Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടിമാരുമായുള്ള ചർച്ച പോസീറ്റീവാണെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മോഹൻലാൽ; എല്ലാവരും തല്ലിപിരിയേണ്ട അവസ്ഥ എത്തിയാൽ രാജി വെയ്ക്കുന്ന കാര്യം പരിഗണിക്കും; ചർച്ചകൾ തുടരുകയാണെന്ന് പാർവതി; തർക്ക വിഷയങ്ങൾ ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനമെടുക്കാൻ സാധ്യത; നടിമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം

നടിമാരുമായുള്ള ചർച്ച പോസീറ്റീവാണെന്നും രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മോഹൻലാൽ; എല്ലാവരും തല്ലിപിരിയേണ്ട അവസ്ഥ എത്തിയാൽ രാജി വെയ്ക്കുന്ന കാര്യം പരിഗണിക്കും; ചർച്ചകൾ തുടരുകയാണെന്ന് പാർവതി; തർക്ക വിഷയങ്ങൾ ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനമെടുക്കാൻ സാധ്യത; നടിമാർ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗം

അർജുൻ സി വനജ്

കൊച്ചി: പാർവതിയും രേവതിയും പത്മപ്രിയയും ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാതെ താരസംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ പിരിഞ്ഞു. നടിമാരുമായുള്ള ചർച്ച പോസീറ്റീവാണെന്നും, രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് മോഹൻലാലും, ചർച്ചകൾ തുടരുകയാണെന്ന് പാർവതിയും മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ വീണ്ടും ജനറൽബോഡി വിളിച്ച് ചേർത്ത് വിഷയങ്ങൾ ചർച്ചചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. തർക്ക വിഷയങ്ങൾ ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനമെടുക്കാനുള്ള സാധ്യതയും എക്‌സിക്യുട്ടിവ് യോഗം പരിശോധിച്ചു. ഡബ്ലൂ.സി.സി അംഗങ്ങളെന്ന നിലയിലല്ല തങ്ങൾ എഎംഎംഎ യോഗത്തിൽ പങ്കെടുത്തതെന്നും നടിമാർ കൂട്ടിച്ചേർത്തു. നടിയെ ആക്രമിക്കപ്പെട്ട കേസിൽ കക്ഷി ചേരാൻ എ.എം.എം.എ എക്‌സിക്യുട്ടീവ് അംഗങ്ങളായ രചന നാരായണൻകുട്ടിയും, ഹണിറോസും നൽകിയ അപേക്ഷ പിൻവലിക്കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

എഎംഎംഎ യുടെ ആവശ്യപ്രകാരം അല്ല ഇത്തരത്തിൽ അപേക്ഷ നൽകിയതെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബൂ വിശദീകരിച്ചു. ആക്രമിക്കപ്പെട്ട നടിയോട് ചർച്ചചെയ്യാതെ അപേക്ഷ നൽകിയതാണ് തങ്ങളുടെ ഭാഗത്ത് സംഭവിച്ച വീഴ്ചയെന്നും, അവരെ സഹായിക്കാൻ സുഹൃത്തുക്കൾ എന്ന നിലയിലാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും രചന നാരായൺകുട്ടിയും പറഞ്ഞു. താൻ രാജി വെയ്ക്കാൻ സന്നദ്ധത അറിയിച്ചുവെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്നും, എല്ലാവരും തല്ലിപിരിയേണ്ട അവസ്ഥ എത്തിയാൽ രാജി വെയ്ക്കുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്നും മോഹൻലാൽ വ്യക്തമാക്കി. എല്ലാ അംഗങ്ങളുടേയും പിന്തുണയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. രാജിക്കത്ത് നൽകിയ നടിമാരുമായി ചർച്ച നടത്തുന്ന കാര്യത്തിലും, യോഗം തീരുമാനമെടുത്തില്ല. എ.എം.എം.എ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ സംതൃപ്തിയുണ്ടെന്നും, എല്ലാവരും തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറായെന്നും ജോയ് മാത്യു ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് മണിയോടെ ആരംഭിക്കുമെന്ന് നിശ്ചയിച്ച എക്‌സിക്യുട്ടീവ് യോഗം മൂന്നേ മുക്കാലോടെ ആരംഭിച്ചു. ഗണേശ് കുമാറും, ഉണ്ണി ശിവപാലും സ്ഥലത്തില്ലാത്തിനാൽ യോഗത്തിൽ പങ്കെടുത്തില്ല. നേരത്തെ ഹോട്ടലിൽ എത്തിയ പാർവതിയും രേവതിയും പത്മപ്രിയയും 4.15 ഓടെ എക്‌സിക്യുട്ടീവ് യോഗത്തിലേക്ക് പ്രവേശിച്ചു. 2 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം തീരുമാനമാകാതെ പുറത്തിറങ്ങിയ നടിമാർ, പ്രത്യേകം ചർച്ച നടത്തി. തുടർന്ന് എഴുതി തയ്യാറാക്കിയ കത്ത്, എക്‌സിക്യൂട്ടീവിന് വീണ്ടും നൽകി. ഈ സമയം, ഷമ്മി തിലകനും ജോയ് മാത്യുവും പ്രത്യേകം പ്രത്യേകം എഎംഎംഎ എക്‌സിക്യൂട്ടീവുമായി ചർച്ച നടത്തി. ഇതിന് ശേഷമായിരുന്നു ഭാരവാഹികൾ മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളെ കണ്ടതിന് ശേഷവും കത്ത് നൽകിയ നടിമാരുമായുള്ള ചർച്ച തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP