Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ഭീതിയിൽ അടച്ചിട്ട മിലാൻ കത്തീഡ്രലിനു മുൻപിലെ വിജനമായ തെരുവിൽ നിന്നു ആൻഡ്രിയ ബോചെലി ഉറക്കെ പാടി; പുരാതന കത്തീഡ്രലിന്റെ വാതിലുകൾ സംഗീത പ്രതിഭയ്ക്ക് മുൻപിൽ തുറന്ന് കൊടുത്ത് സഭാധികൃതർ; പ്രതീക്ഷയുടെ അപൂർവ്വ സംഗീതത്തിനു മുൻപിൽ കണ്ണീരൊഴുക്കി ലോകം എമ്പാടുമുള്ള ഓപ്പറ ആരാധകർ; മഹാവ്യാധിക്കിടെ ആശ്വാസത്തിന്റെ വാക്കുകൾ എട്ട് മണിക്കൂർ കൊണ്ട് യൂട്യുബിൽ മാത്രം കേട്ടത് രണ്ടരക്കോടി ആളുകൾ

കൊറോണ ഭീതിയിൽ അടച്ചിട്ട മിലാൻ കത്തീഡ്രലിനു മുൻപിലെ വിജനമായ തെരുവിൽ നിന്നു ആൻഡ്രിയ ബോചെലി ഉറക്കെ പാടി; പുരാതന കത്തീഡ്രലിന്റെ വാതിലുകൾ സംഗീത പ്രതിഭയ്ക്ക് മുൻപിൽ തുറന്ന് കൊടുത്ത് സഭാധികൃതർ; പ്രതീക്ഷയുടെ അപൂർവ്വ സംഗീതത്തിനു മുൻപിൽ കണ്ണീരൊഴുക്കി ലോകം എമ്പാടുമുള്ള ഓപ്പറ ആരാധകർ; മഹാവ്യാധിക്കിടെ ആശ്വാസത്തിന്റെ വാക്കുകൾ എട്ട് മണിക്കൂർ കൊണ്ട് യൂട്യുബിൽ മാത്രം കേട്ടത് രണ്ടരക്കോടി ആളുകൾ

മറുനാടൻ മലയാളി ബ്യൂറോ

മിലാനിലെ അതിപുരാതനമായ കത്തീഡ്രലിനു മുന്നിലെ വിജനമായ തെരുവിൽ 61 കാരനായ അന്ധഗായകൻ സംഗീതാർച്ചനയുമായി എത്തിയപ്പോൾ, ദേശീയ ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരുന്ന കത്തീഡ്രലിന്റെ കവാടങ്ങൾ തുറക്കപ്പെട്ടു. കത്തീഡ്രലിന്റെ പരിപാലന ചുമതലയുള്ള വെനേരാൻഡ ഫാബ്രിക്ക ഡെൽ ഡുവോമോ എന്ന സംഘടനയായിരുന്നു ഈ സംഗീത സദസ്സിന് ആതിഥേയരായത്.

ആളൊഴിഞ്ഞ പള്ളിയങ്കണത്തിൽ, മുറിവേറ്റ ഭൂമിയുടെ മൃദുവായ ഹൃദയത്തിന് ഈസ്റ്റർ ദിനത്തിൽ സംഗീതാർച്ചനയുമായി ആൻഡ്രിയ ബൊചെലിയെത്തിയപ്പോൾ വിജനമായ തെരുവിന്റെ നൊമ്പരമേറ്റുവാങ്ങി വിങ്ങിക്കരഞ്ഞത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരായിരുന്നു. പ്രപഞ്ചത്തിന്റെ തന്നെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകമാണ് ഈസ്റ്റർ, അത് ഏത് മതവിശ്വാസിക്കാണെങ്കിലും മതവിശ്വാസമില്ലാത്തവർക്കാണെങ്കിലും എന്ന് പറഞ്ഞായിരുന്നു ബൊചെലി തന്റെ സംഗീതം ആരംഭിച്ചത്.

വിശാലഹൃദയയും ധീരയുമായ മിലന്റെ ഉയർത്തെഴുന്നേല്പാണ് ഇന്ന് ലോകത്തിന് പ്രത്യാശ പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ജനന മരണങ്ങളുടെ ദുരൂഹത നിറഞ്ഞ ഈസ്റ്റർ ആഘോഷത്തെക്കുറിച്ചും പരാമർശിച്ചു. മുറിവേറ്റ ഭൂമിയുടെ മൃദുലമായ ഹൃദയത്തിന് സാന്ത്വനമേകി ആരംഭിച്ച ഗാനം എന്തിനേയും അതിജീവിക്കുന്ന ജീവിതത്തിലുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് അവസാനിച്ചത്. അദ്ദേഹത്തിന്റെ യൂട്യുബ് ചാനലിൽ സ്ട്രീ ചെയ്ത ഈ സംഗീതാർച്ചന ഇതുവരെ രണ്ടരക്കോടിയിലേറെ പേരാണ് കണ്ടത്.

ഭാഗികമായ അന്ധതയോടെ ജനിച്ച ആൻഡ്രിയ ബൊചെലി പിന്നീട് കുട്ടിക്കാലത്തുണ്ടായ ഒരു അപകടത്തെ തുടർന്ന് പൂർണ്ണ അന്ധനാവുകയായിരുന്നു. ഇറ്റാലിയൻ സംഗീതത്തിലെ മുടിചൂടാമന്നന്മാരിൽ ഒരാളായി കണക്കാക്കുന്ന ബൊചെലിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആൻഡ്രിയ ബോചെലി ഫൗണ്ടേഷൻ കൊറോണയ്ക്കെതിരേയുള്ള യുദ്ധത്തിനുള്ള ധനസമാഹരണത്തിലും മുന്നിലുണ്ടായിരുന്നു.

ഒരുമിച്ചുള്ള പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്ന തനിക്ക് ഇന്ന് സംഗീതത്തിലൂടെ ഇത്രയും പേരെ ഒരുമിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബൊചെലിയുടെ ശബ്ദവും വാക്കുകളും നമ്മളെ ഓർമ്മിപ്പിക്കുന്നത് നമുക്ക് പ്രത്യാശിക്കുവാനുള്ള കാരണങ്ങൾ നമ്മളിൽ നിന്നല്ല, ദൈവത്തിൽ നിന്നാണ് വരുന്നതെന്നാണെന്ന് ആർച്ച് ബിഷപ്പ് ഡുവോമോ ഡി മിലാനോ പ്രസ്താവിച്ചു.

ഇതുവരെ 1,56, 363 രോഗബാധിതരുള്ള, 19,899 പേർ കൊറോണക്ക് കീഴടങ്ങി മരണം വരിച്ച ഇറ്റലിക്ക് ഏതായാലും പ്രത്യാശയുടെ പുതുനാമ്പുകളുമായാണ് ഈസ്റ്റർ ദിനം എത്തിയത്. പ്രതിദിന മരണനിരക്കിൽ വന്ന കുറവും, ഇന്റൻസീവ് കെയറിലുള്ള രോഗികളുടെ എണ്ണത്തിൽ വന്ന കുറവും രാജ്യത്തിന് പുതിയൊരു ഊർജ്ജം നൽകിയിട്ടുണ്ട്. ലോകം മുഴുവൻ നാശം വിതച്ച ഭീകരനെ നിയന്ത്രിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ ഇറ്റലി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP