Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സെൻസർ ബോർഡിനെയും ഞെട്ടിച്ച കബാലി; റിലീസ് ദിവസം ഓഫീസുകൾക്ക് അവധി നൽകിയ കബാലി; വിമാനങ്ങളും നിരത്തിലെ വാഹനങ്ങളും സ്വന്തം പേരിലാക്കിയ കബാലി: റിലീസിനു മുമ്പേ 200 കോടി കൊയ്ത കബാലി: നാലുനാൾ കഴിയുമ്പോൾ പ്രേക്ഷകരിലെത്തുന്ന രജനി ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം

സെൻസർ ബോർഡിനെയും ഞെട്ടിച്ച കബാലി; റിലീസ് ദിവസം ഓഫീസുകൾക്ക് അവധി നൽകിയ കബാലി; വിമാനങ്ങളും നിരത്തിലെ വാഹനങ്ങളും സ്വന്തം പേരിലാക്കിയ കബാലി: റിലീസിനു മുമ്പേ 200 കോടി കൊയ്ത കബാലി: നാലുനാൾ കഴിയുമ്പോൾ പ്രേക്ഷകരിലെത്തുന്ന രജനി ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം

ചെന്നൈ: തൃശൂർ പൂരത്തെയും വെല്ലുന്ന ആഘോഷപ്പെരുമയ്ക്കായി ആരാധകരുടെ കാത്തിരിപ്പ് ഇനി നാലുനാൾ കൂടി. ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന് ലോകം മുഴുവൻ അംഗീകരിച്ച രജനീകാന്തിന്റെ കബാലി 22ന് തിയറ്റുകളിലെത്തുകയാണ്.

ഒട്ടേറെ പ്രത്യേകതകളാണ് രജനിയുടെ ഏറ്റവും പുതിയ സിനിമയ്ക്കുള്ളത്. നിരവധി റെക്കോർഡുകളും ഇതിനകം ഈ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗോസിപ്പുകളും പ്രചരിച്ചു.

എന്തായാലും ഇന്ത്യൻ സിനിമാചരിത്രത്തിൽ ഇന്നുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രചാരണമാണു രജനിയുടെ കബാലിക്കു ലഭിച്ചത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള രജനി ആരാധകർ കബാലിക്കായി കാത്തിരിക്കുകയാണ്.

തമിഴ്‌നാട്ടിൽനിന്നു മലേഷ്യയിലേക്കു കുടിയേറിയ കബാലീശ്വരൻ എന്ന അധോലോക നായകനായിട്ടാവും ചിത്രത്തിൽ രജനികാന്ത് അവതരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ടീസറിലൂടെ രജനിയുടെ ഡയലോഗ് ഇതിനകം രണ്ടര കോടിയിലധികം തവണ ആരാധകർ കണ്ടു കഴിഞ്ഞു.

പാ. രഞ്ജിത് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന കബാലിയിൽ രാധികാ ആപ്‌തെ, ധൻസിക, ഋത്വിക, ദിനേശ് രവി, കിഷോർ, ജോൺ വിജയ്, കലൈയരസൻ തുടങ്ങിയവർക്കൊപ്പം പ്രശസ്ത തയ്വാൻ താരം വിൻസന്റ് ച്വായുമുണ്ട്. 152 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റു ലഭിച്ചു.

സൂപ്പർ ഹിറ്റായി കബാലി എഡിഷൻ കാറുകൾ

ചിത്രത്തിന്റെ റിലീസ് തീയതി അടുത്തതോടെ തമിഴ്‌നാട്ടിൽ ട്രെൻഡാകുന്നതു കബാലി എഡിഷൻ കാറുകളാണ്. രജനിയുടെ കഥാപാത്രത്തിന്റെ ചിത്രം പതിച്ച നിരവധി കാറുകളാണ് തലങ്ങും വിലങ്ങും പായുന്നത്. രണ്ടു വർഷത്തിനു ശേഷം പുറത്തിറങ്ങുന്ന രജനി ചിത്രമാണു കബാലി. അതിനാൽ തന്നെ കബാലിക്കും സ്‌റ്റൈൽ മന്നനുമുള്ള ആദര സൂചകമായി സുസുക്കി സ്വിഫ്റ്റിന്റെ കബാലി എഡിഷൻവരെ പുറത്തിറക്കി.

ചെന്നൈയിലെ മാരുതി സുസുക്കി ഡീലർഷിപ്പാണു രജനീകാന്തിന്റെ കബാലി ലുക്ക് ചിത്രങ്ങളുമായി സ്വിഫ്റ്റ് പുറത്തിറക്കിയത്. ബോണറ്റിലും റൂഫിലും എന്നു വേണ്ട പുറകിലും, വശങ്ങളിലുെമല്ലാം സ്‌റ്റൈൽമന്നന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പതിച്ചാണു കബാലി എഡിഷൻ സ്വിഫ്റ്റ് എത്തുന്നത്.

എയർ ഏഷ്യയുടെ സ്‌പെഷ്യൽ വിമാനം

നേരത്തെ സിനിമയുടെ ഔദ്യോഗിക എയർലൈൻ പാർട്‌നർ ആയ എയർ ഏഷ്യ കബാലി സ്‌പെഷൽ വിമാനം പുറത്തിറക്കിയിരുന്നു. രജനിയുടെ കിടിലൻ പോസ്റ്ററുകൾ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സൂപ്പർസ്റ്റാർ രജനി എന്നും എഴുതിയിട്ടുണ്ട്. കൂടാതെ ആഭ്യന്തര സർവീസുകളിൽ 786 രൂപയിൽ ആരംഭിക്കുന്ന പ്രത്യേക ഓഫറും എയർ ഏഷ്യ പ്രഖ്യാപിച്ചിരുന്നു. കബാലിയുടെ പ്രൊമോഷനായി സംഘടിപ്പിക്കുന്ന ' ഫ്‌ളൈ ലൈക്ക് എ സൂപ്പർ സ്റ്റാർ' എന്ന ഓഫർ പ്രകാരം ബംഗളൂരു, ഡൽഹി, ഗോവ, പൂണെ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളിലാണു സർവീസ് നടത്തുന്നത്.

രജനീമുഖമുള്ള വെള്ളിനാണയങ്ങൾ

'കബാലി'യുടെ പ്രചാരണാർഥം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രജനിയുടെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങളും പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ റിലീസ് ദിവസം മുതലാണ് നാണയങ്ങളുടെ വിതരണം. മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3800 ശാഖകളിലൂടെയാണു നാണയങ്ങൾ വിപണിയിലെത്തിക്കുക.

ഡൗൺലോഡിങ്ങിനു കർശന വിലക്ക്

'കബാലി' ഡൗൺലോഡ് ചെയ്യുന്നതിൽനിന്ന് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർമാർക്ക് കോടതിയുടെ വിലക്കും ഇതിനിടെ പുറത്തുവന്നു. സിനിമയുടെ നിർമ്മാതാവ് എസ്. താനു നൽകിയ ഹരജി പരിഗണിച്ചാണ് ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് എൻ. കിരുഭാസ്‌കരന്റെ താൽക്കാലിക ഉത്തരവ്. നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യുന്നതിൽനിന്ന് 180 വെബ്‌സൈറ്റുകളെയും അറിയപ്പെടാത്ത മറ്റു സൈറ്റുകളെയും വിലക്കിയിട്ടുണ്ട്. ഡൗൺലോഡ് തടയാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ എല്ലാ പ്രൊവൈഡർമാർക്കും കർശന നിർദ്ദേശം നൽകണമെന്ന ഉത്തരവുണ്ടാകണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നു.

റിലീസിനു മുമ്പേ നേടിയത് 220 കോടി

ബോക്‌സോഫിസ് ഹിറ്റ് പട്ടികയിൽ ചിത്രം 500 കോടി രൂപ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാവ്. അടുത്തിടെയിറങ്ങി കലക്ഷൻ റെക്കോർഡ് സൃഷ്ടിച്ച ബ്രഹ്മാണ്ഡചിത്രം 'ബാഹുബലി'യുടെ ബോക്‌സോഫിസ് ജയം മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അറുന്നൂറു കോടി രൂപയാണ് ബോക്‌സോഫിസിൽ 'ബാഹുബലി' നേടിയത്.

റിലീംസിംഗിനു മുൻപേ കോടികൾ കൊയ്ത് റെക്കോർഡ് തീർക്കുകയും ചെയ്തു ഈ രജനീകാന്ത് ചിത്രം. റിലീസിംഗിനു മുൻപേ ചിത്രം നേടിയത് 220 കോടി രൂപയാണ്. ഒരു മാസം കൊണ്ട് കബാലിയുടെ ടീസർ രണ്ടു കോടി രൂപ നേടി റെക്കോർഡ് നേടിയതിന്റെ പിന്നാലെയാണ് ഇത്തരമൊരു കളക്ഷനും. തീയറ്റർ, പ്രമോഷൻ ഗാനങ്ങൾ, എന്നിവയ്ക്കുള്ള അവകാശം വിറ്റതിലൂടെയാണ് ചിത്രം 220 കോടി രൂപ നേടിയത്. രജനീകാന്തിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ലിംഗ സാറ്റലൈറ്റ് തുകയിലൂടെയും വിതരണാവകാശത്തിലൂടെയും നേടിയത് 150 കോടിയായിരുന്നു. ഈ റെക്കോർഡ് മറികടന്നു കൊണ്ടാണ് കബാലിയുടെ ഈ പുതിയ റെക്കോർഡ്.

ആദ്യ പ്രദർശനം അമേരിക്കയിൽ

ജനിയുടെ കബാലി വെള്ളിത്തിരയിൽ ആദ്യം എത്തുക അമേരിക്കയിലെ രജനി ആരാധാകർക്കു മുന്നിലാകും. ജൂലൈ 21 ന് രാവിലെ 11 ന് യുഎസിലാകും ചിത്രത്തിന്റെ ആദ്യ റിലീസ്. ഇന്ത്യയിൽ ചിത്രം ജൂലൈ 22 ന് റിലീസ് ചെയ്യുന്നതിനും മണിക്കൂറുകൾ മുമ്പാണിത്. യുഎസിൽ 400 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. തമിഴിനൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും യുഎസിൽ ആരാധകർ ആവശ്യമുന്നയിച്ചിട്ടുണ്ട്. കബാലിയുടെ ടിക്കറ്റുകൾ യു.എസിൽ വിറ്റു തീർന്നത് വെറും രണ്ട് മണിക്കൂർ കൊണ്ടാണെന്നും റിപ്പോർട്ടുകൾ വന്നു.

അയർലൻഡിൽ 11 സ്‌ക്രീനുകളിലാണ് 'കബാലി' പ്രദർശിപ്പിക്കുക. ചൈനീസ്, തായ്, ജാപ്പനീസ്, ഇന്തോനീഷ്യൻ ഭാഷകളിൽ കബാലിയുടെ മൊഴിമാറ്റപ്പതിപ്പ് സെപ്റ്റംബറിൽ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ജീവനക്കാർക്കായി സിനിമാഹാളുകൾ മൊത്തമായി ബുക്ക് ചെയ്തു കമ്പനികൾ

ചെന്നൈയിലെ മൾട്ടിനാഷനൽ കമ്പനികളും സ്റ്റാർട്ടപ്പുകളും ജീവനക്കാർക്ക് കബാലിയുടെ ആദ്യ പ്രദർശനം സമ്മാനിക്കാൻ സിനിമാ ഹാളുകൾ മൊത്തമായി ബുക്കു ചെയ്തുകഴിഞ്ഞു. രജനിചിത്രം ആദ്യം കാണണമെന്ന ആഗ്രഹവുമായി ആരാധകർ ആശകൂട്ടുമ്പോൾ 22 ന് ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുന്ന 4000 കേന്ദ്രങ്ങളിലും ഹൗസ്ഫുൾ ബോർഡ് നിറയ്ക്കുമെന്നത് ഉറപ്പാണ്.

കേരളത്തിൽ വിതരണം ചെയ്യുന്നതു മോഹൻലാൽ; റിലീസ് 250 സ്‌ക്രീനുകളിൽ

'കബാലി'യുടെ കേരളത്തിലെ പ്രദർശനാവകാശം മോഹൻലാൽ, കെ.മാധവൻ, കെ.സി.ബാബു, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബാണു നേടിയത്. എട്ടരക്കോടി രൂപയ്ക്കാണു വിതരണാവകാശം നേടിയതെന്നാണു വാർത്തകൾ. ദിവസേന ആറു പ്രദർശനങ്ങളെന്ന നിലയിൽ 250 റിലീസ് കേന്ദ്രങ്ങളിൽ 6000 പ്രദർശനങ്ങളാണ് മാക്‌സ് ലാബ് കബാലിക്കായി കേരളത്തിൽ ലക്ഷ്യമിടുന്നത്. 22 ന് രാവിലെ അഞ്ചു മണിക്കാവും കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ.

സെൻസർ ബോർഡിനെയും ഞെട്ടിച്ച കബാലി

'നെരുപ്പു ഡാ' എന്നാണത്രെ സെൻസർ ബോർഡ് കബാലി കണ്ടശേഷം ഒറ്റവാക്കിൽ പറഞ്ഞത്. സെൻസർ ബോർഡിന്റെ പ്രശംസപ്പെരുമഴ തന്നെയായിരുന്നു ചിത്രത്തിന്. ചിത്രം കണ്ട ബോർഡംഗങ്ങൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് ക്ലീൻ ചിറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ മാസ് സീനുകളിൽ പലതും രജനി ആരാധകരെ കോരിത്തരിപ്പിക്കുമെന്നും ആവേശത്തിലാഴ്‌ത്തുമെന്നും ബോർഡംഗങ്ങൾ പറയുന്നു. ആക്ഷൻ സിനിമയെക്കാൾ ഉപരി ഒരു ഇമോഷനൽ സിനിമയായിരിക്കും കബാലി എന്നാണ് അവർ പറയുന്നത്. ചിത്രം റിലീസാവുന്നതോടെ സംവിധായകൻ പാ. രഞ്ജിത് കോളിവുഡിലെ ഏറ്റവും വിലയേറിയ സംവിധായകനാകുമെന്നും ചിലർ പറയുന്നു.

സംവിധായകൻ രഞ്ജിത്തിനെ അഭിനന്ദിച്ചു രജനി

ബാലിയുടെ പ്രദർശനം കണ്ടശേഷം സംവിധായകൻ പാ. രഞ്ജിത്തിനെ നിറകണ്ണുകളോടെയാണു സൂപ്പർതാരം അഭിനന്ദിച്ചത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'രഞ്ജിത് സാർ, ഇത് രജനി പടം അല്ല, ഇതു കംപ്ലീറ്റ് രഞ്ജിത് പടം. എന്നാൽ സെമ്മാ സൂപ്പർ പടം. എല്ലാർക്കും റൊമ്പ പുടിക്കും.' രജനി ചിത്രമല്ല, ഇതൊരു രഞ്ജിത് സിനിമയാണെന്നാണ് രജനികാന്ത് പറഞ്ഞത്. ആരാധകർക്ക് നന്നായി രസിക്കും ചിത്രമെന്ന ആത്മവിശ്വാസവും രജനികാന്ത് പങ്കുവച്ചതായാണു സംവിധായകൻ പറഞ്ഞത്. നിർമ്മാതാവ് കലൈപുളി എസ് താണുവിനോടും സൂപ്പർ താരം ഈ അഭിപ്രായം പങ്കുവച്ചിരുന്നു.

സിനിമ കാണാൻ അവധി പ്രഖ്യാപിച്ചു ഓൺലൈൻ ഷോപ്പിങ് സൈറ്റ്

'കബാലി'യുടെ റിലീസ് ദിനം ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫൈൻഡ്അസ് രജനീകാന്തിനോടുള്ള തങ്ങളുടെ ഇഷ്ടം പ്രകടിപ്പിച്ചു. റിലീസ് ദിനമായ ജൂലൈ 22 ന് ഭൂരിഭാഗം ജീവനക്കാരും അവധി അപേക്ഷ നൽകിയിട്ടുണ്ട്. എച്ച് ആർ വിഭാഗത്തിൽ ലഭിച്ച അവധി അപേക്ഷ കണക്കിലെടുത്താണ് അന്നേ ദിവസം 'ഹോളിഡേ' ആയി പ്രഖ്യാപിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.

മാത്രമല്ല ആദ്യ ദിനം സിനിമ കാണാൻ പോകുന്ന ജീവനക്കാർക്ക് സൗജന്യ ടിക്കറ്റും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫൈൻഡ്അസ് പുറത്തിറക്കിയ നോട്ടീസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കബാലിയുടെ റിലീസിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങൾ ഫൈൻഡ്അസ് തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ഒരുക്കിയിട്ടുണ്ട്.

റിലീസ് ദിവസമായ ജൂലൈ 22 പ്രവർത്തി ദിനമായതിനാൽ അവധിയെടുക്കാനുള്ള തത്രപ്പാടിലാണ് ജോലിയുള്ളവർ. അവധിക്കായി ജീവനക്കാർ നിരത്തുന്ന രസകരമായ കാരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ചർച്ചാ വിഷയമായിരുന്നു. ഹൊറർ ചിത്രമായ കോൺജുറിങ് 2 ലെ വില്ലത്തി അമ്മൂമ്മ മരിക്കുമെന്നും അതിനാൽ ലീവ് നൽകണം എന്ന തരത്തിലുള്ളതാണ് ലീവ് അപേക്ഷകൾ. അന്നേ ദിവസം തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരും കുറവല്ല.

ആദ്യ മൂന്നു ദിവസത്തെ ഷോയ്ക്ക് ഇനി ടിക്കറ്റില്ല

ബാലി കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാത്ത ആരാധകർ ഇനി ആദ്യ മൂന്നു നാലു ദിവസങ്ങളിലേക്കു തിയറ്ററിന്റെ പരിസരത്തേക്കു ചെല്ലേണ്ടതില്ല. കേരളത്തിലും കർണാടകത്തിലും അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കകം മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. കേരളത്തിൽ കൊച്ചിയിലും കർണാടകയിൽ ബംഗളൂരുവിലും ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബംഗളൂരുവിൽ റെക്സ് തീയേറ്റർ, ഉർവശി ഡിജിറ്റൽ 4കെ സിനിമ എന്നിവിടങ്ങളിലാണ് ആദ്യ മൂന്ന് ദിവസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. 400, 450, 500 നിരക്കിലാണ് റിലീസ് ദിനത്തിലെ ടിക്കറ്റുകൾ. ആദ്യദിനത്തിലെ പല പ്രദർശനങ്ങളും അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഹൗസ്ഫുൾ ആയി.

അഞ്ച് മൾട്ടിപ്ലെക്സുകളുള്ള കൊച്ചിയിൽ ക്യു സിനിമയിലും പാൻ സിനിമയിലുമാണ് ബുക്ക് മൈ ഷോയുടെ പേജ് പ്രകാരം കബാലി ബുക്കിങ് ആരംഭിച്ചത്. റിലീസ് ദിനത്തിൽ ക്യൂ സിനിമയിൽ 12 പ്രദർശനങ്ങളും പാനിൽ ഏഴ് പ്രദർശനങ്ങളുമുണ്ട് കബാലിക്ക്. 150 മുതൽ 200 വരെയാണ് ചാർജ്. ക്യൂ സിനിമയിലെ ആദ്യ പ്രദർശനം 22ന് രാവിലെ ഏഴ് മണിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP