Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രലേഖയ്ക്കു പിന്നാലെ ജയലക്ഷ്മിയും യൂട്യൂബ് താരമായി; 'സത്യം ശിവം സുന്ദരം' പാടി ലത മങ്കേഷ്‌കറുടെയും മനംകവർന്ന ആറാം ക്ലാസുകാരി ദേശീയ മാദ്ധ്യമങ്ങളുടെയും പ്രിയതാരം

ചന്ദ്രലേഖയ്ക്കു പിന്നാലെ ജയലക്ഷ്മിയും യൂട്യൂബ് താരമായി; 'സത്യം ശിവം സുന്ദരം' പാടി ലത മങ്കേഷ്‌കറുടെയും മനംകവർന്ന ആറാം ക്ലാസുകാരി ദേശീയ മാദ്ധ്യമങ്ങളുടെയും പ്രിയതാരം

ചേർത്തല: വീടിനുള്ളിൽ ആലപിച്ച 'രാജഹംസമേ' എന്ന ഗാനം യൂട്യൂബിലൂടെ പ്രചരിച്ചപ്പോൾ മലയാളികളുടെ പ്രിയ ഗായികയായി മാറിയ ചന്ദ്രലേഖയെ ഓർമയില്ലേ. വീണ്ടുമിതാ യൂട്യൂബിലൂടെ ഒരു ഗാനം വൈറലായി മാറിയപ്പോൾ ദേശീയ മാദ്ധ്യമങ്ങളുടെയും പ്രശസ്ത ഗായിക ലത മങ്കേഷ്‌കറുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജയലക്ഷ്മിയെന്ന കൊച്ചുമിടുക്കി.

ചേർത്തല പള്ളിപ്പുറം ഗ്രാമത്തിലെ കളത്തുംവാതുക്കൽ വീട്ടിലെ പതിനൊന്നുവയസുകാരിയാണ് ജയലക്ഷ്മി. അമ്മയെ പാടിക്കേൾപ്പിച്ച 'സത്യം ശിവം സുന്ദരം' എന്ന ഹിന്ദി സിനിമാഗാനമാണ് യൂട്യൂബിൽ പ്രചരിച്ചത്. ജയലക്ഷ്മിയുടെ ആലാപന മാധുര്യം ദേശീയ മാദ്ധ്യമങ്ങളും ശ്രദ്ധിച്ചതോടെയാണ് ഗാനം സിനിമയിൽ പാടിയ ലത മങ്കേഷ്‌കറും അഭിനന്ദനവുമായി എത്തിയത്.

സീ ടിവി തയ്യാറാക്കിയ ഒരു മണിക്കൂർ നീണ്ട പ്രത്യേക പരിപാടിയിൽ ജയലക്ഷ്മി പങ്കെടുക്കുകയും ചെയ്തു. ഞായറാഴ്ചയാണ് ഡൽഹി സ്റ്റുഡിയോയിൽ നിന്നു സംപ്രേഷണം ചെയ്ത പരിപാടിയിൽ ജയലക്ഷ്മി പങ്കെടുത്തത്.

പള്ളിപ്പുറം 15-ാം വാർഡ് കളത്തുംവാതുക്കൽ വീട്ടിൽ വിമുക്തഭടൻ ജയകുമാറിന്റെയും പ്രീതയുടെയും മകളാണ് ആറാം ക്ലാസുകാരിയായ ജയലക്ഷ്മി. കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട് ഈ മിടുക്കി. വീട്ടിൽ അമ്മയെ കേൾപ്പിക്കാൻ പാട്ടുകൾ പാടാറുണ്ട്. അടുത്തിടെ ലതാ മങ്കേഷ്‌കറുടെ സൂപ്പർഹിറ്റ് ഗാനം ''സത്യം ശിവം സുന്ദരം...'' മകൾ പാടിയത് മൊബൈൽ ഫോണിൽ വീഡിയോ ആയി പ്രീത റെക്കോഡ് ചെയ്തു. ജയലക്ഷ്മിയുടെ ഗുരുക്കളിൽ ഒരാളായ പള്ളിപ്പുറം മനോജാണ് പാട്ട് യൂട്യൂബിലും വാട്ട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിപ്പിച്ചത്.

ഞൊടിയിടയിൽ അനേകം സംഗീതപ്രേമികൾ ആസ്വദിക്കുകയും ഇഷ്ടപ്പെട്ട് പ്രതികരിക്കുകയും ചെയ്തു. ഹിന്ദി ഗാനപ്രേമികളുടെ ഹൃദയം കവരുന്നതായി പാട്ട്. സത്യം ശിവം സുന്ദരം എന്ന സിനിമയിൽ ഈ പാട്ട് പാടിയ ലതാ മങ്കേഷ്‌കറും ജയലക്ഷ്മിയുടെ പാട്ട് കേട്ടു. അൽഭുതം ഈ കുഞ്ഞിന്റെ ശബ്ദസൗന്ദര്യം, ആലാപനം എന്നതായിരുന്നു അവരുടെ പ്രതികരണമെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലതാ മങ്കേഷ്‌കറും ജയലക്ഷ്മിയും ആലപിച്ചത് താരതമ്യം ചെയ്താണ് മാദ്ധ്യമങ്ങൾ പ്രതികരണം ഒരുക്കിയത്.

ജയലക്ഷ്മിയുടെ ആലാപനത്തെ ആസ്പദമാക്കി പ്രത്യേക പരിപാടിയുടെ ചിത്രീകരണത്തിനായി ഡൽഹിയിൽനിന്ന് സീ ടിവി സംഘം ശനിയാഴ്ച പള്ളിപ്പുറത്തെ വീട്ടിൽ എത്തിയിരുന്നു. ജയലക്ഷ്മിയുടെ നാലംഗ കുടുംബത്തെയും ഗുരു പള്ളിപ്പുറം മനോജിനെയും ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഞായറാഴ്ച തത്സമയ പരിപാടി സംപ്രേഷണം ചെയ്തത്.

കുട്ടിയെ കാണാൻ ലതാജി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും സീ ടിവി സംഘം അറിയിച്ചു. ശങ്കർ മഹാദേവൻ, അനുരാധ പഡ്വാൾ തുടങ്ങിയ ഗായകർ ഫോണിൽ വിളിച്ച് ജയലക്ഷ്മിയെ അഭിനന്ദിക്കുകയും ചെയ്തു.

ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജയലക്ഷ്മി. പള്ളിപ്പുറം സുനിലിന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം തുടങ്ങിയത്. കുരുന്നിലെ ഗാനമേളകളിൽ ഗായികയായി. സംഗീത ആൽബങ്ങൾക്കായും പാടിയിട്ടുണ്ട്. എ എം ആരിഫ് എംഎൽഎയുടെ അരൂരിന്റെ ഐശ്വര്യം വേദികളിൽ സ്ഥിരം പാട്ടുകാരിയാണ്. ഒരിക്കൽ വേദിയിലെ പാട്ടിൽ ആകൃഷ്ടനായി നടൻ സുരേഷ്‌ഗോപി 10,000 രൂപ വേദിയിൽ വച്ചുതന്നെ സമ്മാനിച്ചിരുന്നു. നടൻ കലാഭവൻ മണി സമ്മാനിച്ചത് തംബുരുവാണ്. സഹോദരൻ അനന്തകൃഷ്ണൻ തിരുനല്ലൂർ ഗവ. എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അനന്തകൃഷ്ണനും സംഗീതം പഠിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP