Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റുകൾക്കു യുഡിഎഫ് സർക്കാർ ഭൂമി പോലും പതിച്ചു നൽകി; അമല ആശുപത്രിക്കു ഭൂമി നൽകിയ കാര്യം മീഡിയാ വൺ ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി ഡോ. ഫസൽ ഗഫൂർ; മാനേജ്മെന്റുകൾക്കിടയിലെ തർക്കത്തിന്റെ ഉള്ളറകൾ അറിയാം

ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റുകൾക്കു യുഡിഎഫ് സർക്കാർ ഭൂമി പോലും പതിച്ചു നൽകി; അമല ആശുപത്രിക്കു ഭൂമി നൽകിയ കാര്യം മീഡിയാ വൺ ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി ഡോ. ഫസൽ ഗഫൂർ; മാനേജ്മെന്റുകൾക്കിടയിലെ തർക്കത്തിന്റെ ഉള്ളറകൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതൊരു സർക്കാർ അധികാരത്തിൽ എത്തിയാലും തീർക്കാൻ സാധിക്കാത്ത വിധത്തിലാണ് സ്വാശ്രയ മെഡിക്കൽ വിഷയത്തിന്റെ പോക്ക്. എ കെ ആന്റണിയുടെ കാലത്തു തുടങ്ങിയ ഈ തർക്കത്തിന് ഇത്രയും കാലമായിട്ടും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

ഇത്തവണയും ഈ വിഷയത്തിൽ മാനേജ്മെന്റുകളും സർക്കാരും പല തട്ടിലാണ്. ഇപ്പോൾ മെറിറ്റ് സീറ്റിലെ ഫീസിന്റെ കാര്യത്തിൽ സർക്കാറുമായി ധാരണയിൽ എത്തിയ മാനേജ്മെന്റുകളുടെ കൂട്ടത്തിലാണ് എംഇഎസ്. അതുകൊണ്ട് തന്നെ പിണറായി വിജയൻ സർക്കാറിനെ അനുകൂലിക്കുന്ന നിലപാടാണ് ഈ വിഷയത്തിൽ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ സ്വീകരിക്കുന്നത്. 

എന്നാൽ, ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ നിലപാടിൽ നിന്നും വ്യത്യസ്തമായി എംഇഎസ് എന്തുകൊണ്ട് നിലപാട് സ്വീകരിക്കുന്നു എന്ന് വ്യക്തമാക്കി ഫസൽ ഗഫൂർ കഴിഞ്ഞ ദിവസം മീഡിയാ വൺ ചാനൽ ചർച്ചയിൽ പങ്കെടുത്തു. കോടതി നിർദ്ദേശിച്ചത് പ്രകാരം സ്വാശ്രയ മാനേജ്മെന്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് ഫീസ് നിർണ്ണയിക്കുന്നതിനെ എംഇഎസ് എതിർത്തിരുന്നു. ഇതിന് കാരണം ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് സർക്കാറിൽ നിന്നും കൂടുതൽ കാര്യങ്ങൾ ലഭിച്ചു എന്നതാണ്.

പല ക്രിസ്ത്യൻ മാനേജമെന്റുകൾക്കും കഴിഞ്ഞ യുഡിഎഫ് സർക്കാർ സർക്കാർ ഭൂമി നൽകിയ കാര്യം ഫസൽ ഗഫൂർ ചൂണ്ടിക്കാട്ടി. അമല ആശുപത്രിക്കാണ് ഇങ്ങനെ സർക്കാറിൽ നിന്നും ലഭിച്ചത്. അതേസമയം എംഇഎസിന് അത്തരം സഹായമൊന്നും ലഭിക്കുന്നില്ലെന്ന് ഫസൽ ഗഫൂർ ചൂണ്ടിക്കാട്ടി. ജെയിംസ് കമ്മിറ്റിയോട് നിർദ്ദേശിച്ചത് പ്രകാരം സ്വാശ്രയ മാനേജ്മെന്റുകളുടെ ആസ്തിയും ഓഡിറ്റ് വിവരങ്ങളും പരിശോധിച്ചിട്ടില്ല. ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കെട്ടിടങ്ങൾ കാലങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ടതാണ്. മാത്രമല്ല, വിദേശ ഫണ്ടിൽ പ്രവർത്തിക്കുന്നതുമാണ്. എംഇഎസിന്റേത് അതിൽ നിന്നും വ്യത്യസ്തമാണെന്നും ഫസൽ ഗഫൂർ ചൂണ്ടിക്കാട്ടി.

ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിക്കുന്ന ആശുപത്രികളാണ് പല ക്രിസ്ത്യൻ മാനേജ്മെന്റുകളുടേതും. എന്നാൽ, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കൽ കോളേജുകൾ ഈ ഗണത്തിൽ വരും. എന്നാൽ, എംഇഎസ് പ്രവർത്തിച്ചിരുന്നത് മെഡിക്കൽ കോളേജ് എന്ന നിലയിൽ ആയിരുന്നില്ല. സൗജന്യ ചികിത്സയായിരുന്നു ആദ്യകാലത്ത് നടത്തിയത്. ഇപ്പോൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കാൻ വേണ്ടിയാണ് എംഇഎസ് പണം ചെലവാക്കുന്നതെന്നും ഫസൽ ഗഫൂർ ചൂണ്ടിക്കാട്ടി.

എ കെ ആന്റണിയുടെ കാലത്ത് 50 സീറ്റ് മെറിറ്റും 50 സീറ്റ് മാനേജ്മെന്റും എന്ന നിലയിൽ ധാരണയായത് നല്ല ഉദ്ദേശത്തോടെയാണ്. എന്നാൽ, ചില മാനേജ്മെന്റുകൾ കോടതിയെ സമീപിച്ച് ഇതെല്ലാം അട്ടിമറിക്കുകയായിരുന്നു. പലപ്പോഴും മാനേജ്മെന്റുകൾക്ക് അനുകൂലമായി നിന്നത് കോടതി വിധികളായിരുന്നു. ഇപ്പോൾ പ്രവേശനം നീറ്റ് അടിസ്ഥാനത്തിൽ നടത്തണമെന്ന് പോലും കോടതി പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ പ്രവേശനത്തിനെതിരെ കോടതിയിൽ പോയത് ക്രിസ്ത്യൻ മാനേജ്മെന്റുകൾക്ക് അനുകൂലമായി സർക്കാർ നിലപാട് കൈക്കൊണ്ടതു കൊണ്ടാണെന്നു ഫസൽ ഗഫൂർ ചർച്ചയിൽ വ്യക്തമാക്കി.

അതേസമയം ഈ സർക്കാറിന് വേണമെങ്കിൽ മാനേജ്മെന്റുകളെ നിലയ്ക്കു നിർത്തും വിധം കാര്യങ്ങൾ നീക്കാമായിരുന്നു എന്നാണ് ചർച്ചയിൽ പങ്കെടുത്ത കെ ജെ ജേക്കബും അനിൽ അക്കര എംഎൽഎയും അഭിപ്രായപ്പെട്ടത്. ഇക്കിര്യത്തിൽ പിണറായി സർക്കാർ സ്വീകരിച്ച നയം തെറ്റായെന്നും കെ ജെ ജേക്കബ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP