Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂര്യാ ടിവി ജീവനക്കാരെ പെരുവഴിയിലേക്ക് തള്ളിവിടാൻ ഒരുങ്ങുന്ന കലാനിധി മാരൻ ഒറ്റയടിക്ക് വഴിയാധാരമാക്കിയത് 73 ജീവനക്കാരെ; കന്നടയിലെ സൺ ഗ്രൂപ്പിന്റെ ഉദയാ ന്യൂസ് ചാനൽ അടച്ചുപൂട്ടുന്നു; പ്രവർത്തനം അവസാനിപ്പിക്കുന്നതായി കാണിച്ച് ജീവനക്കാർക്ക് നോട്ടീസ്; അടുത്ത നടപടി കേരളത്തിലെന്ന ആശങ്കയിൽ സൂര്യ ടിവി ജിവനക്കാർ

സൂര്യാ ടിവി ജീവനക്കാരെ പെരുവഴിയിലേക്ക് തള്ളിവിടാൻ ഒരുങ്ങുന്ന കലാനിധി മാരൻ ഒറ്റയടിക്ക് വഴിയാധാരമാക്കിയത് 73 ജീവനക്കാരെ; കന്നടയിലെ സൺ ഗ്രൂപ്പിന്റെ ഉദയാ ന്യൂസ് ചാനൽ അടച്ചുപൂട്ടുന്നു; പ്രവർത്തനം അവസാനിപ്പിക്കുന്നതായി കാണിച്ച് ജീവനക്കാർക്ക് നോട്ടീസ്; അടുത്ത നടപടി കേരളത്തിലെന്ന ആശങ്കയിൽ സൂര്യ ടിവി ജിവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗലൂരു: സൺ നെറ്റ് വർക്കിന്റെ ഉദയാ ന്യൂസ് ചാനൽ അടച്ചു പൂട്ടുന്നു കന്നഡ ഭാഷയിൽ കഴിഞ്ഞ 19 വർഷമായി പ്രവർത്തിക്കുന്ന ചാനൽ ലാഭകരമല്ലെന്ന കാരണത്താലാണ് പ്രവർത്തനം നിർത്തുന്നതായി നോട്ടീസ് നല്കിയത്. നിലവിലുള്ള 73 ജീവനക്കാർക്ക് പിരിഞ്ഞു പോകാൻ ഒക്ടോബർ 24 വരെയാണ് സമയം നല്കിയിരിക്കുന്നത് . കന്നഡ ഭാഷയിലെ ആദ്യ ചാനലാണ് ഉദയാ ടി വി

ചെന്നൈ ആസ്ഥാനമായുള്ള സൺ നെറ്റ് വർക്കിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എല്ലാം തന്നെ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ നടപടി. 'ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ടിന്റെ 25-FFA പ്രകാരം ഉദയാ ന്യൂസ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം 2017 ഒക്ടോബർ 24 ന് അവസാനിപ്പിക്കുകയാണ്. ആയതിതിനാൽ സ്ഥാപനത്തിലെ 73 ജീവനക്കാരുടെ സേവനം അന്നേ ദിവസം അവസാനിക്കുന്നതാണ് ' . ഇതാണ് ബുധനാഴ്ച കർണ്ണാടക സർക്കാരിനും ജീവനക്കാർക്കും കമ്പനി അയച്ച നല്കിയ നോട്ടീസിൽ പറയുന്നത്.

കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺ ടിവി നെറ്റ് വർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മീഡിയാ കമ്പനിയാണ്. ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ചാനലായ സൺ ടി വി ഉൾപ്പടെ നാല്പതോളം ചാനലുകളാണ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഭാഷകളിലായി ഉള്ളത്. ഇതു കൂടാതെ റേഡിയോ, പ്രിന്റ് മാധ്യമ രംഗത്തും ഇവർക്ക് നിക്ഷേപങ്ങളുണ്ട്. അടുത്തകാലത്തായി രൂക്ഷമായ പ്രശ്‌നങ്ങളിലാണ് ഈ കമ്പനി. ഒട്ടേറെ സാമ്പത്തിക തിരിമറി ഉൾപ്പെടെയുള്ള ആരോപണത്തിൽ ഇവർ അന്വേഷണം നേരിടുകയാണ്. കേരളത്തിലെ സൂര്യാ ടി വിയിൽ ഉൾപ്പെടെ രൂക്ഷമായ തൊഴിൽ പ്രശ്‌നങ്ങളുമുണ്ട്. പ്രതിസന്ധിയിൽ പെട്ട അനുബന്ധ ചാനലുകളിൽ മലയാളത്തിലെ സൂര്യാ ന്യൂസ് ഉൾപ്പടെയുള്ളവ നേരത്തേ തന്നെ പൂട്ടിയിരുന്നു. പ്രവർത്തനം ചൂരുക്കുന്നതിന്റെ ഭാഗമായി സൂര്യ ടിവി., കിരൺ ടി.വി., കൊച്ചു ടി.വി, സൂര്യ മ്യൂസിക്, എന്നിവയുടെ പ്രവർത്തനങ്ങൾ ഭൂരിഭാഗവുംപൂർണ്ണമായും ചെന്നൈ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തിരുന്നു.

കർണ്ണാടകത്തിൽ 19 വർഷം പൂർത്തീകരിച്ച ചാനലിന്റെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് അടച്ചു പൂട്ടുന്നത്. കന്നഡ പ്രേക്ഷകരുടെ 70 ശതമാനം ഷെയറും ഒപ്പമുണ്ടായിരുന്ന ഉദയാ ടി വി വളരെ പരിതാപകരമായ അവസ്ഥയിലേയ്ക്കാണ് ക്രമേണ പതിച്ചത്. മാർക്കറ്റ് ഷെയറും ഇതനുസരിച്ച് ഇടിഞ്ഞു. ഉദയാ ന്യൂസിന്റെ വ്യൂവർഷിപ്പിലും വരുമാനത്തിലുമുണ്ടായ ഇടിവ് തുടർന്നു കൊണ്ടുപോകാൻ കഴിയാത്തരീതിയിൽ എത്തിയിരിക്കുന്നു. അതിനാൽ ഉദയായുടെ ന്യൂസ് വിഭാഗം പൂട്ടുകയാണെന്നാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്. 73 ജീവനക്കാരുടെ സേവനം ഒക്ടോബർ 24 ന് അവസാനിക്കും എന്ന് അറിയിക്കുന്ന കമ്പനി ഇവർക്ക് ഏതെങ്കിലും രീതിയിലുള്ള നഷ്ടപരിഹാരം നല്കുന്നതിന്റെ സൂചനയില്ല. ഫലത്തിൽ ഇതുവരെ കമ്പനിയുടെ ഭാഗമായിരുന്ന ജേർണലിസ്റ്റുകൾ ഉൾപ്പടെ 73 പേർ പെരുവഴിയിൽ. സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സൂചന പോലും നേരത്തേ ഉണ്ടായിരുന്നില്ല എന്നാണറിയുന്നത്.

കേരളത്തിലും സമാനമായ നടപടികളാണ് മാനേജ്‌മെന്റ് കൈക്കൊണ്ടു വരുന്നത്. പതിനെട്ടു വർഷം പൂർത്തീകരിച്ച സൂര്യ ടി.വി ചാനലിലെ ജീവനക്കാരെ പരമാവധി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് വാർത്താ വിഭാഗം അടച്ചു പൂട്ടിയതും. കാക്കനാട്ടുള്ള ഓഫീസിനു മുന്നിൽ നിരന്തരമായ ജീവനക്കാരുടെ സമരവും അരങ്ങേറുന്നു. സൺ നെറ്റ് വർക്കിന്റെ കീഴിലുള്ള മുഴുവൻ ചാനലുകളുടേയും നിയന്ത്രണം ചെന്നൈയിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രവർത്തനവും ഇതിന്റെ ഭാഗമാണ്. ചെന്നൈയിൽ സൺ നെറ്റ് വർക്കിന്റെ നിയന്ത്രണത്തിലുള്ള സൺ.ടി.വി., സൺ ന്യൂസ്, ചുട്ടി ടി.വി., സൺ മ്യൂസിക്ക്, എന്നിവയിലെ ജീവനക്കാർ ചെറിയ പ്രതിഷേധം പോലും നടത്തിയാൽ തൊട്ടടുത്ത ദിവസം തന്നെ പുറത്താക്കുകയാണ് പതിവ്. ഒരു മാധ്യമവും അവിടെ ഇവർക്കെതിരെ പ്രതികരിക്കാറില്ല.

കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള ഈ ചാനലുകളെല്ലാം ജോലി ചെയ്യുന്നവർക്ക് മാന്യമായ വേതനം പോലും നൽകാറില്ല. പൂർണ്ണമായും ശീതീകരിച്ച ഓഫീസും കാന്റീൻ സൗകര്യത്തിലും മയങ്ങി ഏറെക്കാലം ജോലി ചെയ്തവരുടെ സ്ഥിതി പോലും പരിതാപകരമാണ്. 6,000 രൂപയാണ് മഹാ ഭൂരിപക്ഷത്തിന്റേയും ശമ്പളം. എന്നാൽ മുകൾതട്ടിലുള്ളവർക്ക് ആഡംബരകാറും വീടും അഞ്ച് ലക്ഷത്തിലേറെ ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നു. അവരെക്കാൾ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. മലയാളികളായ ഒട്ടേറെ
ജീവനക്കാർ ഇവരുടെ ചാനലുകളിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ അവരെ പീഡിപ്പിച്ചു നിർത്തുന്നതും മലയാളികളായ വകുപ്പു തലവന്മാരാണ്. അവധി ദിവസങ്ങളിലും ഡ്യൂട്ടി സമയത്തിനു ശേഷവും വേഷം മാറി തട്ടുകടകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർ ഏറെയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ ശ്ൃംഖലയും രാജ്യത്ത് ഏറ്റവും കൂടുതൽ എഫ്.എം. റേഡിയോ നെറ്റ് വർക്കും പ്രവർത്തിക്കുന്ന സൺ നെറ്റ് വർക്കിന്റെ ഉടമസ്ഥതയിലുള്ള
സ്ഥാപനങ്ങളിലാണ് ഇത്രയും വലിയ ചൂഷണം അരങ്ങേറുന്നത്.

ശമ്പള വർദ്ധനവ്, ശമ്പള പരിഷ്‌ക്കരണം, എന്നീ ആവശ്യങ്ങൾക്കു വേണ്ടി കൊച്ചിയിലെ ജീവനക്കാർ റീജണൽ ലേബർ കമ്മീഷണർക്ക് സമർപ്പിച്ച പരാതിയിൽ ഇനിയും തീരുമാനമായിട്ടില്ല. തുച്ഛമായ ശമ്പളത്തിൽ ചെന്നൈയിൽ പോയി ജോലി ചെയ്യാൻ തയ്യാറാവാത്ത തൊഴിലാളികളും പ്രതിഷേധത്തിലാണ്. പരാതിയുടെ ഭാഗമായി സൂര്യാ ടി.വി.യുടെ കൊച്ചി ഓഫീസ് ലേബർ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തൊഴിലാളികൾക്ക് അർഹതപ്പെട്ട അടിസ്ഥാന ശമ്പളം , ബോണസ,് എന്നിവ പോലും ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കർണ്ണാടകയിലെ ചാനലും അടച്ചു പൂട്ടിയതോടെ കേരളത്തിലെ സൂര്യാ ടിവി ജീവനക്കാർ ഏറെ ആശങ്കയിലാണ്്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP