Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊന്മുടിക്ക് പോകുമ്പോൾ വഴിയിൽ കുളിക്കാൻ ഇറങ്ങിയാൽ ചിലപ്പോൾ ജീവൻ തിരിച്ചു കിട്ടാതെ വരും; നോക്കി നിൽക്കേ വെള്ളം പൊങ്ങുന്ന കല്ലാർ പ്രതിഭാസത്തിന്റെ വീഡിയോ വൈറൽ ആകുന്നു

പൊന്മുടിക്ക് പോകുമ്പോൾ വഴിയിൽ കുളിക്കാൻ ഇറങ്ങിയാൽ ചിലപ്പോൾ ജീവൻ തിരിച്ചു കിട്ടാതെ വരും; നോക്കി നിൽക്കേ വെള്ളം പൊങ്ങുന്ന കല്ലാർ പ്രതിഭാസത്തിന്റെ വീഡിയോ വൈറൽ ആകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് പൊന്മുടിയും അവിടേക്കുള്ള യാത്രയും. കേരളത്തിൽ നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് പേർ അങ്ങോട്ടേക്ക് യാത്ര ചെയ്യാറുണ്ട്. ഈ വേളയിൽ തെളിഞ്ഞു കിടക്കുന്ന കല്ലാർ ആരെയും ഒന്ന് മോഹിപ്പിക്കുക തന്നെ ചെയ്യും. വശ്യചാരുതയുള്ള കല്ലാറിൽ ഇറങ്ങി കുളിച്ച് യാത്ര തുടരുന്നവർ നിരവധിയാണ്. എന്നാൽ, ഇങ്ങനെ കല്ലാറിന്റെ വന്യത അറിയാതെ അവിടെ കുളിക്കാൻ ഇറങ്ങും മുമ്പ് പലരും ഒന്നു ശ്രദ്ധിക്കുക..! കല്ലാറിന്റെ ശാന്തത ഒളിപ്പിച്ചിരിക്കുന്നത് മരണത്തെയാണെന്ന്.

പൊന്മുടിയിലേക്കുള്ള വഴിയരികിൽ തന്നെയുള്ള കല്ലാറിൽ നിരവധി പേർ ഇറങ്ങാറുണ്ട്. എന്നാൽ ഏത് നിമിഷവും സംഹാര രുദ്രയായി രൂപം മാറും എന്നതാണ് കല്ലാറിന്റെ പ്രത്യേകത. തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും അതിവേഗം മലവെള്ളം പാഞ്ഞെത്തുന്ന പ്രതിഭാസമാണ് ഇവിടുത്തേത്. ഇങ്ങനെ കല്ലാറിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞവരും നിരവധിയാണ്. എന്നാൽ, ഇപ്പോഴും യാതൊരു മുന്നറിയിപ്പ് ബോർഡുകളും ഈ പ്രദേശത്തില്ല. എന്നാൽ പൊന്മുടിയിലേക്ക് പോകുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പായി മാറുകയാണ് യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോ.

എഴുത്തുകാരനും കല്ലാറിന് സമീപത്തെ താമസക്കാരനുമായ വി വിനയ് കുമാർ യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. ഒമ്പതു ലക്ഷത്തിലേറെ പേർ ഫേസ്‌ബുക്കിലൂടെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. കല്ലാറിൽ കുളിക്കാൻ ഇറങ്ങുന്നവർക്കുള്ള മുന്നറിയിപ്പെന്ന വിധത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 2015 ഏപ്രിൽ 17ന് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് കല്ലാറിന്റെ രൗദ്രത മുഴുവനും അടങ്ങിയിരിക്കുന്നത്. സുനാമിയെ പോലും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കല്ലാറിൽ വെള്ളം പൊങ്ങുന്നത്.

നേരിയ നീർച്ചാൽ മാത്രമുണ്ടായിരുന്ന കല്ലാറിൽ അതിവേഗം വെള്ളം പൊങ്ങുകയും വൻ നീരൊഴുക്ക് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. മഴയില്ലാത്ത തീർത്തും തെളിഞ്ഞ അന്തരീക്ഷത്തിലാണ് അതിവേഗം വെള്ളം പൊങ്ങുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ വെള്ളം പൊങ്ങുന്നതെന്ന് വിശദീകരിച്ചു കൊണ്ടും വീഡിയോയ്ക്ക് പിന്നിലെ കഥയെ കുറിച്ചും ഫേസ്‌ബുക്കിൽ വിനയ് കുമാർ നൽകുന്നുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

മലമുകളിലോ കാട്ടിനുള്ളിലോ മഴ പെയ്താലോ ചെറിയ ഉരുൾപൊട്ടലുകളുണ്ടായാലോ ആറിന്റെ സ്വഭാവമാകെ മാറും. സാധാരണയായി ക്രമേണയാണ് വെള്ളത്തിന്റെ അളവ് ഉയരുക. ഇത് നാട്ടുകാർക്ക് മുൻകൂട്ടി തിരിച്ചറിയാനാകും. എന്നാൽ ചിലപ്പോളത് ഒറ്റപ്പാച്ചിലുമാകും. സുനാമിയെന്നോ മിന്നൽ പ്രളയമെന്നോ വിശേഷിപ്പിക്കാവുന്ന വിധം പേടിപ്പെടുത്തുന്ന വരവാണത്. 2015 ഏപ്രിൽ 17 ന് സംഭവിച്ചത് അങ്ങനെയൊരു വരവായിരുന്നു.

ബോണക്കാടിനടുത്ത് ചെമ്മുഞ്ചി മലയിലെ പുൽമേടുകളിൽ നിന്ന് ഉദ്ഭവിക്കുന്ന മീന്മുട്ടി ആറാണ് കല്ലാറിന്റെ പ്രധാന സ്രോതസ്. കല്ലാർ പാലത്തിന് കുറച്ചു താഴെവച്ച് പൊന്മുടിയാറും ഗോൾഡൻവാലി ആറും മീന്മുട്ടിയാറുമായി ചേരുന്നതോടെയാണ് കല്ലാർ ആയി മാറുന്നത്. ഈ മൂന്നു കൈവഴികളുടെ ഉറവിടങ്ങളിൽ എവിടെ മഴ പെയ്താലും കല്ലാറിൽ വെള്ളമുയരാം. ഇത്തവണ ചെമ്മുഞ്ചി മലയിൽ ഉച്ചയ്ക്ക് രണ്ടരയോടെ പെയ്ത കനത്ത മഴയാണ് മീന്മുട്ടിയാറിലൂടെ പാഞ്ഞെത്തി വൈകിട്ട് അഞ്ചരയോടെ കല്ലാറിനെ നിറച്ചത്. കാട്ടിനുള്ളിലുണ്ടായിരുന്ന വനപാലകരും കാണിക്കാരും ഉടനെതന്നെ വിവരം നാട്ടുകാരിലെത്തിച്ചു. ആറ്റിൽ കുളിയും നനയ്ക്കലുമൊക്കെയായി നിന്നിരുന്ന നാട്ടുകാരും വിനോദസഞ്ചാരികളുമൊക്കെ കരയ്ക്കു കയറി.

1991 ഒക്ടോബർ 13 ന് ഇതുപോലൊരു വെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടത് തിരുവനന്തപുരം ഡെന്റൽ കോളേജിലെ എട്ട് വിദ്യാർത്ഥികൾ മരിച്ച വിവരവും വിനയ് കുമാർ ഓർമ്മപ്പെടുത്തുന്നു. എന്തായാലും വിയന് കുമാറിന്റെ ഈ വീഡിയോ ദൃശ്യം സഞ്ചാരികൾക്ക് നൽകുന്നൊരു മുന്നറിയിപ്പാണ്. അതിവേഗം വെള്ളം പൊങ്ങുന്ന പ്രതിഭാസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP