Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മലയാളത്തിൽ 4 കെ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ ആൽബവുമായി യുകെ മലയാളികൾ; സിനിമാഗാനങ്ങളെ വെല്ലുന്ന സൗന്ദര്യവുമായി ആദ്യ പ്രണയഗാനം പുറത്തിറങ്ങി

മലയാളത്തിൽ 4 കെ ക്യാമറയിൽ ചിത്രീകരിച്ച ആദ്യ ആൽബവുമായി യുകെ മലയാളികൾ; സിനിമാഗാനങ്ങളെ വെല്ലുന്ന സൗന്ദര്യവുമായി ആദ്യ പ്രണയഗാനം പുറത്തിറങ്ങി

യുകെയിലെ ഒരു പറ്റം കലാകാരൻ അണിയിച്ചൊരുക്കുന്ന, ഏറെ സവിശേഷതകൾ നിറഞ്ഞ 'മുകിലേ' എന്ന വീഡിയോ ആൽബം യുട്യുബിൽ ഇന്ന് റിലീസ് ചെയ്തു. മലയാള ആൽബ രംഗത്തെ ആദ്യ 4കെ ക്യാമറയിൽ ചിത്രീകരിച്ച് എഡിറ്റ് ചെയ്തതാണ് 'മുകിലേ' എന്ന ആൽബം. ഡിസംബർ മുതൽ ഓരോ മാസമായി ഓരോ ഗാനങ്ങൾ പുറത്തിറക്കി അപൂർവ്വമായ ഒരു റെക്കോഡിന് ഒരുങ്ങുകയാണ് ഇതിന്റെ പിന്നിലെ അണിയറ പ്രവർത്തകർ. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് മുകിലേയിലെ ഒരു പ്രണയഗാനം യുട്യൂബിൽ റിലീസ് ചെയ്തത്.   എഡ്ജ് ഓഫ് സാനിറ്റി എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ യുകെ മലയാളി ബിനോ അഗസ്റ്റിന്റെ നേതൃത്വത്തിൽ യുകെയിലെ ഒരുപറ്റം കലാകാരന്മാർ ചേർന്ന് രൂപകൽപന ചെയ്യുന്നതാണ് ഈ ആൽബം. സിനിമാ ഗാനത്തെ പോലും വെല്ലുന്ന തെളിമയും സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന മുകിലേ എന്ന പ്രണയഗാനമാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ പുറത്തിറങ്ങിയത്. ആശ്രയ പ്രൊഡക്ഷൻസാണ് 'മുകിലേ...' എന്ന ആൽബത്തിലൂടെ ഒരുപിടി മനോഹര പ്രണയഗാനങ്ങൾ സംഗീത പ്രേമികൾക്ക് മുന്നിൽ എത്തിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ നെഞ്ചോടുചേർത്ത 'ഓണത്തുമ്പി' എന്ന ആൽബത്തിന് ശേഷം ആശ്രയ പ്രൊഡക്ഷൻസ് പുറത്തിറക്കുന്നതാണ് 'മുകിലേ...' ആൽബം.   'മുകിലേ..' ആൽബത്തിലെ ഗാനങ്ങൾ ഘട്ടം ഘട്ടമായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ ഉദ്ദേശം. ഇന്ന് പുറത്തിറങ്ങുന്ന ആൽബത്തിലെ ആദ്യഗാനം പാടിയിരിക്കുന്നത് 'യുവ' എന്ന ആൽബത്തിലെ 'നെഞ്ചോടു ചേർത്ത്' എന്ന ഗാനത്തിലൂടെ പ്രശസ്തനായ ആലാപ് രാജു ആണ്. ആലാപ് രാജു നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. നവീനമായ ശൈലിയിൽ, ബ്ലാക്ക് മാജിക് പ്രൊഡക്ഷൻ 4കെ എന്ന ക്യാമറ ഉപയോഗിച്ച് പൂർണ്ണമായും 4കെയിൽ ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഒരു സിനിമയുടെ തന്നെ ദൃശ്യ നിലവാരമാണ് കാഴ്‌ച്ചവയ്ക്കുന്നത്.    ശുദ്ധസംഗീതത്തിനു പുതിയ മാനങ്ങൾ നൽകി നിരവധി ആൽബങ്ങളിലൂടെ ശ്രദ്ധേയനായ അഭി അബ്രഹമാണ് 'മുകിലേ...' എന്ന ആൽബത്തിലെ എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.  'ഓണത്തുമ്പി'യിലെ എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയതും'എഡ്ജ് ഓഫ് സാനിറ്റി ' എന്ന മലയാള സിനിമയുടെ പശ്ചാത്തല സംഗീതം നൽകിയതും അഭി എബ്രഹാം തന്നെയായിരുന്നു. സാഹിത്യവും ലാളിത്യവും ഭാവനയും സംഗമിച്ച 'ഓണത്തുമ്പി'യിലെ ഗാനങ്ങൾ രചിച്ച റിജു സുരേന്ദ്രനാണ് മുകിലേയിലെ ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ആൽബത്തിലൂടെ ഡെന്നിസ് ജോസഫ് എന്ന പുതുരചയിതാവിനെക്കൂടിയും ആശ്രയ പ്രൊഡക്ഷൻസ് പരിചയപ്പെടുത്തുന്നുണ്ട്.   പൂർണമായും യുകെയിൽ നിർമ്മിച്ച ''എഡ്ജ് ഓഫ് സാനിറ്റി' എന്ന കന്നി ചിത്രം കൊണ്ടുതന്നെ മലയാള സിനിമാലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച ബിനോ അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇതിലെ ആദ്യഗാനം ചിത്രീകരിക്കപ്പെട്ടത് യുകെയിലെ പ്രകൃതിരമണീയമായ പോർട്‌സ്മൗത്തിൽ ആണ്. അഭ്രപാളികളിലുള്ള പരിജ്ഞാനം കൊണ്ടും അവതരണ ഭംഗിയിലുള്ള സൂക്ഷ്മത കൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും തന്റെ കഴിവ് തെളിയിച്ച സംവിധായകനാണ് ബിനോ അഗസ്റ്റിൻ. സുധി വെള്ളിച്ചിറയാണ് ഈ വിഡിയോയുടെ സഹസംവിധായകൻ. കവയത്രി, അഭിനേത്രി, തിരക്കഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സിന്ധു എൽദോയുടെ ക്രിയാത്മകസംഭാവനകളും ആൽബത്തിന് മുതൽകൂട്ടാണ്.   'പറയാതെ പോകുന്നത് 'എന്ന യുകെമലയാളികളുടെ ഹ്രസ്വ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വെള്ളിത്തിരയിലെ ഒരു പുതിയ വാഗ്ദാനമായ ഷെമിൻ സണ്ണിയും അഭിനയമികവിന്റെ യുവത്വമായ ഷറഫുമാണ് ഈ സംഗീത ശില്പത്തിൽ തിളങ്ങുന്നത്.  വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജയ്‌സൺ ലോറൻസ്, മാർക്കിൻ എന്നിവരാണ്. അസോസിയേറ്റ് എഡിറ്റർ കെവിൻ ജോസ്. സോബി തോമസാണ് ചിത്രസംയോജനം ചെയ്തിരിക്കുന്നത്. എൽദോ തോമസാണ് നിർമ്മാണ നിർവഹണം വഹിച്ചത്. പ്രതിഭകളുടെ സംഗമം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും 'മുകിലേ...' പ്രേക്ഷകർക്ക് ഒരു ദൃശ്യസംഗീത വിരുന്നൊരുക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP