Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

തന്റെ താമസസ്ഥലത്ത് പരിക്കെറ്റ് വീണ പക്ഷിയെ സ്നേഹത്തോടെ പരിചരിച്ച് ഒരു ഗറില്ല; വീട്ടമ്മയെ സഹായിക്കാൻ അലക്കാനിട്ട തുണി തിരുമ്മിക്കൊടുത്ത് കുരങ്ങ്; മൃഗങ്ങളിലെ മനുഷ്യത്വത്തിന്റെ സുന്ദരമായ രണ്ട് കാഴ്‌ച്ചകൾ

തന്റെ താമസസ്ഥലത്ത് പരിക്കെറ്റ് വീണ പക്ഷിയെ സ്നേഹത്തോടെ പരിചരിച്ച് ഒരു ഗറില്ല; വീട്ടമ്മയെ സഹായിക്കാൻ അലക്കാനിട്ട തുണി തിരുമ്മിക്കൊടുത്ത് കുരങ്ങ്; മൃഗങ്ങളിലെ മനുഷ്യത്വത്തിന്റെ സുന്ദരമായ രണ്ട് കാഴ്‌ച്ചകൾ

സ്വന്തം ലേഖകൻ

ണ്ണിൽ മനുഷ്യന് എന്നോ കൈമോശം വന്ന മനുഷ്യത്വത്തെ മൃഗങ്ങൾ നെഞ്ചിൽ ആവാഹിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന രണ്ട് വീഡിയോകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ആസ്ട്രേലിയയിലെ ന്യു സൗത്ത് വെയിൽസിലെ ഒരു മൃഗശാലയിൽ നിന്നുള്ളതാണ് ആദ്യത്തെ വീഡിയോ. ഇന്തോനേഷ്യയിലെ സൗത്ത് കലിനാന്റൻ പട്ടണത്തിൽ നിന്നുള്ളതാണ് രണ്ടാമത്തെ വീഡിയോ. സമൂഹത്തിൽ ഇന്ന് അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനുഷ്യത്വം എന്നതിനാലാകാം, ഈ വീഡിയോകൾ വൈറലാകുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ന്യുസൗത്ത് വെയിൽസിലെ മൃഗശാലയിൽ നവംബർ 17 ന് ചിത്രീകരിച്ച വീഡിയോയിലെ നായകൻ ഒരു ഗൊറില്ലയാണ്. രാക്ഷസാകാരം പൂണ്ട ഈ ഗൊറില്ലയുടെ പഞ്ഞിപോലെ മൃദുവായ മനസ്സിന്റെ കഥയാണ് ഈ വീഡിയോയിൽ ഉള്ളത്. തന്റെ വാസസ്ഥലത്തെത്തി ചിറകൊടിഞ്ഞുവീണ ഒരു കുഞ്ഞു പക്ഷിയെ സുരക്ഷിതമായി കൈയിലെടുത്ത് അതിനെ പറക്കാൻ സഹായിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്.

താഴെവീണ പക്ഷിക്ക് സമീപമെത്തി, അതിനെ തെല്ലും വേദനിപ്പിക്കാതെ കൈയിലെടുത്ത് മെല്ലേ അതിനെ പറക്കാൻ പ്രേരിപ്പിക്കുന്നു. പക്ഷെ ഒരു മിനിറ്റോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ പരാജയം സമ്മതിച്ച് ആ പക്ഷിയെ ഉപേക്ഷിച്ച് ഗൊറില്ല നടന്നു നീങ്ങുകയാണ്. ഒരുപക്ഷെ ആ ഗൊറില്ലക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ ജ്ഞാനമുണ്ടായിരുന്നെങ്കിൽ കാശുവാങ്ങാതെ ആ പക്ഷിയെ ചികിത്സിച്ച് ഭേദമാക്കുമായിരുന്നു എന്നാണ് ഒരാൾ അതിന് താഴെ കമന്റിട്ടിരിക്കുന്നത്.

ഇത്രയും വലിയൊരു മൃഗത്തിന് ഇത്ര മാർദ്ധവമായി പെരുമാറാൻ കഴിയും എന്നത് ആശ്ചര്യജനകമാണെന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി കുറിച്ചിരിക്കുന്നത്. ആപത്തിൽ പെട്ട ഒരു ജീവിയെ സഹായിക്കാൻ തന്നാലാകും വിധം ശ്രമിച്ച ഗൊറില്ല മനുഷ്യനെ മനുഷ്യത്വം പഠിപ്പിക്കുകയാണെന്നാണ് മറ്റൊരാൾ പറയുന്നത്. എന്നിട്ട് അതിൽ പരാജയപ്പെട്ടപ്പോൾ പോലും, ആ പക്ഷിക്ക് വേദന അനുഭവപ്പെടാതെ അതിനെ പതുക്കെ താഴെ വച്ച് നടന്നുനീങ്ങുന്ന ഗൊറില്ലയുടെ മനസ്സിൽ മുഴുവൻ ഇന്ന് മനുഷ്യന് നഷ്ടപ്പെട്ട മനുഷ്യത്വമാണെന്ന് മറ്റൊരാൾ കുറിക്കുന്നു.

ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോയിൽ ഒരു കാട്ടുകുരങ്ങാണ് നായകൻ. സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവുമൊക്ക് ഉച്ചത്തിൽ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിൽ വലിയ പോസ്റ്റുകളാക്കുകയും ഒക്കെ ചെയ്തിട്ട് ഭാര്യമാരെ വീടുപണിയിൽ സഹായിക്കാൻ പോലും മെനക്കെടാത്ത ചില ഭർത്താക്കന്മാർ കണ്ടു പഠിക്കേണ്ടതാണ് ഈ വീഡിയോ. സൗത്ത് കലിമാന്റൻ പട്ടണത്തിലെ തന്റെ വീടിന് പുറത്ത്, അലക്കിയെടുക്കേണ്ട വസ്ത്രങ്ങളെല്ലാം സോപ്പു വെള്ളത്തിൽ കുതിർത്ത് വച്ച് അകത്തേക്ക് പോയതാണ് ആയു സരസ്യാനി എന്ന വീട്ടമ്മ.

വീടു വൃത്തിയാക്കലും, പാചകവുമടക്കം എല്ല ജോലികളും ചെയ്തു തീർക്കേണ്ട വീട്ടമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ മനുഷ്യർക്കായില്ലെങ്കിലും, മനുഷ്യരുടെ പൂർവ്വികരെന്ന് പറയപ്പെടുന്ന കുരങ്ങന്മാർക്കാകും. അകത്തെ ജോലിയൊതുക്കി, വസ്ത്രം അലക്കാനെത്തിയ ആയു കണ്ടത്, നീണ്ടവാലുള്ള ഒരു കാട്ടുകുരങ്ങൻ താൻ കുതിർത്തുവച്ച വസ്ത്രങ്ങളെല്ലാം ഭംഗിയായി അലക്കുന്നതാണ്. ഇടയ്ക്ക് ചില വസ്ത്രങ്ങൾ നിലത്ത് വിരിച്ച് ഉരച്ച് കഴുകുന്നുമുണ്ട്.

വസ്ത്രങ്ങൾക്ക് നാശം സംഭവിക്കാതിരിക്കാൻ വളരെ മൃദുവായിട്ടാണ് ഈ കുരങ്ങൻ അതൊക്കെ അലക്കിയിരുന്നത്. തന്റെ ജോലി ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതെന്ന് ആ മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു. ഇത് കണ്ട ഉടനെ ആയു വീടിനകത്ത് കയറി, കുരങ്ങനറിയാതെ ആ സംഭവം മുഴുവൻ കാമറയിൽ പകർത്തുകയായിരുന്നു. അധികം ദൂരെയല്ലാതെയുള്ള വനത്തിൽ നിന്നും കൂട്ടം തെറ്റി എത്തിയതാകാം ഈ കുരങ്ങനെന്നാണ് ആയു പറയുന്നത്. ഏതായാലും ഈ അലക്കുകാരന്റെ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP