Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട...നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ്

സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട...നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിഎൻഎ പരിശോധനയ്ക്ക് മുമ്പ് തന്റെ കുട്ടിയെ കാണാൻ പോലും അനുപമ എസ് ചന്ദ്രന് സർക്കാർ അനുവാദം കൊടുത്തില്ല. അപ്പോഴും സൈബർ ആക്രമണങ്ങൾ തുടർന്നു. രാജീവ് ഗാന്ധി സെന്ററിലെ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാകുമ്പോൾ ആ അമ്മയുടെ മുഖത്ത് ചിരിയെത്തി. അച്ഛൻ അജിത്തിന്റെ മുഖം തെളിഞ്ഞു. ഇതിനൊപ്പം സന്തോഷത്തിലായ ഒരു മാധ്യമ പ്രവർത്തകനുണ്ട്. ടി വി പ്രസാദ്. ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ. അനുപമ സമരമിരുന്ന ശിശുക്ഷേമ സമിതിക്ക് മുമ്പിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോ. അവിടെ ഡിഎൻഎ പരിശോധന പോസിറ്റീവായപ്പോൾ അത് പ്രസാദിന്റെ വാർത്തയ്ക്കുള്ള അംഗീകാരമായി. ദത്ത് കേസിൽ കേരളത്തെ ഞെട്ടിച്ച് അനുപമയുടെ കഥ റിപ്പോർട്ട് ചെയ്തത് പ്രസാദായിരുന്നു.പ്രസാദിന് എതിരെ ഉണ്ടായ സൈബറാക്രമങ്ങൾക്ക് കൈയും കണക്കുമില്ല.

പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല. ഏതൊക്കെ സംവിധാനങ്ങളാണോ നമ്മളെ സംരക്ഷിക്കേണ്ടത് അവരെല്ലാവരും കൈകോർത്ത് ഇല്ലീഗൽ ചൈൽഡ് എന്ന മുദ്രകുത്തി നാടുകടത്തിയതിന് പിറകിലെ ക്രിമിനൽ ഗൂഢാലോചനയാണ് ഞങ്ങൾ തുറന്ന് കാട്ടിയത്. എല്ലാ
സംവിധാനങ്ങളും ഒത്ത് ചേർന്ന് നിയമവ്യവസ്ഥകളെ തന്നെ കാറ്റിൽപ്പറത്തി എന്തും ചെയ്യാം എന്ന് വിചാരിച്ചാൽ അതിനെ തകർക്കുകയാണ് ഞങ്ങളുടെ കർത്തവ്യം. അതിൽ ലക്ഷ്യം കാണും വരെ ഞങ്ങൾ പിന്നാലെ കൂടും.. ഇനിയും അത് തുടരുക തന്നെ ചെയ്യും. സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട. നടക്കൂല, എന്നും പ്രസാദ് ഫേസ്‌ബുക്കിൽ കുറിച്ചു.

ടി.വി.പ്രസാദിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല. ഏതൊക്കെ സംവിധാനങ്ങളാണോ നമ്മളെ സംരക്ഷിക്കേണ്ടത് അവരെല്ലാവരും കൈകോർത്ത് illegal ചൈൽഡ് എന്ന മുദ്രകുത്തി നാടുകടത്തിയതിന് പിറകിലെ ക്രിമിനൽ ഗൂഢാലോചനയാണ് ഞങ്ങൾ തുറന്ന് കാട്ടിയത്. എല്ലാ വാർത്തകളും എല്ലാവരെയും സന്തോഷിപ്പിക്കുന്നതാവില്ലല്ലോ. ആരും സഹായിക്കാനില്ലാത്തവർക്ക് ഒരു കൈ നീട്ടലാണ് നമ്മുടെ ജോലി.. അട്ടിമറി തുറന്ന് കാട്ടലാണ് നമ്മുടെ പണി. അഴിമതി പുറത്തുകൊണ്ടുവരികയാണ് നമ്മുടെ ജോലി. എല്ലാ സംവിധാനങ്ങളും ഒത്ത് ചേർന്ന് നിയമവ്യവസ്ഥകളെ തന്നെ കാറ്റിൽപ്പറത്തി എന്തും ചെയ്യാം എന്ന് വിചാരിച്ചാൽ അതിനെ തകർക്കുകയാണ് ഞങ്ങളുടെ കർത്തവ്യം. അതിൽ ലക്ഷ്യം കാണും വരെ ഞങ്ങൾ പിന്നാലെ കൂടും.. ഇനിയും അത് തുടരുക തന്നെ ചെയ്യും. സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട. നടക്കൂല.

മുട്ടുവളയ്ക്കാതെ ടി. വി. പ്രസാദ്

കഴിഞ്ഞ മാസം 14നാണ് അനുപമ എസ് ചന്ദ്രന്റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകുന്നത്. സംഭവത്തിന്റെ ഗൗരവം മുഴുവൻ നിറഞ്ഞു നിന്ന ആ വാർത്തിയിൽ നിന്നാണ് മറുനാടൻ പോലും ആദ്യ വാർത്ത നൽകിയത്. ഏഷ്യാനെറ്റ് ന്യൂസിന് ശേഷം ഈ വാർത്ത നൽകിയതും മറുനാടനാണ്. ഇതിനിടെയിലും പ്രസാദ് ആ വാർത്ത പിന്തുടർന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൈം ഡിബേറ്റുകളിലേക്ക് അനുപമയുടെ വിഷയം എത്തി. പേരൂർക്കട സദാശിവന്റെ മകനാണ് ജയചന്ദ്രൻ എന്ന വെളിപ്പെടുത്തൽ മറുനാടനും നടത്തി. ഇതിനൊപ്പം ജയചന്ദ്രന്റെ വിശ്വവിഖ്യാത പ്രണയവും പരീക്ഷയിലെ ആൾ മാറാട്ട വിവാദവും. ഇതോടെ വിഷയം കത്തി. അങ്ങനെ മറ്റ് മാധ്യമങ്ങളും ഈ വാർത്തയ്ക്ക് പിന്നാലെയായി. സിപിഎം പോലും അമ്മയ്ക്ക് നീതി കൊടുക്കണമെന്ന് പറഞ്ഞു. ഒടുവിൽ അമ്മ കുട്ടിയെ കണ്ടു. ഇത് പ്രസാദിന്റെ മറ്റൊരു വാർത്തയുടെ വിജയം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വാർത്തയെ ഫോളോ ചെയ്യുന്ന മാധ്യമ പ്രവർത്തനത്തിനുള്ള അംഗീകാരം.

പഠിക്കുമ്പോൾ എസ് എഫ് ഐക്കാരനായിരുന്നു ടി വി പ്രസാദ്. വിപ്ലവ മുദ്രാവാക്യങ്ങൾ മുഷ്ടി ചുരുട്ടി ആത്മാർത്ഥതയോടെ വിളിച്ച സഖാവ്., പിന്നീട് മാധ്യമ പ്രവർത്തകനായി. അപ്പോഴും നെഞ്ചിനുള്ളിലെ ആ തീക്കനൽ കെട്ടു പോയില്ല. തിരുവനന്തപുരത്തും ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരും കാസർഗോഡും ഡൽഹിയിലും മാറി മാറി ഓടുന്നതിനിടെ സത്യം മുറകെ പിടിച്ച റിപ്പോർട്ടർ. പ്രസ് ക്ലബ്ബുകളിലെ അധികാര സ്ഥാനങ്ങളിൽ എത്തി പ്രമുഖ മാധ്യമപ്രവർത്തകനാവുകയായിരുന്നില്ല ലക്ഷ്യം. മറിച്ച് സത്യസന്ധമായ റിപ്പോർട്ടിലൂടെ സമൂഹത്തിലെ ചതികളെ തുറന്നു കാട്ടി.

നേരത്തെ ആലപ്പുഴയിൽ റിപ്പോർട്ടറായിരിക്കെ അന്ന് മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിക്ക് കാരണമായത് ടിവി പ്രസാദായിരുന്നു. അലപ്പുഴയിലെ കൈയേറ്റം ചർച്ചയാക്കിയതും ഭീഷണി നേരിട്ടതുമെല്ലാം പ്രസാദിനെ ചർച്ചകളിലെത്തിച്ചു. നേരത്തെ ടിപി കേസ് വധവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളും പ്രസാദ് ചെയ്തു. കിർമാണി മനോജിന്റെ ജയിലിലെ ഫോൺ വിളി അടക്കമുള്ള വാർത്തകൾ പ്രസാദിനെ താരമാക്കി. വാർത്തയ്ക്ക് പിന്നാലെയുള്ള നിരന്തര യാത്രയാണ് പ്രസാദിന്റെ മികവ്.

ടിപി കേസിലും കുട്ടനാട്ടിലെ കൈയേറ്റത്തിലുമെല്ലാം പ്രസാദ് നൽകിയ നിരന്തര വാർത്തകളാണ് രാഷ്ട്രീയ നേതൃത്വങ്ങളെ വെട്ടിലാക്കിയത്. ഇതു തന്നെയാണ് അനുപമയുടെ കേസിലും സംഭവിച്ചത്. മുഖ്യധാരാ മാധ്യമങ്ങൾ അനുപമയുടെ വാർത്ത എത്തിക്കുന്ന തരത്തിലേക്ക് പ്രസാദ് ആ വിഷയത്തെ പിന്തുണച്ചു. വെറും കുടുംബ പ്രശ്‌നമെന്ന് പറഞ്ഞ് കൈകഴുകിയവർക്ക് വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നു. അമ്മയെ അനുകൂലിക്കേണ്ടിയും. അത് കേരളത്തിലെ മാധ്യമ ചരിത്രത്തിലെ മറ്റൊരു ഏടായി. ഇന്ന് സിപിഎമ്മിന്റെ കണ്ണിലെ കരടാണ് ദത്ത് കേസിലെ അമ്മ അനുപമ. പക്ഷേ ഒരുകാലത്ത് തലസ്ഥാനത്തെ എസ് എഫ് ഐ നേതാവും.

ഒരുകാലത്ത് കണ്ണൂരിലെ പ്രധാന എസ് എഫ് ഐ നേതാവായിരുന്ന പ്രസാദിനെ സിപിഎമ്മിന്റെ കണ്ണിലെ കരടാക്കിയത് ടിപി കേസിലെ റിപ്പോർട്ടിംഗായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ പ്രസാദ് എത്തിയിട്ട് പതിനൊന്ന് കൊല്ലമായി. സമൂഹത്തിലെ ഏറ്റവും താഴെയുള്ളവനും ഏഷ്യാനെറ്റ് ന്യൂസിലെത്താം എന്നതിന് തെളിവാണ് ഈ ഞാനും..-എന്നാണ് മുമ്പ് ടിവി പ്രസാദ് തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പണിയെടുത്താണ് പഠിച്ചത്.. നാട്ടിലെ എല്ലാ ജോലികളും ചെയ്തു. അച്ഛന്റെ ഓട്ടോ റിക്ഷയും ഓടിക്കുമായിരുന്നു.. അടക്ക ഉരിക്കലും പെയിന്റ് പണിയും കോൺക്രീറ്റ് പണിയും സിമന്റ് പ്ലാസ്റ്ററിംഗിന്റെ സഹായ പണിയും കിണറ് പണിയും തുടങ്ങി നാട്ടിൻ പ്രദേശത്ത് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു..

എന്റെ 12 വയസ്സിന് ശേഷം ഈ 38 വയസ്ലുവരെ ഒരു രൂപ വീട്ടിൽ നിന്ന് പഠിക്കാനോ അല്ലാതേയോ വാങ്ങിയിട്ടില്ല.(വാങ്ങാൻ വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി????) അമ്മ കർഷക തൊഴിലാളിയായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ(പതിനാല് കൊല്ലം മുമ്പ് മരിച്ചുപോയി).. രണ്ട് സഹോദരിമാരാണുള്ളത്. പഠനം പൂർത്തിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് മാറിയ ശേഷമാണ് ജോലിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത് തന്നെ-ഒരു കൊല്ലം മുമ്പാണ് ഈ വരികൾ പ്രസാദ് ഫെയ്‌സ് ബുക്കിൽ എഴുതിയത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം പഠിക്കാൻ സാമ്പത്തികം തടസ്സമായപ്പോൾ ഒരു ചെറിയ കോഴി ഫാം തുടങ്ങി അതിനുള്ള വക കണ്ടെത്തി. കോഴ്‌സ് കഴിഞ്ഞ് ജയ്ഹിന്ദിൽ മൂന്ന് മാസത്തോളം ഇന്റേൺഷിപ്പ് കഴിഞ്ഞ് ആ വർഷം തന്നെ ഏഷ്യാനെറ്റ്‌ന്യൂസിൽ ജോലിയും കിട്ടി. ജോലി ചെയ്ത് തുടങ്ങിയ ശേഷം പ്രവർത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തോടുള്ള കൂറ് മാറ്റിവെച്ച് കിട്ടുന്ന വാർത്തകളെല്ലാം ചെയ്യാൻ ശ്രമിച്ചു.. ഇപ്പോൾ സുഹൃത്തുക്കളെക്കാളേറെ ശത്രുക്കളാണ്. അതിൽ അഭിമാനമേയുള്ളൂ..-പ്രസാദ് പറയുന്നു.

തെറ്റായ വാർത്ത കൊടുത്തിട്ടില്ല ഇന്നേവരെ. കൊടുക്കുകയുമില്ല. ഒരുപാട് ഭീഷണികളുണ്ടായിട്ടുണ്ട്. വീടിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.. ഞാൻ താമസിച്ച് ജോലി ചെയ്ത ആലപ്പുഴയിലെ ഓഫീസിന് നേരെയും ഉണ്ടായി ആക്രമണം. എന്നിട്ടും ഒന്നിൽ നിന്നും പിറകോട്ട് പോയിട്ടില്ല. പോവുകയും ഇല്ലാ. പറഞ്ഞുവന്നത്, ഏഷ്യാനെറ്റ്‌ന്യൂസിനെക്കുറിച്ചാണ്..ഈ പത്തുവർഷത്തിനിടെ എന്റെ ഒരു വാർത്തകളും പിടിച്ച് വച്ചിട്ടില്ല. ചെയ്തതെല്ലാം കൊടുത്തിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ വിമർശിച്ചതിന്റെ പേരിലോ അനികൂലിച്ചതിന്റെ പേരിലോ ഒരു വരി പോലും കൊടുത്ത വാർത്തയിൽ നിന്ന് വെട്ടിക്കളഞ്ഞിട്ടുമില്ല..-പ്രസാദ് ഏഷ്യാനെറ്റിൽ പത്തുകൊല്ലം പൂർത്തിയാക്കിയപ്പോൾ എഴുതിയ വരികളാണ് ഇത്.

കണ്ണൂരിലെ കരിവള്ളൂർ സ്വദേശിയാണ് ടിവി പ്രസാദ്. പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദം നേടി, പിന്നീട് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസ്സിൽ നിയമത്തിൽ ബിരുദ പഠനം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടി. എസ്എഫ്ഐയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും ആയിരുന്നു. എസ്എഫ്ഐ കണ്ണൂർ ജില്ലാ ഘടകത്തിൽ ഭാരവാഹി പദവികളും വഹിച്ചിട്ടുണ്ട് ടിവി പ്രസാദ്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് കോഴിക്കോട് ജില്ലാ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്ന വിവരം കേരളം അറിഞ്ഞത് ടിവി പ്രസാദിന്റെ വാർത്തയിലൂടെ ആയിരുന്നു.

ടിപി കേസിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നു എന്ന വാർത്ത കേരളം ഞെട്ടലോടെ ആയിരുന്നു കേട്ടത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ നിന്ന് ടിവി പ്രസാദ് പിന്നീട് എത്തുന്നത് തലസ്ഥാന നഗരിയിലേക്കാണ്. ഹോർട്ടി കോർപ്പിലെ അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന് ടിപി പ്രസാദ് പിന്നേയും ശ്രദ്ധ നേടി. അവിടെ നിന്നാണ് ആലപ്പുഴയിൽ എത്തുന്നത്. കുട്ടനാട് എന്ന് പറഞ്ഞാൽ തോമസ് ചാണ്ടിയുടെ സ്വന്തം എന്നത് പോലെ ആണ്. ചാണ്ടിയുടെ ആനുകൂല്യം പറ്റാത്തവർ ഇല്ല എന്ന് തന്നെ പറയാവുന്ന സ്ഥലം. എന്നാൽ അവിടേയും ടിവി പ്രസാദ് വ്യത്യസ്തനായി. തോമസ് ചാണ്ടിയുടെ ക്രമക്കേടുകൾക്കും കായൽ കയ്യേറ്റത്തിനും എതിരെ തുടർച്ചയായി വാർത്തകൾ കൊടുത്ത് പ്രസാദ് കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചു.

തോമസ് ചാണ്ടിയുടെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച് 30 ഇൻവെസ്റ്റിഗേഷൻ വാർത്തകളാണ് ടിവി പ്രസാദ് മാത്രം തയ്യാറാക്കിയത്. ഇതിന്റെ ഫോളോ അപ്പ് ആയി 35 വാർത്തകൾ വേറേയും കൊടുത്തു. ഇപ്പോൾ തോമസ് ചാണ്ടിയുടെ രാജിക്ക് വഴിവച്ചതും ടിവി പ്രസാദ് പുറത്ത് വിട്ട ഇതേ വാർത്തകൾ തന്നെ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP