Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലണ്ടനിലെ മറുനാടൻ കുടുംബം നടത്തിയ ഏഴര മണിക്കൂർ നീണ്ട സുന്ദരമായ കലാവിരുന്ന് രണ്ടേമുക്കാൽ മിനിറ്റിൽ കാണണോ? ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ ദൃശ്യ വിസ്മയങ്ങൾ കാണാം

ലണ്ടനിലെ മറുനാടൻ കുടുംബം നടത്തിയ ഏഴര മണിക്കൂർ നീണ്ട സുന്ദരമായ കലാവിരുന്ന് രണ്ടേമുക്കാൽ മിനിറ്റിൽ കാണണോ? ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ ദൃശ്യ വിസ്മയങ്ങൾ കാണാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രണ്ടാഴ്ച മുൻപ് ആയിരത്തിലേറെ കാണികൾക്കു മുന്നിൽ ഇതൾ വിരിഞ്ഞ മനോഹര പുഷ്പ്പം അതിന്റെ സുഗന്ധം ഒട്ടും മായാതെ വീഡിയോകളായി വീണ്ടും എത്തുന്നു. ചരിത്ര വിസ്മയമായി മാറിയ കവൻട്രിയിലെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്ത വീഡിയോ പ്രോമോ ദൃശ്യങ്ങളാണ് ഇന്ന് ബിഎം ചാനൽ വഴി പുറത്തു വിടുന്നത്. മുൻ വർഷങ്ങളിലും വീഡിയോ ദൃശ്യ ചിത്രീകരണം നടക്കാറുണ്ടെങ്കിലും അത് കൃത്യ സമയത്തു വായനക്കാരിൽ എത്തിക്കാൻ കഴിയാതിരുന്ന കുറവ് കൂടിയാണ് ഇത്തവണ ഇല്ലാതാകുന്നത്.

ഇത്തവണ അവാർഡ് നൈറ്റിന് ചുമതല ഏറ്റെടുത്ത ടീമിന് അഭിമാനമായി മാറുകയാണ് ഈ പ്രോമോ ദൃശ്യങ്ങൾ. ഏഴു മണിക്കൂർ നീണ്ടു നിന്ന മനോഹര ദൃശ്യങ്ങൾ വെറും രണ്ടു മിനിറ്റിൽ കണ്ടുപോകുന്ന ഏതൊരാൾക്കും നേരിട്ടു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന മോഹഭംഗം ഉണ്ടാവുക സ്വാഭാവികം. കാരണം അത്രയ്ക്കു മികവും തികവുമാണ് ഈ ദൃശ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ട്രയൽ റൺ നടത്തിക്കൊണ്ടിരിക്കുന്ന ബിഎം ചാനൽ കൂടുതൽ ആളുകളിലേക്ക് എത്താൻ അവാർഡ് നൈറ്റ് ദൃശ്യങ്ങൾ സഹായകമാകും എന്ന വിലയിരുത്തലാണ് ചാനൽ പ്രൊമോഷൻ ഏറ്റെടുത്തിരിക്കുന്ന സോണി എം ചാക്കോ സൂചിപ്പിക്കുന്നത്. ബിഎം ചാനലിനെ കൂടുതൽ ജനകീയമാക്കാൻ മുഴുവൻ വായനക്കാരും സോഷ്യൽ മീഡിയ സഹായത്തോടെ ദൃശ്യങ്ങൾ മറ്റുള്ളവരിൽ എത്തിക്കാൻ സഹായിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വരുന്ന ഒരു മാസം കൊണ്ട് അവാർഡ് നൈറ്റിൽ അവതരിപ്പിക്കപ്പെട്ട മുഴുവൻ പരിപാടികളും വായനക്കാരുടെ വിരൽ തുമ്പിൽ എത്തിക്കാൻ ഉള്ള ശ്രമമാണ് ബിഎം ചാനൽ വഴി ഉദ്ദേശിക്കുന്നത്.

മലയാളത്തിലെ ഏതു മാധ്യമം നടത്തുന്ന അവാർഡ് നൈറ്റിനോടും കിട പിടയ്ക്കാൻ കഴിയും വിധം ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് വളർന്ന കാഴ്ചയാണ് കവൻട്രിയിൽ ദൃശ്യമായത്. ഒൻപതാം വർഷം എത്തിയപ്പോഴേക്കും സാങ്കേതിക വിദ്യയുടെ മികവിൽ പ്രൊഫഷണൽ താരങ്ങളെ ഉൾപ്പെടുത്തിയുള്ള അവാർഡ് നൈറ്റാണ് കവൻട്രിയിൽ സാധ്യമാക്കിയത്. വരും വർഷങ്ങളിലും ഇത്തരം സമീപനം തന്നെയാകും അവാർഡ് നൈറ്റിൽ ഉണ്ടാവുക എന്ന് ബ്രിട്ടീഷ് മലയാളി സൂചന നൽകുമ്പോൾ, ഈ കാഴ്ചകൾ എങ്ങനെ നഷ്ടപ്പെടുത്തും എന്ന ചിന്ത മാത്രമായിരിക്കും ഇപ്പോൾ വായനക്കാരിൽ ബാക്കിയാവുക.

പാട്ടും നൃത്തവും നിഴലും നിലാവും പോലെ കേളിയാടിയ അവാർഡ് നൈറ്റിൽ ഒന്നിനൊന്നു മത്സര ബുദ്ധിയാണ് ഓരോ പരിപാടിയിലും തെളിഞ്ഞു നിന്നത്. മലയാളിയുടെ ജീവിതവും സംസ്‌ക്കാരവും അതേവിധം നൃത്തവേദിയിൽ പറിച്ചു നടാൻ കഴിവുള്ള ഏക നൃത്ത സംവിധായക എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചിത്ര ലക്ഷ്മി രൂപപ്പെടുത്തിയ സ്വാഗത നൃത്തവും മയിൽ നൃത്തവും മികവിൽ കേമത്തം കാട്ടിയപ്പോൾ ബോളിവുഡ് ലോകത്തു മറ്റൊരു സമാനത ഇല്ലെന്നു തെളിയിച്ചാണ് കലാഭവൻ നൈസും സംഘവും നൃത്ത വിസ്മയങ്ങൾ സാധിച്ചെടുത്തത്.

തൃശൂർ കലാക്ഷേത്രയുടെ കീഴിൽ അനേക വർഷത്തെ നൃത്ത പഠനം നടത്തിയ റോഷ്നി നിഷാന്തിന്റെ അതിസുന്ദരമായ മോഹിനിയാട്ടം അവാർഡ് നൈറ്റിന്റെ തുടക്കത്തിൽ തന്നെ കാണാൻ പോകുന്ന പൂരത്തിന്റെ മുഴുവൻ ചന്തവും കാട്ടിത്തരുന്നതായിരുന്നു. ഇതോടൊപ്പം റെഡ്ഡിങ്ങിൽ നിന്നെത്തിയ മഞ്ജു സുനിലും സംഘവും നടത്തിയ സെമി ക്ലാസിക് മയിൽ നടനം, സ്റ്റോക് ഓൺ ട്രെന്റിലെ ജെനിറ്റ റോസിന്റെ ഫ്യൂഷ്യൻ, ബർമിങ്ഹാമിലെ നഴ്സിങ് സംഘത്തിന്റെ നൃത്ത ശിൽപം, കവൻട്രിയിലെ കൗമാരക്കാരുടെ പ്രളയ ഭൂമിയിലെ പക്ഷി മൃഗാദികളുടെ വേദന നിറഞ്ഞ കാഴ്ചകൾ, സ്റ്റോക് ഓൺ ട്രെന്റിലെ കുരുന്നുകളുടെ സിനിമാറ്റിക് തുടങ്ങി ഓരോ കാഴ്ചയിലും നിറങ്ങൾ നീരാട്ട് നടത്തിയപ്പോൾ വേദിയിൽ ഡിജിറ്റൽ പശ്ചാലത്തിൽ നിറഞ്ഞ ദൃശ്യങ്ങൾ നൽകിയ ചാരുത കൂടുതൽ ആസ്വാദ്യമാകുന്നത് വിഡിയോയിൽ ആണെന്നതും മുഴുവൻ പരിപാടികളും അപ്ലോഡ് ചെയ്യാൻ ഉള്ള തീരുമാനത്തിൽ പ്രേരകമായിട്ടുണ്ട്.

വേദിക്ക് പശ്ചാത്തലം ഒരുക്കിയ ലണ്ടനിലെ കളർ മീഡിയ, വീഡിയോ ചിത്രീകരണം നടത്തിയ റോസ് ഡിജിറ്റൽ വിഷൻ, ശബ്ദ വെളിച്ച നിയന്ത്രണം നടത്തിയ മൂൺ ലൈറ്റ്, എന്നിവർക്കും അഭിമാനം നൽകുന്ന നിമിഷങ്ങളാണ് അവാർഡ് നൈറ്റിൽ പിറന്നു വീണത്. കേരളത്തിലെ പ്രമുഖ ഡിജിറ്റൽ സ്റ്റുഡിയോ എഡിറ്റ് ജോലികൾ കൂടി ഏറ്റെടുത്തതോടെ ഏറ്റവും മികവാർന്ന വിഡിയോ ദൃശ്യങ്ങളാണ് ഈ വർഷത്തെ അവാർഡ് കാഴ്ചകളായി ബിഎം ചാനൽ വഴി പ്രേക്ഷകരെ തേടി എത്തുന്നത്.

ഈ വർഷത്തെ മെഗാ സ്‌പോൺസർ ആയി പതിവ് പോലെ അലൈഡ് മോർട്ട്ഗേജ് സർവീസ്, സഹ സ്‌പോൺസർമാരായി മുത്തൂറ്റ് ഗ്ലോബൽ, ജോസഫ് തളിയൻ സോളിസിറ്റേഴ്‌സ്, വിശ്വാസ് ഫുഡ്‌സ്, വിസ്റ്റാമെഡ്, ടൂർ ഡിസൈനേഴ്‌സ് എന്നിവർ വീഡിയോ നിർമ്മാണത്തിൽ സജീവമായ സഹകരണമാണ് നൽകിയിരിക്കുന്നത്. ഓരോ വർഷവും മികവുറ്റ അവാർഡ് നൈറ്റ് സാധ്യമാക്കുന്നതിൽ സ്പോൺസർമാർ നൽകുന്ന പിന്തുണയാണ് പ്രേക്ഷകരെ തേടിയെത്തുന്ന കാഴ്ചകൾ സാധ്യമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP