Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോയി നിങ്ങളുടെ നേതാക്കളുടെ പ്രസ്താവന വായിക്ക്; വാഹനങ്ങൾ തടയില്ലെന്ന് വെണ്ടയ്ക്ക വലുപ്പത്തിൽ പത്രത്തിലുണ്ട്; വണ്ടി തടഞ്ഞ് സവാരിക്കാരെ ഇറക്കിവിട്ടാൽ തൂക്കിയെടുത്ത് അകത്തിടും: സമരാനുകൂലികളെ വിരട്ടി തമ്പാനൂർ ഇൻസ്പക്ടർ; വിരട്ടൽ ഏറ്റതോടെ തടിതപ്പി സമരക്കാർ; നട്ടെല്ലു വളയ്ക്കാത്ത വി.സജികുമാർ ഇപ്പോൾ നാട്ടുകാരുടെ ഹീറോ; ഒപ്പം സോഷ്യൽ മീഡിയയിലും താരം

പോയി നിങ്ങളുടെ നേതാക്കളുടെ പ്രസ്താവന വായിക്ക്; വാഹനങ്ങൾ തടയില്ലെന്ന് വെണ്ടയ്ക്ക വലുപ്പത്തിൽ പത്രത്തിലുണ്ട്; വണ്ടി തടഞ്ഞ് സവാരിക്കാരെ ഇറക്കിവിട്ടാൽ തൂക്കിയെടുത്ത് അകത്തിടും: സമരാനുകൂലികളെ വിരട്ടി തമ്പാനൂർ ഇൻസ്പക്ടർ; വിരട്ടൽ ഏറ്റതോടെ തടിതപ്പി സമരക്കാർ; നട്ടെല്ലു വളയ്ക്കാത്ത വി.സജികുമാർ ഇപ്പോൾ നാട്ടുകാരുടെ ഹീറോ; ഒപ്പം സോഷ്യൽ മീഡിയയിലും താരം

ആർ പീയൂഷ്

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഏറ്റവും എളുപ്പം വിജയിപ്പിക്കാവുന്ന പരിപാടിയാണ് ഹർത്താൽ, അല്ലെങ്കിൽ പണിമുടക്ക്. സംഘടിതർ അസംഘടിതരെ ക്രൂശിക്കുന്ന പരിപാടിയായി ഇത് മാറിയിട്ട് നാളെത്രയായി. കഴിഞ്ഞ വർഷം 97 ഹർത്താൽ നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ളതുകൊണ്ടാണ് പൊതജനം പുറത്തിറങ്ങാത്തത്. ധൈര്യപൂർവം ഇറങ്ങുന്ന എല്ലാവർക്കും സംരക്ഷണം നൽകാൻ പൊലീസിന് കഴിയുന്നുമില്ല. എന്നാൽ, മനസ്സുവച്ചാൽ, പൊലീസിന് ഹീറോ ആകാമെന്നാണ് തമ്പാനൂർ പൊലീസ് ഇൻസപക്ടർ ഇന്ന് തെളിയിച്ചത്.

പൊതുപണിമുടക്കിൽ രാവിലെ മുതൽ തന്നെ സമരാനുകൂലികൾ പണി തുടങ്ങി. വാഹനങ്ങൾ തടയുക, സവാരി നടത്തുന്നവരെ ഇറക്കി വിടുക. കടകൾ അടപ്പിക്കുക തുടങ്ങിയ കലാപരിപാടികൾ സമരാനുകൂലികൾ മുറ തെറ്റാതെ തുടർന്നപ്പോൾ ഇൻസ്പക്ടർ വി.സജികുമാറിന് കണ്ടുനിൽക്കാനായില്ല. തന്റെ കീഴിലുള്ള ഉദ്യോഗസഥർക്കൊപ്പം അദ്ദേഹം വാഹനം തടയുന്നവർക്ക് മുന്നറിയിപ്പുമായി ഇറങ്ങി. പൊതുപണിമുടക്കിൽ വാഹനങ്ങൾ തടയുകയോ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ ഇല്ലെന്ന് നേതാക്കളുടെ പ്രസ്താവന പത്രത്തിലുണ്ട്. പോയി വായിച്ചിട്ടുവരാനായിരുന്നു സമരാനുകൂലികളോട് അദ്ദേഹം ആവശ്യപ്പെട്ടത്. സർവ്വീസ് നടത്തുന്ന വാഹനങ്ങൾ തടഞ്ഞാൽ തൂക്കിയെടുത്ത് അകത്തിടുമെന്നായിരുന്നു വിരട്ടൽ. വിരട്ടൽ ഏറ്റതോടെ പ്രവർത്തകർ തടിതപ്പി.

സമരാനുകൂലികളെ വിരട്ടി ഓടിച്ച് താരമായിരിക്കുകയാണ് വി.സജികുമാർ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തമിഴ്‌നാട് സബ് ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി ബസ് ആക്രമിക്കാനെത്തിയ സമരാനുകൂലികളെ വിരട്ടുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. കേരളാ പൊലീസിന് ഇങ്ങനെ നട്ടെല്ലോടെ നിന്ന് നേരിടാനാകുമോ എന്ന ചോദ്യങ്ങളും വിമർശനങ്ങളും അതിനിടയിൽ ഉയർന്നിരുന്നു. എന്നാൽ ഇന്ന് തലസ്ഥാനത്ത് സമരാനുകൂലികളെ നേരിട്ട തമ്പാനൂർ ഇൻസ്പെക്ടർ ഈ വിമർശ്ശനങ്ങൾക്കും ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി.

യാത്രക്കാർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തടഞ്ഞിരുന്ന സമരാനുകൂലികൾ വിരട്ടൽ ഏറ്റതോടെ തടിതപ്പി. രാവിലെ മുതൽ റോഡിൽ ഓട്ടോറിക്ഷകളും ടാക്സി കാറുകളും സമരാനുകൂലികൾ തടയുന്നുണ്ടായിരുന്നു. യാത്രക്കാരെ ബലമായി പിടിച്ചിറക്കുകയും വാഹനം പോകാൻ അനുവദിക്കാതിരിക്കുകയുമായിരുന്നു. ഇവിടെയെല്ലാം പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് തമ്പാനൂർ ബസ് സ്റ്റേഷന് മുന്നിൽ വാഹനങ്ങൾ തടഞ്ഞത്. ഏതായാലും വീഡിയോ വൈറലായതോടെ, ഇൻസ്പക്ടർക്ക് മുന്നറിയിപ്പുമായി സോഷ്യൽ മീഡിയയിൽ പലരും കമന്റുകൾ പാസാക്കുന്നുണ്ട്. സസ്‌പെൻഷനോ, ട്രാൻസ്ഫറോ ഇൻസ്പക്ടറെ തേടിയെത്താമെന്നാണ് ഈ മുന്നറിയിപ്പ്. ഏതായാലും നാട്ടുകാർക്ക് സംരക്ഷണം നൽകുന്ന വി.സജികുമാറിന്റെ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇതുതാൻടാ പൊലീസ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP