Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു ധാരണയുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാം; വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ മറുപടി പറയാൻ വയ്യ: സോഷ്യൽ മീഡിയ പൊങ്കാലയ്ക്കു മറുപടിയുമായി വിനു വി ജോൺ

ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു ധാരണയുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാം; വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ മറുപടി പറയാൻ വയ്യ: സോഷ്യൽ മീഡിയ പൊങ്കാലയ്ക്കു മറുപടിയുമായി വിനു വി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മനസു തുറന്നു. ന്യൂസ് അവർ ചർച്ചയിൽ ബോബി ചെമ്മണ്ണൂർ വിഷയം കൊണ്ടു വരണമെന്നുള്ള സൈബർ ലോകത്തിന്റെ ആവശ്യം പൊങ്കാലയായി മാറിയപ്പോഴാണ് ഇക്കാര്യത്തിൽ അവതാരകൻ വിനു വി ജോൺ നിലപാടു വ്യക്തമാക്കിയത്.

ഫേസ്‌ബുക്കിൽ നിന്നും മറ്റും പ്രേക്ഷകരുടെ അഭിപ്രായമറിഞ്ഞശേഷം വൈകുന്നേരമുള്ള ന്യൂസ് അവർ ചർച്ചയുടെ വിഷയം തീരുമാനിക്കാം എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാട്. തുടർന്നു ചാനലിന്റെ ഫേസ്‌ബുക്ക് പേജിലേക്കും മറ്റും ബോബി ചെമ്മണ്ണൂർ വിഷയം ചർച്ച ചെയ്യണമെന്നുള്ള ആവശ്യമായിരുന്നു സൈബർ ലോകം ഉന്നയിച്ചത്.

ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു വല്ല ധാരണയുമുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാമെന്നായിരുന്നു ചാനലിലൂടെ വിനു വി ജോൺ പറഞ്ഞത്. വെറുതെ ഉണ്ടയില്ലാ വെടി വച്ചാൽ മറുപടി പറയാൻ വയ്യെന്നും സോഷ്യൽ മീഡിയയിൽ പൊങ്കാല ഇടുന്നവർക്കു മറുപടിയുമായി വിനു വി ജോൺ ചാനലിലൂടെ അറിയിച്ചു.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ചാനൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയതാണ് ഇക്കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നിലപാട് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായ വിനു വി ജോൺ തന്നെയാണു ന്യൂസ് അവർ ചർച്ചയിലെ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.

''പ്രേക്ഷകരുടെ അഭിപ്രായത്തിന്റെ വോട്ടെടുപ്പിലൂടെ നടത്തുന്ന ചർച്ചയല്ല. പക്ഷെ പ്രേക്ഷകരുടെ നിർദ്ദേശങ്ങളും പരിഗണിക്കുന്നു. പതിവുപോലെ ബോബി ചെമ്മണ്ണൂരിന്റെ കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എണ്ണിയാലൊതുങ്ങാത്ത കമന്റുകളുണ്ട്. അത് അയക്കുന്ന പ്രിയപ്പെട്ട ഫേസ്‌ബുക്ക് പ്രേക്ഷകരോടുള്ള അഭ്യർത്ഥന... എന്താണ് ചർച്ച ചെയ്യേണ്ടത്? ബോബി ചെമ്മണ്ണൂരിനെതിരെ ഇപ്പോൾ നിലനിൽക്കുന്ന കേസുകൾ, അതിലെ അന്വേഷണ വിവരങ്ങൾ... ഇതുസംബന്ധിച്ച് വല്ല ധാരണയുമുണ്ടെങ്കിൽ അത് എന്നെകൂടി അറിയിക്കണം. ഇനി ബോബി ചെമ്മണ്ണൂരിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ ആണെങ്കിൽ ആ വീഡിയോയിലുള്ള സ്ത്രീ ആരാണ്, അവർക്ക് പരാതിയുണ്ടോ, അവർ പരാതിപ്പെട്ടിട്ട് കേസെടുക്കാത്തതാണോ, ഈ വക കാര്യങ്ങൾ കൂടി ഒന്നറിയിച്ചാൽ ആ വിഷയം ചർച്ച ചെയ്യാനായി പരിഗണിക്കാം. വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ അതിന് മറുപടി നൽകാനാകില്ല.''- വിനു പറഞ്ഞു.

നേരത്തെ ചാനലിലെ 'വാർത്തയ്ക്കപ്പുറം' എന്ന പരിപാടിയിലും ഫേസ്‌ബുക്ക് പേജിലെ ബോബി ചെമ്മണ്ണൂർ പൊങ്കാലയെക്കുറിച്ചു ചാനൽ പരാമർശിച്ചിരുന്നു. പ്രേക്ഷകരുടെ കമന്റിടൽ കാരണം കേരളത്തിൽ കഴിഞ്ഞയാഴ്‌ച്ച ഏറ്റവും കൂടുതൽ ചർച്ച നടന്ന എഫ്ബി പേജ് എന്ന ഖ്യാതി നേടാനായെന്നും ചാനൽ പ്രവർത്തകർ അവകാശപ്പെടുന്നു. ''ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‌ബുക്ക് പേജിൽ ഇപ്പോൾ തിരക്കോട് തിരക്കാണ്. മരിച്ചുവെന്നോ, ജനിച്ചുവെന്നോ അഴിമതി കാണിച്ചുവെന്നോ എന്താകട്ടെ... വാർത്ത എന്തായാലും അതനിടിയിൽ ആളുകൾ വന്ന് കമന്റിടും. ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇത് കാണുന്ന നമ്മുടെ ഓൺലൈൻ എഡിറ്ററുടെ അവസ്ഥയും ട്രോളായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ചയായി കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച നടന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‌ബുക്ക് പേജാണ്. നിങ്ങളിട്ട കമന്റുകളാണ് ഈ നേട്ടത്തിന് കാരണമെന്നും തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.'' എന്നും ചാനലിന്റെ പരാമർശം വന്നു.

''ഉണ്ടയില്ലാ വെടിക്കാരുടെ ശ്രദ്ധയ്ക്ക്...ദേ കേട്ടോളൂ...ഇനീം കോപ്പി പേസ്റ്റ് തുടരണമെന്ന് വെബ്ബ്കാരും അഭ്യർത്ഥിച്ചിട്ടുണ്ട്...സംഗതി കോപ്പി പേസ്റ്റുകാരെല്ലാം കൂടി ഞങ്ങടെ വെബ്‌സൈറ്റും എഫ് ബി പേജും നമ്പർ വണ്ണാക്കും...നന്ദീണ്ട് സാറമ്മാരേ...നന്ദീണ്ട്....'' എന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകൻ എസ് ലല്ലു ഫേസ്‌ബുക്കിൽ കുറിച്ചത്.

ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തയുടൻ സോഷ്യൽ മീഡിയയിലെ വിമർശകർ പെരുവെള്ളം പോലെ മറുപടിയുമായി എത്തുന്നുണ്ട്. തെളിവുകൾ ഇല്ലാതെ ഏഷ്യാനെറ്റ് ഒരു ചർച്ചയും നടത്താറില്ലേ എന്നു ചോദിച്ചാണ് വിമർശകർ അർമാദിച്ചത്. അപ്പോൾ ഒരു വർഷം മുഴുവൻ സരിതയെ കുറിച്ചു ചർച്ച ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് എല്ലാവരും ഉയർത്തുന്ന ചോദ്യം.

റേറ്റിങ് കൂടിയതു പോസിറ്റിവോ നെഗറ്റീവോ എന്നാണു മറുപടി കമന്റുകളിൽ ഉയരുന്ന മറ്റൊരു  ചോദ്യം. അങ്ങു പാലായിലു മാത്രം അല്ല ഇങ്ങു ഏഷ്യാനെറ്റിലും തെളിവില്ല...... എന്നാണു മറ്റൊരാളുടെ മറുപടി. 'നിങ്ങൾ സംപ്രേഷണം ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും തെളിവ് തന്നിട്ടാണോ പിള്ള സേട്ടാ.നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാർത്ത ഉണ്ടാക്കുന്നു.സരിതയിടെ സീഡി തിരഞ്ഞു പോയത് നിങ്ങൾക്ക് ആരെങ്കിലും തെളിവ് തന്നിട്ടാണോ.' എന്നും ചോദിക്കുന്നുണ്ട് സൈബർ ലോകം. ' ചെമ്മണ്ണൂർ ന്റെ പേരിൽ തുടങ്ങാനിരിക്കുന്ന ഓക്‌സിജൻ സിറ്റി യുടെ പരസ്യം കൊടുത്തപ്പോ അതിന് ഉണ്ടയുണ്ടോ ന്ന് അന്വേഷിച്ചിരുന്നോ, കേരളം ഒട്ടുക്കെ ഓടി നടന്ന് ബ്ലഡ് ബാങ്ക് ഉണ്ടാക്കുന്നെ എന്ന് പറഞ്ഞപ്പോഴും ഉണ്ട നോക്കിയാരുന്നോ?' എന്നും ഫേസ്‌ബുക്കിൽ ചോദ്യം ഉയരുന്നുണ്ട്.

  • ബോബി ചെമ്മണ്ണൂരിനെതിരെ എന്തൊക്കെയാണു കേസുകൾ എന്നും എന്താണ് ആരോപണം എന്നും അറിവില്ലാത്ത വിനു വി ജോണിന്റെ ശ്രദ്ധയ്ക്കായി മറുനാടൻ നാളെ ഒരു തുറന്ന കത്തു പ്രസിദ്ധീകരിക്കുന്നതാണ്- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP