമെല്ലാം ലിബർട്ടി ബഷീറിനായി മാറ്റി വച്ച് സിനിമാക്കാർ ഒരുമിച്ചു. അങ്ങനെ ലിബർട്ടി ബഷീർ സിനിമ തന്നെ ഉപേക്ഷിക്കുകായണ്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലനിൽപ്പ് തന്നെ ഇല്ലാതവുകയാണ്. ഈ സംഘടന ഇനി മലയാള സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപീകരിച്ചതാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതിയ സംഘടന വന്നതാണ് ഇതിനെല്ലാം കാരണം. കേരളത്തിലെ എല്ല തിയറ്ററുടമകളും, തിയറ്ററുടമകളായ നിർമ്മാതാക്കളും ഈ സംഘടനയുടെ ഭാഗമാണ്. സിനിമാ സമരത്തിന് മുമ്പ് 350ലേറെ തിയറ്ററുകളും 150നടുത്ത് അംഗങ്ങളും ഉണ്ടായിരുന്ന സംഘടനയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ. ക്രിസ്മസ് റിലീസ് അനുവദിക്കാതെ തിയറ്റർ വിഹിതം 50-50 ആയി ഉയർത്തണമെന്ന ആവശ്യത്തിൽ സമരത്തിലെത്തിയതാണ് ഫെഡറേഷനെ തളർത്തിയത്. നിലവിൽ ആരും ലിബർട്ടി ബഷീറിനൊപ്പമില്ല. പുതിയ സിനിമ വേണേൽ ദിലീപിന്റെ ക്യാമ്പിൽ ചേരണം. അത് എല്ലാവരും ചെയ്തു. ദിലീപിന്റെ സംഘടനയുമായി കരാറിലൊപ്പിടാൻ ലിബർട്ടി ബഷീറിന്റെ അഭിമാനം അനുവദിച്ചില്ല. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് വിരമിക്കുകയാണ് ലിബർട്ടി ബഷീർ.

ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തീയേറ്റർ സമുച്ചയത്തിൽ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ലിബർട്ടി പാരഡൈസിൽ ഇപ്പോൾ പ്രദർശനമില്ല. ലിറ്റിൽ പാരഡൈസിലും ലിബർട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ ഒരുകാലത്ത് സി ക്ലാസ് തീയേറ്ററുകാർ പ്രദർശിപ്പിച്ചിരുന്നതരം സിനിമകളാണ്.സെമി-പോൺ വിഭാഗത്തിൽപ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകൾ. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാർക്കാം, സീക്രട്ട് ഗേൾസ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവൾ എന്നീ സിനിമകൾ. ലിബർട്ടി സ്യൂട്ട് എന്ന സ്‌ക്രീനിൽ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ്. റയീസ് വിടവാങ്ങിയാൽ ഇനി ഇവിടേയും പുതിയ സിനിമ കിട്ടില്ല. ഇങ്ങനെ എന്തിനാണ് തിയേറ്റർ നടത്തുന്നതെന്ന ചിന്തയാണ് ലിബർട്ടി ബഷീറിനുള്ളത്. അതുകൊണ്ട് തന്നെ സിനിമയിൽ നിന്ന് വിടവാങ്ങുകയാണ് ബഷീറെന്ന തലശ്ശേരിക്കാരൻ.

ക്രിസ്മസ് റിലീസ് വൈകിപ്പിച്ചതിലും, ന്യായമല്ലാത്ത ആവശ്യം ഉന്നയിച്ച് ചലച്ചിത്ര വ്യവസായത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിനാലും ലിബർട്ടി ബഷീർ ഉൾപ്പെടെ ഏഴ് ഫെഡറേഷൻ ഭാരവാഹികളുടെ 25 തിയറ്ററുകൾക്ക് സിനിമ നൽകേണ്ടെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ലിബർട്ടി ബഷീർ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ദിലീപും വിതരണക്കാരുടേയും നിർമ്മാതാക്കളുടേയും നിലപാടിനെ പിന്തുണയ്ക്കുകയാണ് സർക്കാരും ചെയ്തത്. തലശ്ശേരി കൂടാതെ മാവേലിക്കര, കഴക്കൂട്ടം, ഇടപ്പള്ളി, തൃപ്പൂണിത്തുറ, മഞ്ചേരി, ചാലക്കുടി, കാഞ്ഞാണി എന്നീ ഏഴ് സ്റ്റേഷനുകളിലെ തീയേറ്ററുകൾക്കാണ് പുതിയ സിനിമകൾ കിട്ടാത്ത അവസ്ഥയുണ്ടായത്. പ്രതിസന്ധി മൂർച്ഛിച്ചതോടെ ലിബർട്ടി ബഷീറിനെ കൈവിട്ട് മറ്റ് ആറു പേരും മറുകണ്ടം ചാടി. ഇതോടെ ലിബർട്ടി ബഷീർ എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ടു. ഇത്തരത്തിലൊന്ന് മലയാള സിനിമയിലെ ബഷീറിന്റെ ശത്രുക്കൾ പോലും പ്രതീക്ഷിച്ചില്ല.

സമരവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പുതിയ സംഘടനയിലെ ആളുകൾ തന്നോട് പ്രതികാരം തീർക്കുകയാണെന്ന് ലിബർട്ടി ബഷീർ പറയുന്നു. റിലീസുകൾ ഇല്ലാത്ത സാഹചര്യത്തിൽ തലശേരിയിലെ തിയറ്റർ കോംപ്ലക്‌സ് ഇടിച്ചുതകർത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണിയാനാണ് തീരുമാനമെന്നും ലിബർട്ടി ബഷീർ പറഞ്ഞു. 'പുതിയ സംഘടനയിലേക്ക് ചേർന്നാൽ മാത്രമേ സിനിമാ റിലീസുകൾ നൽകൂ എന്ന നിലപാടിലാണ് പുതിയ സംഘടനയിലെ നേതാക്കൾ. എന്നാൽ അതിന് ഞാൻ വഴങ്ങില്ല. എന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കും. പുതിയ സിനിമകൾ റിലീസ് ചെയ്യാത്തതുകൊണ്ട് നഷ്ടവും സംഭവിച്ചിട്ടില്ല. ബഷീർ പറഞ്ഞു.

സമരം മൂലം ഒരു മാസത്തോളം വൈകിയ ക്രിസ്മസ് റിലീസ് സിനിമകൾ എല്ലാം തന്നെ തിയറ്ററുകളിൽ റിലീസിനെത്തി. ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഫുക്രി, എസ്ര എന്നീ മലയാള ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഇതിൽ ഒരു ചിത്രം പോലും ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിൽ റിലീസ് അനുവദിച്ചിരുന്നില്ല. 'അൻപത് ജോലിക്കാരുണ്ട്. തിയറ്റർ പൂട്ടികഴിഞ്ഞാൽ അവർ പട്ടിണിയാകും. അവരുെട ജീവിതവരുമാനം തിയറ്ററിൽ നിന്നുമാത്രമാണ് അതുകൊണ്ടാണ് രണ്ടാം കിട സിനിമകൾ തന്റെ തിയേറ്ററിൽ റിലീസ് ചെയ്യാൻ നിർബന്ധിതനായത്.'ലിബർട്ടി ബഷീർ വിശദീകരിക്കുന്നു.

ഈ മാസത്തിൽ മാത്രം നാല് തവണ പാർട്ടി സെക്രട്ടറിയെ കണ്ട് പ്രശ്നത്തിലിടപെട്ടണമെന്നാവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയേയും പലതവണ നേരിൽ കണ്ടു, ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു. എല്ലാം ശരിയാക്കാം വിളിച്ചു പറയാം എന്നെല്ലാം അവർ ഉറപ്പു തന്നതാണ്. ഒന്നും നടന്നില്ല, ഒരു പക്ഷേ അവർ വിളിച്ചു പറഞ്ഞിട്ടുണ്ടാവും എന്നാൽ കേൾക്കേണ്ടവർ കേട്ടു കാണില്ല. എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല കേരളത്തിലെ 350-ഓളം തീയേറ്റർ ഉടമകൾക്ക് വേണ്ടിയാണ് താൻ സമരത്തിന് ഇറങ്ങിയത്. എന്നാൽ ദീലിപ് എന്ന താരം വന്നതോടെ കൂടെ നിന്നവരെല്ലാം അയാൾക്ക് പിറകേ പോയി. എന്റെ തീയേറ്ററുകൾ അടച്ചു പൂട്ടാൻ ദിലീപിനായി. എന്നാൽ എന്നെ തകർക്കാൻ ആവില്ല. ദൈവം സഹായിച്ച് തീയേറ്ററുകൾ ഇല്ലെങ്കിലും ജീവിക്കാനുള്ളത് എനിക്കുണ്ട്-ലിബർട്ടി ബഷീർ പറയുന്നു.

നേരത്തെ നിർമ്മാണരംഗത്ത് സജീവമായിരുന്ന ലിബർട്ടി ബഷീർ ഇപ്പോൾ വർഷങ്ങളായി ചിത്രങ്ങളൊന്നും നിർമ്മിക്കുന്നില്ല. തീയേറ്ററുകൾ കൂടി അടച്ചു പൂട്ടുന്നതോടെ സിനിമ മേഖലയിൽ നിന്ന് താൻ പൂർണമായും വിരമിക്കുകയാണെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. കൽപ്പറ്റ ജൈത്ര തീയേറ്ററിലും സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട് അവർ അടച്ചു പൂട്ടുമോ എന്നറിയില്ല. എന്തായാലും തനിക്ക് മുൻപിൽ മറ്റു വഴികളില്ല. ആരുടെയെങ്കിലും കാല് പിടിച്ച് തീയേറ്ററിൽ സിനിമ ഓടിക്കേണ്ട ഗതിക്കേട് എനിക്കില്ല, അതുകൊണ്ട് തീയേറ്ററുകൾ അടച്ചു പൂട്ടുന്നു നിലപാട് വ്യക്തമാക്കി കൊണ്ട് ലിബർട്ടി ബഷീർ പറഞ്ഞു.

തിയറ്ററുകളിൽ നിന്ന് ഉടമകൾക്കു ലഭിക്കുന്ന വരുമാന വിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഫെഡറേഷൻ നേതൃത്വം നിർമ്മാതാക്കളും വിതരണക്കാരുമായി ഇടഞ്ഞതോടെ ആഴ്ചകളോളം മലയാള സിനിമാ ലോകം സ്തംഭിച്ചിരുന്നു. തിയറ്റർ വിഹിതം നിലവിലെ 40-60 എന്ന ശതമാനക്കണക്കിൽ നിന്ന് 50-50 ശതമാനത്തിലേക്ക് മാറ്റണമെന്നായിരുന്നു എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. നേതൃത്വത്തിനെതിരെ എതിർപ്പുയർന്നതോടെ ഫെഡറേഷൻ പിളർന്നു. ഫെഡറേഷൻ വിട്ടുവന്നവരും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ അംഗങ്ങളും മൾട്ടിപ്ലെക്‌സ് ഉടമകളുമെല്ലാം ഉൾപ്പെട്ട സംഘടനയുടെ താൽക്കാലിക ചെയർമാനായി നടൻ ദിലീപിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിരഞ്ഞെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP